കഥ
സാബു ഹരിഹരൻ
‘എന്റെ കേസ് ഡയറിയിൽ നിന്ന്’ – ഞാനെഴുതിക്കൊണ്ടിരുന്ന പംക്തിയാണ്. അതിന്റെ അവസാനഭാഗം വാരികയിൽ പ്രസിദ്ധീകരിച്ചു വന്നത് ഈ കഴിഞ്ഞ ആഴ്ച്ചയാണ്. ഏകദേശം മൂന്ന് മാസത്തോളം തുടർച്ചയായി എഴുതി. വായനക്കാരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. പലരും – സുഹൃത്തുക്കളും ബന്ധുക്കളും മാത്രമല്ല, അപരിചിതരായ ആൾക്കാരിൽ നിന്ന് പോലും ധാരാളം അനുമോദനങ്ങൾ ലഭിച്ചു. സർവ്വീസ് മാഗസിനിൽ വല്ലപ്പോഴും ലേഖനങ്ങൾ എഴുതിയ പരിചയമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ നന്നായി എഴുതാനാകും എന്ന ആത്മവിശ്വാസമുണ്ടായത് ആ പംക്തി എഴുതി തുടങ്ങിയപ്പോഴാണ്. ചില ലക്കങ്ങളിൽ വന്ന ചില ഭാഗങ്ങൾ, അല്പം കൂടി നന്നായി എഴുതാമായിരുന്നു എന്നിപ്പോൾ തോന്നുന്നുണ്ട്. അതെല്ലാം സമാഹരിച്ച് ഒരു പുസ്തകമാക്കണമെന്ന് എന്റെ ഒരു സുഹൃത്ത് നിർബന്ധിക്കാൻ തുടങ്ങിയിരിക്കുന്നു. പുള്ളിക്കാരൻ ഒരു പ്രസാധകനാണ്. ഇപ്പോൾ ക്രൈം ത്രില്ലറുകളിലും, അപസർപ്പകകഥകളിലും വായനക്കാർക്ക് താത്പര്യം കൂടി വന്നിരിക്കുകയാണെന്നും, എന്റെ അനുഭവക്കുറിപ്പുകൾ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാൻ പറ്റിയ സമയമാണെന്നുമാണ് അവന്റെ പക്ഷം. ശരിയായിരിക്കണം.
അക്രമസംഭവങ്ങൾ സമൂഹത്തിൽ ദിനംപ്രതി വർദ്ധിച്ചു വരുന്നുണ്ട്. ക്രിമിനലുകൾക്ക് മാത്രമല്ല, മാധ്യമങ്ങളിലൂടെ കുറ്റകൃത്യങ്ങളെ കുറിച്ച് എഴുതുകയും പറയുകയും ചെയ്യുന്ന എന്നെ പോലുള്ള ചില ഉദ്യോഗസ്ഥർക്കും അതിലൊരു പങ്കുണ്ടെന്ന് ചിലപ്പോൾ തോന്നാറുണ്ട്! അത്തരം കുറിപ്പുകൾ ചിലർക്കെങ്കിലും കുറ്റകൃത്യം ചെയ്യാൻ പ്രേരകമാവുന്നു എന്ന ആരോപണത്തിൽ കഴമ്പില്ലാതില്ല. എന്നാൽ അതേസമയം കുറ്റാന്വേഷണരംഗത്തെ പുരോഗതികളെ കുറിച്ച് മനസ്സിലാക്കുവാനും, നടപടിക്രമങ്ങളെക്കുറിച്ച് അറിവ് ലഭിക്കാനും, സദാ ജാഗരൂകരായി ഇരിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവാന്മാരാവാനും അവ സാമാന്യജനത്തെ സഹായിച്ചിട്ടുണ്ടാവും എന്നാണെന്റെ വിശ്വാസം.
എന്റെ പംക്തിയിൽ പരാമർശിക്കാൻ ഞാൻ മനഃപൂർവ്വം വിട്ടുകളഞ്ഞ ഒരു കേസ് ഉണ്ട്. ചില പ്രത്യേകതകൾ തോന്നിയ ഒരു കേസ്. പങ്കുവെയ്ക്കാൻ താത്പര്യക്കുറവുണ്ടായിരുന്ന, ഒരിടത്തും എഴുതാത്ത, എഴുതണോ വേണ്ടയോ എന്നു ഞാൻ സംശയിക്കുന്ന ഒരു കേസ്. റിട്ടയർമെന്റ് കഴിഞ്ഞിരിക്കുന്ന ഈ വേളയിൽ, കൈകാര്യം ചെയ്ത പല കേസുകളെ കുറിച്ചും, കുറ്റവാളികളെ കുറിച്ചും ആലോചിക്കാൻ ധാരാളം സമയമുണ്ട്. കഴിഞ്ഞകാല ജീവിതത്തേക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വിനോദം! പാതി അണഞ്ഞ എന്റെ ഓർമ്മകളുടെ കനൽക്കഷ്ണങ്ങളെ ഊതിയുണർത്തിയത് ഈയിടെ മാസികയിൽ വായിച്ച ഒരു കഥയാണ്. അധികമൊന്നും അറിയപ്പെടാത്ത ഒരു എഴുത്തുകാരിയുടെ, അസാധാരണത്വമൊന്നും അവകാശപ്പെടാനില്ലാത്തൊരു കഥ. അക്കാരണത്താൽ പലരും ആ കഥ ശ്രദ്ധിക്കാതെ പോയിരിക്കാൻ സാധ്യതയുണ്ട്. ആ കഥയെക്കുറിച്ച് പിന്നീട് പറയാം. അതിനു മുൻപ് പഴയ ആ കേസിനെ കുറിച്ച് ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. പതിവ് പോലെ കേസിൽ ഉൾപ്പെട്ടിരുന്നവരുടെ യഥാർത്ഥ പേരുകളോ, സ്ഥലവിവരങ്ങളോ എനിക്ക് വെളിപ്പെടുത്താനാവില്ല.
കേസിന് ഏകദേശം ഇരുപത് വർഷം പഴക്കമുണ്ട്. ഒരു കാര്യം കൂടി പറയട്ടെ, എന്റെ ഔദ്യോഗിക ജീവിതത്തിൽ എനിക്ക് കുറ്റവാളിയെ കണ്ടുപിടിക്കാൻ കഴിയാതെ പോയ വളരെ ചുരുക്കം ചില കേസുകളിൽ ഒന്നാണത്. അതിനു തക്കതായ കാരണങ്ങളുമുണ്ട്. അതു വഴിയേ വിശദമാക്കാം. ചില കേസുകളങ്ങനെയാണ്. അടയ്ക്കാനാവാത്ത വാതിലുകൾ പോലെ തുറന്നു തന്നെ കിടക്കും, എപ്പോഴും.
കേസിലേക്ക് വരാം. ഞാൻ സബ് ഇൻസ്പെക്ടർ ആയി ജോലി ചെയ്യുന്ന സമയം. നല്ല ആരോഗ്യവും ചുറുചുറുക്കുമുണ്ടായിരുന്ന പ്രായം! ഒരു ഫോൺകോളിലാണ് ആരംഭം. 100 ലേക്ക് ഒരു കോൾ എത്തുന്നു, കണ്ട്രോൾ റൂമിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് ഞാൻ ആ സ്ഥലത്തേക്ക് ഉടനെ പുറപ്പെടുന്നു. തീരദേശത്തോടു ചേർന്നു കിടക്കുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിൽ നിന്നായിരുന്നു ആ ഫോൺ കോൾ വന്നത്.
ഒരു ഇടത്തരം ഹോട്ടൽ ആയിരുന്നു അത്. വിനോദസഞ്ചാര സീസൺ ആയിരുന്നത് കൊണ്ട് ഏതാനും വിദേശികളും ആ സമയം ഹോട്ടലിൽ താമസിച്ചിരുന്നു എന്നോർക്കുന്നുണ്ട്. അവിടെ നിന്നും ഏകദേശം പതിനഞ്ച് മിനിട്ട് കാറിൽ സഞ്ചരിച്ചാൽ ബീച്ചിലെത്താനാവും. ബീച്ചിനടുത്ത് താമസിക്കുക എന്നത് ചിലവേറിയ കാര്യമാണ്. അതു കൊണ്ട് തന്നെ ബീച്ചിനോട് ചേർന്നുള്ള വലിയ ഹോട്ടലുകളിൽ താമസിക്കാൻ ഇടം കിട്ടാത്തവരുടേയും, ചെറിയ ബഡ്ജറ്റിൽ സ്ഥലങ്ങൾ സന്ദർശിക്കുന്നവരുടേയും ഇടത്താവളമായിരുന്നു ആ ലോഡ്ജ്. അവിടേക്ക് ആളുകളെ എത്തിക്കാൻ ഏജന്റുമാരുണ്ട്. ബസ്സിൽ ബീച്ചിൽ ചെന്നിറങ്ങുന്നവരെ ഈ ഏജന്റുമാരാണ് സംസാരത്തിൽ കുടുക്കി കൊണ്ടു വരുന്നത്. അതിനവർക്ക് കമ്മീഷനും കിട്ടും. അതൊക്കെ പോട്ടെ, ഹോട്ടൽ മാനേജർ ഫോൺ വിളിക്കാൻ കാരണം റൂം നമ്പർ നൂറ്റിമൂന്നിൽ (ആ നമ്പർ ഞാനിപ്പോഴും നന്നായി ഓർക്കുന്നുണ്ട്) താമസിച്ചിരുന്ന ഒരാൾ കൊല്ലപ്പെട്ടത് കൊണ്ടാണ്. രാവിലെ നേരമേറെ ആയിട്ടും മുറി തുറന്നു കാണാത്തത് കൊണ്ട്, ഹോട്ടൽ സ്റ്റാഫ് പലവട്ടം വാതിലിൽ മുട്ടി വിളിക്കുകയും, ഒടുവിൽ ഡ്യൂപ്ളിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറക്കുകയും ചെയ്തു. ഗസ്റ്റ് മരണപ്പെട്ടത് കണ്ട് ഹോട്ടൽ മാനേജർ ഉടൻ പോലീസിൽ വിവരമറിയിച്ചു. മുറിയിൽ താമസിച്ചിരുന്ന, ഏകദേശം നാല്പത് വയസ്സിനോടടുത്ത് പ്രായം വരുന്ന പുരുഷൻ കിടക്കയിൽ മലർന്നു കിടപ്പുണ്ടായിരുന്നു. അടിവസ്ത്രം മാത്രമാണയാൾ ധരിച്ചിരുന്നത്. നെഞ്ചിൽ ഒരു കത്തി പിടി വരേയ്ക്കും ആഴത്തിൽ താഴ്ന്നിരിപ്പുണ്ടായിരുന്നു. ആ ഭീകരദൃശ്യം കണ്ട് ഹോട്ടൽ സ്റ്റാഫുകളിലൊരാൾ ബോധരഹിതനായി. കാഴ്ച്ചപ്പഴക്കം കൊണ്ട് എനിക്ക് നടുക്കമുണ്ടായില്ലെങ്കിലും, ഏതൊരു സാധാരണക്കാരനേയും ഭയപ്പെടുത്തുന്ന ദൃശ്യം തന്നെയായിരുന്നു അത്.
ഏ എസ് ഐ കോശിയോട് സീൻ ഗാർഡ് ചെയ്യാൻ വേണ്ട ഏർപ്പാടുകൾ ചെയ്യാൻ നിർദ്ദേശം കൊടുത്തു. ഡിപ്പാർട്ട്മെന്റ് ഫോട്ടോഗ്രാഫർ തന്നെയാണ് ഫോട്ടോകൾ എടുത്തത്. താമസിയാതെ എത്തിച്ചേർന്ന ഫിംഗർ പ്രിന്റ് എക്സ്പേർട്ടും, ഫോറൻസിക് ടീമും അവരവരുടെ ജോലികൾ ആരംഭിച്ചു. മഹസ്സർ തയ്യാറാക്കി. പരിചയസമ്പന്നനായ ഹെഡ് ശിവരാമൻ തയ്യാറാക്കിയ ഇൻക്വെസ്റ്റ് റിപ്പോർട്ട് ഞാൻ സശ്രദ്ധം വായിച്ചു. ആ കത്തിയെ കുറിച്ചാണ് ആദ്യം അന്വേഷിച്ചത്. അത് ആ ഹോട്ടലിലേത് അല്ല എന്ന് മാനേജർ ഉറപ്പിച്ചു പറഞ്ഞു. അത് ഞാനൂഹിച്ചിരുന്നു. തെരുവുകച്ചവടക്കാരിൽ നിന്ന് വാങ്ങാൻ കിട്ടുന്ന, ഒരു സാധാരണ കത്തി ആയിരുന്നു അത്. ഞാൻ ബോഡി ശ്രദ്ധിച്ചു. ഹൃദയഭാഗത്ത് ആഴത്തിലുള്ള ആ മുറിവ്. അത് കണ്ടപ്പോൾ, കൊലയാളി ഒരുതരം വൈരാഗ്യബുദ്ധിയോടെയോ പ്രതികാരമനോഭാവത്തോടെയോ കൃത്യം ചെയ്തത് പോലെ തോന്നി. കിടക്ക മുഴുക്കെയും ചോര ഒഴുകിയിട്ടുണ്ട്. ബെഡ്ഷീറ്റിൽ ഉണങ്ങിയ ചോരപ്പാടുകൾ കണ്ടു. ചോര പല ഭാഗത്തേക്കും ചീറ്റിത്തെറിച്ചിട്ടുണ്ടായിരുന്നു. തലയിണയിലും, ചുവരിലും, കട്ടിലിനോട് ചേർത്തിട്ട ചെറിയ ടീപ്പോയുടെ വശങ്ങളിലും ചോരത്തുള്ളികൾ കാണപ്പെട്ടു.
മുറിയിലെ വസ്തുക്കൾ ഒന്നും നശിപ്പിക്കപ്പെട്ടിരുന്നില്ല. വസ്തുക്കൾക്ക് സ്ഥാനചലനം സംഭവിച്ചതായി തോന്നിയില്ല. ഒരു ആക്രമണമോ, പിടിവലിയോ നടന്ന ലക്ഷണങ്ങളുമില്ല. ടീപ്പോയുടെ മുകളിൽ ഒരു കുപ്പി സ്കോച്ച്. സമീപം ഒരു ഗ്ലാസ്സ്. ഗ്ലാസ്സിൽ സ്കോച്ച് അല്പം ബാക്കിയുണ്ടായിരുന്നു. കുപ്പിയിൽ നിന്നും ഏകദേശം പകുതിയിലധികം അകത്താക്കിയിട്ടുണ്ടാവും. ഒറ്റ നോട്ടത്തിൽ തന്നെ, അയാളെ വകവരുത്തിയിരിക്കുന്നത് അയാൾക്ക് പരിചയമുള്ള ഒരാളായിരിക്കുമെന്ന് ഞാനുറപ്പിച്ചു. ബാത്ത്റൂമിൽ രക്തമൊഴുകി പോയതിന്റെ നേർത്ത ചാലുകൾ. അത് കൊലയാളിയുടെ വസ്ത്രത്തിൽ നിന്നാവണം. കൃത്യം ചെയ്യുന്നതിനിടയിൽ വസ്ത്രത്തിൽ തെറിച്ച രക്തം കഴുകി കളഞ്ഞതോ, അബദ്ധത്തിൽ സ്വന്തം ശരീരം മുറിവേറ്റത് കഴുകിയതോ ആവാം. കൊല നടത്തി പരിചയമില്ലാത്ത അമച്ച്വർ കൊലപാതകികൾ, ആദ്യമായി കൊലപാതകം നടത്തുന്നവർ – അങ്ങനെയുള്ളവർക്ക് പറ്റുന്ന അബദ്ധം. കൊല നടത്തിയത് ഒരാൾ മാത്രമായിരിക്കും എന്നായിരുന്നു എന്റെ പ്രാഥമികനിഗമനം.
രമേശൻ സർ തന്നെയായിരുന്നു ഫോറൻസിക് ടീമിനെ ലീഡ് ചെയ്തത്. ഒരു അസ്സിസ്റ്റന്റും ഉണ്ടായിരുന്നു. ചുറുചുറുക്കുള്ളൊരു ചെറുപ്പക്കാരൻ. ബെഡ്ഷീറ്റിൽ നിന്നും ലഭിച്ച ഒരു മുടിയിഴ, ബ്ളഡ് സ്റ്റേയ്ൻ സാമ്പിൾസ്, കുപ്പിയിലും ഗ്ലാസ്സിലും ഉണ്ടായിരുന്ന മദ്യത്തിന്റെ സാമ്പിൾ അങ്ങനെ പലതും അവിടെ നിന്നും ഫോറൻസിക് ടീം ശേഖരിച്ചു. ബാത്ത്റൂമിലെ രക്തക്കറയുടെ കാര്യത്തിൽ എനിക്കുണ്ടായിരുന്ന സംശയം ഞാൻ സർ നോട് അവിടെ വെച്ചു തന്നെ സൂചിപ്പിച്ചു. കട്ടിലിനടുത്ത് നിന്നും, ടീപ്പോയുടെ അടിയിൽ നിന്നും നന്നേ ചെറിയ, കറുത്ത മുത്തുകൾ കണ്ടെത്തിയിരുന്നു. മാലയിൽ നിന്നോ, കമ്മലിൽ നിന്നോ, ചിലപ്പോൾ മറ്റേതെങ്കിലും ആഭരണത്തിൽ നിന്നോ അടർന്ന് വീണത് എന്ന് തോന്നിപ്പിച്ചു അവ. വഴിവാണിഭക്കാരിൽ നിന്നും വാങ്ങാനാവുന്ന വില കുറഞ്ഞ മാലകളിൽ സാധാരണ കാണപ്പെടുന്ന തരത്തിലുള്ള മുത്തുകളാണവയെന്ന് പിന്നീടറിയാൻ കഴിഞ്ഞു.
ഞാൻ രമേശൻ സർനോട് എന്തൊക്കെയാണദ്ദേഹത്തിന്റെ അനുമാനങ്ങളെന്ന് ചോദിച്ചു.
ഫിങ്കർ പ്രിന്റ്സ് കണ്ടതിൽ നിന്നും ലഭിച്ച ഏകദേശ ധാരണ, കത്തി ഉപയോഗിച്ചിരിക്കുന്ന രീതി അങ്ങനെ ചില കാര്യങ്ങൾ ചേർത്ത് വെച്ച്, പരിചയസമ്പന്നനായ അദ്ദേഹം തന്ന വിവരങ്ങൾ ഏതാണ്ട് ഇതൊക്കെയാണ്:
– കൃത്യം ചെയ്തത് അധികം പ്രായമില്ലാത്ത ഒരാളാവാനാണ് സാധ്യത.
– മുടിയിഴ, കൈവിരൽപ്പാടുകൾ എന്നിവയിൽ നിന്നും, ഒരു സ്ത്രീ ആവണം കൊലയാളി എന്നനുമാനിക്കാം.
– കൊല്ലപ്പെട്ടയാൾ തീരെ ദുർബ്ബലനല്ല. അയാൾ മദ്യപിച്ചിട്ടുണ്ടാവണം അല്ലെങ്കിൽ അയാൾക്ക് മദ്യത്തിൽ എന്തെങ്കിലും കലർത്തി കൊടുത്തിട്ടുണ്ടാവും. പ്ലാൻഡ് മർഡർ തന്നെയാണ്.
– ചെറുത്തുനിൽപ്പിന്റെ ലക്ഷണങ്ങൾ കാണുന്നില്ല.
– തെളിവുകൾ നശിപ്പിക്കാൻ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല. അതു കൊണ്ട് തന്നെ ഒരു സീസൺഡ് കില്ലർ ആവാൻ സാധ്യതയില്ല.
– കൊല നടത്തുന്നതിനിടയിൽ സ്വയം മുറിവേറ്റിരിക്കാൻ സാധ്യതയുണ്ട്. എന്നാലത് ഒരു ക്ലിനിക്കിലോ, ഹോസ്പിറ്റലിലോ ചെന്ന് വെച്ചു കെട്ടാൻ തക്കവണ്ണം ഗൗരവമുള്ളതാണെന്ന് തോന്നുന്നില്ല.
– കട്ടിലിനു സമീപത്ത് നിന്നും ബാത്ത്റൂമിലേക്ക് രക്തത്തിന്റെ ചെറിയ തുള്ളികൾ നിലത്ത് വീണു കിടക്കുന്നത് സൂക്ഷിച്ച് നോക്കിയാൽ കാണാം. അത് മിക്കവാറും കൊലയാളിയുടേത് തന്നെ ആവണം.
കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടവും ലാബ് ടെസ്റ്റിങ്ങും കഴിഞ്ഞാൽ മാത്രമേ അറിയാനാവൂ.
ഇത്രയൊക്കെ വിവരങ്ങൾ അദ്ദേഹം തന്നുവെങ്കിലും, കൊലയാളിയിലേക്ക് ചെന്നെത്താൻ സഹായിക്കുന്ന പ്രധാനപ്പെട്ട എന്തോ ഒന്ന് വിട്ടു പോയെന്ന തോന്നലെനിക്കുണ്ടായി. മുടിയിഴ അധികം നീളമുള്ളതല്ലായിരുന്നു. അത് പുരുഷന്റേതാവാം, സ്ത്രീയുടേതുമാവാം. ഇരയുടെ സെൽ ഫോൺ ആ മുറിയിൽ നിന്നും ലഭിച്ചില്ല. അക്കാലത്ത് സെൽ ഫോണുകൾ ഒരു ആർഭാടം തന്നെ ആയിരുന്നു. മരിച്ച വ്യക്തിക്ക് ഫോൺ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. വിചിത്രമായൊരു കാര്യം, മരിച്ച ആളിന്റെ വസ്ത്രങ്ങളെ കുറിച്ചാണ്. അയാളുടെ വസ്ത്രങ്ങളൊന്നും തന്നെ ആ മുറിയിൽ നിന്നും കണ്ടു കിട്ടിയില്ല. കൊലപാതകി വസ്ത്രങ്ങൾ എടുത്ത് കൊണ്ട് പോയത് എന്തു കൊണ്ടാവാം? അയാളുടെ മൃതശരീരം അങ്ങനെ തന്നെ കാണപ്പെടണമെന്ന് വാശിയുള്ളത് പോലെ. സ്നിഫർ ഡോഗിനെ കൊണ്ടു വന്നെങ്കിലും പ്രയോജനമുണ്ടായില്ല. നായ മുറിയിൽ നിന്നും പുറത്തേക്ക് ഗേറ്റ് വരെ മണം പിടിച്ച് ചെന്നു. കടല് കയറി വരുന്ന കാറ്റ് ഗന്ധം മായ്ച്ചു കളഞ്ഞത് കൊണ്ടാവാം, പിന്നീടെങ്ങോട്ട് പോകണമെന്ന മട്ടിൽ നായ സംശയിച്ചു നിൽക്കുന്നത് കണ്ടു. എഫ് ഐ ആർ തയ്യാറാക്കിയ ശേഷം ബോഡി പോസ്റ്റ്മോർട്ടത്തിനയച്ചു.
മരിച്ച ആളിനെ കാണാൻ സന്ദർശകർ ആരെങ്കിലും വന്നിരുന്നോ എന്ന ചോദ്യത്തിന്, അയാൾ പുറത്ത് നിന്നും വന്നപ്പോൾ ഒരു സ്ത്രീ ഒപ്പം ഉണ്ടായിരുന്നെന്നും, മുറിയിലേക്ക് അവർ ഒന്നിച്ച് പോകുന്നത് കണ്ടു എന്നുമറിയാൻ കഴിഞ്ഞു. രാത്രി ഏതാണ്ട് എട്ട് മണിയോടെ ഭക്ഷണവും മദ്യവും മുറിയിലേക്ക് വരുത്തുകയായിരുന്നു അയാൾ. സ്ത്രീയുടെ മുഖം ആരും കണ്ടതായി ഓർക്കുന്നില്ല. തല മൂടും വിധമാണ് അവർ സാരി പുതച്ചിരുന്നതെന്ന് റൂം ക്ലീൻ ചെയ്യുന്നവരിൽ ഒരാൾ പറഞ്ഞു.
എപ്പോഴാണ് ആ സ്ത്രീ തിരികെ പോയത്?
ആരെങ്കിലും അവർ മുറി വിട്ട് പോകുന്നത് കണ്ടോ?
ആരും കണ്ടിട്ടില്ല! അതെങ്ങനെയാണ്? അവർ വായുവിൽ പുക പോലെ ലയിച്ചു പോയോ?
ഒരു സ്ത്രീ ഹോട്ടലിന് പുറത്തേക്ക് പോയത് ആരും കണ്ടില്ലെന്ന് വെച്ചാൽ? ഗാർഡ് പോലും?
പിന്നീട് ഞാൻ തന്നെ അതിന് ചില കാരണങ്ങൾ ഊഹിച്ചെടുത്തു.
ഗാർഡ് ഉറങ്ങി പോയിരിക്കാം, ചിലപ്പോൾ സിഗററ്റ് വലിക്കാനോ മറ്റോ അവിടന്ന് ഒന്ന് മാറിയിട്ടുണ്ടാവാം, ചിലപ്പോൾ ആ സ്ത്രീ നല്ലവണ്ണം ഇരുട്ടിയതിന് ശേഷമായിരിക്കാം ആരുടേയും ശ്രദ്ധയിൽ പെടാതെ പുറത്തേക്ക് ഇറങ്ങി പോയിട്ടുണ്ടാവുക. ഇരുണ്ട വസ്ത്രങ്ങളണിഞ്ഞ്, ഇരുട്ടിലൂടെ ആരുടേയും കണ്ണിൽ പെടാതെ…
തലവഴി സാരി പുതച്ച്, തല കുനിച്ച്, പതിയെ ആ ഗേറ്റും കടന്ന് ഒരു സ്ത്രീ ഇരുട്ടിലേക്കിറങ്ങി മറയുന്നത് സങ്കൽപിച്ചു നോക്കി.
ആദ്യമറിയേണ്ടിയിരുന്നത് മരിച്ച വ്യക്തി ആരെന്നായിരുന്നു. ഹോട്ടലിലെ റജിസ്റ്ററിൽ പേരും ഫോൺ നമ്പറും ഉണ്ടായിരുന്നു. ഒരു ലാൻഡ് ലൈൻ നമ്പർ ആയിരുന്നു. അതിലേക്ക് വിളിച്ചു നോക്കിയെങ്കിലും റിംഗ് ശബ്ദം മാത്രം കേട്ടു കൊണ്ടിരുന്നു. ഗസ്റ്റുകളുടെ മേൽവിലാസമെഴുതാത്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ, കസ്റ്റമർ അവിടെ ഇടയ്ക്കിടെ വരുന്ന ആളാണെന്നും മാനേജറിന്റെ സുഹൃത്താണെന്നുമാണ് മറുപടി കിട്ടിയത്. അയാൾ മുൻപ് അവിടെ ഏതൊക്കെ ദിവസങ്ങളിലാണ് താമസിച്ചിരുന്നത് എന്ന് അറിയാൻ ഞാൻ ശ്രമിച്ചു. ഏതാണ്ട് എല്ലാ മാസവും ഒന്നോ രണ്ടോ തവണ അയാൾ അവിടെ മുറിയെടുക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അതും ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമായി. മിക്കതും വാരാന്ത്യങ്ങളിൽ. കാരണം ഊഹിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല.
ഇന്നത്തെ പോലെ സെൽഫോൺ എല്ലാവരും ഉപയോഗിച്ചിരുന്ന ഒരു കാലമായിരുന്നെങ്കിൽ അന്വേഷണം കുറച്ചു കൂടി എളുപ്പമാകുമായിരുന്നു. മാനേജരോട് സംസാരിച്ചപ്പോൾ, മരിച്ചയാളുടെ ബിസിനസ്സ് സ്ഥാപനത്തിനെ കുറിച്ച് അറിവ് ലഭിച്ചു. താമസിയാതെ അയാളുടെ വിലാസവും മറ്റു വിവരങ്ങളും. ഒറ്റത്തടി, വിഭാര്യൻ, സമ്പന്നൻ. നല്ല രീതിയിൽ ചില ബിസ്സിനസ്സുകൾ നടത്തിക്കൊണ്ട് പോകുന്ന ഒരു മാന്യൻ. അയാളെ ജോസഫ് എന്നു വിളിക്കാം. ഈ ജോസഫിനെ കുറിച്ച് അയാളുടെ ബിസിനസ്സ് സ്ഥാപനങ്ങളിൽ അന്വേഷിച്ചു. ബഹുമാന്യനാണയാൾ അവിടെയൊക്കെ. ബിസിനസ്സിൽ അവിഹിതമായിട്ടോ നിയമവിരുദ്ധമായിട്ടോ ഒന്നും ചെയ്യുന്നതായി കണ്ടെത്താനായില്ല.
മാന്യൻ, വിഭാര്യൻ, സാമ്പത്തിക അച്ചടക്കം പാലിക്കുന്ന ഒരാൾ…അങ്ങനെ ഉള്ള ഒരാൾക്ക് എതിരാളികൾ ഉണ്ടാകാനുള്ള സാധ്യതകൾ? ഉണ്ടെങ്കിൽ തന്നെ അതിനുള്ള കാരണം? സ്വാഭാവികമായും സ്വത്ത് തട്ടിയെടുക്കാനാവും എന്ന നിഗമനത്തിലാണെത്തിയത്. അല്ലാത്ത പക്ഷം വ്യക്തിവൈരാഗ്യമാവും.
കൊല നടത്തിയ രീതിയെ കുറിച്ച് ഞാൻ കൂടുതൽ ആലോചിച്ചു. ഒരു പക്ഷെ സ്ത്രീയെ കൂടാതെ മറ്റൊരാൾക്ക് കൂടി അതിൽ പങ്കുണ്ടാവുമോ? ഒരു സാധ്യത – അത് പ്രായോഗികം എന്നു പറഞ്ഞു കൂടെങ്കിലും അസാധ്യം എന്നു പറയാനാവില്ല. ഒപ്പം വന്ന സ്ത്രീ, ജോസഫിനെ പ്രലോഭിപ്പിച്ച് മദ്യം കുടിപ്പിക്കുന്നു, ശേഷം ആരും കാണാതെ ആ സ്ത്രീ, ഒരാൾക്ക് കയറാനായി മുറിയുടെ വാതിൽ തുറന്നു കൊടുക്കുന്നു. കൃത്യം നടത്തിയ ശേഷം, അവർ രണ്ടുപേരും തന്ത്രപരമായി രക്ഷപെടുന്നു. ചിലപ്പോൾ ഈ പറഞ്ഞ രീതിയിൽ ആവണമെന്നില്ല കൊല നടന്നിട്ടുണ്ടാവുക. എങ്കിലും കൃത്യം നടന്ന സമയത്ത് ആ മുറിയിൽ ഒരു രണ്ടാമന്റെ സാന്നിധ്യം – ആ സാധ്യത ഞാൻ തള്ളിക്കളഞ്ഞില്ല.
ഇനി ആ സ്ത്രീ തന്നെ ഒറ്റയ്ക്ക് കൃത്യം നടത്തി എന്നിരിക്കട്ടെ, ഒരു സ്ത്രീക്ക് സാമാന്യം ആരോഗ്യമുള്ള ഒരാളെ ഇങ്ങനെ കൊലപ്പെടുത്താനാവുമോ? അതും നേർക്ക് നേർ നിന്ന്. നെഞ്ചിലാണ് കത്തി താഴ്ത്തിയിരിക്കുന്നത്. പുരുഷൻ മദ്യപിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ ആക്രമണം തടയാനായിട്ടുണ്ടാവില്ല. ചിലപ്പോൾ ഉറങ്ങി പോയിരിക്കാം. ചിലപ്പോൾ മയങ്ങി പോകാൻ എന്തെങ്കിലും മദ്യത്തിൽ കലർത്തിയിട്ടുണ്ടാവാം. ഉറങ്ങി കിടന്നയാളെ മലർത്തി കിടത്തി നെഞ്ചിൽ ഉന്നം പിടിച്ച്, സമയമെടുത്ത്, സർവ്വശക്തിയുമെടുത്ത്… അങ്ങനെ ആവാനേ വഴിയുള്ളൂ. എന്തിനാവണം ആ കത്തി എടുത്തു കൊണ്ട് പോകാത്തത്? അതിൽ പതിഞ്ഞ വിരൽപ്പാടുകൾ മായ്ക്കാൻ മെനക്കെട്ടിട്ടില്ല. വൈരാഗ്യം ഉണ്ടെങ്കിൽ ഇങ്ങനെ പബ്ലിക്ക് ആയ ഒരിടത്തേക്ക് അയാളുടെ ഒപ്പം വന്ന് വകവരുത്തേണ്ട കാര്യമുണ്ടോ? പരിചയമുള്ള സ്ത്രീ തന്നെ ആവണം. അങ്ങനെയാണെങ്കിൽ അയാൾക്ക് ആ സ്ത്രീയെ വീട്ടിലേക്ക് ക്ഷണിക്കാമായിരുന്നില്ലേ? എന്തിന് ഇതു പോലൊരു ഹോട്ടലിൽ? അന്വേഷിച്ചപ്പോൾ അറിഞ്ഞു, അയാൾ വീട്ടിലേക്ക് സ്ത്രീകളെ എന്നല്ല ആരേയും ക്ഷണിക്കാറില്ലെന്ന്. ഒരു തരം ഇരട്ടവ്യക്തിത്വമുള്ള ആൾ ആയിരുന്നോ ഈ ജോസഫ്? ബഹുമാന്യനായ ബിസിനസ്സ്കാരന്റേയും, സ്ത്രീലമ്പടനായ ഒരു അസന്മാർഗ്ഗിയുടേയും ജീവിതം ഒരേ സമയം നയിച്ചിരുന്ന ഒരാൾ?
പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. ലഭിച്ച മുടിയിഴ ഒരു സ്ത്രീയുടേത് തന്നെയെന്ന് സ്ഥീരീകരിക്കാൻ കഴിഞ്ഞു. മരണകാരണം കത്തി കൊണ്ടുള്ള മുറിവ് കൊണ്ടു തന്നെയാണ്. രാത്രി പതിനൊന്നിനും പന്ത്രണ്ടിനുമിടയ്ക്ക് മരണം സംഭവിച്ചിട്ടുണ്ടാവും. ശരീരത്തിനുള്ളിൽ വിഷം ചെന്നിട്ടില്ല. മദ്യത്തിൽ ഒന്നും കലർത്തിയതായി കണ്ടെത്തിയില്ല. മരിക്കുന്നതിന് മുൻപ് അയാൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഊഹിച്ചതാണത്. മദ്യവും സ്ത്രീയുമായി ദൂരെയുള്ള ഹോട്ടലിൽ മുറിയെടുക്കുന്നത് വെറുതെ വെടി പറഞ്ഞിരിക്കാനാവില്ലല്ലോ. എന്തിനാവണം കൊലപ്പെടുത്തിയിട്ടുണ്ടാവുക? അതായിരുന്നു കൂടുതൽ കുഴപ്പിച്ച കാര്യം. ഹോട്ടൽ മാനേജറിനെ ഒന്നു കൂടി വിശദമായി ചോദ്യം ചെയ്തപ്പോൾ അറിയാനായി, ജോസഫ് എന്ന ഈ മനുഷ്യൻ പലപ്പോഴായി പല സ്ത്രീകളേയും കൂട്ടി അവിടെ അന്തിയുറങ്ങാൻ വന്നിരുന്ന കാര്യം. കുറ്റവാളിയുടെ സ്ഥാനത്ത് നില്ക്കുന്ന സ്ത്രീ – അവർ അതിന് മുൻപും അവിടെ വന്നിരുന്നോ എന്നയാൾ സംശയം പറഞ്ഞു. അങ്ങനെ ആ ഒരു സ്ത്രീയെ മാത്രം ഓർക്കാൻ ഒരു കാരണവും പറഞ്ഞു. അവർ നടക്കുമ്പോൾ ചെറിയ ഒരു ഏന്തലുണ്ട്. പ്രായം? – ഏകദേശം മുപ്പതിനോടടുത്ത് കാണുമായിരിക്കും. മുഖം ശരിക്ക് കാണാത്തത് കൊണ്ട് അതിലയാൾക്ക് തീർച്ച പോര. കിട്ടിയ വിവരങ്ങൾ കൂട്ടിച്ചേർത്ത് വെച്ചപ്പോൾ ഒരു ഏകദേശരൂപം കിട്ടി. നടക്കുമ്പോൾ ഏന്തലുള്ള, മുപ്പതിനോടടുത്ത് പ്രായമുള്ള, ജോസഫിന് മുൻപരിചയമുള്ള, അതിരാവിലെ ആരും കാണാതെ ഹോട്ടൽ വിട്ട് പോയ ഒരു സ്ത്രീ. എങ്ങനെയായിരിക്കും അവർ പോയിരിക്കുക? എവിടേക്കായിരിക്കും പോയിരിക്കുക? ഓട്ടോ സ്റ്റാന്റിൽ അന്വേഷിച്ചു. അല്പം അകലെയുള്ള ബസ്റ്റോപ്പിലും. രണ്ടിടത്തും ആ ദിവസം ആ സമയത്ത് അങ്ങനെ ഒരു സ്ത്രീയെ കണ്ടതായി ആരും ഓർക്കുന്നില്ല. അവരെങ്ങനെ പുക പോലെ മാഞ്ഞ് പോയി?
അടുത്തുള്ള ക്ലിനിക്കുകൾ, ഹോസ്പിറ്റലുകൾ എല്ലായിടത്തും ചെന്ന് അന്വേഷിച്ചു. ഞങ്ങൾ സംശയിക്കുന്ന തരത്തിലുള്ള മുറിവുമായി ആരും ആ ദിവസമോ അതിനടുത്തുള്ള ദിവസങ്ങളിലോ ചെന്നിട്ടില്ല എന്നറിയാൻ കഴിഞ്ഞു. കത്തി പ്രയോഗിച്ച രീതി മനസ്സിലാക്കുകയാണെങ്കിൽ, വേണ്ടത്ര ആത്മവിശ്വാസമില്ലാതെ ഉപയോഗിച്ചത് പോലെയാണ് തോന്നിയത്. ഒരുപക്ഷെ… എല്ലാം തീരുമാനിച്ചുറപ്പിച്ച് വന്നെങ്കിലും അവസാനനിമിഷം പിന്മാറാൻ ഒരു ഉൾവിളി ഉണ്ടായിട്ടുണ്ടാവും. എന്നാൽ ദുർബ്ബലമായ മനസ്സിനുടമയാണ് കൃത്യം ചെയ്തിരിക്കുന്നതെന്ന് പറയാനുമാവില്ല.
ജോസഫിന്റെ വീട്ടിൽ ചെന്ന് അന്വേഷിക്കാൻ തീരുമാനിച്ചു. എന്തെങ്കിലും കത്തോ, ഫോട്ടോയോ, കുറിപ്പോ, വസ്തുക്കളോ, ഫോൺ നമ്പറോ… ഗുണമുണ്ടായില്ല. എന്നാൽ ഒരു കാര്യം ഉറപ്പായിരുന്നു, ഇത് ആ സ്ത്രീയുടെ ആദ്യത്തെ കൊലപാതകമാണ്. ചിലപ്പോൾ ആദ്യമായിട്ടാവും അവർ ഒരു കുറ്റകൃത്യം ചെയ്തിരിക്കുക. ഇനി അത് ആവർത്തിക്കാൻ ഒരു സാധ്യതയുമില്ല. ജീവിതത്തിൽ ഒരൊറ്റ കുറ്റകൃത്യം മാത്രം ചെയ്യുക. അതിനു ശേഷം പിടി കൊടുക്കാതെ, ആരുമറിയാതെ ഒളിച്ചു ജീവിക്കുന്ന കുറ്റവാളികളെ കുറിച്ച് ഏതോ ഒരു ലക്കത്തിൽ ഞാൻ എഴുതിയിട്ടുണ്ട്. അത്തരം കുറ്റവാളികളെ പിടികൂടാൻ വളരെ പ്രയാസമാണ്. ജോസഫിന് അടുത്ത സുഹൃത്തുക്കളെന്ന് പറയാൻ ആരുമില്ല എന്നത് അന്വേഷണത്തിന് വലിയൊരു തിരിച്ചടിയായി. അയാളുടെ ജീവിതരീതി വളരെ വിചിത്രമായിരുന്നു. അയാൾ തന്റെയുള്ളിലെ മനുഷ്യനെ പുറത്തുള്ള മനുഷ്യനുമായി, യാതൊരു വിധത്തിലും സമ്പർക്കം സ്ഥാപിക്കാൻ സമ്മതിച്ചിരുന്നില്ല. തികച്ചും അജ്ഞാതരായ രണ്ടു പേർ. അതിലാരെയാവണം ആ സ്ത്രീ കൊല്ലാൻ ശ്രമിച്ചത്? അന്വേഷണം ആരംഭിച്ച ശേഷം നടക്കുമ്പോൾ ഏന്തലുള്ള ഏത് സ്ത്രീയെ കണ്ടാലും എനിക്ക് സംശയം തോന്നിത്തുടങ്ങി. ഒരു കേസിലേക്ക് പരിപൂർണ്ണ ശ്രദ്ധ കൊടുക്കുമ്പോൾ വന്നു പോകുന്ന ഒരു മാനസികാവസ്ഥയാണത്. എല്ലാം സംശയത്തിന്റെ കണ്ണുകളോടെ മാത്രമെ കാണാൻ കഴിയുകയുള്ളൂ അപ്പോൾ. ആ സ്ത്രീയുടെ ക്രിമിനൽ ബുദ്ധിയെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ചു. കൊല നടത്തിയ ശേഷം വസ്ത്രങ്ങൾ മുഴുവൻ എടുത്തു കൊണ്ട് പോയത് തെളിവ് നശിപ്പിക്കാൻ കൂടിയാവണം. സംശയമില്ല. വില കുറഞ്ഞ കത്തി, തെരുവുകച്ചവടക്കാരന്റെ കൈയ്യിൽ നിന്നും വാങ്ങിയതും അതേകാരണത്താൽ തന്നെയാവും. എന്നാൽ കത്തിയിലെ വിരലടയാളങ്ങൾ മായ്ച്ചു കളയാൻ ശ്രമിച്ചിട്ടുമില്ല. പരസ്പരവിരുദ്ധങ്ങളായ ഈ കാര്യങ്ങൾ എന്നെ കുഴപ്പിച്ചു. ഫോറൻസിക്കിൽ നിന്നും അന്വേഷണത്തിനെ സഹായിക്കുന്ന ഒന്നും ലഭിച്ചില്ല. ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നും, സമാനമായ ഒരു കൊലപാതകവും നടന്നിട്ടില്ലെന്നും അവരുടെ ഡാറ്റാബേസിൽ അങ്ങനെ ഒരു വിരലടയാളം ഇല്ലെന്നും അറിയിപ്പ് കിട്ടി. ശരിക്കും ഒരു വന്മതിലിന് മുന്നിൽ ചെന്ന് വഴി അവസാനിച്ച അവസ്ഥ. ഒരാഴ്ച്ച കൂടി, എന്തെങ്കിലും തുമ്പ് കിട്ടുമോ എന്ന് പ്രതീക്ഷിച്ച് ഇരുന്നു. ഒരു അവസാനവഴി എന്ന നിലയിൽ അയാളുടെ മുൻഭാര്യയെ ചെന്ന് കാണാൻ തീരുമാനിച്ചു.
അവർ മറ്റൊരു വിവാഹം കഴിച്ച് സസുഖം കഴിയുന്നു. ചെറിയൊരു ജോലിയുമുണ്ട്. പുതിയ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. അയാളോട് ശത്രുതയുള്ള ആരെങ്കിലും? പ്രത്യേകിച്ചും സ്ത്രീകൾ? ചോദിക്കാനും ഉത്തരം പറയാനും വളരെ വൈഷമ്യം പിടിച്ച ആ ചോദ്യം ഞാൻ മുന്നോട്ട് വെച്ചു. മദ്യത്തിനോടുള്ള ആസക്തിയും, പരസ്ത്രീബന്ധവും അവർ സൂചിപ്പിച്ചു. എങ്കിലും ഒരു പേരോ വിലാസമോ ശ്രദ്ധിക്കപ്പെടുന്ന ഒരു കാര്യമോ ലഭിച്ചില്ല.
അയാൾ സ്ത്രീകളോടെങ്ങനെ? ഉപദ്രവകാരി ആയിരുന്നോ? ഇനി എപ്പോഴെങ്കിലും ബലപ്രയോഗത്തിലൂടെ…ആരേയെങ്കിലും? മാനംഭംഗപ്പെട്ട ഒരു യുവതിയുടെ പ്രതികാരം? അങ്ങനെയാണെങ്കിൽ എന്തിനവർ വീണ്ടും അയാളുടെ കൂടെ ഹോട്ടലിൽ? നേരത്തെ ലഭിച്ച മൊഴിയനുസരിച്ചാണെങ്കിൽ രണ്ടു തവണ ആ സ്ത്രീ ഹോട്ടലിൽ അയാൾക്കൊപ്പം ചെന്നിട്ടുണ്ട്. പ്രതികാരത്തിനായി ഒരാൾ അത്രയും നാൾ കാത്തിരിക്കുമോ? പറയാനാവില്ല, അയാൾ എന്തെങ്കിലും അവർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടാവാം, അല്ലെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്തിട്ടുണ്ടാവാം.
ആഴ്ച്ചകൾ കഴിഞ്ഞിട്ടും അന്വേഷണം അല്പം പോലും മുന്നോട്ട് കൊണ്ടുപോകാനായില്ല. തണുത്തുറഞ്ഞ് ആ കേസ് പെൻഡിംഗിൽ പോയി. സമാനമായ രീതിയിൽ മറ്റൊരു കൃത്യം നടക്കുകയും, അവിടെ നിന്നും ഈ കേസുമായി മാച്ച് ചെയ്യുന്ന എവിഡൻസ്, അല്ലെങ്കിലൊരു സാക്ഷി മൊഴി ലഭിക്കുന്ന വരേയ്ക്കും ഒന്നും ചെയ്യാനാവില്ല എന്ന് ബോധ്യമായി.
ഇനി ഞാൻ മുൻപ് സൂചിപ്പിച്ച കഥയിലേക്ക് വരാം. എന്റെ മകൾ കാരണമാണ് ഞാനാ കഥ വായിക്കാനിടയായത്. അവൾക്ക് ത്രില്ലറുകൾ, ഡിടക്ടീവ് കഥകൾ എന്നിവയോടാണ് കമ്പം. ‘ഇന്ററസ്റ്റിംഗ് ആണ്, വായിച്ചു നോക്കൂ പപ്പാ’ എന്നു പറഞ്ഞ് മാഗസനിൽ വന്ന കഥ എനിക്ക് വായിക്കാൻ തന്നു. കഥയിൽ ചില നല്ല മെത്തേഡുകൾ കണ്ടു. ഫോറൻസിക് സയൻസിന് നല്ലതു പോലെ പ്രാധാന്യം നല്കിയിരിക്കുന്നു. ചുരുക്കത്തിൽ, അത്യാവശ്യം റിസർച്ച് ചെയ്ത് എഴുതിയ, വലിയ തെറ്റുകുറ്റങ്ങളൊന്നും പറയാനില്ലാത്ത ഒരു കുറ്റാന്വേഷണ കഥ. എനിക്ക് ആ കഥ വായിച്ചപ്പോൾ, അതു പോലൊന്ന് പരിചയമുണ്ടല്ലോ എന്ന് തോന്നി. അപ്പോഴാണ് ലോങ്ങ് പെൻഡിംഗിലായി പോയ ആ പഴയ ഹോട്ടൽ കേസ് ഓർമ്മയിലേക്ക് കയറി വന്നത്. നെഞ്ചിൽ കത്തിയുമായി മരിച്ചു കിടന്ന ജോസഫിനെ ഓർമ്മ വന്നത്. കഥയിൽ കൊലപാതകം നടത്തുന്നത് ഒരു സ്ത്രീയാണ്. അത് ചെയ്യുന്നതോ അവളുടെ സുഹൃത്തിന് വേണ്ടിയും. മദ്യം കുടിപ്പിച്ച് മയക്കിയ ശേഷം കൊലയാളി, പുരുഷന്റെ നെഞ്ചിൽ കത്തി താഴ്ത്തുന്നു. കൃത്യം നടത്തുന്നതിനിടയിൽ അവൾ കയ്യിൽ അണിഞ്ഞിരുന്ന, മുത്തുകൾ ഒട്ടിച്ച ബാൻഡിൽ നിന്നും കറുത്ത മുത്തുകൾ അവിടമാകെ അടർന്ന് വീഴുന്നുണ്ട്. ആ ഒരു വരി വായിച്ചപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടി പോയത്. കൺമുന്നിൽ കൊലപാതകം കണ്ടത് പോലെയാണ് എഴുതി വെച്ചിരിക്കുന്നത്! ഞാൻ ഉടൻ തന്നെ മകളെ വിളിച്ച് എഴുത്തുകാരിയെ കുറിച്ച് ചോദിച്ചു. ഒരു പുതിയ എഴുത്തുകാരിയാണ്. കൂടുതലും ത്രില്ലർ കഥകളാണെഴുതുന്നത്. അവൾക്ക് ആ എഴുത്തുകാരിയെ എന്നെങ്കിലും നേരിൽ കാണണമെന്നാഗ്രഹമുണ്ട്. എനിക്ക് ആ യുവതിയെ ചെന്ന് കാണണമെന്ന് തോന്നി. വിലാസം? ഞാൻ മാസികയുടെ ഓഫീസിലേക്ക് വിളിച്ചു. പേര് പറഞ്ഞു, റിട്ടയേർഡ് ആയ ഒരു പോലീസുദ്യോഗസ്ഥനാണെന്നും. എന്റെ കുറിപ്പുകൾ വായിച്ച ഒരു സഹൃദയനായിരുന്നു ഫോണെടുത്തത്. അത് നന്നായി. അയാളുടെ ശബ്ദത്തിൽ എന്നോടുള്ള ആരാധന ഞാൻ തിരിച്ചറിഞ്ഞു. അതൊരു സുഖമായി തോന്നി. പോലീസുദ്യോഗസ്ഥൻ എന്നു പറയുമ്പോൾ സാധാരണ കിട്ടുക ഭയം കലർന്ന ബഹുമാനമാണ്. എന്നാൽ ആരാധനയും സ്നേഹവും കലർന്ന ശബ്ദത്തിൽ ഒരാൾ സംസാരിക്കുന്നത് കേട്ടപ്പോൾ, ഒരു എഴുത്തുകാരൻ അനുഭവിക്കുന്ന മനോസുഖം എന്തെന്ന് മനസ്സിലാക്കാനായി.
അയാൾ തന്ന വിലാസമന്വേഷിച്ച് പിറ്റേന്ന് തന്നെ പോകാമെന്ന് ഞാനുറപ്പിച്ചു. എന്തിനാണ് ആ യുവതിയെ ചെന്നു കാണുന്നത്? ആ കേസ് പുനരുജ്ജീവിപ്പിക്കാനോ? പുനരന്വേഷിക്കാനോ? കുറ്റവാളിയെ പിടികൂടാനോ? കുറ്റവാളിയെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് ശിക്ഷ വാങ്ങി കൊടുക്കാനോ? ആലോചിക്കും തോറും തോന്നി അതിനൊന്നുമല്ലെന്ന്. എന്നെ തോൽപ്പിച്ചു കളഞ്ഞ ഒരു കുറ്റവാളി – അയാളെ കണ്ടെത്തുക എന്നത് എന്റെ ജയത്തിന്റെ ഭാഗമാണ്. തോൽക്കാതിരിക്കാനുള്ള എന്റെ മനസ്സിന്റെ വ്യഗ്രത എന്നു തന്നെ കൂട്ടിക്കൊള്ളൂ. ജയിക്കാനുള്ള വാശിയും, ആരായിരുന്നു എന്നെ പരാജയപ്പെടുത്തിയത് എന്നറിയാനുമുള്ള കൗതുകം കലർന്ന ജിജ്ഞാസയുമാണ് എന്നെ അതിന് പ്രേരിപ്പിച്ചത്. ഒരുപക്ഷെ ഒരു എഴുത്തുകാരന്റെ അന്വേഷണത്വര എന്നെ ബാധിച്ചു തുടങ്ങിയതിന്റെ ലക്ഷണമാവും.
എഴുത്തുകാരിയെ കാണുമ്പോൾ, പഴയൊരു കേസിനെ കുറിച്ചറിയാനാണ് വന്നിരിക്കുന്നത് എന്ന് പറയാനാവില്ല. ഒരു എഴുത്തുകാരന്റെയോ, പ്രസാധകന്റെയോ, പത്രപ്രവർത്തകന്റെയോ വേഷം ചേരില്ലെന്ന് നല്ല ബോധ്യവുമുണ്ടെനിക്ക്. ഒരു ചെറിയ കള്ളം പറയാതെ നിവൃത്തിയില്ലെന്നായിരിക്കുന്നു. കണ്ണാടിയിൽ നോക്കി. പ്രൗഢിയുള്ള ഒരു വൃദ്ധൻ. എന്റെ വയസ്സിനും രൂപത്തിനും ചേർന്ന കഥാപാത്രമേതാണ്?
അധികം ദൂരമൊന്നുമുണ്ടായിരുന്നില്ല, എഴുത്തുകാരിയുടെ വീട് കണ്ടെത്താൻ പ്രയാസവുമുണ്ടായില്ല. ബസ്റ്റോപ്പിൽ നിന്നും ഞാൻ ആ വീട്ടിലേക്ക് നടന്നാണ് പോയത്. ചുറ്റിലും നോക്കി, നിരീക്ഷിച്ച്… അപ്പോൾ തോന്നി, എന്റെ ഉള്ളിലെ പോലീസുകാരൻ ഇപ്പോഴും കണ്ണും തുറന്നിരിപ്പുണ്ടെന്ന്. ഞാൻ കോളിംഗ് ബെൽ അടിച്ച്, നീളൻ കുട മുറുക്കെ പിടിച്ച് ക്ഷമയോടെ കാത്തു. എഴുത്തുകാരി തന്നെയാണ് വന്ന് വാതിൽ തുറന്നത്.
‘കഥകളെഴുതുന്ന…മായ…’
ആ ഒരു വാക്കിൽ യുവതിയുടെ മുഖത്ത് പ്രകാശം പരക്കുന്നത് കണ്ടു. അത് ഞാൻ ആലോചിച്ചുറപ്പിച്ച ആമുഖവാക്കായിരുന്നു.
ഞാൻ സ്വന്തം പേര് പറഞ്ഞു. കുറച്ചു ദൂരേന്നാണ്.
‘എന്റെ മോൾക്ക് നിങ്ങളുടെ കഥകൾ വല്ല്യ ഇഷ്ടമാണ്. അപ്പാർട്ട്മെന്റിന്റെ ആന്വവൽ ഫംഷന് മായയെ കൊണ്ടു വരാമോ എന്നവൾ ഒരാഗ്രഹം പറഞ്ഞു…’ ആഗമനോദ്ദേശ്യം അറിയിച്ചു.
എന്റെ അപ്പാർട്ട്മെന്റിന്റെ പേര് പറഞ്ഞു. തീയതിയും സമയവും പറഞ്ഞപ്പോൾ മായയുടെ മുഖത്തെ വെട്ടം കെട്ടു. ഞാൻ പറഞ്ഞ ദിവസം ആ കുട്ടി തൃശ്ശൂർക്ക് പോവുകയാണ്. ഒരു സാഹിത്യക്യാമ്പ്. എല്ലാം പറഞ്ഞുറപ്പിച്ചുപോയി.
ഞാൻ നിരാശ അഭിനയിച്ചു കൊണ്ട് പറഞ്ഞു,
‘സാരമില്ല…മായ പിന്നൊരിക്കൽ അതു വഴി വരികയാണെങ്കിൽ…എല്ലാർക്കും അതൊരു സന്തോഷമാവും…’
‘ചായ എടുക്കട്ടെ അങ്കിൾ?’ അവൾ ആതിഥ്യമര്യാദ നിറഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
അവൾ എന്നെ അങ്കിളാക്കിയിരിക്കുന്നു.
‘ശരി മോളെ…’ അടുത്ത നിമിഷം ഞാനവളെ മകളുമാക്കി.
മായ അകത്തേക്ക് പോയപ്പോൾ ഞാൻ മുറി മുഴുക്കെയും ശ്രദ്ധിച്ചു. ഷോകേസ്സിൽ ചില ഫോട്ടോകൾ ഫ്രെയിമിട്ട് ചാരി വെച്ചിരിക്കുന്നു. മായയും മറ്റൊരു സ്ത്രീയും. അമ്മ തന്നെ. എന്നാൽ ആ സ്ത്രീയുടെ ഛായ അല്ല ആ കുട്ടിക്ക്. വേറേ ആരുടേതോ ആണ്. കണ്ട് പരിചയമുള്ള ആരുടേയോ.
അവൾ ട്രേയിൽ ചായയുമായി വന്നപ്പോൾ ഞാൻ ഫോട്ടോ ചൂണ്ടി ചിരിച്ചു കൊണ്ട് ചോദിച്ചു.
‘അമ്മയും മോളുമാണല്ലെ?’
‘ങാ…’
‘അമ്മയെവിടെ കണ്ടില്ലല്ലോ’ ഞാൻ ആകാംക്ഷപൂർവ്വം അകത്തേക്ക് കണ്ണുകൾ നീട്ടി.
‘അമ്മ…മരിച്ചു…കഴിഞ്ഞ വർഷം…’
ഞാൻ കുറച്ച് നേരത്തേക്ക് ഒന്നും സംസാരിച്ചതേയില്ല. ചായയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
‘മോൾടെ കഥ ഞാൻ വായിച്ചിരുന്നു…പേൾവ്യൂ…നന്നായിട്ടുണ്ട്’
‘താങ്ക്സ് അങ്കിൾ’
‘മോൾക്ക് എങ്ങനെ ഈ കഥകളൊക്കെ എഴുതാൻ പറ്റുന്നത്?’
അവൾ ചിരിച്ചതേയുള്ളൂ.
ഞാൻ കഥയിലെ ചില കാര്യങ്ങൾ വീണ്ടുമെടുത്തിട്ടു. ഫോറൻസിക്കിന്റെ കാര്യവും, ഡിടക്ടീവിന്റെ ചില നിഗമനങ്ങളും…
‘അമ്മ ഒരുപാട് വായിക്കുമായിരുന്നു…സത്യത്തിൽ…അമ്മയാണെന്റെ ഗുരു…ചില നേരത്ത് ചില കഥകളൊക്കെ പറഞ്ഞ് എന്നോട് എഴുതാൻ പറയും..’
‘ഓഹോ…അപ്പോ അമ്മയാണ് ശരിക്കും ഈ കഥയുടെ എഴുത്തുകാരി അല്ലെ?’ ഞാൻ ഒരു കുസൃതിച്ചിരി ചിരിച്ചു.
‘അങ്ങനെ പറയാൻ പറ്റില്ല… അമ്മ ചിലപ്പോൾ…ചില സംഭവങ്ങളൊക്കെ പറയും…എന്നിട്ട് എന്നോട് അത് കഥയാക്കാൻ പറയും. ഞാൻ അതിമിതുമൊക്കെ ചേർത്ത് അതൊരു കഥയാക്കി എടുക്കും!’ അവൾ രചനാരഹസ്യം വെളിവാക്കി.
‘പേൾവ്യൂ…മോൾടെ അമ്മ പറഞ്ഞ കഥയാണോ?’
‘ആണെന്നും അല്ലെന്നും പറയാം!’
ഞങ്ങളിരുവരും ചിരിച്ചു.
ഞാൻ അവളെ തന്നെ അല്പനേരം നോക്കി ഇരുന്നു.
കുട്ടി, ഞാൻ വന്നത് കുട്ടിയെ കാണാനല്ല, എന്നാൽ എന്തറിയണമെന്ന് ആഗ്രഹിച്ചുവോ, അത് അറിഞ്ഞു കഴിഞ്ഞു. അജ്ഞാതമായ ചില കാര്യങ്ങൾ ഇപ്പോഴും ബാക്കി. പക്ഷെ ഇത്രയും അറിയാൻ കഴിഞ്ഞതിൽ ഞാൻ തൃപ്തനാണ്.
അമ്മയുടെ ഫോട്ടോ മാത്രമേ ഞാൻ കണ്ടുള്ളൂ. എവിടെ അച്ഛൻ?
‘മോൾടെ…അച്ഛൻ?’
‘ഞാൻ ജനിച്ച് കുറച്ച് നാൾ കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു പോയി…സത്യത്തിൽ അച്ഛന്റെ മുഖം കണ്ടതായി എനിക്കോർമ്മയില്ല…അച്ഛനെ ഫോട്ടോയിൽ കണ്ട പരിചയമേയുള്ളൂ‘
’ഫോട്ടോ എവിടെ?‘ ചോദിക്കാൻ നാവ് തരിച്ചു.
’അമ്മ എപ്പോഴും പറയും എനിക്ക് അച്ഛന്റെ ഛായ ആണെന്ന്!‘ അതു പറഞ്ഞ് അവൾ ചിരിച്ചു.
അപ്പോൾ ഞാനത് ശ്രദ്ധിച്ചു, ആ മനുഷ്യന്റെ ഛായ! മീശയും ചുരുണ്ട മുടിയും ഒഴിച്ച് നിർത്തിയാൽ എവിടെയൊക്കെയോ…
വീണ്ടും ആ ചിത്രം തെളിഞ്ഞു. മലർന്ന് കിടക്കുന്ന പുരുഷശരീരം…നെഞ്ചിൽ…
അല്പനേരം കഴിഞ്ഞ് ഞാൻ യാത്ര പറഞ്ഞിറങ്ങി. നടക്കുമ്പോൾ ആലോചിച്ചു, ഞാനെഴുതാൻ വിട്ടു കളഞ്ഞ കുറിപ്പിലെ പൂരിപ്പിക്കാത്ത കാര്യങ്ങൾ ഇതാ വർഷങ്ങൾക്ക് ശേഷം പൂർത്തിയാക്കുവാൻ കഴിഞ്ഞിരിക്കുന്നു. ചിലപ്പോൾ എഴുത്തുകാരൊക്കെ ഇങ്ങനെയാവും. ആരോ പാതി പറഞ്ഞ് നിർത്തിയ കഥകൾ ഏതോ ഒരു കാലത്ത് എവിടെയോ ഇരുന്ന് പൂർത്തിയാക്കാൻ നിയോഗം പേറുന്നവർ. വർഷങ്ങളായി ചുന്നു കൊണ്ടിരുന്ന പരാജയത്തിന്റെ ഭാരം എന്റെ ചുമലിൽ നിന്നിറങ്ങി പോയിരിക്കുന്നു. ആനന്ദത്തേക്കാൾ ആശ്വാസം തോന്നുന്നു. കുട മുറുക്കെ പിടിച്ച് ഞാൻ ബസ് സ്റ്റോപ്പിലേക്ക് പതിയെ നടന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
വളരെ ഇൻട്രസ്റ്റ് ആയ ഒരു ക്രൈം സ്റ്റോറിയാണ്. നല്ലൊരു രീതിയിൽ എഴുതി കൊണ്ടുപോകുന്നു. വായിക്കാൻ നല്ല രസമുണ്ട്. ആശംസകൾ ????