കോവിഡ്കാല ഓർമ്മകൾ – നാല്
അജുഷ പി വി
എത്രമാത്രം അസ്ഥിരമാണെന്ന് തോന്നുന്ന ചില കാത്തിരിപ്പുകളുണ്ട്. അതുവരെ അനുഭവിച്ച വിഷമതകളെല്ലാം ആഹ്ലാദത്തിൽ അവസാനിക്കുന്ന ധന്യത. അത്തരം നിമിഷങ്ങൾ ജീവിതത്തിലെ രണ്ട് ഘട്ടങ്ങൾക്കിടയിലെ നേർരേഖപോലെയാണ്.
മഴക്കാലത്തെ ബുദ്ധിമുട്ടുകൾക്ക് മറ്റുകാലത്തേക്കാൾ ഉഗ്രതയാണ്. കോരിച്ചൊരിയുന്ന മഴയായിരുന്നു അന്ന്. വാട്ടർ ബ്രേക്കായി കാറിന്റെ പിൻസീറ്റിൽ വിരിച്ച ബെഡ്ഷീറ്റിൽ ഇരിക്കുമ്പോൾ വല്ലാത്ത മൂകതയാണ് തോന്നിയത്. ഒൻപത് മാസത്തോളമായി കൊണ്ടു നടന്ന എല്ലാ അമ്പരപ്പുകളും പ്രത്യാശകളും വിഹ്വലതകളും അവസാനിക്കാൻ പോകുന്നതിന്റെ നിർവികാരത. വേദന വരാൻ തുടങ്ങിയപ്പോൾ ഓ ഇതിത്രയേ ഉള്ളൂ എന്നാദ്യം തോന്നിയത് കുറച്ചു കഴിഞ്ഞപ്പോൾ മാറികിട്ടി. സമയം രാത്രി പത്തേമുപ്പത്. ആശുപത്രിയിലേക്ക് ഒന്നര മണിക്കൂറോളം യാത്രയുണ്ട്. ഒരാഴ്ചയ്ക്ക് ശേഷമെന്ന് ഡോക്ടർ പറഞ്ഞിരുന്നതാണ്. ഉള്ളിലുള്ള കുഞ്ഞു ജീവന്റെ ഉത്തരവാദിത്തം എന്റെതുമാത്രമാണെന്ന തോന്നലിൽ പ്രിയപ്പെട്ടവർക്കിടയിലും ഒറ്റയാളായപോലെ. മഴ കാരണം റോഡ് കൃത്യമായി കാണുന്നില്ല. ഇടയ്ക്കിടെ വന്നു പോകുന്ന വേദനയിലും റോഡിലേക്കായിരുന്നു ശ്രദ്ധ. കണ്ട സ്ഥലം തന്നെയാണോ വീണ്ടും വീണ്ടും കാണുന്നതെന്നായി പിന്നെ ചിന്ത. അങ്ങനെയാണ് ചില നേരങ്ങൾ ആകുലതകളുടെ ആധിക്യത്തിൽ സ്വപ്നമാണോ യഥാർത്ഥ്യമാണോ എന്ന വിഭ്രമത്തിലായിപ്പോവും നമ്മൾ.
ആശുപത്രിയിലെത്തിയപ്പോൾ വയറിൽ തൊട്ട് ഞാൻ പറഞ്ഞു. നമ്മൾ ഇനി ഓകെ ആവും. മറുപടി കിട്ടി. കുറേ മാസങ്ങളായി കിന്നരിക്കുന്നതാണ്. അമ്മേടെ കുരുത്തക്കേടുകളും കുരുത്തമില്ലായ്മകളും എല്ലാം പറഞ്ഞതാണ്. പാട്ടുകേൾക്കുന്നതിനേക്കാൾ പാടിക്കൊടുക്കുന്നതാണിഷ്ടമെന്ന് ആൾക്കറിയാവുന്ന എല്ലാ രീതിയിലും അറിയിച്ച് സന്ധിയിലെത്തിയിരുന്നു. ഷെർലക്ക് ഹോംസിന്റെ സമ്പൂർണ്ണ കൃതികൾ അനങ്ങാതെ കേട്ടിരുന്ന എന്റെ കുതുകി. ഉള്ളിലുണ്ടെന്നറിഞ്ഞ നാൾ തൊട്ട് എന്നെ രൂപാന്തരപ്പെടുത്തിയ ആൾ. ഉണർവിലും ഉറക്കത്തിലും അത്രമേൽ ആനന്ദിപ്പിച്ച ശ്രദ്ധാലുവാക്കിയ കൺമണി. ലേബർ വാഡിലേക്ക് വീൽ ചെയറിൽ കൊണ്ടു പോവുമ്പോൾ ബിപീപീയെ ( പാർട്ണർ ഇൻ ക്രൈം, ബിനീഷ് പി പി) ഒന്നൂടെ നോക്കി. ആദ്യം കേട്ടത് സമാനാവസ്ഥയിലുള്ള ഒരാളുടെ ആർത്തുവിളിയാണ്. അകമ്പടിയായി കുറേ ഞരക്കങ്ങളും. പ്രസവാവസ്ഥയുടെ വിവിധ ഘട്ടങ്ങളിലെത്തിയ വേദനിച്ചുകൊണ്ട് സന്തോഷിക്കുന്നവർ.
മെഡിക്കൽ കോളേജിൽ പ്രസവിക്കുകയെന്നാൽ നമ്മൾ ഒരു പൊതു ഇടത്തിൽ പ്രസവിക്കുന്നത് പോലെയാണ്. നഴ്സ്മാരും നഴ്സിംഗ് സ്റ്റുഡൻസും മറ്റു മെഡിക്കൽ സ്റ്റുഡൻസും എല്ലാം ചേർന്ന കൂട്ടത്തിന്റെ മധ്യത്തിൽ. ഒരു സ്ത്രീ അത്രയധികം സ്വകാര്യതയാഗ്രഹിക്കുന്ന നിർണ്ണായകമായ നിമിഷത്തിലെ ശോചനീയാവസ്ഥയാണത്.
വേദന വല്ലാതെ വന്ന് തുടങ്ങിയപ്പോഴാണ് എത്രമാത്രം നിസ്സഹായയാണ് ഞാനെന്ന് തോന്നി തുടങ്ങിയത്. കൂടെ ആരെങ്കിലും വേണമെന്ന ചിന്ത ഒരിക്കൽ പോലും തോന്നിയില്ല. ഒറ്റയ്ക്ക് നിന്ന് പൊരുതേണ്ട യുദ്ധത്തിന് സന്നദ്ധമായത് പോലെയായിരുന്നു മനസ്സ്. ഒരോ തവണ കോൺട്രാക്ഷൻ വരുമ്പോഴും കട്ടിലിന്റെ കൈവരിയിൽ അമർത്തിപ്പിടിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. എന്റെ ശബ്ദം പോലും ഒരു കുഴപ്പവുമുണ്ടാക്കരുതെന്ന മാനസികാവസ്ഥയിലായിരുന്നു ഞാൻ. വേദനയില്ലേ എന്ന് ഡോക്ടർ വന്ന് ചോദിക്കുമ്പോഴൊക്കെയും ഉണ്ടെന്ന് പറയാൻ തുനിഞ്ഞാൽ കരഞ്ഞ് പോകുമെന്ന് കരുതി വെറുതേ തലയാട്ടിയതേയുള്ളൂ. ബഹളമുണ്ടാക്കാത്ത ഒരേ ഒരാൾ ആയതിനാൽ എന്തോ കുഴപ്പമുണ്ടെന്ന രീതിയിൽ നഴ്സ്മാർ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. പതിനൊന്നു മണിക്കൂർ നീണ്ട വേദനയ്ക്കും മയക്കത്തിനുമൊടുവിൽ പിറ്റേന്ന് പുലർച്ചേ ആൾ എത്തി. അനിതാ പ്രതാപ് ചോര ചീന്തിയ ദ്വീപിൽ എഴുതിയിട്ടുണ്ട്, പ്രസവിച്ചശേഷം കുഞ്ഞിനെ കണ്ടപ്പോൾ ഇത്രയും വൃത്തികേട്ട ഒന്നിനെ മുൻപ് കണ്ടിട്ടില്ലായെന്ന്. വാക്വം ഡെലിവറിയായതിനാൽ, അജുഷ തന്നെയാണ് കെട്ടോ എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് സിസ്റ്റർ എൻ ഐ സി യു വിലേക്ക് കുഞ്ഞിനെ എടുത്തോടി. പച്ച മാംസത്തിൽ തുന്നലിടുന്ന വേദനയിലും സ്വാസ്ഥ്യമാണ് തോന്നിയത്.
ലേബർ റൂമിന് തൊട്ടടുത്ത ഒബ്സർവേർഷൻ വാർഡ്. ക്ഷീണം കാരണം നല്ല ഉറക്കത്തിലായിരുന്നു. കട്ടിലിനോട് ചേർന്നു നിന്ന ജനൽ തുറന്നിട്ടതോ മഴ ചാറി കാൽ നനഞ്ഞ് തണുത്ത് വിറങ്ങലിച്ചതോ പോലും അറിഞ്ഞതേയില്ല. ഒരു വെളുത്ത കുഞ്ഞി തുണി കെട്ടുമായി സിസ്റ്റർ വന്ന് വിളിച്ചപ്പോഴാണ് ഉറക്കം ഉണർന്നത്. എഴുന്നേറ്റ് കയ്യിൽ അവളെ വാങ്ങി എന്താ ചെയ്യണ്ടത് എന്നറിയാതെ ഇരിക്കുമ്പോഴും ആരേലും വന്ന് തണുത്ത കാലൊന്ന് തടവിത്തന്നിരുന്നെങ്കിൽ എന്ന ചിന്തയായിരുന്നു. പിന്നീട് ഇത്ര വർഷമായിട്ടും മകൾക്ക് എന്തേലും വയ്യായ്മ വന്നാൽ കാലിൽ അന്നത്തെ തണുപ്പ് മെല്ലെ അരിച്ച് കയറി അപ്പോഴത്തെ അത്രയും നിസ്സഹായായ അവളായി മാറും ഞാൻ.
കൈയിലെ വെള്ള തുണിക്കെട്ടിനുള്ളിൽ നിന്നും രണ്ട് കണ്ണുകൾ എന്നെ നോക്കി. നെറ്റിയൊക്കെ ചുളിച്ച് വളരെ ഗൗരവമുള്ള നോട്ടമാണ്. പതുക്കെ ഇത്തിരി കുഞ്ഞൻ കൈകൾ പിടിച്ചു നോക്കിയപ്പോൾ ഗൗരവമയഞ്ഞു. അമ്മമാർ അവരുടെ ചുമലുകളിൽ കുഞ്ഞുങ്ങൾക്കുള്ള ധന്വന്തരികൊണ്ടു നടക്കുന്നുവെന്ന് എഴുതിയത് ഗീതാ ഹിരണ്യനാണ്. അവളെ മെല്ലെ ചുമലിൽ കിടത്താനുള്ള എന്റെ ശ്രമം പാളിയതോടെ അവൾ കരച്ചിലായി. പാലു കൊടുക്കാൻ എങ്ങിനെ കുഞ്ഞിനെ പിടിക്കണമെന്ന് ശങ്കിച്ചു നിന്ന എനിക്ക് ഡോക്ടർ സഹായിയായി. ദേഹത്തോട് ഒട്ടിച്ചേർന്ന് പാലുകുടിക്കുന്ന അവളോളം ഭംഗിയുള്ളതൊന്നും ഇതുവരെ അനുഭവിച്ചില്ലെന്നു തോന്നിയ മുഹൂർത്തം. ചില അപൂർവ്വ നിമിഷങ്ങൾ അങ്ങിനെയാണ്. ആകുലതകൾക്കും ആശങ്കൾക്കും ചുമതലകൾക്കും അപ്പുറം നമ്മളെ ആനന്ദത്താൽ രൂപപ്പെടുത്തുന്നവ.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.