കഥ
സുരേഷ് കൂവാട്ട്
ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേൽക്കാൻ അൽപ്പം വൈകി, കഴിഞ്ഞ മൂന്ന് ദിവസത്തെ തുടർച്ചയായുള്ള ജോലിയും കൂടെ റമളാൻ നൊയമ്പും. നല്ല ക്ഷീണം കാരണം കുറച്ചൊന്ന് മയങ്ങിപ്പോയി. മൊബൈൽ നിർത്താതെ ശബ്‌ദിച്ചു കൊണ്ടേയിരിക്കുന്നു. കൂടുതലും ഹോസ്പിറ്റലിൽ നിന്നുള്ള കോളുകൾ തന്നെ. പെട്ടെന്ന് റെഡിയായി പോകാൻ ഒരുങ്ങുന്നതിനിടയിൽ കോൾലിസ്റ്റ് വെറുതെയൊന്ന് ചികഞ്ഞു നോക്കി. വീട്ടിൽ നിന്നും ഉമ്മയുടെ ഒരു വിളിയുമുണ്ട് . തിരിച്ചുവിളിച്ചപ്പോൾ ലൈൻ തിരക്കാണ്, പിന്നീട് ശ്രമിച്ചില്ല. എന്തിനാവും വിളിച്ചത് ? ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ ഇതുതന്നെയാണ് മനസ്സിനെ അലട്ടിയത്.
റിസപ്ഷനിൽ ആകെ ബഹളം. അകലം പാലിച്ചു നിൽക്കാനും മാസ്ക് ധരിക്കാനും സെക്യൂരിറ്റിക്കാരൻ അയാൾക്ക് അറിയാവുന്ന എല്ലാ ഭാഷയിലും പറയുന്നുണ്ട്. ഏറെ പേരുടെയും മുഖത്തും വിഭ്രാന്തി തളം കെട്ടിനിൽകുന്നു. ഡ്യൂട്ടി ഷെഡ്യൂൾ ഒന്നും നോക്കിയില്ല ഒരു നേഴ്സിനെയും കൂടെക്കൂട്ടി സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച് നേരെ തീവ്രപരിചരണ വാർഡിലേക്ക് ധൃതിയിൽ നടന്നു. ഇന്നലെ വൈകിട്ട് അഡ്മിറ്റ് ചെയ്ത ആറുപേരിൽ രണ്ടുപേർ മരണത്തിന് കീഴടങ്ങി.
“സ്ഥിതി വളരെ മോശമാണ്, അഡ്മിറ്റ് ചെയ്യുന്നവരിൽ ഏറെപേർക്കും ഒരേ രോഗ ലക്ഷണങ്ങൾ തന്നെയാണ്, കിടത്തി പരിശോധിക്കാൻ പ്രത്യേക വാർഡിൽ ബെഡ് പോലും ലഭിക്കുന്നില്ല. മരണപ്പെടുന്നവരെല്ലാം ന്യുമോണിയയും ഹൃദയാഘാതവും കാരണം”
ഇന്നലെ അഡ്മിറ്റ് ചെയ്തവരുടെ കൂട്ടത്തിൽ ഒരു പ്രായം ചെന്ന സ്ത്രീയുണ്ടായിരുന്നു. അവരെയാണ് ആദ്യമന്വേഷിച്ചത്. അതിനിടയിൽ നഴ്‌സ് പറഞ്ഞത് പാതിയേ കേട്ടുള്ളൂ. തന്റെ ഉമ്മയുടെ പ്രായം. നല്ല ശ്വാസതടസ്സമുണ്ട്. ഓക്സിജിന്റെ ലെവൽ ശ്രദ്ധിക്കണം. സാച്ചുറേഷൻ ലെവൽ അളവിൽ കൂടുതലാണ് അടുത്ത ഏതാനും മണിക്കൂറുകൾ കഴിഞ്ഞേ എന്തെങ്കിലും പറയാനാവൂ. അടുത്തുചെന്ന് നരച്ച മുടിയിഴകളിലൂടെ ചുളിവ് വീണ നെറ്റിത്തടം ചേർത്ത് പതിയെ തലോടി ആശ്വസിപ്പിച്ച് വാർഡിന് പുറത്തേക്കിറങ്ങി. അഞ്ചുമണിക്ക് മാനേജ്‌മന്റ് മീറ്റിംങ്ങുണ്ട്. അത് അറ്റൻഡ് ചെയ്യണം. നിലവിലെ പ്രതിസന്ധി തരണം ചെയ്യണമെങ്കിൽ കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ കരുതാൻ നിർദ്ദേശിക്കണം.
“ഡോക്ടർ ഷാനു താങ്കൾ കരുതുംപോലെയല്ല,
നിലവിലെ കോൺട്രാക്ട് അനുസരിച്ച് അതിലും ഇരട്ടിയാണ്
ഇപ്പോൾ സിലിണ്ടറുകൾ ഡെലിവറി ചെയുന്നത്,
എല്ലാ സ്ഥലത്തും ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുണ്ട്.
വിതരണ കമ്പനികൾ റേറ്റ് കൂട്ടാൻ തന്നെയാണ് തീരുമാനം.”
“എന്ത് വിലകൊടുത്താലും ജീവന്റെ വിലയേക്കാൾ വരില്ലല്ലോ.”
“കോവിഡ് വാർഡിൽ ഇനി പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യണ്ട എന്നാണ് മാനേജ്‌മന്റ് തീരുമാനം”
“അപ്പൊ അവരെവിടെപോയി ചികിത്സയ്ക്കും,
ഈ ഒരവസരത്തിൽ നമ്മൾ അവരുടെ കൂടെ നിൽക്കുകയല്ലേ വേണ്ടത്”
“പുതിയ ബ്ലോക്കിലെ രോഗികളെ ഇപ്പോൾ തന്നെ അവിടുന്ന് മാറ്റാനും തീരുമാനമുണ്ട്.”
“ഇതൊക്കെ ഉചിതമാണെന്ന് തോന്നുന്നുണ്ടോ ,
കച്ചവട കണ്ണോടെ കാണേണ്ട സമയമല്ലിപ്പോൾ
ഇങ്ങനെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെങ്കിൽ
ഞങ്ങൾക്ക് ഇടപെടേണ്ടി വരും”
“ഈ ഞങ്ങളെന്ന് വച്ചാൽ ?”
അധികം സംസാരിക്കാൻ നിന്നില്ല മീറ്റിങ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി, പോക്കറ്റിലെ മൊബൈൽ കുറച്ചു നേരമായി ശബ്‌ദിച്ചു കൊണ്ടേയിരിക്കുന്നു. വരാന്തയിലെ ഇരുട്ടിൽ വെളുത്ത് ചിരിച്ച് മൊബൈൽ സ്ക്രീൻ കൈക്കുള്ളിൽ തെളിഞ്ഞു. ഇത്താത്തയുടെ വിളിയായിരുന്നു. അപ്പോൾ തന്നെ തിരിച്ചു വിളിച്ചു
“നീ എവിടെയാ ?
തിരക്കാണോ?
നീ ഉമ്മയെ വിളിച്ചോ ?
ഉമ്മയിന്ന് വാക്‌സിനെടുക്കാൻ പോയിരുന്നു.
ഇപ്പോ എന്തോ ചെറിയ ക്ഷീണം പോലെ ഉണ്ടെന്നു ഉപ്പ വിളിച്ച പറഞ്ഞു.
നീ സമയം കിട്ടിയാൽ ഒന്ന് വിളിച്ചു നോക്കണേ.”
“ഞാൻ വിളിച്ചോളാം, നീയും മകളും സേഫ് ഇല്ലേ?
ശ്രദ്ധിക്കണം, പാത്തൂനെ പുറത്തേക്കൊന്നും വിടേണ്ട.”
” നിന്റെ ഹോസ്പിറ്റലിൽ എങ്ങനെ ഉണ്ട്,
നീ ഒന്ന് ശ്രദ്ധിച്ചൊക്കെ നിക്കണെ.
ഉമ്മാക്ക് നിന്നെയോർത്താ പേടി”
കാഷ്വാലിറ്റിയിൽ ആംബുലൻസിന്റെ നിലവിളി ശബ്ദം നിലയ്ക്കുന്നില്ല. കോൾ കട്ട് ചെയ്ത് പതിയെ അങ്ങോട്ട് ചെന്നു. ദിവസങ്ങൾ തുടർച്ചയായി ജോലിചെയ്യുന്ന സഹപ്രവർത്തകരെ നേരിട്ട് കണ്ട് കാര്യങ്ങൾ തിരക്കി. ആർക്കും ബുദ്ധിമുട്ടൊന്നും ഇല്ല.
“നമ്മൾ ഒരു യുദ്ധത്തിന്റെ മുൻനിരയിലാണിപ്പോൾ,
പിറകിൽ നമ്മളെ മാത്രം ആശ്രയിച്ചു കുറേ അശരണരും
എന്ത് വിലകൊടുത്തും പിടിച്ചു നിൽക്കണം.
ഒരു ജീവൻ പോലും മരണത്തിനു വിട്ടുകൊടുക്കരുത്.”
….
നഗരം ഇരുട്ടിന്റെ മടിയിലേക്ക് തലചായ്ച്ചു തുടങ്ങുന്നതേയുള്ളൂ. തെരുവുവിളക്കുകൾ തലയെടുപ്പോടെ തെളിഞ്ഞു കത്തുന്നുണ്ട്. നീലിച്ചു കറുത്തു തുടങ്ങിയ മാനത്ത് ശവ്വാലമ്പിളി തെളിഞ്ഞു നില്കുന്നു. ഫ്ലാറ്റിന്റെ വരാന്തയിൽ ദൂരെ കിതച്ചുപായുന്ന വാഹനങ്ങളുടെ മിഴിച്ച വർണ്ണ നേത്രങ്ങൾ തീർക്കുന്ന പ്രകാശം നോക്കിയിരിപ്പാണ് ഷെറിനും മകളും.
“പാത്തൂ”
“ന്താ ഉമ്മച്ചീ”
“ആ ശവ്വാൽ ചന്ദ്രിനെക്കാൾ സുന്ദരമായ ഒരു ചിരിയുണ്ട്
ആരുടേതാണെന്ന് പറഞ്ഞേ ?”
“എനിക്കറിയാം, പാത്തൂന്റെയല്ലേ.”
അല്പനേരത്തേക്ക് ഷെറിൻ മറുപടിയൊന്നും പറഞ്ഞില്ല.
“ഇപ്പൊ ഉറങ്ങികാണും, ആ നിലാവ്”
ആരോടെന്നില്ലാതെ അവൾ പതിയെ പറഞ്ഞു.
“അതാരാ ഉമ്മച്ചീ, എനിക്കറിയാം ഉമ്മുമ്മയല്ലേ”
“ഹും, സുഖമില്ലാന്നു പറഞ്ഞു. ഒന്നും വരുത്തല്ലേ റബ്ബേ”
….
“കുഞ്ഞിക്കോലായിലെ ലൈറ്റ് കെടുത്തിയോ ”
“കെടുത്തി, ഉമ്മറത്തെ കെടുത്തേണ്ടല്ലോ”
“വേണ്ട, പിള്ളേരാരെങ്കിലും വന്നാലോ”
“അനക്ക് എന്താടൊ, എപ്പോഴോ ഒരിക്കൽ പിള്ളേര് വിളിച്ചു പറയാണ്ട് വന്നൂന്ന് വച്ച്”
“ഒരുവട്ടം അല്ല, രണ്ട് പ്രാശം”
“ഹും, രണ്ട് പ്രാശം”
“എപ്പോഴൊക്കെയാണ് ഓർമ്മയുണ്ടോ ഇങ്ങക്ക്”
“ഇഞ് പറ”
“ഒന്ന് ഷെറിന്റെ നിക്കാഹിന്റെ തലേന്ന്, ലീവ് കിട്ടൂല്ലാ ഉമ്മാന്ന് പറഞ്ഞു തലേന്നുവരെ ഫോൺ വിളിച്ചു വച്ചോനാ, വെളുപ്പിന് വാതില് തൊറക്കുമ്പോ മുറ്റത്ത്. പിന്നെയൊന്ന് ഞാന് കുളിമുറീല് കാലുതെന്നി വീണപ്പോ, കെടന്നതിന്റെ രണ്ടാമത്തെ രാത്രി ഓനിവിടെ എത്തിയില്ലേ”
“അയിന് ഇവിടെയിപ്പോ കാര്യായൊന്നും ഇല്ലല്ലോ, വാക്സിന് അടിച്ചേന്റെ ഒരു ക്ഷീണം, അത്രേന്നെ”
“അത് സാരോല്ല ഇങ്ങള് ഉമ്മറത്തെ വെളക്ക് കെടുത്തേണ്ട”
“ഇല്ല കെട്ത്ത്ന്നില്ല”
“അത്താഴത്തിന് കഞ്ഞിയും ചെറുപയര് പൊങ്ങിച്ചും വച്ചിട്ടുണ്ട്. മയങ്ങിപോയാലും എന്നെ ഒന്ന് വിളിച്ചേക്കണേ”
“ക്ഷീണാണെങ്കിൽ നാളെ നോമ്പെടുക്കേണ്ട”
“അതുവേണ്ട, ഷാനു ആദ്യം വിളിച്ചാ നോമ്പെടുത്തിനാ ഉമ്മാന്നാ ചോദിക്ആ”
“ഹും എന്നാ കെടന്നോ”
ആഘോഷങ്ങളുടെയും ഒത്തുചേരലുകളുടെയും ഗതകാല ഓർമ്മകൾ അയവിറക്കി ആ തറവാട് വീട് ഉറക്കത്തിലേക്കു പതിയെ മിഴികളടക്കുകയാണ്. വഴിക്കണ്ണുമായി ആരെയോ കാത്തിരിക്കുമ്പോലെ ഉമ്മറത്തെ ആ മങ്ങിയ വെളിച്ചം കെടാതെയുണ്ട്.
….
ഈ പ്ലാസ്റ്റിക് ആവരണത്തിനുള്ളിൽ അകെ വീർപ്പുമുട്ടുന്നുണ്ട്. കാഴ്ച മറക്കാത്ത ഈ മുഖാവരണം മാത്രം കുറച്ചു ആശ്വാസം തരുന്നു. നേരം ഏറെ ഇരുട്ടിയിട്ടും ഇടനാഴിയിലും കാഷ്വാലിറ്റിയിലും രോഗികളാലും കൂട്ടുനില്കുന്നവരാലും ഇപ്പോഴും ബഹളം തന്നെ. ഒന്ന് കണ്ണടക്കാൻ കുറച്ചു ഒന്ന് വിശ്രമിക്കാൻ തുടങ്ങുമ്പോൾ ആംബുലൻസിന്റെ കാതടപ്പിക്കുന്ന കരച്ചിൽ ഞെട്ടിയുണർത്തുന്നു. വൈകുന്നേരത്തെ മാനേജ്‌മന്റ് മീറ്റിങ് തീരുമാനങ്ങൾ ഫോണിൽ സന്ദേശമായി വന്നിട്ടുണ്ട്. അത് തുറന്നുവായിക്കാൻ മനസ്സുവന്നില്ല. രോഗികൾക്ക് ആശ്വാസമേകുന്ന ഒരു നല്ലകാര്യവും അതിൽ ഉണ്ടാകില്ലെന്നറിയാം. ഉമ്മയ്ക്ക് ക്ഷീണമാന്നെന്നു പറഞ്ഞിട്ട് ഒന്ന് വിളിച്ചു ചോദിക്കാൻ കഴിഞ്ഞില്ല. മനപ്പൂർവ്വം അല്ലല്ലോ. തിരക്കായതുകൊണ്ടല്ലേ. പതിയെ ഒന്ന് കണ്ണടച്ച് വരുമ്പോഴേക്കും ആരോ റൂമിലേക്ക് ഓടിവരുംപോലെ തോന്നി. ഞെട്ടിയെഴുന്നേറ്റ് വാതിൽ തുറന്നു.
“സർ, ഐ. സി യു വിലെ കൊറോണ രോഗിയായ സ്ത്രീ മരണപെട്ടു.”
പെട്ടെന്ന് ഓടിപോയി കതക് തള്ളിതുറന്നു അടുത്തുചെന്ന് നോക്കി. ആകെ തണുത്തിരിക്കുന്നു. ഒരു മണിക്കൂറെങ്കിലും ആയിക്കാണും.
“ആരാ അടുത്തുണ്ടായത്. എവിടെ ഡ്യൂട്ടി നഴ്സസ്, ഞാൻ ശ്രദ്ധിക്കണമെന്ന് പറഞ്ഞതല്ലേ”
“അത്…അത് സർ ഞാൻ ക്ഷീണം കാരണം ഒന്ന് മയങ്ങിപ്പോയി”
മുഖത്ത് ഘടിപ്പിച്ച ഓക്സിജൻ പൈപ്പ് നിർവീര്യമാക്കി കിടക്കുന്നു.
“നിങ്ങൾ എന്ത് ക്രൂരതയാണ് ഈ ചെയ്തത്. ഒഴിജിന് ലൈൻ ഓഫ് ചെയ്തിട്ടാണല്ലോ ഉള്ളത്. ആര് പറഞ്ഞിട്ടാ നിങ്ങളിങ്ങനെ ചെയ്തത്. ഈ പാവത്തിനെപോലെ നിങ്ങൾക്കും ഇല്ലേ വീട്ടിലൊരു അമ്മ”
“നാളെ വൈകുന്നേരം വരെയുള്ള ഓക്സിജൻ മാത്രമേ സ്റ്റോക്കുള്ളൂ. ഒരു പത്തുമിനിറ്റ് ഓഫ് ചെയ്തിടാൻ ആരോ വാർഡിൽ വിളിച്ചു പറഞ്ഞു. ഞാൻ അത്രയേ ചെയ്തുള്ളൂ”
“ആ പത്തുമിനുട്ടിൽ ഇവിടെ കിടക്കുന്ന എത്രപേരുടെ ജീവൻ പോയിട്ടുണ്ടാകും എന്ന് നിങ്ങൾ ചിന്തിച്ചോ ? ”
വികാരത്തിൻ്റെ പെരുമഴയൽപ്പം തോർന്നപോലെ അവിടെ, ആ ബെഡിന്റെയടുത്ത് അൽപ്പമിരുന്നു. പേരോ നാടോ അറിയാത്ത ആ അമ്മയുടെ മിഴികൾ ചേർത്തടച്ചു പ്ലാസ്റ്റിക് കയ്യുറയാലേ നെറ്റിയിൽ പതിയെ തലോടി.
പുറത്തേക്കിറങ്ങി ഇടനാഴിയിലൂടെ തലതാഴ്ത്തി നടന്നുനീങ്ങി. മനസ്സ് നിറയെ ഉമ്മയെക്കുറിച്ചുള്ള ആവലാതിയാണ്. നാളെ വൈകുന്നേരത്തിനുള്ളിൽ താൻ രണ്ടുമൂന്നു ദിവസമായി ഉറക്കമിഴിച്ചു ചേർത്തിപിടിച്ചവരുടെയൊക്കെ തണുത്തുവിറങ്ങലിച്ച മുഖം കാണേണ്ടിവരും. അതിനുള്ളിൽ മനഃസാക്ഷിയില്ലാത്ത ഈ കോൺഗ്രീറ്റ് സൗധത്തോട് വിടപറയണം. ആതുര സേവന വഴിയിൽ പരിശീലന കാലയളവിൽ ഉപേക്ഷിച്ചുപോയ ഒരുപാടുപേരെ പോലെ ഞാനും ഈ കച്ചവട ഉടമ്പടിയിൽ നിന്നും പിൻവാങ്ങുകയാണ്.
വെളുത്ത കടലാസ്സിൽ സ്വന്തം കൈപ്പടയിൽ എഴുതി അടിയിൽ പേരും ഒപ്പും ചാർത്തി മൂന്നായി മടക്കി ഒരു കവറിലാക്കി കയ്യിലേൽപിച്ചു. ഉത്തരവാകും വരെ കാത്തുനില്കുനില്ല മടങ്ങണം, രണ്ടു ദിവസത്തിനകം, നാട്ടിലേക്ക്. ആദ്യം ഉമ്മയെയൊന്ന് വിളിക്കാം.
“ഹാലോ”
“ആരാ അത് ?”
“ഞാനാ ഷാനു ”
“ഇന്ക്ക് ഇപ്പോഴാണോ ഒന്ന് വിളിക്കാൻ സമയോണ്ടായത് ”
“തിരക്കായിരുന്നു ഉമ്മാ, കഴിഞ്ഞു എല്ലാം കഴിഞ്ഞു, ഞാൻ വരുന്നുണ്ട്”
“എപ്പോ?”
“രണ്ട് ദിവസത്തിനുള്ളിൽ, രാത്രി ഉമ്മറത്തെ വിളക്ക് കെടുത്തേണ്ട.”
“അത്…അത് ഞാൻ കെടുത്താറേയില്ല. നീ അവസാനം വന്ന് പോയതില്പിന്നെ”
” നീ ഷെറിന്നെ വിളിച്ചോ?” ഓളോടും വരാൻ പറ. ഈ പെരുന്നാളിന് നിങ്ങള് രണ്ടുപേരും വേണം ഉമ്മാന്റെയടുത്ത് ”
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.