കഥ
അനിതാദാസ്
“മോശമായ കൈയ്യക്ഷരം മണിക്കൂറുകൾ കൊണ്ട് ആകർഷകമാക്കാം മണിബാക്ക് ഗ്യാരണ്ടി..”
എന്ന പത്രപ്പരസ്യം കണ്ടാണയാൾ ഒന്ന് പരീക്ഷിക്കാമെന്ന് തീരുമാനിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമാണ് ട്രെയിനിംഗ്.
ഇംഗ്ലീഷിലുള്ള പഠനത്തിന് അയാൾ ഫീസടച്ച് കഴിഞ്ഞ് ഒരു രണ്ടാം ശനിയാഴ്ച്ച അയാൾ കമ്പൂട്ടറിന്റെ മുന്നിലിരുന്നു. ഓൺലൈൻ നിർദ്ദേശമനുസരിച്ച് പഠനം തുടങ്ങി.
രാവിലെ 11 മണിക്ക് തുടങ്ങിയെങ്കിലും നിബന്ധനകളിൽ പറയും പോലെ അഞ്ച് മണിക്കൂറുകൾ കഴിഞ്ഞും, തന്റെ കൈയ്യക്ഷരത്തിന് കാര്യമായ മാറ്റമെന്തെങ്കിലും ഉണ്ടായതായി അയാൾക്ക് തോന്നിയില്ല. ഓഫറായി കിട്ടിയ അടുത്ത രണ്ട് മണിക്കൂറുകൾ കൂടി പരിശ്രമിച്ചിട്ടും ശരിയായില്ല. അപ്പോഴയാൾ ചെറുദേഷ്യത്തോടെ സ്ഥാപനത്തിന്റെ കസ്റ്റമർ കെയറിനെ വിളിച്ചു.
“എന്താഹേ, ഞാൻ ഓൺലൈനായി ഫീസടച്ചിട്ട് രാവിലെ 11 മണിതൊട്ട് തൊടങ്ങിയതാ, നിങ്ങൾ ഓഫർ ചെയ്ത എക്സ്ട്രാ ടൈമും കഴിഞ്ഞു, എന്നിട്ടും എന്റെ കൈയ്യക്ഷരം പഴയതിനേക്കാൾ മോശമാവുകയാണുണ്ടായത്, നിങ്ങൾ പത്രപ്പരസ്യത്തിൽ പറയുന്നതുപോലെ എത്രയും വേഗം ഞാനടച്ച ഫീസ് മണിബാക്ക് (റീഫണ്ട് )
ചെയ്യണം..”
“ഹ, നിങ്ങൾ ദേഷ്യപ്പെടാതെ സഹോദരാ.. മണിബാക്കിനും ചില നിയമങ്ങളൊക്കെയുണ്ട്..”
മറുപടി ഒരു കുയിൽനാദം പോലെ, ശബ്ദം കേട്ടിട്ട് ഒരു 30 വയസ്സിന് താഴെ വിദ്യാസമ്പന്നയും സുന്ദരിയുമായിരിക്കും.. ”
അയാൾ ചിന്തകളിൽ മുഴുകിയിരിക്കുമ്പോൾ വീണ്ടും കുയിൽനാദം..
“ഹലോ ഞാൻ പറഞ്ഞത് കേട്ടോ..?”
“ഓ കേട്ടു..”
“ശരി, നിങ്ങൾക്ക് ഏതക്ഷരമെഴുതുമ്പോഴാണ് ഒട്ടും ശരിയാകാത്തത്..? അത് ഒറ്റ അക്ഷരമായിട്ടോ, വാക്കോ, അതോ വാചകമോ..? എന്ത് എഴുതുമ്പോൾ..?
എങ്ങനെയെഴുതുമ്പോഴാണ് അക്ഷരങ്ങൾ പിണങ്ങുന്നത്..?”
“അതുപിന്നെ, ഒറ്റയ്ക്ഷരങ്ങൾ കൂടുമ്പോഴല്ലേ വാക്കുകളാകുന്നത്, വാക്കുകൾ കൂടിച്ചേരുമ്പോഴാണല്ലോ വാചകങ്ങളുണ്ടാകുന്നത്..? ”
“ശരിയാണ്.. നിങ്ങൾക്കതിലേതാണ് പ്രശ്നം സൃഷ്ടിക്കുന്നത്..?”
“അക്ഷരങ്ങൾ ചേർത്ത് വാക്കെഴുതുമ്പോൾ..”അയാളുടനെ പറഞ്ഞു.
“ഏതക്ഷരങ്ങൾ..? ഏത് വാക്കിലേക്ക് മാറുമ്പോഴാണ്..? അതൊന്ന് വാട്സാപ്പ് ചെയ്യാമോ..?”
“അതിനെന്താ ഇതാ പിടിച്ചോ..”
“P. R. I. Y. A”
“കണ്ടോ..? ആ അക്ഷരങ്ങൾ കൂട്ടിയെഴുതുമ്പോഴാണ് പ്രശ്നം, അക്ഷരങ്ങൾ നിങ്ങൾ പറയുംപോലെ ആകർഷകവുമല്ല സ്പെല്ലിങ്ങും തെറ്റുന്നു.. എന്ന് മാത്രാല്ലാ നേരത്തേതിനേക്കാൾ മോശവുമാകുന്നു..”
“അതായത് നിങ്ങൾ പറയുന്ന ഈ അക്ഷരങ്ങൾ കൂടിച്ചേർന്ന് വാക്കാകുമ്പോൾ ഒരു പേരാകുന്നല്ലോ..? അത് ആരുടെ പേരാണ്..?”
“എന്റെ ഭാര്യയുടെ പേരാണ്..”
“അപ്പോ അതാണ് പ്രശ്നം.. ശരി, നിങ്ങൾക്ക് അക്ഷരം തെറ്റാതെ ആകർഷകമായി എഴുതാൻ കഴിയുന്ന അക്ഷരങ്ങളോ വാക്കുകളോ വേറെയുണ്ടൊ..?”
“ഒണ്ടല്ലോ..”
“അതുകൂടിയൊന്ന് വാട്സ്ആപ് ചെയ്യൂ..”
“ഓക്കേ..”
“L. E.T. H. A.”
“L. O. V. E. L. Y.”
“S. U. M. A.”
“ഈ അക്ഷരങ്ങളൊക്കെ വാക്കുകളാകുമ്പോൾ ലത, ലവ്‌ലി, സുമ എന്നൊക്കെ വരുന്നുണ്ടല്ലോ ഇവരൊക്കെയാരാ..?”
“എന്റെ ഓഫിസിലെ സഹപ്രവർത്തകരാ..”
“ഓ ഇപ്പോൾ താങ്കൾക്ക് അക്ഷരം ശരിയാകാത്തതിന്റെ കാര്യം ഏകദേശം പിടുത്തം കിട്ടി, ശരി നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ടെത്ര നാളായി..?”
“ആറ് മാസം..”
“ഇപ്പോൾ ഭാര്യ കൂടെയുണ്ടോ..?”
“ഇല്ല അവൾ രണ്ടാഴ്ച്ച മുൻപ് വഴക്കിട്ട് അവളുടെ വീട്ടിലേക്ക് പോയി..”
“എന്തായിരുന്നു പ്രശ്നം..?”
“ഓ അതൊക്കെ ചെറിയ ചെറിയ സൗന്ദര്യപ്പിണക്കങ്ങളായിരുന്നു.. ഞാനതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാറില്ല..”
“ഭാര്യ പെണങ്ങി വീട്ടീ പോയപ്പോഴും നിങ്ങൾക്ക് മനസ്സിലായില്ലേ അതിൽ കാര്യമുണ്ടെന്ന്.. വിവാഹജീവിതത്തിന്റെ ഹരിശ്രീ കുറിക്കുന്ന നേരത്ത്പോലും നിങ്ങൾക്ക് അക്ഷരത്തെറ്റും അക്ഷരപ്പിശകുമാ പിന്നെങ്ങനെ നിങ്ങടെ കൈയ്യക്ഷരം ആകർഷകമാകും..? അതുകൊണ്ട് എത്രയും വേഗം നിങ്ങടെ ഭാര്യേ തിരിച്ചുവിളിച്ചുകൊണ്ട് വരണം..”
“അതുപിന്നെ അവൾ വന്നാൽ അപ്പൊത്തൊടങ്ങും അതുമിതും പറഞ്ഞ് വഴക്ക് കൂടാൻ..”
“അതേയ് ഫോൺ ഞാൻ ഞങ്ങളുടെ കൗൺസിലിങ് മെമ്പറിന്റെ കൈയ്യിൽ കൊടുക്കാം സാർ സംസാരിക്കൂ ..”
“ശരി..”
“സുഹൃത്തേ, ഒരു പഴയ പഴംചൊല്ല് പറയട്ടെ..? അതായത് രണ്ട്കൈയ്യും കൂട്ടിയടിച്ചാലേ ഒച്ചകേക്കൂ.. അതുകൊണ്ട് നിങ്ങടെ ഭാര്യ പറഞ്ഞോണ്ടിരുന്നോട്ടെ.. നിങ്ങൾ മിണ്ടാതിരിക്കുക.. എന്ന് മാത്രമല്ല നിങ്ങൾക്ക് സ്പെല്ലിങ് തെറ്റാതെ എഴുതാൻ സാധിക്കുന്ന ലതയും ലവ്‌ലിയും സുമയുമൊക്കെ ഓഫീസിൽ മാത്രം മതി.. വീട്ടിൽ വന്ന് അവരെപ്പറ്റി ഒറ്റയക്ഷരംപോലും മിണ്ടിപ്പോകരുത്..മനസ്സിലായോ..?”
“ഓക്കേ സാർ.. ”
“എന്നാലെത്രയും വേഗം ഭാര്യയെ വിളിച്ചോണ്ട് വരുക.. എന്നിട്ട് വീണ്ടും അക്ഷരം ആകർഷകമാക്കാനുള്ള ട്രെയിനിങ്ങിലിരിക്കൂ.. നിങ്ങൾക്ക് ഫ്രീയായി ഒരു ചാൻസുകൂടി ഞങ്ങൾ ഓഫറ് ചെയ്യുന്നു.. കൈയ്യക്ഷരം ശരിയാകുന്നെങ്കിൽ ഞങ്ങളെ വിളിക്കൂ.. അല്ലാത്തപക്ഷം മണിബാക്ക് (റീഫണ്ട് )”ചെയ്യുന്നതായിരിക്കും.
രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം അയാൾ വീണ്ടും വിളിച്ചു.
“ഹലോ, കൈയ്യക്ഷരം…”
“അതേ പറഞ്ഞോളൂ..”
“സാർ, നിങ്ങൾ ഫീസ് മണിബാക്ക് ചെയ്യേണ്ട സാർ, എന്റെ കൈക്ഷരം ആകർഷകമായി..”
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.