കവിത
രാജന്‍ സി എച്ച്
പാട്ടു പാടുമ്പോള്‍ ഭാവ-
മുള്‍ക്കാമ്പില്‍ വിടര്‍ത്തുവാന്‍
കൂട്ടുപോരുമോ ജയ-
ചന്ദ്രനെന്‍ ഹൃദയത്തില്‍?
ആരെയും ഭാവാത്മക
ഗായകനാക്കും രാഗ-
മാധുരി ഞാനെന്‍ നെഞ്ചില്‍
ചേര്‍ത്തു വച്ചതാണെന്നോ!
പാടുവാനാവാത്തതാം
തൊണ്ടയിലതിന്‍ ശ്രുതി
ചേര്‍ത്തിരിപ്പുണ്ടാം വ്യര്‍ത്ഥ-
മെങ്കിലും ജന്മാന്തരം.
നിളയില്‍ നീരാടുമ്പോല്‍
ഞാനതിന്‍ തെളിനീരില്‍
മുഴുകിക്കിടന്നതാ-
ണാവോളം നിലാവായി.
എത്ര കേട്ടാലുമതാ-
യടഞ്ഞ കാതിന്നകം
സുപ്രഭാതമായ് തുയി-
ലുണര്‍ത്തും ചേതോഹരം.
അപ്രമാദിയാമനു-
രാഗപാരവശ്യത്തോ-
ടത്രയും ഞരമ്പിലേ
പിടഞ്ഞു തന്ത്രീലയം.
പാട്ടിനാലസാദ്ധ്യമാം
ജന്മസായൂജ്യങ്ങളെ
പാര്‍ത്തലമാക്കിത്തീര്‍ത്ത
സ്വര്‍ഗമേ നമിക്കുന്നേന്‍.
…
രാജൻ്റെ കവിത ‘പി.ജയചന്ദ്രന്’ വളരെ ഇഷ്ടപ്പെട്ടു. എൻ്റെ മോഹങ്ങൾക്കും അത് മേൽച്ചാർത്തായി. പലർക്കും ഞാൻ അത് പങ്കിട്ടു കൊടുത്തു.