കവിത
ജിഷ്ണു കെ.എസ്
1
വരവേറ്റു കാട്
ഒരില പോലും
അനക്കാതെ.
അതിനുള്ളിലേക്ക്
കടക്കുമ്പോൾ;
ചില്ലകളിൽ
തട്ടിത്തടഞ്ഞി-
റ്റിയിറ്റി വീഴുന്നു
വെയിൽ.
ഒച്ചയുണ്ടാക്കാതെ
ഓടി നടക്കുന്നു
ചെറുപ്രാണികൾ.
കൊഴിഞ്ഞയിലകൾ-
ക്കടിയിലെ തണുപ്പിൽ
പുണർന്നുറങ്ങുന്നു
കരിനാഗങ്ങൾ.
അല തല്ലുന്നു
താളത്തിൽ
ചീവീടിൻ കലമ്പലുകൾ.
പേടമാനുകൾ തുള്ളിച്ചാടി
കടന്നു പോയി മുന്നിലൂടെ.
ഗോഷ്ഠികൾ എടുത്തെറിഞ്ഞ്
വമ്പു കാട്ടി
ഊറിച്ചിരിച്ചു
കുരങ്ങന്മാർ.
കൂസലില്ലാതെ
കൊമ്പു കുലുക്കി
നടന്നകന്നു
കാട്ടുപോത്തുകൾ.
മുക്രയിട്ട് ചീറിപ്പാഞ്ഞു
കാട്ടുപന്നികൾ.
മെല്ലെ നടന്നു
മായാക്കാഴ്ച്ചകൾ
ഓന്നൊഴിയാതെ
തൊട്ടു നുണഞ്ഞ്
ഞാനും കവിതയും.
കണ്ണിൽത്തറഞ്ഞ
കാഴ്ച്ചകൾക്കെല്ലാം മറപറ്റി
കാട്ടുപൊന്തയ്ക്കുള്ളിൽ
പാത്തിരിക്കുന്നു
തിളങ്ങുന്ന കണ്ണുകൾ.
ആർത്തിയോടവ
ഓരോ ചുവടിലും
പിൻതുടരുന്നു
ഞങ്ങളെ.
2
കടന്നു പോയ നേരങ്ങളിൽ
പിന്നിൽ മറഞ്ഞ വഴികളിൽ
കണ്ടൂ കാഴ്ച്ചകൾ,
കേട്ടൂ ശബ്ദങ്ങൾ,
മേലാകെ പടർന്നു
കാടിൻ ഗന്ധങ്ങൾ.
അറിഞ്ഞില്ല ഞങ്ങളിൽ
തെളിഞ്ഞു വന്ന നഗ്നത
അതിനിടയിലെവിടെയോ
അഴിഞ്ഞു പോയി
വസ്ത്രങ്ങളും.
3
സന്ധ്യ ഉദിക്കുന്നു
പുൽമേട്ടിൻ തുഞ്ചത്തായി.
പടർന്ന് പന്തലിച്ച മരങ്ങളിൽ
ചേക്കേറുന്നു പക്ഷികൾ.
കാട്ടുചോലയിൽ
കെട്ടിപ്പിടിച്ചിരുന്ന്
കണ്ട കാഴ്ച്ചകൾ
എണ്ണിയെണ്ണിപ്പാടി
പൊട്ടിച്ചിരിച്ചു
ഞങ്ങളും.
കണ്ടു ഞാനന്നേരം
അവളിലെ
ഈറൻ തിളക്കത്തിൽ
ഏതു ഭാഷയും
വഴുതി വീഴും
വടിവുകൾ.
എന്തൊരഴകാണവൾക്കെന്ന്
അന്തിച്ചിരിക്കെ
ലജ്ജ കൂടാതെ വന്നെന്നെ
വാരിപ്പുണർന്നവൾ.
4
കാട്ടുപൂതങ്ങൾ
കൂവിത്തിമിർക്കുന്നു
കാട്ടിൽ വിരിയുന്നു
രാത്രിയും.
ഞങ്ങൾ നടന്നു
നിലാവിൻ നൂലിൽ ചവിട്ടി
കാടിൻ തുറവിലേക്ക്.
അവിടൊരു പാറമേൽ
ചെന്ന് കിടന്നു
അതു കണ്ട് നക്ഷത്രങ്ങൾ
നാണം കൊണ്ടു.
കണ്ണടയ്ക്കാതെ
ചുണ്ടുകൾ കോർത്ത്
കാട്ടുപൂവിതളുകളിൽ
വിരലോടിച്ച്
പറ്റിക്കിടന്നു.
5
പാതിരാ കോഴി കൂവിയില്ല
നേരമെത്രയായെന്നറിയുകില്ല
ഞങ്ങൾ ഞങ്ങളിൽ നിന്നും
കണ്ണുകൾ പിരിച്ചഴിക്കുമ്പോൾ
വട്ടം ചുറ്റി നിൽക്കുന്നു
കൊതി മൂത്ത്
തുപ്പലിറ്റിച്ച്
കൂട്ടങ്ങളായി
വേട്ടയ്ക്കിറങ്ങിയോർ.
ഒന്നഴിഞ്ഞനങ്ങും മുന്നേ
ഒന്നിടവിട്ടിടവിട്ടിട-
വിട്ടുടലുകളിൽ
വന്നു പതിക്കുന്നാഴത്തിൽ
തേറ്റപ്പല്ലുകൾ.
…
ജിഷ്ണു കെ.എസ്
കോട്ടയം, കുടമാളൂർ സ്വദേശി. വിവിധ ഓൺലൈൻ പ്രിന്റ് മാസികകളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു മൾട്ടിനാഷണൽ ഐടി കമ്പിനിയിൽ ഹ്യൂമൻ റിസോർസ് മാനേജറായി ജോലി ചെയ്യുന്നു.
ബ്ലോഗ്: https://ksjishnu.wordpress.com/
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
നന്നായി ജിഷ്ണു