കഥ
ധനുഷ് ഗോപിനാഥ്
“Alexa, play Bum Bum Bole” – തൊട്ടു മുന്നിലെ ടി. വി. സ്റ്റാൻഡിന്റെ താഴെ ഇരിക്കുന്ന ആമസോൺ എക്കോ എന്ന ഉപകരണത്തിലേക്ക് നീട്ടി വലിച്ചുച്ചത്തിൽ പറഞ്ഞിട്ട് രാധിക കുഞ്ഞിന് ചോറ് കൊടുക്കാൻ നിലത്ത് കാലും നീട്ടിയിരുന്നു. അപ്പോഴാണ് താൻ സ്പൂൺ എടുത്തില്ലെന്ന കാര്യം ഓർത്തത്. എഴുന്നേറ്റപ്പോളെക്കും പാട്ട് പാടി തുടങ്ങിയിരുന്നു. അടുത്തിരുന്ന ഒന്നര വയസ്സുള്ള ഉർസുല അത് കേട്ട് കളിയിൽ നിന്നും ശ്രദ്ധ തിരിച്ചു.
“Alexa, Stop” – വീണ്ടും ഉച്ചത്തിൽ രാധിക ആജ്ഞാപിച്ചു. അത് പാട്ട് നിറുത്തി. ഈയിടെയായി ആ സാധനത്തിന് എന്തോ അസ്കിതയാണ്. ഉച്ചത്തിൽ പറയണം, എന്നാലേ കേൾക്കൂ. അപ്പോഴേക്കും ഉർസു കരഞ്ഞു തുടങ്ങി. അവളുടെ പ്രിയപ്പെട്ട പാട്ടാണത്. ഭക്ഷണം കഴിപ്പിക്കാൻ വേണ്ടി പാട്ട് കേൾപ്പിച്ച് തുടങ്ങിയത് അവൾ പിറന്ന് ആറ് മാസം കഴിഞ്ഞാണ്. പാട്ടും വച്ച് ഭക്ഷണം കൊടുക്കുമ്പോൾ കാര്യം പെട്ടെന്ന് നടക്കും. അത് വാങ്ങിയത് ഒരനുഗ്രഹമായെന്ന് ഗോവിന്ദിനോട് ഇന്നലെയാണവൾ പറഞ്ഞത്. ഗോവിന്ദ് ഒന്നിരുത്തി മൂളുക മാത്രം ചെയ്തു.
അലക്സയെ രാധിക ആദ്യം നേരിട്ട് കാണുന്നത് രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ് ഗോവിന്ദിന്റെ സുഹൃത്തായ ദേവന്റെ വീട്ടിൽ വച്ചാണ്. അവിടെ വച്ച് തന്റെ മൂത്ത മകൻ സേതുവും ദേവന്റെ മകൻ ഹരിയും അതിനു ചുറ്റും നിന്ന് ഓരോ ചോദ്യങ്ങൾ ചോദിച്ച് അതിന്റെ ക്ഷമത പരീക്ഷിച്ചു. ആരും ശ്രദ്ധിക്കാത്ത ഇടവേളകളിൽ അവളിലെ കുട്ടിയും അവർക്കൊപ്പം കൂടി. അതിന് ശേഷം വന്ന ആദ്യത്തെ ആമസോൺ വില്പനാവാരത്തിൽ ഗോവിന്ദിന്റെ കൈയ്യും കാലും പിടിച്ച് സേതുവും രാധികയും അത് വാങ്ങിപ്പിച്ചു.
ആമസോൺ എക്കോ എന്ന അലക്സ വാങ്ങാൻ ഒട്ടുമേ താല്പര്യമില്ലായിരുന്നു ഗോവിന്ദിന്. Electronic Gadgets – നോടുള്ള പ്രിയം എന്നേ നിന്നു പോയിരുന്നു അയാൾക്ക്. ശബ്ദം കൊണ്ട് പ്രവർത്തിപ്പിക്കുന്ന അലക്സ പോലുള്ള യന്ത്രങ്ങൾ തങ്ങളുടെ സ്വകാര്യതയിലേക്ക് ചെവി കൂർപ്പിച്ച് വച്ചിരിക്കുക്കയാണ് എന്നതായിരുന്നു അയാളുടെ വാദം. ഒരു വില കുറഞ്ഞ സ്മാർട്ട് ഫോൺ ഉപയോഗിക്കുകയും അതിലെ എല്ലാ ആപ്ലിക്കേഷനുകളുടെയും ഒട്ടു മിക്ക അനുമതികൾ എടുത്ത് കളയുകയും ചെയ്തിരുന്ന ഒരസാധാരണ മനുഷ്യനായിരുന്നു ഗോവിന്ദ്. പക്ഷെ ഇതൊന്നും തന്റെ ഭാര്യയെയും മകനെയും പറഞ്ഞു മനസ്സിലാക്കാൻ അയാൾക്ക് സാധിച്ചില്ല. അങ്ങനെ സാധനം വാങ്ങാൻ ഓർഡർ കൊടുത്തതിന്റെ മൂന്നാം നാൾ, മൊഴിഞ്ഞാൽ കാര്യങ്ങൾ നിവർത്തിച്ചു തരുന്ന ആ കൊച്ചു യന്ത്രം, അവരുടെ വീട്ടിലെ സ്വീകരണ മുറിയിലെ ഒരു ഉപയോഗ വസ്തുവായി വലിഞ്ഞ് കയറി വന്നു. വന്നതിൽ പിന്നെ അത് ചെവി കൂർപ്പിച്ച് കൊണ്ട് അവർ സംസാരിക്കുന്നതൊക്കെ ഒപ്പിയെടത്തു.
അലക്‌സ അത്യാവശ്യം നന്നായി തന്നെ അവർക്ക് വേണ്ടി വിയർപ്പൊഴുക്കി. കൂടുതലും സേതുവിൻറെ ചോദ്യങ്ങൾ ആയിരുന്നു അവളെ കുഴക്കിയിരുന്നത്. അവന്റെ ചോദ്യങ്ങൾക്ക് മിക്കതും അവൾ “Sorry I have trouble understanding your question” എന്ന് പറഞ്ഞ് തടിയൂരി.
“Alexa, how do babies come in tummy?”
കുറച്ച് മാസങ്ങൾക്ക് ശേഷം അഞ്ചു വയസ്സുകാരൻ സേതു അലക്സക്ക് നേരെ ചോദിച്ച ചോദ്യം കേട്ട് ആദ്യം ഞെട്ടിയത് രാധികയാണ്. അവൾ അന്ന് ഉർസുവിനെയും കൊണ്ട് ആറ് മാസം ഗർഭിണിയാണ്. ഉർസു എങ്ങനെയാണ് രാധികയുടെ വയറിന്റെ ഉള്ളിൽ കയറി പറ്റിയതെന്ന് മറ്റെല്ലാ മൂത്ത കുട്ടികളെയും പോലെ സേതുവും ഇടയ്ക്കിടെ ചോദിക്കാറുണ്ടായിരുന്നു. മിക്കവാറും എല്ലാ മാതാപിതാക്കളെയും പോലെ ഒരൊഴുക്കാൻ മട്ടിൽ സേതുവും രാധികയും മറുപടി പറഞ്ഞു പോന്നു. സഹികെട്ട് ഒരിക്കൽ രാധിക ദൈവമാണ് ഉർസുവിനെ അവിടെ എത്തിച്ചതെന്ന് പറഞ്ഞപ്പോൾ, “അച്ഛൻ ദൈവമൊന്നുമില്ലെന്ന് പറയാറുണ്ടല്ലോ” എന്ന സേതു തിരിച്ചു പറഞ്ഞു. “എങ്കിൽ നീ അച്ഛനോട് പോയി ചോദിക്ക്” എന്ന് അവൾ പറഞ്ഞതിന് പിന്നാലെ അവൻ ഗോവിന്ദിനോട് ആ ചോദ്യം വീണ്ടും ചോദിച്ചു. അതൊക്കെ അവൻ സയൻസിൽ പഠിക്കുമെന്നും അത് വരെ ക്ഷമിച്ചിരിക്കണെമെന്നും ഗോവിന്ദ് മറുപടി പറഞ്ഞപ്പോൾ, “അച്ഛാ, യു നോ ദാറ്റ് അയാം വീക്ക് ഇൻ സയൻസ്” എന്ന് നിഷ്കളങ്കമായി അവൻ മൊഴിഞ്ഞു. ഗോവിന്ദിന്റെ കയ്യിൽ നിന്ന് രണ്ട് വീക്ക് കിട്ടിയതല്ലാതെ മറ്റു പ്രയോജനമൊന്നും ആ മറുപടി കൊണ്ട് സേതുവിന് കിട്ടിയില്ല. അവൻ അതും വാങ്ങി കട്ടിലിൽ പോയി കിടന്ന് കരഞ്ഞു. അതിന്റെ വാശിയെന്നോണമാണ് അലക്സയോടുള്ള ഇപ്പോഴത്തെ ഈ ചോദ്യം.
ഗോവിന്ദ് ഇതൊക്കെ പ്രതീക്ഷിച്ചതായിരുന്നു. ചെറുപ്പത്തിൽ കളിപ്പാട്ടത്തിന്റെ മോട്ടോറിലൂടെ വൈദ്യുതി കടത്തി വിട്ട് വീടിന്റെ ഫ്യൂസ് അടിച്ച് കളഞ്ഞ അച്ഛന്റെ മകൻ ഇതെങ്കിലും ചെയ്യേണ്ടേ എന്ന ഭാവമായിരുന്നു ആ മുഖത്ത്. തിരുത്താൻ ഒന്നും നിന്നില്ലെങ്കിലും ഒരു വിപത്തിന്റെ കൂടെയാണ് കഴിയുന്നത് എന്ന് തോന്നിയതിനാൽ ഗോവിന്ദിലെ സോഫ്ട്‍വെയർ എഞ്ചിനീയർ ഉണർന്ന് അലക്‌സാ യന്ത്രത്തിന്റെ സുരക്ഷാ മുൻകരുതലുകൾ കുറച്ച് കൂട്ടി വച്ചു. എന്നിരുന്നാലും അലക്സയുമായുള്ള യുദ്ധം സേതു തുടർന്നു കൊണ്ടേയിരുന്നു. അതിനെ ഇട്ട് വട്ട് കളിപ്പിക്കുന്നത് അവനൊരു ഹരമായി മാറി. അച്ഛനും അമ്മയും അറിയുന്നതിന് മുന്നേ അവൻ അലക്സയുടെ പല ഉപയോഗങ്ങളും പഠിച്ചു. ആമസോൺ ഷോപ്പിങ്ങ് സൈറ്റിലെ കാർട്ടിൽ സാധനങ്ങൾ കണ്ട് തുടങ്ങിയപ്പോൾ ആണ് കാര്യങ്ങൾ കൈവിട്ട് പോയി തുടങ്ങിയെന്ന് ഗോവിന്ദിന് തോന്നിയത്. ബാങ്കിന്റെ കാർഡുകൾ ഒന്നും ഒരക്കൗണ്ടുമായും ബന്ധിപ്പിക്കുന്ന ശീലമില്ലാത്തതിനാൽ പൈസ ഒന്നും ചെലവായില്ല. ഒരു ഭയം ഗോവിന്ദിന്റെ മനസ്സിൽ രൂപം കൊണ്ടു. യന്ത്രങ്ങൾ മനുഷ്യനെ നിയന്ത്രിക്കുന്ന സയൻസ് ഫിക്ഷൻ കഥകൾ അയാളുടെ മനസ്സിലേക്ക് ഓടിയെത്തി. കണക്കിലെ കൂട്ടലുകളും കിഴിക്കലുകളും ഗുണനവും ഹരിക്കലുമൊക്കെ അലക്സ വഴി സേതുവിൻറെ ഗൃഹപാഠത്തിൽ കയറുന്നത് അയാൾ സ്വപ്നം കണ്ടു.
എന്നാൽ പിന്നീട് അലക്സയിലേക്ക് സേതുവിനേക്കാൾ കൂടുതൽ ആകർഷിക്കപ്പെട്ടത് ഉർസു ആയിരുന്നു. പാട്ടുകൾ വച്ച് ഭക്ഷണം കൊടുത്തത് മുതൽ അവൾ അതില്ലാതെ ഭക്ഷണം ഇറക്കില്ലെന്നായി. ഒരു ദിവസം പുറത്ത് പോയപ്പോൾ ഉർസുവിന് അവൾക്കേറ്റവും ഇഷ്ടപ്പെട്ട പഴം പുഴുങ്ങിയത് കൊടുക്കാൻ പോലും അവർ പാടുപെട്ടു. ഗോവിന്ദ് അലക്സയിലെ അതേ പാട്ട് തൻ്റെ ഫോണിൽ വച്ചും, തൻ്റെ കൈകാലുകൾ കൊണ്ട് കോപ്രായം കാണിച്ചും ഒരു വിധത്തിൽ ഉർസുവിനെ തീറ്റിച്ചു.
ഗോവിന്ദിനു ജോലിഭാരം കൂടി വരുന്ന ഒരു സമയം കൂടി ആയിരുന്നു അത്. അതിനാൽ തന്നെ അലക്സയുമായി രാധികയും സേതുവും ഉർസുവും നടത്തുന്ന സംവാദങ്ങൾ ഒന്നും അയാൾ ശ്രദ്ധിച്ചിരുന്നില്ല. ഇടയ്ക്കെപ്പോഴോ അലക്സ പറയുന്ന ഒരു കഥ കേട്ടാണ്, സേതു ഇപ്പോൾ പുസ്തകവായന കുറവാണെന്നും മിക്കതും ഓഡിയോ കഥകൾ ആയി അലക്സ വഴി കേൾക്കുകയാണെന്നും മനസ്സിലായത്.
ഒരു പുസ്തക പ്രാന്തനായിരുന്നു ഗോവിന്ദ്. ചെറുപ്പത്തിൽ അധികം വായിക്കാൻ സാധിക്കാത്തതിനാൽ, പുസ്തകം വാങ്ങാൻ പ്രാപ്തിയുള്ള കാലം തൊട്ട് അയാൾ പുസ്തകങ്ങൾ വാങ്ങിച്ചു കൂട്ടി. യാത്രകളിൽ അയാൾ തിരഞ്ഞതിലേറെയും പുസ്തകശാലകളായിരുന്നു. ഇറ്റാലിയൻ സാഹിത്യകാരനായ ഉമ്പർട്ടോ എക്കോയുടെ അഭിമുഖം വായിച്ച് അയാൾക്കുള്ളത് പോലുള്ള ഒരു ലൈബ്രറി കെട്ടിപ്പടുക്കാൻ സ്വപ്നം കണ്ട് നടന്നു. ഏലിയാസ് കനേറ്റിയുടെ “ഓട്ടോ ദാ ഫെ” യിലെ പ്രൊഫസർ കീനേ പോലെ പുസ്തകങ്ങളെ കെട്ടിപിടിച്ച് നടന്നു. പുസ്തകം എടുത്ത് കൊണ്ട് പോയ പലരും അത് തിരിച്ചു തരാത്തത് കൊണ്ട് ഇപ്പോൾ ആരെങ്കിലും പുസ്തകം വായിക്കാൻ ചോദിച്ചാൽ അയാൾ കൊടുക്കാറില്ല. എന്തെങ്കിലുമൊക്കെ പറഞ്ഞു ഒഴിവാക്കും. തിരിച്ചു കിട്ടാത്ത പുസ്തകത്തിന് വേണ്ടി കുടുംബ കലഹം വരെ നടന്നതിന് ശേഷമായിരുന്നു ഇത്. മലയാളികളുടെ സ്വന്തമായ മാർകേസിനെയും യോസയെയും വായിച്ചതിനു ശേഷം അയാൾ പുയിംഗിനേയും, ബാസ്തോസിനേയും തേടി നടന്നു. കാർപെന്റിയരുടെ “ഡി ലോസ്റ്റ് സ്റ്റെപ്സ്” എന്ന പുസ്തകത്തിനു വേണ്ടി രാജ്യമൊട്ടുക്കുമുള്ള പല പുസ്തകശാലകളുമായി ബന്ധപ്പെട്ടു. മാർകേസിനോടും എം ടി യോടുമുള്ള ആരാധന മൂത്ത് മക്കൾക്ക് സേതുവെന്നും ഉർസുലയെന്നും പേരിട്ടു. വായന കുറഞ്ഞ തന്റെ ബാല്യകാലം മക്കൾക്ക് ഉണ്ടാവരുതെന്ന് കരുതി, ജെറോനിമോ സ്റ്റിൽട്ടണും, ജൂലിയാ ഡൊണാൾഡ്‌സണും, അമർചിത്രകഥകളും നിറഞ്ഞ ഒരു ലോകം അവർക്ക് വേണ്ടി സൃഷ്ടിച്ചു. സേതു അതിലേക്ക് പിച്ച വച്ച് നടക്കുക തന്നെ ചെയ്തു. വീട്ടിൽ വായിച്ച് മതിമറഞ്ഞിരിക്കുന്ന അച്ഛനെയും മകനെയും കൊണ്ട് രാധിക പൊറുതിമുട്ടി. അങ്ങനെയുള്ള മകനാണിപ്പോൾ അലക്സയുടെ ഇന്ദ്രജാലത്തിൽ വീണ് പുസ്തകവായന നിർത്തിയിരിക്കുന്നത്.
എന്തിനും ഒരു മറുപടി സേതുവിന് ഉണ്ടാകുമെന്നത് കൊണ്ട് ഗോവിന്ദ് അപ്പോൾ ഒന്നും പറഞ്ഞില്ല. പക്ഷെ, അന്ന് രാത്രി ഉറങ്ങാൻ നേരത്ത് കഥ വായിച്ച് തരട്ടെയെന്ന് ഗോവിന്ദ് ചോദിച്ചപ്പോൾ, വേണ്ടച്ഛാ അലക്സയിൽ കേൾക്കാം എന്ന് സേതു പറഞ്ഞത് കേട്ട് അയാൾക്ക് ദേഷ്യം വന്നു. പുസ്തകങ്ങളും വായിക്കണം എന്ന് പറഞ്ഞു കൊണ്ട് അയാൾ കഥ വായിക്കാനിരുന്നു. വളരെ നാളുകൾക്ക് ശേഷമായിരുന്നു അയാൾ സേതുവിന് കഥ വായിച്ച് കൊടുക്കാൻ ഇരുന്നത്. അവനിഷ്ടപ്പെട്ട അറേബിയൻ നൈറ്റ്‌സിലെ ഒരു കഥ വായിച്ച് കൊണ്ടിരിക്കുമ്പോഴാണ് അവൻ ചോദിച്ചത് –
“അച്ഛാ, അച്ഛന് എന്തേലും പവേഴ്സ് ഉണ്ടോ ?”
“എന്ത് പവേഴ്സ് ?”
“നമ്മളെ ഫ്രോസനിലെ എൽസയെ പോലെ, സ്പൈഡർമാനെ പോലെ!”
“അതൊക്കെ ഒരു ഫാൻ്റസി അല്ലെ. സിനിമയിലെ ട്രിക്ക്. അനിമേഷൻ ഒക്കെ എങ്ങനെയാ ചെയ്യുന്നത് എന്ന ഞാൻ പറഞ്ഞ് തന്നിട്ടില്ലേ”
“പക്ഷെ അലക്‌സയ്ക്ക് പവേഴ്സ് ഉണ്ടല്ലോ. അത് ട്രിക്ക് ആണോ?”
“എന്ത് പവേഴ്സ് ആണ് അതിനുള്ളത്”
“അലക്സ പാട്ട് പാടും, ന്യൂസ് പറയും, മാത്‍സ് ചെയ്യും, ക്രിക്കറ്റ് സ്‌കോർ പറയും. അതൊക്കെ നമ്മൾ ചോദിക്കുമ്പോൾ പറയില്ലേ. അത് ശരിക്കും പവേഴ്സ് അല്ലെ?”
“എടാ ചെക്കാ! അതൊരു ഇലക്ട്രോണിക് ഡിവൈസ് അല്ലെ. അത് അങ്ങനെ ഒക്കെ പറയാൻ പ്രോഗ്രാം ചെയ്ത് വച്ചിരിക്കുവല്ലേ.”
സേതുവിനു അതൊന്നും ഇപ്പോൾ മനസിലാകില്ലെന്നും വളരുമ്പോൾ കംപ്യുട്ടറിനെ പറ്റി കൂടുതൽ പഠിക്കുമ്പോൾ അത് മനസിലാകുമെന്നും പറഞ്ഞു അയാൾ അവനെ സമാധാനിപ്പിച്ചു. അലക്സയുടെ അത്രയ്ക്കും പവേഴ്സ് ഇല്ലാത്ത ഒരച്ഛനാണ് താൻ എന്നാണോ സേതു ധരിച്ച് വച്ചിരിക്കുന്നത് എന്ന അയാൾ ആലോചിക്കാതിരുന്നില്ല.
അതിനു ശേഷം അധികം വൈകാതെ തന്നെ അലക്സ മെല്ലെ പണി മുടക്കി തുടങ്ങി. ആദ്യമാദ്യം പറയുന്നതൊന്നും അത് ശരിക്കും കേട്ടില്ല. രാധികയ്ക്കും സേതുവിനും ഉച്ചത്തിൽ പറയേണ്ടി വന്നു. പിന്നെ ഒരു നാൾ സേവ് ചെയ്തു വച്ച പാട്ടിന്റെ ലിസ്റ്റുകളൊന്നും പറയുമ്പോൾ പാടാതെ ആയി. താരാട്ട് പാട്ട് പാടാൻ പറഞ്ഞപ്പോൾ അവൾ റോക്ക് സംഗീതം മുഴക്കി. വാറന്റി കാലാവധി കഴിഞ്ഞതിനാൽ അത് നന്നാക്കാൻ സർവീസ് സെന്ററുകൾ അതിന്റെ വിലയേക്കാളുമേറെ പണം വേണമെന്ന് പറഞ്ഞു. അലക്സയെ ഇപ്പോൾ അങ്ങനെ വിശ്വസിക്കാനാകാത്തത് കൊണ്ട് രാധിക ഉർസുവിനെ ഭക്ഷണം കഴിപ്പിക്കുമ്പോൾ ഗോവിന്ദിനെയും സേതുവിനെയും കൊണ്ട് പാട്ട് പഠിക്കുകയും പലതരം കോപ്രായങ്ങൾ കളിപ്പിക്കുകയും ചെയ്തു. ഗോവിന്ദ് വീട്ടിൽ നിന്നും ജോലി ചെയുന്നത് കൊണ്ട് രാധിക വിളിച്ചാലുടൻ “ബംബം ബോലേ” വന്ന് പാടിയാടാൻ തുടങ്ങി. ആമിർ ഖാൻ ചെയ്തത് പോലെ ഇടയ്ക്ക് വേഷവും അയാൾ കെട്ടി. രാത്രികളിൽ അയാൾ സേതുവിന് വാതോരാതെ കഥകൾ പറഞ്ഞു കൊണ്ടിരുന്നു. പലപ്പോഴും, രാധിക വന്നു വിളിക്കുന്നത് വരെ, സേതു ഉറങ്ങിപ്പോയത് അയാൾ അറിഞ്ഞതേയില്ല.
ഗോവിന്ദിന് അലക്സയെ ഒന്ന് അഴിച്ച് നോക്കണെമെന്ന് തോന്നി. യന്ത്രങ്ങൾ അഴിച്ച് നോക്കാൻ കൊതിയുള്ള പഴയ ആ സ്‌കൂൾകുട്ടി ഇപ്പോഴും അവനിൽ ഉറങ്ങി കിടന്നിരുന്നു. അങ്ങനെയാണ് ഒരു വെള്ളിയാഴ്ച രാത്രി അത്താഴത്തിന് ശേഷം അയാൾ അത് അഴിക്കാനിരുന്നത്. കുറച്ച് നേരം കൂടെ ഇരുന്നതിന് ശേഷം സേതുവും രാധികയും പോയി കിടന്നുറങ്ങി. അയാൾ അതിന്റെ പല ഭാഗങ്ങളും അഴിച്ചിട്ടു വിശദമായി പരിശോധിക്കാൻ തുടങ്ങി. രാത്രിയേറെ ആയപ്പോൾ അരികിൽ ഒരു പെൺകുട്ടി ഇരിക്കുന്നതായി അയാൾക്ക് തോന്നി. അവളെ കണ്ടപ്പോൾ മാർകേസിന്റെ ഏകാന്തതയുടെ നൂറ് വർഷങ്ങളിലെ സുന്ദരിയായ റെമീഡിയോസ് ആണോ എന്നയാൾ സംശയത്തോടെ ചോദിച്ചു. അതെ എന്നവൾ പറഞ്ഞു. ഗോവിന്ദ് തന്റെ കൈയിലിരിക്കുന്ന യന്ത്രത്തിന്റെ ഒരു ഭാഗം എടുത്ത് തിരികെ വച്ചപ്പോൾ റെമീഡിയോസ് പാടിത്തുടങ്ങി. അത് വരെ കേട്ടിട്ടില്ലാത്ത ഒരു പാട്ട്. അത് തനിക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു ഊർജ്ജം തരുന്നതായി അയാൾക്ക് തോന്നി. അതിന്റെ ലഹരിയിൽ അവൾക്കൊപ്പം അയാളും പാടിത്തുടങ്ങി. പക്ഷെ അത് ഉർസുലയ്ക്ക് ഏറ്റവുമിഷ്ടപ്പെട്ട ബംബം ബോലേ ആയിരുന്നു. അത് കഴിഞ്ഞ് റെമീഡിയോസ് പാടിയ ഓരോ പാട്ടിനും ഗോവിന്ദ് ഉർസുലയ്ക്കിഷ്ടമുള്ള മറ്റു പാട്ടുകൾ പാടിക്കൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ റെമീഡിയോസിനു പകരം ഷെഹറസാദ വന്ന കഥ പറഞ്ഞ് കൊണ്ടിരുന്നു. ഗോവിന്ദ് അത് പേർഷ്യനിൽ നിന്നും ഇംഗ്ലീഷിലേക്ക് മൊഴി മാറ്റി കൊണ്ടിരുന്നു.
പിറ്റേന്ന് കാലത്ത് ഉർസുല കുറുക്കു കഴിക്കുമ്പോൾ നിന്ന് ചിണുങ്ങി. സൂക്കേട് മനസിലാക്കിയ രാധിക ഉച്ചത്തിൽ വിളിച്ചു – “Alexa , play Bum Bum Bole”. അധികം പ്രശ്നമൊന്നും ഉണ്ടാക്കാതെ പെട്ടെന്ന് തന്നെ അലക്സ പാടിത്തുടങ്ങി. അതും കേട്ട് ഉർസു അമ്മ നീട്ടിയ കുറുക്ക് വലിയ സന്തോഷത്തോടെ വായിൽ വച്ച് നുണഞ്ഞു കൊണ്ടിരുന്നു. അലക്സക്കപ്പോൾ ഗോവിന്ദിന്റെ ശബ്ദത്തിനോട് സാമ്യമുള്ള ഒരു പുരുഷ ശബ്ദമാണുണ്ടായിരുന്നത്.
…
ധനുഷ് ഗോപിനാഥ്
കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി. 1980 ൽ ജനനം. വടകരയിലെ സ്‌കൂൾ കോളേജ് വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് ബിരുദം. മുംബൈ, പൂന, ബാംഗ്ലൂർ എന്നിവിടങ്ങളിൽ കംപ്യുട്ടർ എഞ്ചിനീയർ ആയി ഉദ്യോഗം അനുഷ്ഠിച്ചു. ഇപ്പോൾ ബാംഗ്ലൂരിൽ Geektrust (https://www.geektrust.in/) എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും സി.ടി.ഓ യും ആണ്. 2003 മുതൽ പേഴ്സണൽ ബ്ലോഗ് എഴുതി വരുന്നു (http://kiniyum-eeran-thushaaram.blogspot.com/ http://chall-dhanno.blogspot.com/ ). ബാംഗ്ലൂരിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസം.
…
SUPPORT US
ദി ആർട്ടേരിയയുടെ സുതാര്യമായ പ്രവർത്തനത്തിനും സുഗമമായ നടത്തിപ്പിനും പ്രിയപ്പെട്ട വായനക്കാരിൽ നിന്ന് സാമ്പത്തിക പിന്തുണ പ്രതീക്ഷിക്കുന്നു.
Google Pay : 8078816827
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.