കവിത
അമലു
ചിത്രീകരണം : സുബേഷ് പത്മനാഭൻ
“എപ്പോളായിരുന്നു..? ”
“അറിയില്ല..
മൂന്ന് നാല് ദിവസമായിട്ടുണ്ടാവുമെന്ന് തോന്നുന്നു ”
“നിങ്ങളെപ്പോളാണ് അറിഞ്ഞത്”
“ഇന്നിപ്പോ മണം വന്നപ്പോൾ…..”
അവർ മരിച്ചു
മൃതദേഹത്തിന് മൂന്നുദിവസത്തിൻ്റെ പഴക്കം
പോലീസ് എത്തുമ്പോൾ
കസേരയിൽ ചാരിയിരിക്കുന്ന
നിലയിലായിരുന്നു സിസ്റ്റർ മേരി മഗ്രീത്ത്
കൈയിൽ ജപമാല
മുൻപിൽ കത്തിതീരും മുൻപേ
കെട്ടുപോയൊരു മെഴുകുതിരി
ഒരേ തരം കുപ്പായമിട്ട പലർ
നിരനിരയായി നിന്ന്
സ്വയം നുള്ളിനോക്കി
മരിച്ചത് തങ്ങളല്ലെന്ന് ഉറപ്പുവരുത്തി
ഒപ്പം ഞാനും
സിസ്റ്റർ മേരി മഗ്രീത്തിന്
എങ്ങനെ മൂന്നുദിവസം മുൻപേ
മരിക്കാൻ കഴിഞ്ഞുവെന്ന്
ഞാൻ അത്ഭുതം കൊണ്ടു
മിനിഞ്ഞാന്ന് സപ്രാ പ്രാർത്ഥനക്ക്
എൻ്റെ തൊട്ടടുത്തുണ്ടായിരുന്നു അവർ
വൈകിട്ട് പൂന്തോട്ടത്തിൽ
റോസാചെടികൾക്കിടയിൽ,
ഇന്നലെയും കണ്ടു,
ജനാലക്കരികിൽ
നരച്ചൊരു സന്യാസവേഷത്തിൻ്റെ
പിഞ്ഞിയ കോണുകളെ
ഇഴയിടുകയായിരുന്നു അപ്പോളവർ
ഞാൻ എൻ്റെ ഉടുപ്പിൽ കൈയ്യോടിച്ചു
അരികുകളിൽ എഴുന്നുനിൽക്കുന്ന
തുന്നൽപ്പാടുകൾ
വൈകുന്നേരം വായനാമുറിയിലും
ശേഷം ഊട്ടുമുറിയിലും
എണ്ണത്തിൽ ഒരാൾ കുറവുണ്ടായിരുന്നു
പനിച്ചുറങ്ങുന്ന ഒരു സഹോദരി
യാത്രയിലായിരുന്ന മറ്റൊരു സഹോദരി
എന്നിങ്ങനെ
ആ ആഭാവത്തെ എണ്ണിത്തികച്ചു
എന്നിട്ടും സിസ്റ്റർ മേരി മഗ്രീത്തെവിടെ
എന്നാരും ഓർത്തില്ല
പരസ്പരം നോക്കിയപ്പോൾ
അവരും അപരത്തെ
(അതോ അവരവരെ തന്നെയോ)
മേരി മഗ്രീത്ത് എന്ന് എണ്ണിയിട്ടുണ്ടാവും
എന്നെപോലെ..
ഒരേ നിറത്തിലുള്ള വേഷത്തിൽ
ഒരേ സംബോധനകളിൽ
ഒരേ ദിനവൃത്തികളിൽ
ഒരുപാട് മേരി മഗ്രീത്തുമാർ എനിക്ക് ചുറ്റും..
വെയ്ലും അതിൻ്റെ മുകളരികിലൂടെ
കാണുന്ന മുടിയും
അതിലെ വെള്ളിനാരുകളും ഒരുപോലെ..
കൈയിൽ തേഞ്ഞുതുടങ്ങിയ
സ്റ്റീൽ മോതിരവും
കഴുത്തിലെ കറുത്ത ചരടിൽ കോർത്ത കുരിശുരൂപവും ഒരുപോലെ..
ഒപ്പീസ് ചൊല്ലിതുടങ്ങിയപ്പോൾ
പരിചയമുള്ള ശബ്ദം ചാപ്പലിൽ നിറഞ്ഞു
ഈണത്തിൽ പാട്ടുപാടിതുടങ്ങി
സിസ്റ്റർ മേരി മഗ്രീത്ത്
“മങ്ങിയൊരന്തി വെളിച്ചത്തിൽ
ചെന്തീപോലൊരു മാലാഖ…”
I am not Sister Mary Magritte
എന്നെഴുതിവച്ച്
ഞാൻ പുറത്തേയ്ക്ക് നടന്നു
ഗേയ്റ്റിനരികിൽ
സന്യാസപരിശീലനത്തിനായി വന്നൊരു പെൺകുട്ടി
അവൾ കാവൽക്കാരനോട് പറയുന്നു;
“നോവിസ് ആണ്, പേര് മേരി മഗ്രീത്ത്”
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Good