പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ഡോ. മാളവിക ബിന്നി
ഇന്ത്യൻ ചരിത്രരചനയിൽ അധികം പരാമർശിക്കപ്പെടാത്തതും അധികം ഗവേഷണ വിധേയം ആകാത്തതും ആയ ഒരു അധ്യായമാണ് ബ്രിട്ടീഷ് ഇന്ത്യയിലെ യുണൈറ്റഡ് പ്രോവിൻസിലെ, അതായത് ഇന്നത്തെ ഉത്തർപ്രദേശിൽ 1900 ന്റെ തുടക്കത്തിൽ നടന്ന ആദി ഹിന്ദു മൂവ്മെന്റ്. ഇന്ത്യൻ സാമൂഹിക ചരിത്രത്തിലെ ആന്റി കാസ്റ്റ് പോരാട്ടങ്ങളുടെ ആദ്യ ഘട്ടത്തിലെ ഏറ്റവും കരുത്തേറിയതും ഒരു ദളിത് പ്രത്യയ ശാസ്ത്രത്തിന് അടിത്തറ പാകിയതും പിന്നീട് അംബേദ്കറേറ്റ് മുന്നേറ്റങ്ങൾക്കായി ദളിത് സമൂഹങ്ങളെ സജ്ജരാക്കിയതുമായ ഒരു ഒരു ദളിത് ചെറുത്തുനിൽപ്പിന്റെ ചരിത്രവും കൂടിയാണ് ആദി ഹിന്ദു പ്രസ്ഥാനം. കൊളോണിയൽ മോഡേണിറ്റിയുമായി അടിസ്ഥാന ജനവിഭാഗങ്ങൾ എങ്ങനെ പ്രതികരിച്ചെന്നും, ആ പ്രതികരണങ്ങൾ പാരമ്പര്യം ബ്രാഹ്മണ്യ സവർണ്ണ സമൂഹത്തെ എങ്ങനെ ബാധിച്ചുവെന്നും വായിച്ചെടുക്കാൻ നമ്മളെ സഹായിക്കുന്ന ഒരു ഏടു കൂടിയാണ് ആദി ഹിന്ദു പ്രസ്ഥാനത്തിന്റെ ചരിത്രം.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ ബ്രിട്ടീഷ് സെറ്റിൽമെന്റ്സും ബ്രിട്ടീഷ് കോട്ടകളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പല ഭാഗങ്ങളിലായി ഉയർന്നുവന്നു. ഇവിടങ്ങളിൽ കായികാധ്വാനം ആവശ്യമായ ജോലികളിൽ അടിത്തട്ട് ജാതികളിലെ ജനങ്ങളെ ബ്രിട്ടീഷുകാർ അധികമായി നിയമിച്ചു. ശ്രേണി ബന്ധമായ ജാതി സമൂഹത്തിലെ ശുദ്ധി അശുദ്ധി സങ്കല്പങ്ങളുടെ നിലനിൽപ്പ് വരേണ്യ വിഭാഗങ്ങളെ ഈ ജോലികളിൽ നിന്നും മാറ്റി നിർത്തി. സംവത്സരങ്ങളായി നഗര കേന്ദ്രങ്ങളിൽ നിന്നും അകറ്റിനിർത്തപ്പെട്ട
ഒരു ജനസമൂഹം താരതമ്യേന സ്വാതന്ത്ര്യം അനുഭവിച്ചത് ഈ ബ്രിട്ടീഷ് കെന്റോൻമെന്റ്സിലും ബ്രിട്ടീഷ് സെറ്റിൽമെന്റ്സിലും ആയിരുന്നു. ജാതി വ്യവഹാരത്തെ കൊളോണിയൽ വ്യവഹാരം അതായത് കൊളോണിയൽ ആധിപത്യ വ്യവഹാരം മറിച്ചുകടക്കുന്ന ഒരു നേർചിത്രം ദളിതർ ഇവിടങ്ങളിൽ രുചിച്ചറിഞ്ഞു.
ഏറ്റവും താഴേക്കിടയിലുള്ള ജോലികളിൽ ആണെങ്കിൽ പോലും നേരത്തേയുള്ള ബോൻഡഡ് ലേബറിൽ നിന്നുള്ള മോചനവും സാമ്പത്തികമായ ഉയർച്ചയും ഈ ജോലികൾ അവർക്ക് നൽകി. ഒരു തലമുറ പിന്നിട്ടപ്പോൾ ദളിത് സമൂഹത്തിന്റെ പിൻമുറക്കാർ വിദ്യാഭ്യാസം തേടി. ദളിതർക്ക് വിദ്യാഭ്യാസത്തിന്റെ രണ്ട് അവസരങ്ങൾ മാത്രമേ അന്നു ഉണ്ടായിരുന്നുള്ളൂ. ജാതി ഹിന്ദുക്കൾ ദളിതരെ വിദ്യാഭ്യാസത്തിൽ നിന്ന് ഏറ്റവും അകറ്റി നിർത്തുക മാത്രമല്ല, വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് പല മാർഗ്ഗങ്ങളിലൂടെ എതിർത്തു. മിഷിനറി പ്രവർത്തനങ്ങളിലൂടെയും ആര്യ സമാജ പ്രവർത്തനങ്ങളിലൂടെയും ആണ് ദളിതർക്ക് വിദ്യാഭ്യാസം ലഭിച്ചത്. പക്ഷേ ഈ രണ്ടു സമൂഹങ്ങളും ദളിതരെ തുല്യരായി പരിഗണിച്ചിരുന്നില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തിൽ കൊളോണിയലിസത്തിന്റെ കുതിപ്പിൽ ഉത്ഭവിച്ച പുതിയ നഗരങ്ങളും അവ തുറന്നുവച്ച സാമ്പത്തിക സാമൂഹിക സാധ്യതകളും ഇന്ത്യക്കാർക്ക് തുറന്നു വന്നു. മാറിയ സാമൂഹ്യ സാഹചര്യത്തിൽ സാമ്പത്തികവും സാമൂഹ്യവുമായ മൂലധനം കൈവശമുള്ള വിഭാഗങ്ങൾ നഗരങ്ങളിലേക്ക് കുടിയേറി പാർക്കുകയും ജാതിവ്യവസ്ഥയെ പുനസ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു. വിദ്യാഭ്യാസം നേടിയ ദളിത് സമൂഹങ്ങൾ പല മാർഗ്ഗങ്ങളിലൂടെ ഈ ജാതി പുനസ്ഥാപനത്തിനെ എതിർക്കാൻ ശ്രമിച്ചു. ആര്യസമാജത്തിനുള്ളിലെ ജാതി കോയ്മയെ തന്നെയാണ് അവർ ആദ്യം ചോദ്യം ചെയ്തത്. ആര്യസമാജിന്റെ വേദങ്ങളിലേക്ക് മടങ്ങുക പോലെയുള്ള ആശയങ്ങളെ ദളിത് നേതാക്കളായ സ്വാമി അച്യൂത് ആനന്ദ, രാംചരൺ എന്നിവരെപ്പോലെ ഉള്ള നേതാക്കൾ ശക്തമായിത്തന്നെ എതിർത്തു.
ആര്യ സമാജിന്റെ ആചാര അനുഷ്ഠാനങ്ങൾ മിക്കതും ശുദ്ധീകരണം എന്ന ആശയത്തെ ചുറ്റിപ്പറ്റി ആയിരുന്നു. കർമ്മ സിദ്ധാന്തത്തെ പിൻതുടർന്ന് കഴിഞ്ഞ ജന്മത്തിലെ പാപങ്ങൾ കാരണം ഈ ജന്മത്തിൽ അധമരാക്കപെട്ട് ജനിക്കുന്നവരാണ് ദളിത് സമൂഹങ്ങൾ എന്ന ആര്യസമാജസ്റ്റ് വാദത്തിനെ അവർ കൃത്യമായി തന്നെ പൊളിച്ചുകളഞ്ഞു. ഘർവാപ്പസി അതായത് ഇന്നത്തെ റീസെന്റ് ആയി നടന്നിട്ടുള്ള ഘ൪വാപ്പസി പോലുള്ള ആഭാസകരമായ ശുദ്ധീ ആചാരങ്ങളോടെയാണ് ദളിതരെ ആര്യസമാജത്തിലേക്ക് അന്ന് ചേർത്തിരുന്നത്. ആയിരത്തി തൊള്ളായിരത്തിലെ മൊഡേഗൊ ചെംസ് ഫോഡ് റിഫോംസിന്റെ പശ്ചാത്തലത്തിൽ ഗവർണർ കൗൺസിലുകളിലേക്ക് ഇന്ത്യക്കാരുടെ പ്രാധിനിധ്യം കൂട്ടുകയും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ഉണ്ടാകുകയും ചെയ്തു. ആര്യ സമാജ ത്തിന്റെ ഹിന്ദു വൽകരണ പ്രക്രിയ 1919 റിഫോംസോടെ വളരെ തീവ്രമായി മാറി.
ഈ കാലഘട്ടത്തിൽ തന്നെയാണ് ദളിത് നേതാക്കൾ അതായത് ആദിഹിന്ദു പ്രസ്ഥാനത്തിൻറെ നേതാക്കൾ ആര്യസമാജം ആയി നേ൪ക്കുനേ൪ തന്നെ സംവാദങ്ങളിൽ ഏർപ്പെട്ടുതുടങ്ങിയത്. ആര്യസമാജത്തിന്റെ വേദങ്ങളിലേക്ക് മടങ്ങുക എന്നുള്ള മോട്ടോ അല്ലെങ്കിൽ ആപ്തവാക്യത്തെ സ്വാമി അച്യൂത് ആനന്ദപോലുള്ള നേതാക്കൾ വേദങ്ങൾക്കു മുമ്പുള്ള ചരിത്രത്തിലേക്ക് മടങ്ങു എന്നു തിരുത്തി എഴുതി. ആര്യൻമാരുടെ വരവിന് മുൻപെ തദ്ദേശീയരായിരുന്ന ജനതയാണ് പിന്നീട് താഴ്ന്ന ജാതികളായി മാറ്റപ്പെട്ടത് എന്നും, അവരാണ് ഭൂമിയുടെ യഥാർത്ഥ അവകാശികൾ എന്നും അച്യുത് ആനന്ദ വാദിച്ചു. ഈ തദ്ദേശീയ ജനതയെ അവർ ആദി ഹിന്ദുക്കൾ എന്നു വിളിച്ചു.
ദളിത് ജനതയുടെ ആത്മാഭിമാനത്തെ വീണ്ടെടുക്കാൻ ഈ വാദം വളരെ ഉപയോഗപ്രദം ആയിരുന്നു. ഇതിനോട് ചേർത്തു പറയേണ്ട ഒരു കാര്യം ദക്ഷിണേന്ത്യയിലെ ആദി ദ്രാവിഡ മൂവ്മെന്റുമായി ആദി ഹിന്ദു മൂവ്മെന്റിന് വലിയ ബന്ധങ്ങൾ ഉള്ളതായി ചരിത്ര രേഖകളില്ല. ആദി ഹിന്ദു പ്രസ്ഥാനത്തിലെ സ്വാമി ബോധാനന്ദ “മൂൽ ഭാരത് വാസിയോം ഓ൪ ആര്യ” ഇന്ത്യയിലെ തദ്ദേശീയ വാസികളും ആര്യൻമാരും എന്ന രചനയിൽ ആര്യൻ പ്രീ ആര്യൻ എന്നുള്ള വിഭാഗങ്ങളെ കേന്ദ്രീകരിച്ച് ഒരു ദളിത് പ്രത്യയശാസ്ത്രം മുന്നോട്ടു വച്ചു. സെകുല൪മോഡേനിറ്റിയെ പിൻപറ്റാതെ നിർഗുണ ഭക്തിയുടെ മാർഗ്ഗത്തെയാണ് ആദിഹിന്ദുക്കൾ പിന്തുടരുന്നത്. കബീർ രവിദാസ് പോലെയുള്ള നിർഗുണ സന്ധുക്കളുടെ സാന്നിധ്യം ഉത്തരേന്ത്യൻ സമൂഹത്തിൽ ഭക്തി പാരമ്പര്യത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. ആദിഹിന്ദുക്കൾ ഈ പാരമ്പര്യത്തെ പിന്തുടർന്ന് നിർഗുണ ഭക്തിയുടെ ബിംബങ്ങളെ കടമെടുത്ത് മുൻപോട്ട് വെച്ചത് പ്രത്യശാസ്ത്രം താഴെ തട്ടു സമൂഹങ്ങൾക്കിടയിൽ ആഴത്തിലും വേഗത്തിലും നീരോട്ടം ഉണ്ടാക്കി.
തുടരും…
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.