കവിത
ബിനുരാജ്. ആർ. എസ്.
ചിത്രീകരണം സുബേഷ് പൊയിൽക്കാവ്
മറക്കാതിരിക്കാനായി
ഒറ്റമുണ്ടിന്റെ തുമ്പത്ത്
ഓർമ്മക്കെട്ട് കെട്ടുമായിരുന്നു, അമ്മ
കോഴിക്കൂടടയ്ക്കാൻ,
പട്ടിക്ക് ചോറ് കൊടുക്കാൻ,
ഉഴുന്ന് വെള്ളത്തിലിടാൻ…
മറവിക്കെട്ടെന്നാണ് അമ്മ പറയുക.
രണ്ട്, മൂന്ന്-
ചിലപ്പോൾ നാല് മൂലയിലും കെട്ടുണ്ടാവും
ഉറങ്ങുന്നതിന് മുമ്പായി
ഓരോ കെട്ടായി അഴിഞ്ഞുതീരും
ചിലപ്പോൾ,
ഉറങ്ങാൻ കിടന്ന അമ്മയായിരിക്കും
ഓർമ്മക്കെട്ടിൽത്തട്ടിത്തെറിച്ച്
കട്ടിലിൽ നിന്നിറങ്ങിയോടുന്നത്
എലിക്കെണി വെയ്ക്കാൻ മറന്നതായിരിക്കും
അതോ, കൊളുത്തുപോയ
അടുക്കളക്കതവിൽച്ചേർത്ത്
ചെമ്പുരുളി വെയ്ക്കാനോ?
വീട്ടിലെത്താൻ വൈകുന്ന രാത്രികളിൽ
ഓരോന്നായി ജോലികൾ തീർത്ത്
ബാക്കി വന്ന ഒറ്റക്കെട്ടിൽ കൈ ചേർത്ത്
തേളിരയ്ക്കുന്ന നെഞ്ചുമായി
അമ്മ നടപ്പുണ്ടാവും.
വീട്ടിൽ പശു പെറുന്ന ദിവസം
അമ്മയ്ക്ക് ഒറ്റമുണ്ട് തികയാതെ വരും.
പിന്നീട് വരാനിരുന്ന മറവിരോഗത്തെ
മുൻകൂട്ടി കണ്ടിരുന്നോ അമ്മ?
എന്നോ തുടങ്ങിയ അമ്മയുടെ ഓർമ്മക്കെട്ടുകളായിരിക്കണം
മക്കൾ അക്ഷരക്കെട്ടുകളാക്കി തരം തിരിച്ചത്.
കെട്ടില്ലാത്തൊരക്ഷരമുണ്ടോ?
അമ്മയിട്ട ചുറ്റിക്കെട്ടുകളാണ്
നമ്മളെണ്ണമറ്റ മക്കൾക്ക്
ചോരക്കെട്ടുകളായി വഴികാട്ടിയത്
പിന്നെയും, പിന്നെയും അമ്മ കെട്ടുകളിട്ടു
ഒടുവിലൊരു കെട്ടിൽപ്പിണഞ്ഞ്
അമ്മയൊരു കടുംകെട്ടായി
മരവിച്ചുകിടക്കുമ്പോഴുമുണ്ടായിരുന്നു
ഒറ്റമുണ്ടിൽ അഴിയാതൊരു കെട്ട്
ചെയ്യാൻ ബാക്കിവെച്ച കർമ്മമന്വേഷിച്ച്
നമ്മൾ, ആയിരം മക്കൾ, ഇന്നും…
…
ബിനുരാജ്. ആർ. എസ്.
അദ്ധ്യാപകൻ,എഴുത്തുകാരൻ. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കവിതകളുടെ റിപ്പബ്ലിക്ക്’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.