Homeസാഹിത്യംഅക്കിത്തവും പുതുകവിതയും

അക്കിത്തവും പുതുകവിതയും

Published on

spot_imgspot_img

പ്രസാദ് കാക്കശ്ശേരി

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ; അങ്കണം ക്യാമ്പ്‌ – കേരള സാഹിത്യ അക്കാദമി പരിസരം – ഇരുപതിലധികം കവികള്‍ കവിത ചൊല്ലുന്നു -വേദിയില്‍ അക്കിത്തം സശ്രദ്ധന്‍. കവിതകളധികവും ഛന്ദോമുക്തം. പാരമ്പര്യം തലയ്ക്കു പിടിച്ചവര്‍ക്ക് പറയാം – വരണ്ട ഗദ്യം, പത്രവാര്‍ത്ത, പ്രസ്താവന, അടുക്കിവെച്ച നിര്‍ജീവ പദാവലി, കൂടാതെ പാരമ്പര്യ നിഘണ്ടുവില്‍ നിന്നെടുത്ത ഒട്ടേറെ വിമര്‍ശനങ്ങള്‍.. ‘പാരമ്പര്യം നെറ്റിയിലൊട്ടിച്ചുവെച്ച ! ‘അക്കിത്തം പറഞ്ഞതിങ്ങനെ- വൃത്തവും ഈണവുമില്ലാത്ത കവിതകള്‍ .. പക്ഷെ കാടാമ്പുഴ ഭഗവതി ഇപ്പോഴും മനസ്സിലുണ്ട്. ശ്രീജിത്ത് അരിയല്ലൂരിന്‍റെ ‘യാത്ര എന്ന കവിതയെ ഉദ്ദേശിച്ചാണ് അക്കിത്തം അങ്ങനെ പറഞ്ഞത്.

”പണ്ട് നാടു വിടുമ്പോള്‍
ബസ്സിലെഴുതിയിരുന്നു
“ശ്രീ കാടാമ്പുഴ ഭഗവതി
ഈ വാഹനത്തിന്റെ
ഐശ്വര്യം” എന്ന്

ഇന്ന് തിരിച്ചു വരുമ്പോള്‍
ബസ്സിലെഴുതിയിരിക്കുന്നു
ശ്രീ മാതാ അമൃതാനന്ദമയി
ഈ വാഹനത്തിന്റെ
ഐശ്വര്യം എന്ന്.

കാടാമ്പുഴ ഭഗവതി
ഏത് സ്റ്റോപ്പിലാണ്
ഇറങ്ങി പോയത് ..?”

(യാത്ര – കേരള കവിത 2005)

ശ്രീജിത്തിന്റെ കവിതയില്‍ വൃത്തമോ പാടി നീട്ടാവുന്ന താളമോ ഇല്ല. എങ്കിലും ആ കവിത മനസ്സില്‍ കൊണ്ടു എന്ന് പറയാനുള്ള ആര്‍ജവം അക്കിത്തത്തിനുണ്ടായിരുന്നു. വൃത്തം , ഈണം എന്നീ പരമ്പരാഗത വഴക്കങ്ങളെ കവിതയുടെ വിശാലരഥ്യയില്‍ വെച്ച് അക്കിത്തം സ്വയം റദ്ദ് ചെയ്യുകയാണ്. കവിതയില്‍ കവിതയുണ്ടായാല്‍ മതി എന്ന വിവേകമാണ് ഇവിടെ അക്കിത്തം വെളിപ്പെടുത്തിയത് .

akkitham-achuthan-nambudiri-3

സ്ഥലം, കാലം, സമൂഹം വിശ്വാസം, പ്രത്യയ ശാസ്ത്രം എന്നിവയിലുണ്ടായ വലിയ വിള്ളലുകളെ കളിമട്ടില്‍ പറയുന്ന ഗൗരവം ശ്രീജിത്തിന്റെ കവിതയെ സമകാലിക മാക്കുന്നു. മാറ്റങ്ങള്‍ക്കു മുമ്പില്‍ നിഷ്ക്കളങ്കനായ ഒരു കുട്ടിയെപ്പോലെ അന്തം വിടുന്ന മുതിര്‍ന്ന ഒരാള്‍ കവിതയിലുണ്ട്. അന്തമില്ലായ്മകളില്‍ നിന്ന് ‘ഉളുപ്പില്ലാത്ത’ ചില ചോദ്യങ്ങള്‍ ഉണ്ടാകുന്നു. ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായും ഒട്ടേറെ മുനകളുണ്ട്. രസധ്വനിയെന്നും വസ്തുധ്വനിയെന്നും പാരമ്പര്യ വാദികള്‍ പാരമ്പര്യ കവിതകളില്‍ ആരോപിച്ചെടുക്കുന്നവയ്ക്ക് പുറത്തുള്ള കവിതയുടെ സൂക്ഷ്മ ധ്വനികളാണത്. പരമ്പരാഗത ആയുധങ്ങള്‍ പകച്ചു നില്‍ക്കുന്ന വാക്കുകളുടെ പടയോട്ടമാണത്. അക്കിത്തത്തെപ്പോലെ വാക്കുകളില്‍ ദത്തശ്രദ്ധനായ ഒരു കവിയ്ക്ക് പുതുകവിതയെ സഹിഷ്ണുതയോടെ, സഹജമായ വിനയത്തോടെ കാണാനാകുന്നു. കാരണം പാരമ്പര്യ വിച്ഛേദമല്ല , പാരമ്പര്യ നവീകരണമാണ് പുതുകവിതയുടെ അടയാളം. നവീകരിച്ച ഭാവുകത്വത്തിന് മാത്രമേ അത് കാണാനാകൂ എന്ന് മാത്രം. പഴയ ശീലങ്ങളില്‍ അഭിരമിച്ച്, മതിമറന്ന പാരമ്പര്യ തലക്കനങ്ങള്‍ക്ക് പിടികിട്ടുകയില്ല വാക്കിന്‍റെ പുതു പിറവികള്‍.

മികച്ച രചനയ്ക്ക് കുട്ടിയുടെ മുഖച്ഛായയാണ്. നാളേക്ക് മുതിരാനുള്ള മനസ്സും ശരീരവും. രാജാവിനെ തുണിയുരിച്ച് കാണിക്കുന്ന നിഷ്കളങ്കതയാണ് കൊച്ചു വാക്കിലെ ആ വലിയ വര്‍ത്തമാനങ്ങള്‍. എന്നും യുവാവായിരിക്കാനുള്ള മാര്‍ക്കണ്ഡേയ നിയോഗം ചില രചനകള്‍ക്കുണ്ട്. ഇന്നും പുതുകവിതയുടെ മുഖച്ഛാ യുള്ള അക്കിത്തത്തിന്റെ ഒരു കവിതയാണ് ‘പൊരുളറിയില്ല’ എന്നത്. കവിതയിങ്ങനെ-

”ആലപ്പുഴയൊരുപുഴയല്ലേ
പാലക്കാടൊരു കാടല്ലേ
എറണാകുളമൊരു കുളമല്ലേ ? പൊരു-
ളറിയാന്‍ കഴിയുന്നില്ലമ്മേ..

ഏട്ടനോടും ഞാന്‍ ചോദിച്ചു
എട്ടത്തിയോടും ഞാന്‍ ചോദിച്ചു
പാല്‍ക്കാരിയോടും മത്തികൊട്ട –
പോക്കരോടും ഞാന്‍ ചോദിച്ചു
പട്ടണമെന്നു പറഞ്ഞെന്നെ
പറ്റിക്കുകയാണെപ്പേരും
വാക്കിലെ ഗുട്ടന്‍സറിയാത്തവരുടെ
വാക്കെങ്ങനെ ഞാന്‍ ശരി വെയ്ക്കും”

( പൊരുളറിയില്ല – അക്കിത്തം, തെരഞ്ഞെടുത്ത കവിതകള്‍. ഡി.സി.ബുക്സ്)

പൊരുളറിയാതെ അസ്വസ്ഥനാകുന്ന ഒരു കുട്ടി ഈ കവിതയിലുണ്ട്. അമ്മയിലേക്കും, ഏട്ടനിലേക്കും, എട്ടത്തിയിലേക്കും നാടറിയാമെന്നു കരുതുന്ന അയല്‍ക്കാരിലേക്കും നീളുന്ന ഒരു ചോദ്യവും ഈ കവിതയിലുണ്ട്. സ്ഥലത്തെ സംബന്ധിച്ച ഭൂമിശാസ്ത്ര ബോധ്യങ്ങളല്ല പേരിലുള്ളത്. സ്ഥലത്തിനും നാമത്തിനുമിടയില്‍ വലിയ അകലം എന്തു കൊണ്ട് വന്നു എന്ന ചോദ്യം ഉന്നയിക്കാന്‍ ഒരു കുട്ടിയ്ക്കേ കഴിയൂ. ഈ അകലം ശ്രീജിത്തിന്റെ കവിതയിലേത് പോലെ സ്ഥലം, കാലം, വിശ്വാസം, സമൂഹം, പ്രത്യയശാസ്ത്രം എന്നിവയിലുണ്ടായ തിരിച്ചറിയാനാകാത്ത വന്‍വിള്ളലുകളാണ്. ജൈവികമായ നഷ്ടങ്ങളിലേക്ക് ആ ചോദ്യം നീളുന്നു. ഒരിക്കലും കൃത്യ പ്പെടുത്താനാകാത്ത യുക്തികള്‍, അയുക്തികള്‍, സ്വത്വ സംബന്ധമായ സന്ദേഹങ്ങള്‍ ‘മിഥ്യാവലയിത’മായ സമകാല ജീവിതത്തിന്റെ ഗുട്ടന്‍സുകള്‍ ഇങ്ങനെ..

akkitham-achuthan-nambudiri

സത്യസന്ധമായ ചൊടിപ്പിക്കല്‍ ഈ കവിതയെ ഒന്നാന്തരം അസംബന്ധമാക്കി മാറ്റുന്നു. “പപ്പടം വട്ടത്തിലാവുക കൊണ്ടാകാം പയ്യിന്റെ പാല് വെളുത്തതായി” എന്ന കുഞ്ഞുണ്ണിക്കവിതയിലും ശൈശവ സഹജമായ അസംബന്ധ യുക്തിയുണ്ട് .

ഒരു കുട്ടിയെപ്പോലെ സ്ഥല -കാലങ്ങളെ അപനിര്‍മിക്കുന്ന സവിശേഷമായ’മാപ്പിംഗ് ‘ പുതുകവിതകളിലുമുണ്ട് .

ഷാജി അമ്പലത്തിന്റെ ‘ചേര്‍ത്തു പിടിച്ച അകലങ്ങള്‍ ‘അത്തരം ഒരു കവിതയാണ് .

”അകലങ്ങളെ
ശകലങ്ങളാക്കി വെട്ടിയെടുത്ത്
അടുക്കിവെക്കുന്നുണ്ട്.
ഒരു നഗരവും
ഊര്‍ന്നുപോകാതെ
എന്നാല്‍
കന്യാകുമാരിയെ
കാസര്‍ഗോട്ടേക്കും
കൊച്ചിയെ
കോഴിക്കോട്ടേക്കും
ചേലക്കരയെ
മാവേലിക്കരയിലേക്കും മാറ്റും
………………………….
………………………….
………………………….
മൈലുകള്‍ക്കപ്പുറത്തു നിന്ന്
നിന്നെ എടുത്തുമാറ്റി
അയല്‍പക്കത്ത്
താമസിപ്പിച്ചിട്ടുണ്ട്.
ഇനി ബസ്സും കാറും
കയറി പോവണ്ടല്ലോ
നിന്നെ ഒന്ന് ഉമ്മ വെക്കാന്‍”

(ചേര്‍ത്തു പിടിച്ച അകലങ്ങള്‍ -സൈകതം ബുക്സ് )

അകലങ്ങളെ ശകലങ്ങളാക്കി ചേര്‍ത്തു പിടിച്ച് സ്ഥലത്തെ, കാലത്തെ അപനിര്‍മിക്കുന്ന ഒരു കുട്ടിയുടെ വികൃതികള്‍ ഈ കവിതയിലുണ്ട് . ’അകലങ്ങളാകുന്ന കാലം ‘ എന്ന് രാജു വള്ളിക്കുന്നം എഴുതിയതും ഇവിടെ ഓര്‍ക്കേണ്ടതാണ് (അകലം – ഇലകളില്‍ കാറ്റ് , കറന്റ് ബുക്സ് )

akkitham-achuthan-nambudiri-2

ലതീഷ് മോഹന്റെ ‘ചങ്ങനാശ്ശേരി വേണ്ടെന്നു വെച്ചാലെന്താണ് ‘ എന്ന കവിതയിലും സ്വന്തം ഭൂപടം സ്വന്തമായി വരച്ചെടുക്കാന്‍ വെമ്പുന്ന ഉന്മാദമുണ്ട്.

”കോട്ടയത്തുനിന്നും തിരുവല്ലയിലേക്ക്
പോകുന്നു ഒരത്യാവശ്യം.
അതിനിടയിലാണ് ഒരാവശ്യവുമില്ലാതെ
ചങ്ങനാശേരി.
പണ്ടൊരു അത്യാഹിതത്തിന് മുമ്പേ
വീടെത്താന്‍ പാഞ്ഞപ്പോഴും
ഇടയില് കയറി താമസം വരുത്തിയിരുന്നു .
അന്നേ ചിന്തിക്കുന്നതാണ്
ചങ്ങനാശേരി എന്തിനാണ് ?
………………………….
………………………….
………………………….
നമ്മുടെ ഭൂപടങ്ങള്
നമ്മള് തന്നെ
വരച്ചാലെന്താണ് ?

(ലതീഷ് മോഹന്‍, ചെവികള്‍ ചെമ്പരത്തികള്‍, ഡിസി.ബുക്സ് )

”അനുഭവരാശിയുടെ അയുക്തികമായ വികേന്ദ്രിതാവസ്ഥയില്‍ സമഗ്രദര്‍ശനത്തിന്റെ അസാധ്യത… അടിസ്ഥാനപരമായ അവ്യവസ്ഥ’’ എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് ലതീഷ് മോഹന്റെ കവിതാ സമാഹാരത്തിന് കൊടുത്ത മുഖവാചകങ്ങള്‍ ഈ കവിതയ്ക്ക് ഏറെ ചേര്‍ന്നതാണ് .

അക്കിത്തം, രാജു വള്ളിക്കുന്നം, ഷാജി അമ്പലത്ത്, ലതീഷ് മോഹന്‍ എന്നിവര്‍ ഇടത്തെ വകതിരിച്ചറിയുന്നത് കാവ്യാത്മകമായ (അ) വിവേകത്തോടെയാണ്.

പുതുകവിത പുതുതല്ലെന്നു പറയാനല്ല, അക്കിത്തം പുതുകവിയാണെന്ന്‌ ഉറപ്പിക്കനുമല്ല നാം ശ്രമിക്കേണ്ടത്. കവിതയിലെ ഓരോ പുതുമഴ പെയ്ത്തും എന്നോ എപ്പോഴോ ആകാശം സ്വരൂപിച്ചെടുത്ത ജലനിക്ഷേപമാണെന്ന മഹാകാരുണ്യമാണ് അഭിവ്യക്തമാക്കേണ്ടത്…

പ്രസാദ് കാക്കശ്ശേരി (‘ഉപദ്ധ്വനി’ അക്കിത്തം കവിതാപതിപ്പ്, 2011)
ഇല്ലസ്ട്രേഷൻ – സുർജിത്ത് സുരേന്ദ്രൻ

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...