പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ഡോ. മാളവിക ബിന്നി
നിർഗുണ ഭക്തിയുടെ ബിംബങ്ങളെ കടമെടുത്ത് മുൻപോട്ടു വച്ച ദളിത് പ്രത്യയശാസ്ത്രം ദളിത് സമൂഹങ്ങൾക്കിടയിൽ ആഴത്തിലും വേഗത്തിലും നീരോട്ടം എടുത്തു. 1922 ലെ ഒരു ബ്രിട്ടീഷ് ക്രൈം റിപ്പോർട്ടിൽ ദളിത് സമൂഹങ്ങളിൽ ആദി ഹിന്ദുക്കൾ ഒരു ആത്മീയ പ്രക്ഷോഭം നടത്തുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചമാ൪, ഭംഗി മഹ൪ എന്ന ദളിത് സമൂഹങ്ങൾ ആദി ഹിന്ദു പ്രസ്ഥാനത്തോട് ചേർന്നു നിന്നു. ഒരു കയ്യിൽ നിർഗുണ ഭക്തിയും മറുകയ്യിൽ വിദ്യാഭ്യാസവും പേറിയാണ് ആദി ഹിന്ദു നേതാക്കൾ പ്രസ്ഥാനത്തെ നയിച്ചത്.
ചരിത്രപരമായി നിലനിൽക്കുന്നത് അല്ലെങ്കിലും ആര്യൻ, ആര്യന്മാരുടെ മുൻപുള്ള തദ്ദേശീയ ജനത എന്നുള്ള രണ്ട് വിഭാഗങ്ങളും ആര്യൻ ദാസ൪ യുദ്ധവും, ദാസ൪മാരുടെ കീഴ്പ്പെടുത്തലും ആയ കോസി ചരിത്രം താഴെ തട്ടു സമൂഹങ്ങൾക്ക് ഏറെ സ്വീകാര്യമായി. ദളിത് ഐക്യം കെട്ടിപ്പടുക്കുന്നതിനും തങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ പിന്നോക്കാവസ്ഥയുടെയും വിശദീകരണമായി ആര്യൻ ആക്രമത്തെ ആ ദളിത് സമൂഹങ്ങൾ കണ്ടു.
സവർണ്ണ ആധിപത്യത്തിന്റെ ഉത്ഭവം വേദങ്ങളിൽ നിന്നാണെന്നും ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യൽ വേദങ്ങൾ ഉൾപ്പെടെയുള്ള ബ്രാഹ്മണിക ഗ്രന്ഥങ്ങളെ തള്ളിപ്പറയൽ ആണെന്നും ആദി ഹിന്ദു നേതാക്കൾ വാദിച്ചു. ആത്മ വാദത്തിൽ നിന്നും ആത്മ അനുഭവത്തിലേക്ക് മാറേണ്ടതുണ്ടെന്ന് സ്വാമി അച്യുത് ആനന്ദൻ പ്രഖ്യാപിച്ചു. ഭക്തി പാരമ്പര്യത്തെ പിൻതുടർന്നുള്ള സ്വാമി അച്യുത് ആനന്ദിന്റെ പ്രസംഗങ്ങൾ ഏറെ ജനസമൂഹങ്ങളെ ആദി ഹിന്ദു പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു.
ഗ്രന്ഥങ്ങളുടെ പിൻബലമില്ലാതെ തന്നെ താൻ തനിക്കായി ചിന്തിക്കാൻ പറ്റുന്നതാണ് ആത്മജ്ഞാനം എന്ന് ഉള്ള പ്രഖ്യാപനവും സ്വാമി അച്യുതാനന്ദൻ നടത്തി. ഭക്തി പാരമ്പര്യം വേദങ്ങൾക്കു മുൻപേ തന്നെ നിലനിന്നിരുന്നു എന്നും ആദി ഹിന്ദുക്കൾ ആയിരുന്നു ഭക്തി മാർഗത്തിന്റെ പിൻഗാമികൾ എന്നും ആദി ഹിന്ദു പ്രസ്ഥാനം മുന്നോട്ടു വെച്ചു.
രാംചരൺ 1927 ൽ ഒരു ആദി ഹിന്ദു സമ്മേളനത്തിൽ ശൂദ്രൻ ശൂദ്രനാക്കപ്പെട്ടത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്നും അതിൽ മതത്തിന് വളരെ ചെറിയ പങ്കെ ഉള്ളൂ എന്നും വ്യക്തമായി തന്നെ പ്രതിപാദിച്ചു. വിദ്യാഭ്യാസവും സമ്പത്തും രാഷ്ട്രീയാധികാരവും ശൂദ്രനിൽ നിന്നും അതി ശൂദ്രനിൽ നിന്നും അകറ്റി നിർത്തേണ്ടതിന് ആര്യർ ചമച്ച കഥകളാണ് പിന്നീട് ജാതിവ്യവസ്ഥയായി തീർന്നതെന്നും രാംചരൻ കൂട്ടിച്ചേർത്തു.
സവർണ്ണ ആര്യൻ ഹിന്ദുക്കളിൽ നിന്നും വേറിട്ടൊരു സത്വം ഹിന്ദുക്കൾക്ക് ഉണ്ടെന്ന് ആദി ഹിന്ദു പ്രസ്ഥാനത്തിലെ നിരവധി രചനകൾ പറയുന്നു. ബ്രാഹ്മണ്യ ആചാരങ്ങളെ തള്ളിപ്പറഞ്ഞും ബ്രാഹ്മണ പൂജാരികളെ ആവശ്യമുള്ള ചടങ്ങുകൾ ബഹിഷ്കരിച്ചും ആദി ഹിന്ദുക്കൾ യുണൈറ്റഡ് പ്രൊവിൻസിൽ ഷോക്ക് വേവുകൾ തന്നെ സൃഷ്ടിച്ചു. മേൽ ജാതികളെ അനുകരിക്കുന്ന ദളിത് ബഹുജൻ സമൂഹങ്ങളിലെ പ്രവണതയും അവർ തള്ളിപ്പറഞ്ഞു. ചട്ടായി, ബരാഹി പോലെയുള്ള മരണാനന്തര ക്രിയകളെയും അവയ്ക്കു വേണ്ടിയുള്ള വലിയ ചിലവിനെയും ഒഴിവാക്കണമെന്നും ദളിത് കളോട് അവർ ഉദ്ഘോഷിച്ചു.
മേൽ ജാതിക്കാ൪ കഴിക്കുന്ന ഭക്ഷണത്തിന്റെ ബാക്കി പൊതുചടങ്ങുകളിൽ ദളിതർ കഴിക്കുന്ന ചട്ടങ്ങ് അതായത് ജൂഠൻ എന്ന ആചാരത്തെ അവർ നിഷിദ്ധമായി തന്നെ തള്ളി പറഞ്ഞു. ഉദാരൻ മേൽജാതിക്കാരുടെ പഴയ വസ്ത്രം ധരിക്കുന്നത്. ഫട്കാൻ ധാന്യങ്ങളുടെ മിച്ചം വരുന്നത് അതായത് ഉമി ശേഖരിക്കുന്നതും പോലെയുള്ള ദളിതുകൾ ജാതിപരമായ ചെയ്യാൻ നിർബന്ധിക്കപ്പെട്ട ജോലികൾ അവർ ഇനിമേൽ ചെയ്യേണ്ടതില്ലെന്നും ആദി ഹിന്ദു മഹാസമ്മേളനങ്ങൾ വിളംബരം ചെയ്തു.
കേരള ചരിത്രത്തിൽ സഹോദരൻ അയ്യപ്പൻ സംഘടിപ്പിച്ച മിശ്രഭോജനത്തിന് സാമ്യമായ കച്ഛാ ഭോജൻ എന്നുള്ള സമൂഹസദ്യകളും ആദി ഹിന്ദുക്കൾ നടത്തി. പല ജാതിയിൽ പെട്ട ശൂദ്ര അതിശൂദ്ര ജാതികളിൽ നിന്നുള്ളവർ ഒരുമിച്ച് വന്നു പച്ചക്കറികളും മറ്റും അവരുടെ ഗ്രാമങ്ങളിൽ നിന്ന് കൊണ്ടുവന്ന ഒരുമിച്ച് പാകം ചെയ്ത ഒരുമിച്ച് കഴിക്കുന്ന ഒരു നൂതന സമ്പ്രദായമായിരുന്നു ഇത്. 1920 – 1930 കാലഘട്ടങ്ങളിൽ സെപ്പറേറ്റ് ഇലക്ട്രേറ്റ്സിനു വേണ്ടിയുള്ള പ്രക്ഷോഭത്തിലും ആദി ഹിന്ദുക്കൾ ഇടപെട്ടു.
കോൺഗ്രസിന്റെ പല നിലപാടുകളും ആദി ഹിന്ദുക്കൾ നിശിതമായി എതിർത്തു ഒറ്റ ഇന്ത്യ ഒറ്റ ചരിത്രമെന്ന കോൺഗ്രസിന്റെ വാദത്തിനോട് ആദി ഹിന്ദു പ്രത്യയശാസ്ത്രം അതായത് ആര്യ ദാസന്മാർ തമ്മിലുള്ള വൈരുദ്ധ്യം യോജിക്കുന്നത് ആയിരുന്നില്ല. കോൺഗ്രസിന്റെ ഹരിജൻ ഉദ്ധാരണ പദ്ധതികളെ ആദി ഹിന്ദുക്കൾ ഏറെ സംശയത്തോടെയാണ് നോക്കിക്കണ്ടത്. ചാതുർ വർണ്യത്തിൽ അടിസ്ഥാനമായ ഗാന്ധിയൻ ചിന്താപദ്ധതി ആദി ഹിന്ദുക്കൾക്ക് ഒട്ടും സ്വീകാര്യമല്ലായിരുന്നു. ദളിത് ആദി ഹിന്ദുസത്വം ആര്യൻ വേദിക് ആശയങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നതാണെന്ന് അവർ വാദിച്ചു.
ജാതി ഹിന്ദുക്കളും അവർ അപ്സ്പർശ്യരായി കാണുന്ന ദളിത് സമൂഹങ്ങളും ഒറ്റ സമൂഹത്തിൻറെ പല വിഭാഗങ്ങൾ ആണെന്നുള്ള കോൺഗ്രസ് വാദത്തെ അവർ അവരുടെ രചനകളിലൂടെ നഖശിഖാന്തം എതിർത്തു. വിദ്യാഭ്യാസത്തിനും ജോലി അവസരങ്ങളുടെ തുല്യതയ്ക്കും വേണ്ടി ആദി ഹിന്ദു നേതാക്കൾ 1930 – 1940 ദശകങ്ങളിൽ പോരാടി കൊണ്ടേയിരുന്നു. കോൺഗ്രസ്സിലെ ഡി പ്രസ്സ് കാസ്റ്റ് ലീഗിൻറെ രൂപീകരണത്തോടെയാണ് ആദി ഹിന്ദു പ്രസ്ഥാനത്തിന് ഒരു പിളർപ്പ് വരുന്നത്. പിന്നീട് ആദി ഹിന്ദു പ്രസ്ഥാനങ്ങൾ ക്ഷയിച്ചു പോകുന്നതും.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.