ഇമേജസ് ഓഫ് എൻകൗണ്ടർ സെപ്തംബർ പതിനഞ്ചിന്

0
375
images-of-encounter-wp

ഏകലോകം ട്രസ്റ്റ് ഫോർ ഫോട്ടോഗ്രാഫിയുടെ (ഇ.ടി.പി) ആഭിമുഖ്യത്തിൽ ഇമേജസ് ഓഫ് എൻകൗണ്ടർ (Images of Encounter) എന്ന പേരിൽ ഒരു ഓൺലൈൻ ഫോട്ടോഗ്രാഫി പ്രദർശനം സംഘടിപ്പിക്കപ്പെടുകയാണ്. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാരെ ഒരുമിച്ച്‌ കൂട്ടി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു മുൻനിര സംഘടനയാണ് ഇ.ടി.പി. ഫോട്ടോഗ്രാഫി മേഖലയിലെ ഏറ്റവും മികച്ചതും, നൂതനവുമായ ആശയങ്ങൾ പിന്തുടരാനും, പുതിയ ശൈലികൾ വളർത്തിയെടുക്കാനും ഇ.ടി.പി. ബദ്ധശ്രദ്ധരാണ്. നാമെല്ലാവരും വലിയൊരു മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുന്ന സന്ദർഭമാണിത്. സ്ഥലം, ദൂരം, സമയം തുടങ്ങിയ പല മനുഷ്യ നിർമ്മിത ആശയങ്ങൾക്കും ഈ പുതിയ വിപത്തിന്റെ വരവോടെ മങ്ങലേൽക്കപ്പെട്ടിരിക്കുന്നു. ഈ അവസരത്തിൽ ഓൺലൈൻ പ്രദർശനങ്ങൾക്ക് ഒരുപാട് പ്രസക്തി കൈവന്നിരിക്കുന്നു. ഇമേജസ് ഓഫ് എൻകൗണ്ടർ ഈ ദിശയിലുള്ള ഒരു ചുവട് വെയ്പ്പാണ്.

അപ്രതീക്ഷിതവും, ആകസ്മികവുമായ സംഭവങ്ങളാണ് പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഗതി തിരിച്ചു വിടുന്നത്. ഇത്തരം ആകസ്മിക സംഭവങ്ങൾക്ക് കലാകാരന്മാരെയും, അവരുടെ സൃഷ്ടികളെയും സ്വാധീനിക്കുന്നതിൽ വലിയ പങ്കുണ്ട്. ഫോട്ടോഗ്രാഫർമാരെ സംബന്ധിച്ചിടത്തോളം എൻകൗണ്ടർ എന്ന വാക്കിന് ഒരുപാട് പ്രാധാന്യമുണ്ട്. പുറത്ത് പ്രവർത്തന മേഖലയിലും, അകത്ത് ഡാർക്ക് റൂമിലും, കംപ്യൂട്ടറിലും ഒരു ഫോട്ടോഗ്രാഫർ നേരിടുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് അയാളുടെ സൃഷ്ടികളെ നിർവചിക്കുന്നത്. ഈ സംഭവങ്ങളിൽ ചിലത് സന്തോഷം നൽകുന്നതായിരിക്കാം, മറ്റുചിലത് നിരാശാജനകവുമാകാം. അവ ഏതുതരത്തിൽ ഉള്ളതായാലും, ഒരു ഫോട്ടോഗ്രാഫർ തിരഞ്ഞെടുക്കുന്ന പാതയിൽ അത്തരം അനുഭവങ്ങൾ ഒരുപാടുണ്ടാകും. ഇമേജസ് ഓഫ് എൻകൗണ്ടർ ഇത്തരത്തിലുള്ള ആകസ്മിക സംഭവങ്ങളുടെ കഥയാണ്.

ലോകമെമ്പാടുമുള്ള പല മികച്ച ഫോട്ടോഗ്രാഫർമാരും ഈ പ്രദർശനത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉയർന്നുവരുന്ന പല ഫോട്ടോഗ്രാഫർമാരും, ഫോട്ടോ ആർട്ടിസ്റ്റുകളും ഈ പ്രദർശനത്തിൽ പങ്കാളികൾ ആകുന്നുണ്ട്.

കോവിഡ് മഹാമാരി നിയന്ത്രണവിധേയമാകുന്ന അവസരത്തിൽ ഈ പ്രദർശനം വലിയ രീതിയിൽ വിവിധ വേദികളിൽ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

താഴെപറയുന്ന ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളായിരിക്കും ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തുക. ലിന ഇസ്സ, നവീൻ ഗൗതം, വിനീത് ഗുപ്ത, അലക്‌സ് ഫെർണാണ്ടസ്, പാർഥിവ് ഷാ, റോബർട്ട് നിക്കേൽസ്ബർഗ്, മാർട്ടിൻ പാർ, യാനിക്ക് കോർമ്മിയർ, റാണിയ മതർ, രാമു അരവിന്ദൻ, ഷിൻജി പെങ്, സ്വരത് ഘോഷ്, താഹ അഹമ്മദ്‌, ടി നാരായൺ, അരുൺ ഇൻഹാം, റമിത് കുഞ്ഞിമംഗലം, ദിനേഷ് ഖന്ന, ദേബ്മല്യ റേ ചൗധരി, മുകുൾ റോയ്, സുനിൽ ഗുപ്ത, നിക് ഒസ, ആർ ആർ ശ്രീനിവാസൻ, പുനലൂർ രാജൻ, അബുൽ കലാം ആസാദ്, ഷിബു അറക്കൽ, റാം റഹ്മാൻ, ഫാബിയൻ ഷാരോ, ഡേവിഡ് ബേറ്റ്, ചന്ദൻ ഗോമസ്.

സെപ്തംബർ പതിനഞ്ചിന് ആരംഭിക്കുന്ന ഓൺലൈൻ പ്രദർശനത്തിന്റെ ലിങ്ക് ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്ന് ഏകലോകം ട്രസ്റ്റ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here