മങ്ങലംകളി: കോയ്മയ്ക്ക് നേരെയുള്ള ചൂട്ട്

0
1030

സാംസ്കാരികം
ഷൈജു ബിരിക്കുളം

മങ്ങലംകളി കാസർഗോഡ് ജില്ലയിലെ ആദിമ ഗോത്രവിഭാഗങ്ങളായ മാവിലരുടെയും മലവേട്ടുവരുടെയും ഒരു വിനോദ കലാരൂപമാണ്. മാവിന്റെ ഇല വസ്ത്രമായി ധരിച്ചിരുന്നതുകൊണ്ടും, മാവിലാ തോടിന്റെ സമീപത്ത് താമസിച്ചിരുന്നവരുമായതുകൊണ്ടുമാണത്രേ മാവിലർ എന്ന പേരു വന്നത്. കാസർഗോഡിന്റെ മലയോര പ്രദേശങ്ങളാണ് ഇവരുടെ ആവാസമേഖല.’മങ്ങലം’ എന്നാൽ കല്യാണം എന്നാണ് അർത്ഥം. അതായത് മാവില, മലവേട്ടുവ സമുദായങ്ങളിൽ അവരുടെ മങ്ങലത്തിന്റെ ചടങ്ങുകളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു പോന്നിരുന്ന സവിശേഷതയാർന്ന ഒരു സംഗീത നൃത്തരൂപമാണ് മങ്ങലംകളി. പണ്ടു കാലത്ത് കല്യാണ പന്തലുകളിലാണ് മങ്ങലംകളി അരങ്ങേറിയിരുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് കളികളിൽ കൂടുതലായു൦ പങ്കാളികളാവുക. പുരുഷന്മാർ തുടി കൊട്ടി പാട്ടിന് അകമ്പടി സേവിക്കും. അതാണ് രീതി. കല്യാണ പന്തലിന് നടുവിൽ നാട്ടിയ ഒരു തൂണിനു ചുറ്റും വലം വച്ചാണ് മങ്ങലംകളി കളിക്കുക.
ഏഴ് തുടികളാണ് ഉപയോഗിക്കുന്നത്. തുടി എടുക്കുന്നതിന് മുമ്പ് തുടിപ്പാട്ട് ചൊല്ലുന്ന രീതിയുമുണ്ട് അതൊരു ആചാരമാണ്. മൂന്നു തരം തുടികളുണ്ട്. പാൺ തുടി, പെരും തുടി, സാധാരണ തുടി. മൂന്നുതരം തുടികൾക്കും മൂന്നു തരം ശബ്ദം തന്നെയാണ്. ശബ്ദം ക്രമീകരിക്കുന്നതിന് പ്രത്യേക സംവിധാനവും തുടിയിലുണ്ട്. കല്യാണ പന്തലിൽ കാരണവന്മാരും മൂപ്പന്മാരുമെല്ലാം കാഴ്ചക്കാരായി ഉണ്ടാകും.
പ്രധാനമായും മാവില, മലവേട്ടുവ സമുദായങ്ങൾക്കിടയിൽ നാലുതരം മങ്ങലങ്ങളാണുള്ളത്. അതിൽ ഒന്നാമതായി കാതുകുത്ത് മങ്ങലം. രണ്ട്: തെരണ്ട് മങ്ങലം അതായത് ഋതുമതി കല്യാണം. പ്രായപൂർത്തിയാകുന്ന സമയത്ത് വയസ്സ് അറിയിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു ചടങ്ങാണിത് .
മൂന്നാമത്തേത്
പുങ്ങൻമങ്ങലം. ഗർഭത്തിന്റെ ഏഴാം മാസത്തിലോ ഒൻപതാം മാസത്തിലോ സ്ത്രീകളെ കൂട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ചടങ്ങ്. അവസാനമായി സാധാരണ താലിമങ്ങലം അഥവാ പൊതുവിൽ പറയുന്ന കല്യാണം. ചുരുക്കത്തിൽ ഒരു പെൺകുട്ടിക്ക് അവരുടെ ജീവിതത്തിൽ നാലുതരം മങ്ങലങ്ങളുണ്ട് എന്നർത്ഥം. നാലു മങ്ങലങ്ങൾക്കും കളി ഇവർക്ക് പ്രധാനമായിരുന്നു. കല്യാണത്തിനാണ് കാര്യമായി കളിച്ചുപോന്നിരുന്നത്. തലേദിവസം വൈകുന്നേരം തുടങ്ങി പിറ്റേദിവസം പുലരുവോളം കളിക്കും. തലേന്നാൾ തന്നെ ചെക്കന്റെ വീട്ടിൽ നിന്നും ആളുകൾ വരും. വരുന്ന വഴി നീളെ കൊട്ടും പാട്ടുമുണ്ടാകും.
അവർ വീട്ടിലെത്തിയാൽ അകത്തു കയറാതെ വാതിൽക്കൽ നിൽക്കും. പെൺവീട്ടുകാരാണ് അവരെ പാടി സ്വീകരിക്കേണ്ടത്. തുടർന്ന് പെൺവീട്ടുകാരും ആൺവീട്ടുകാരും ഒരുമിച്ച് നേരം പുലരുവോളം കളിക്കും. താലികെട്ട് കല്യാണം കഴിഞ്ഞാൽ പെണ്ണിനെയും ചെക്കനെയും കൊണ്ട് ജന്മി ഗൃഹത്തിലേക്ക് പോണം അതൊരു ആചാരമായിരുന്നു. നവദമ്പതികളെ ജന്മിയെ കാണിക്കാനുള്ള യാത്രയാണിത്. അങ്ങനെ യാത്രക്കിടയിൽ വഴിനീളെ കൊട്ടി, പാടി കളിക്കും. ജന്മിഗൃഹത്തിലെത്തി അവിടെയും കളിക്കും. ജന്മിയിൽ നിന്നും കിട്ടുന്ന കാണിക്ക (സമ്മാനം) എന്താണോ അതും വാങ്ങി തിരിച്ചുവരുമ്പോൾ മറ്റു ജാതിക്കാരുടെയും
സമുദായക്കാരുടെയും വീടുകളിലും കളിക്കും. അങ്ങനെ കളിക്കുമ്പോൾ ഓരോ വ്യത്യസ്ത പാട്ടുകളാണ് പാടുക. നായർ സമുദായത്തിന്റെ വീട്ടിൽ കളിക്കുമ്പോൾ ഒരു പാട്ട്, തീയ്യ സമുദായക്കാരുടെ വീട്ടിലാണെങ്കിൽ മറ്റൊരു പാട്ട്. അതാത് ജാതി-മത വിഭാഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടും അവരെ പ്രകീ൪ത്തിച്ചു കൊണ്ടും ആണ് പാടുന്നത്. അങ്ങനെ അവരുടെയൊക്കെ വീടുകളിൽ നിന്ന് കാണിക്കയും വാങ്ങി പെൺവീട്ടിലേക്കെത്തും. പിന്നീട് അവിടെ നിന്നും ചെക്കന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ പാട്ടും പാടി കളിച്ചു കൊണ്ടാണ് പോവുക.
കല്യാണത്തിന്റെ ഭാഗമായി ശ്രദ്ധ്യേയമായ മറ്റൊരു കാര്യം, ഇവർക്കിടയിൽ സ്ത്രീധന സമ്പ്രദായമില്ല എന്നുള്ളതാണ്. പെണ്ണിനെ കിട്ടണമെങ്കിൽ പെണ്ണിന്റെ അച്ഛന് കാണം കൊടുക്കണം. ‘കാണം ‘എന്ന് പറയുന്നത് ഒരു പൊതി നെല്ലും ഒന്നേകാൽ ഉറിപ്പികയുമാണ്. അതിനെ ‘തെരാവ്’ എന്നാണ് വേട്ടുവര് വിളിച്ചിരുന്നത്.
ഇനി ചെക്കന് കല്യാണപ്രായമെത്തി എന്ന് തെളിയിക്കാൻ മറ്റൊരു കടമ്പ കൂടിയുണ്ട്. ഒരു പൊതി നെല്ല് നെഞ്ച് തൊടാതെ എടുത്ത് തലയിൽ വയ്ക്കണം. അങ്ങനെ ചെയ്താൽ കല്യാണപ്രായമെത്തിയെന്ന് കാരണവന്മാർ മനസ്സിലാക്കുകയും അവരതിനു സമ്മതിക്കുകയും ചെയ്യുന്നു. തുടർന്ന് ജന്മിഗൃഹത്തിലേക്ക് പോയി കല്യാണത്തിനുള്ള സമയം കുറിക്കും. അതാണ് രീതി.

പുങ്ങൻ മങ്ങലമെന്നാൽ ഗർഭിണിയായ സ്ത്രീയെ ഏഴാം മാസത്തിലോ ഒൻപതാം മാസത്തിലോ പെണ്ണിന്റെ വീട്ടിലേക്ക് കൊണ്ടു പോകുന്ന ഒരു ചടങ്ങാണിത്.
ഇതിന് തുളുവിൽ “ബയക്കേ മധുമെ” എന്നാണ് പറയുക ‘മധുമെ’ എന്നു പറഞ്ഞാൽ കല്യാണം. പെണ്ണിന്റെ വീട്ടുകാർ പ്ലാവിന്റെ ഇലയിൽ ഉണ്ടാക്കുന്ന ‘കൊട്ടിഗെ’ എന്ന് പറയുന്ന പലഹാരം കൊണ്ടു വരുകയും അത് പെണ്ണിന് വിളമ്പുകയും വേണം. കൂടാതെ അവലും മലരും പഴവുമൊക്കെ വിളമ്പണം. തുടർന്ന് പെണ്ണിനെ രണ്ട് വീട്ടുകാരും ചേർന്ന് വെള്ള കോടിമുണ്ട് ഉടുപ്പിക്കണം. പിന്നെയുള്ളത് വളരെ വിചിത്രമായ ഒരു ചടങ്ങാണ്.
ഒരു പിടക്കോഴിയെ വെള്ള കോടിമുണ്ടു കൊണ്ട് മൂടിയിട്ട് അതിന് അരി തിന്നാൻ കൊടുക്കും. ഒപ്പം വെള്ളം, മദ്യം ഇവയൊക്കെ കോഴിയെ കൊണ്ട് കുടിപ്പിക്കും. അതിനു ശേഷം അവിടെ കൂടി നിന്ന എല്ലാവരും കൂട്ടമായി പ്രാർത്ഥിക്കണം. പ്രാർത്ഥന കഴിഞ്ഞതിനു ശേഷം ഈ ഗർഭിണിയായ സ്ത്രീയുടെ തലയ്ക്കു മുകളിലൂടെ മൂന്നുപ്രാവശ്യം ഈ കോഴിയെ ചുഴറ്റി പുറത്തേക്ക് വിടു൦. അതൊരു വിശ്വാസമാണ്. ഈ കോഴി ചെക്കന്റെ വീട്ടിൽ പെണ്ണിന്റെ ഒരു പ്രതിരൂപമായി വളരണം എന്നതാണ് രീതി. ആ സ്ത്രീക്ക് കൊടുക്കുന്ന എല്ലാ പരിഗണനയും പിന്നീട് ഈ കോഴിക്കും അവിടെ കൊടുക്കണം. സ്ത്രീ പ്രസവിക്കുന്നതു വരെ കോഴിയെ നന്നായി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ചെക്കന്റെ വീട്ടുകാർക്കാണ്. കോഴിക്കെന്തെങ്കിലും സംഭവിച്ചാൽ അത് അശുഭ ലക്ഷണമായി കണക്കാക്കുകയും പെണ്ണിന്റെ പ്രസവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടാകും എന്നുമാണ് അവരുടെ ഇടയിലുള്ള വിശ്വാസം. പെണ്ണിനെ കൂട്ടി കൊണ്ടുപോകുമ്പോൾ മേൽ സൂചിപ്പിച്ചതുപോലെ പാടി കൊട്ടി ആളുകളെ അറിയിച്ചു കൊണ്ടാണ് പോവുക.

വേട്ടുവരുടെ ഇടയിൽ തന്നെ പേരിടൽ ചടങ്ങു കൂടിയുണ്ട്. ജനിച്ച് ഏഴാം നാൾ പാല് കൊടുക്കുകയും അരയിൽ നൂല് കെട്ടുകയും ചെയ്യും. അന്നു തന്നെ അച്ഛനുമമ്മയും ചേർന്ന് പേര് വിളിക്കും. ഈ പേര് നിർദേശിക്കുന്നത് ജന്മിയാണ്. പേര് വിളിക്കുന്ന ചടങ്ങിന് ‘പുതർ തിപുനെ’ എന്നാണ് തുളുവിൽ പറയുന്നത് . ‘പുത൪’ എന്നു പറഞ്ഞാൽ പേര് എന്നാണ് അർത്ഥം.
ജന്മിഗൃഹത്തിൽ പോയി കുട്ടിയെ കാണിച്ചാൽ ജന്മി പേര് വിളിക്കും. ഏത് ആഴ്ചയാണോ കുട്ടി ജനിക്കുന്നത് അത് നോക്കിയൊക്കെയാണ് പേര് വിളിക്കുന്നത്‌.
ഉദാഹരണമായി ശനിയാഴ്ചയാണ് കുഞ്ഞ് പിറക്കുന്നതെങ്കിൽ ചനിയൻ അത് പെണ്ണാണെങ്കിൽ ചനിയാ൪. ഇനി വെള്ളിയാഴ്ചയാണെങ്കിൽ ചുക്രൻ. കറുത്തിട്ടാണെങ്കിൽ കറുത്തമ്പു മെലിഞ്ഞാണെങ്കിൽ കൊട്ടൻ, എലുമ്പൻ പെൺകുട്ടിയാണെങ്കിൽ പാറ്റ, ചപ്പില ഇങ്ങനെയൊക്കെയാണ് പേര് വിളിക്കുക.
ഈ പേര് വിളിക്കൽ ചടങ്ങിന്റെ ഭാഗമായും ഇവർക്ക് മങ്ങലംകളി പ്രധാനമാണ്.

കാതുകുത്ത് മംങ്ങലവും ഇക്കൂട്ടർക്ക് പ്രധാന ചടങ്ങാണ് ‘കെവി കുത്തനെ മധുമെ’ എന്നാണ് അതിന്റെ തുളു ഭാഷ്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കാത് കുത്തും. ഇതിന് കാർമികത്വം വഹിക്കുന്നത് പൊതുവിൽ ആ വീട്ടിലെ ഏറ്റവും പ്രായം ചെന്ന സ്ത്രീകൾ തന്നെയായിരിക്കണം എന്ന പ്രത്യേകതയുമുണ്ട്.
ഇതിനും അവർ പാട്ടുപാടി കൊട്ടി കളിക്കു൦.

ഇനി തെരണ്ട് മങ്ങലം. പെൺകുട്ടി ഋതുമതിയായ സമയത്ത് നടത്തുന്ന കല്യാണമാണ് തെരണ്ടു മങ്ങലം. വയസ്സറിയിക്കുക എന്നാണ് ഇവരുടെയിടയിൽ പറയുക.
അതായത് പെൺകുട്ടി പ്രായപൂർത്തിയായി എന്ന് അമ്മ അറിഞ്ഞനിമിഷം കുട്ടിയെ ഒരു മൂലയ്ക്കിരുത്തും. ഏഴു ദിവസം വരെ ആരുമായും സമ്പർക്കം പുലർത്താതെ പൂർണ്ണമായ വിശ്രമം. ആദ്യത്തെ മൂന്നു ദിവസം അവൾക്ക് ചോറ് കൊടുക്കില്ല. ഇളനീരും മറ്റ് കായ്കളും പച്ചപ്പയറുമെല്ലാമാണ് കൊടുക്കുക. വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകൾ മാറാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് പറയപ്പെടുന്നത്. നാലാമത്തെ ദിവസം തോട്ടിൽ പോയി മുങ്ങിക്കുളിക്കണം. ചെമ്പരത്തി പൂവും തുമ്പപ്പൂവും പച്ചരിയുമൊക്കെ കൊടിയിലയിൽ വെച്ചിട്ട് കുളിച്ചു കഴിഞ്ഞതിനുശേഷം അത് തോട്ടിൽ ഒഴുക്കി കളയണം. തെരണ്ട് മങ്ങലവുമായി ബന്ധപ്പെട്ട ചടങ്ങ് നടത്താൻ പെണ്ണിന്റെ ആങ്ങള (സഹോദരൻ )നിർബന്ധമായും വീട്ടിലുണ്ടാകണം.
അങ്ങനെ പെങ്ങൾ വയസറിയിച്ച സമയത്ത് വീട്ടിലില്ലാതിരുന്ന ആങ്ങളയെ അന്വേഷിച്ചു പോകുന്ന സന്ദർഭമാണ് ഓവുളുള്ളേറിയ ഓവുളുള്ളേറിയ മണിനങ്കരെ ….
എന്ന മങ്ങലം കളി പാട്ടിൽ പ്രതിപാദിക്കുന്നത്.

പ്രധാനമായും താലി മംങ്ങലത്തിനാണ് മംങ്ങലംകളി കൂടുതലായി കളിച്ചിരുന്നത്. ഇതിന്റെ ഭാഗമായി പന്തലിന് കാൽനാട്ടുന്ന വേളയിൽ പാടിക്കളിക്കുന്ന
പന്തല് കൂടി കളിപ്പാൻവാ കുഞ്ഞു മണവാട്ടി പെണ്ണേ….
എന്നു തുടങ്ങുന്ന
പന്തലുകളി പാട്ടും
ഇവരുടെ ഇടയിൽ പ്രചാരത്തിലുണ്ട്.

അക്കാലത്ത്‌ ജന്മിമാരിൽ നിന്നും ഇവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വന്നിരുന്നു. അതും മങ്ങലം കളിയിൽ അവർ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്. ജന്മി വീട്ടിലേക്ക് പണിക്കു പോകാൻ താമസിക്കുകയോ പോകാതിരിക്കുകയോ ചെയ്താൽ കടുത്ത ശിക്ഷയായിരുന്നു നൽകിയിരുന്നത്. മരത്തിനോ അല്ലെങ്കിൽ കറ്റ മെതിക്കുന്ന കളത്തിന്റെ നടുവിൽ നാട്ടിയ കുണ്ടത്തിനോ കെട്ടിയിട്ട് ഉറുമ്പിന്റെ കൂട് (അതിന് തുളുവിൽ ‘ഉറികുടിപ്പാളു’ എന്നാണ് പറയുക ) കാലിൽ വിതറും. അതിങ്ങനെ കയറി കയറി ശരീരമാസകലം കടിച്ചു നീറി വ്രണമായി മാറു൦. അത്തരം കടുത്ത ശിക്ഷാരീതികൾ പരാമർശിക്കുന്ന പാട്ടുകളൊക്കെ മങ്ങലംകളി പാട്ടിലുണ്ട്. ഉറുമ്പിനെ തട്ടി മാറ്റുന്നതൊക്കെയായുള്ള ചുവടുകളാണ് കളിയിലും കാണാൻ കഴിയുക.

ഉറിയാണ്ടപ്പളു റിയാണ്ട്.. ഊറികുടിപ്പാളു

ഉറിയാണ്ടപ്പളു റിയാണ്ട് ഊറികുടിപ്പാളു
ഓവ്വോഞ്ചി മറത്തിണ്ട്ഗെ ഊറികുടിപ്പാളു ആ
ഓവ്വോഞ്ചി മറത്തിണ്ട്ഗെ ഊറികുടിപ്പാളു…
കയ്യിക്ക് കാല്ക്ക് ചിച്ചികിണ്ടപ്പ ഊറികുടിപ്പാളു
കയ്യിക്ക് കാല്ക്ക് ചിച്ചികിണ്ടപ്പ ഊറികുടിപ്പാളു…

ഇങ്ങനെ പാടി പോകുന്ന രസകരമായ പാട്ടുകളാണ് ഈ സന്ദർഭത്തിലുള്ളത്. സ്വയം ശരീരത്തിലടിച്ചു വേദനിപ്പിച്ചു കൊണ്ട് പാടുന്ന പാട്ടും നമുക്കതിൽ കാണാം. തെരണ്ടുകല്യാണവുമായി ബന്ധപ്പെട്ട പാട്ടിന്റെ വേളയിലാണത്.
മാണിനങ്കരെ എന്നയാളുടെ പെങ്ങൾ വയസറിയിക്കുകയും അതിന്റെ ചടങ്ങുകൾ നടക്കണമെങ്കിൽ ആങ്ങളയായ മാണിനങ്കരെ അടുത്തുണ്ടാവണം എന്നുള്ളത് നിർബന്ധമാണ്. എന്നാൽ അയാളെ ജന്മി ദൂര സ്ഥലത്ത് അടിമ പണിക്ക് വിട്ടതായിരിക്കുമെന്നും, കാസറഗോഡ്, മൈസൂർ എന്നിവിടങ്ങളിൽ പേട്ടയ്ക്ക് പോയതായിരിക്കുമെന്നുമൊക്കെയുള്ള സംശയങ്ങളിൽ നിന്നുകൊണ്ട് അദ്ദേഹത്തെ അന്വേഷിച്ചു പോകുന്ന സന്ദർഭത്തിന്റെ ഒടുവിൽ ജന്മി അടിമപ്പണിക്ക് വിട്ട മണിനങ്കരെയെ തിരിച്ചു കിട്ടാത്തതിലുള്ള വിഷമത്തിൽ അവർ സ്വയം തങ്ങളുടെ ശരീരത്തിലടിച്ച്
ഓവുളുള്ളേറിയ ഓവുളുള്ളേറിയ മാണിനങ്കരെ…
എന്ന പാട്ടിലൂടെ ജന്മിയോടുള്ള പ്രതിഷേധം തീർക്കുകയാണ്.

മങ്ങലംകളി കല്യാണത്തിന്റെ ഭാഗമായി കളിച്ചിരുന്ന ഒരു വിനോദ കലാരൂപമായിരുന്നെങ്കിലും
കല്യാണവുമായി ബന്ധപ്പെട്ട ഒരു കാര്യവും പാട്ടിൽ പ്രതിപാദിക്കുന്നതേയില്ല മറിച്ച് അന്നവർ സമൂഹത്തിൽ അനുഭവിച്ചിരുന്ന ദുരിതങ്ങളും, ജന്മിമാരിൽ നിന്നുള്ള പീഡനങ്ങളും, അവഗണനയുമൊക്കെയാണ് പ്രതിഷേധമായിട്ട് പാട്ടിലൂടെയും കളിയിലൂടെയും പ്രകടമാക്കുന്നത്. അന്ന് മാവില മലവേട്ടുവ സമുദായങ്ങൾ ഉൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ അവരുടെ പോരാട്ടമായിട്ടും പ്രതിഷേധമായിട്ടും ഇത്തരം കലാരൂപങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നു എന്നുള്ളതാണ് യാഥാർഥ്യം.
തീർച്ചയായും അതിന്റെ നേരും തനിമയും ഒട്ടും ചോർന്നുപോകാതെ ഇന്നിന്റെ തലമുറയ്ക്ക് കൈമാറിപോരുന്നതിൽ ശ്രദ്ധേയമായ ഇടപെടലുകലും പരിശ്രമവുമാണ് ഈ സമുദായക്കാർ നടത്തിവരുന്നത്..

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here