കവിത
സന്ധ്യ ഇ
മുമ്പൊക്കെ നമ്മൾ
അങ്ങകലെ ഏതോ നാട്ടിലുള്ള
പോസ്റ്റ് ഓഫീസിനെക്കുറിച്ച് എപ്പോഴും
സംസാരിക്കുമായിരുന്നു.
അഗാധ പ്രേമത്തിലായിരുന്നു അന്നു നമ്മൾ
നിനക്കെന്നും ഒരു ചെറിയ പോസ്റ്റ് ഓഫീസിലെ
പോസ്റ്റ് മാസ്റ്ററാകാനായിരുന്നു മോഹം
ഞാനും നീയും പിന്നൊരു പോസ്റ്റ് ഓഫീസുമായിരുന്നല്ലോ
അന്ന് നമ്മുടെ ലോകം
തിരക്കില്ലാത്ത അവിടങ്ങളിൽ തങ്ങളെത്തേടി വരുന്ന
കത്തുകൾ കാത്ത് നിൽക്കുന്നവരുടെ കണ്ണിലെ പ്രതീക്ഷ
കണ്ടാനന്ദിക്കുമായിരുന്നു നീ
അവർക്കു വരുന്ന കത്തുകളിൽ നല്ല വാർത്തകൾ മാത്രമാകണേ
എന്ന് നീ പ്രാർത്ഥിക്കുമായിരുന്നു
അവരുടെ രോമക്കുപ്പായങ്ങളിൽ മഞ്ഞു തുള്ളികൾ
സൂര്യപ്രകാശമേറ്റ് തിളങ്ങുന്നതും
അവർ നടന്നു വരുന്ന ഒറ്റയടിപ്പാതയിൽ
ഇരുവശവും പൂക്കൾ ചിരിക്കുന്നതും
നിന്നെ സന്തോഷിപ്പിക്കുമായിരുന്നു.
ഉച്ചയാകുമ്പോൾ സൂര്യവെളിച്ചം മങ്ങുമ്പോൾ
നീ വരുന്നതും കാത്ത് ഞങ്ങളിരിക്കും
കുട്ടികളും പൂച്ചകളും പുല്ലിൽ കുത്തി മറയും
നീ അവരെയെടുത്തോമനിക്കും
എൻ്റെ നിറുകയിൽ ഒന്നുമ്മവെയ്ക്കും
വൈകീട്ട് നമ്മൾ അടുക്കളമുറ്റത്തു നട്ട
കാരറ്റ് ചെടികൾക്ക് വെള്ളമൊഴിയ്ക്കും
പുറത്തെ വരാന്തയിൽ വിളക്കിടാതെ
നിലാവിൻ്റെ ചിത്രപ്പണികൾ കാണും
സമാധാനമെന്നത്
ഏറ്റവും ഇഷ്ടപ്പെട്ട ഒരാളുടെ പരിചിതമായ കൈപ്പടയിൽ
എഴുതപ്പെട്ട കത്താണെന്ന് എനിക്കന്നൊക്കെ തോന്നുമായിരുന്നു
ഹൃദയം വല്ലാതെ നുറുങ്ങുമ്പോൾ
ഇപ്പോഴും ഞാനിതൊക്കെയോർക്കും
നടക്കാതെ പോയതെല്ലാം
എഴുതാത്ത കത്തുകളാവും
ആരും കാണാത്ത ഏതു പോസ്റ്റ് പെട്ടിയിലാവും
കാലം അതിട്ടു പോയിട്ടുള്ളത് !
…
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.