ഗോത്രഭാഷാ കവിത
സുകുമാരൻ ചാലിഗദ്ധ
ഭാഷ: റാവുള
ചൂരിയെന്നുമു ഈച്ചിര പാപ്പെന്നുമു
പഗെല്ലുനെമു അന്തിനെമു
മാറി മാറി മേയ്ക്കിൻ്റോരു.
മാവും കാറ്റും തണെല്ലുമു ബെയ്ല്ലുമു
ചമെയ ജൂഞ്ചിലി ബട്ട തിരിഗിൻ്റൊരു
അവ്ടെ ഒരു അമ്മെൻ്റ ബാറിലി
ജിന്നാ മൂത്തിച്ചു ആച്ചെയാന്ന,
ആച്ചെ മൂത്തിച്ചു മാച്ചമാന്ന
മാച്ച മൂത്തിച്ചു ബർച്ചമാന്ന .
ഐലി പതിനൊൻ്റിലി മൂത്തമാച്ച
പന്ത്രണ്ടുക്കു ബൂന്തപ്പോ
അന്തിക്കു ഒരുമണിക്കു
മുഗാത്ത ഒരു പുള്ളെ പുറാന്തു
പൂമിക്കു മാത്തിര മനച്ചില്ലാൻ്റ
ഒരു മൂത്ത ബാച്ചെ പറെഞ്ച .
ആ ബാച്ചെയിലായിലാൻ്റു
അമ്മെ കിരെഞ്ചെന്നുമു ഏന്തെച്ചെന്നുമു
ചിരിച്ചെന്നുമു ചന്തോച്ചിച്ചെന്നുമു
അമ്മി ചുരാത്തിന്നെന്നുമു
പുള്ളെ കുടിച്ചെന്നുമു .
താറാട്ടുൻ്റ ചന്തത്തി
ആ ബാക്കു മെല്ലെ മെല്ലെ ചത്തിച്ചു
അമ്മെക്കുമു അപ്പെങ്കുമു
അച്ചറമാലെക്കുമു നാലിഗെയന്നാക്കി
മലയാളമാച്ചു പച്ച മലയാളിയാന്ന.
ആ മലയാളിയാന്ന നാന്നു
മുഗാത്ത പുള്ളെൻ്റ
ബാച്ചെ തടാക്കി അച്ചറമാലെന്തു
തിരിച്ചുതിഗി
ആ, യിലെത്തി മലെഞ്ചപ്പോ
ങേ” യാണെൻ്റു തിരിച്ചറിഞ്ചെയേയ് .
ങേ”ക്കു എന്നെന്നോ
ഒറുയൊറു.
പരിഭാഷ
സൂര്യനും ചന്ദ്രനും
പകലിനേയും രാത്രിയേയും
മാറിമാറി മേയ്ക്കുകയാണ്.
മഴയും കാറ്റും,തണലും വെയിലും
സമയ സൂചിയിൽ ചുറ്റിത്തിരിയുകയാണ്
അവിടെ ഒരു അമ്മയുടെ വയറിൽ
ദിവസങ്ങൾ മൂത്ത് ആഴ്ച്ചകളായി
ആഴ്ച്ചകൾ മൂത്ത് മാസങ്ങളായി
മാസങ്ങൾ മൂത്ത് ഒരു വർഷമായി.
അതിൽ
പതിനൊന്നിൽമൂത്ത മാസം
പന്ത്രണ്ടിൽ വീണപ്പോൾ
രാത്രി ഒരു മണിക്ക്
മൂക്കാത്ത ഒരു കുഞ്ഞ് ജനിച്ച്
ഭൂമിക്ക് മാത്രം മനസ്സിലാവുന്ന
ഒരു മൂത്ത ഭാഷ പറഞ്ഞു .
ആ ഭാഷയിലായിരുന്നു
അമ്മ കരഞ്ഞതും ഉണർന്നതും
ചിരിച്ചതും സന്തോഷിച്ചതും
മുല ചുരത്തിയതും കുഞ്ഞ് കുടിച്ചതും.
താരാട്ടിൻ്റെ ഈണങ്ങളിൽ
ആ ഭാഷ പതിയെ പതിയെ മരിച്ച്
അമ്മയിലേക്കും അച്ഛനിലേക്കും
അക്ഷരമാലയിലേക്കും നാവനക്കി
മലയാളമായി പച്ച മലയാളിയായി.
ആ മലയാളിയായ ഞാൻ
മൂക്കാത്ത കുഞ്ഞിൻ്റെ
ഭാഷ തേടി അക്ഷരമാലയിൽ നിന്നും
തിരിച്ചിറങ്ങി
“അ” യിലെത്തി നോക്ക്യപ്പോൾ,
“ങേ” യാണെന്ന് തിരിച്ചറിഞ്ഞത്.
“ങേ”ക്ക് എന്തോ ഒരു ഒരു..
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.