Homeസാഹിത്യംടി കെ ഉണ്ണി-പ്രവാസലോകത്തെ 'ഗോവിന്ദൻ' സാന്നിധ്യം

ടി കെ ഉണ്ണി-പ്രവാസലോകത്തെ ‘ഗോവിന്ദൻ’ സാന്നിധ്യം

Published on

spot_imgspot_img

സിന്ധുല രഘു

പണ്ട് പൊന്നാനിയിൽനിന്ന് മറുനാട്ടിൽ കുടിയേറി മലയാളത്തിലെ ആധുനികസാഹിത്യത്തെ പരിപോഷിപ്പിക്കാൻ സ്വജീവിതം അർപ്പിച്ച ഒരു കവിയുണ്ടായിരുന്നു. മലയാളത്തിൽ പുതുനാമ്പുകളായി വന്ന് പിന്നീട് എണ്ണപ്പെട്ടവരായി നമ്മുടെ സാഹിത്യത്തിൽ നിറഞ്ഞുനിന്ന പലർക്കും വഴികാട്ടിയും വെളിച്ചവുമായി നിന്നത് എം ഗോവിന്ദൻ എന്ന പൊന്നാനിക്കവി ആയിരുന്നു. കടമ്മനിട്ട, അയ്യപ്പപ്പണിക്കർ തുടങ്ങി പലരും ആ തണലേറ്റ് പടർന്നു പന്തലിച്ചവരാണ്. യാദൃച്ഛികമായിട്ടാകാം പൊന്നാനിയിൽ ജനിച്ചു വളർന്ന ടി കെ ഉണ്ണി എന്ന കവിയും ആ നിയോഗത്തിൽ ആത്മസംതൃപ്തിയും നിസ്വാർത്ഥസ്നേഹാധിക്യവുംകൊണ്ട് പ്രവാസിക്കവികൾക്ക് തണലായിത്തീർന്നത്.

മലയാളപ്രവാസസാഹിത്യത്തില്‍ ശ്രദ്ധേയരായിത്തീര്‍ന്ന ഒരുപാട് എഴുത്തുകാരെ വളര്‍ത്തിക്കൊണ്ടുവന്നതില്‍ ടി കെ ഉണ്ണിക്ക് നിര്‍ണ്ണായകപങ്കുണ്ട്. മനുഷ്യന്‍ എന്ന ബിംബത്തെ മനോഹരമാക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ ജീവിതവിചാരം. ഇതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ കലാവിചാരവും. അദ്ദേഹത്തിനു ചുറ്റും മനുഷ്യർ നിറഞ്ഞു പ്രത്യക്ഷപ്പെട്ടത് മറ്റുള്ളവരുടെ സൃഷ്ടിവൈവിധ്യങ്ങളായിട്ടാണ്. അവയെല്ലാം ലോകത്തിനു മുന്നിൽ എത്തിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. *ഇന്നു ഞാൻ വായിച്ച കവിത* എന്ന ശീർഷകം യഥാർത്ഥത്തിൽ ഇന്നു ഞാൻ കണ്ട മനുഷ്യജീവിതത്തിന്റെ നന്മബിംബങ്ങളായിരുന്നു ടി കെ ഉണ്ണി എന്ന മഹാമനുഷ്യന്. അവയൊക്കെ പെറുക്കിയെടുത്ത് തനിക്കു ചുറ്റുമുള്ള കവികളെ അദ്ദേഹം വെളിച്ചത്തിന്റെ പതാകാവാഹകരാക്കി വിജയപീഠങ്ങളിലേയ്ക്ക് നയിച്ചു. പ്രവാസലോകത്തെ ഒരു കവിക്കും ആ ദീപസ്തംഭത്തെ വലംവയ്ക്കാതെ മുന്നോട്ടു പോകാനൊക്കില്ല. സ്വന്തം കവിതകൾ മാത്രം കച്ചവടം ചെയ്യാൻ തത്രപ്പെടുന്നവർക്കിടയിൽ ഈ ‘ഗോവിന്ദസാന്നിധ്യം’ ദിവ്യപ്രഭയോടെ വിളങ്ങിനിൽക്കുന്നു.

ദൈവത്തെ, ദൈവങ്ങളെ, ദൈവസങ്കല്പങ്ങളെ ആരാധിക്കുന്ന ആ സച്ചരിതനെക്കുറിച്ചാണ് എനിക്ക് നിങ്ങളുടെ സമക്ഷത്തിൽ ബോധ്യപ്പെടുത്താനുള്ളത്. രക്ഷിതാക്കള്‍ക്കും ഗുരുനാഥന്‍മാര്‍ക്കും ആദരവും ബഹുമാനവും ആവോളം കൊടുക്കുന്ന ഒരപൂർവ്വവ്യക്തി. മറ്റുള്ളവര്‍ക്ക് സ്നേഹോഷ്മളതമാത്രം സമര്‍പ്പിക്കുന്ന ഒരാൾ. ഇതല്ലാതുള്ളതെല്ലാം അനൌചിത്യമായി ഈ സച്ചരിതമാനസം കണക്കാക്കുന്നു. ഇദ്ദേഹത്തിന് ആചാരങ്ങൾ തങ്ങളിലെ വൈജാത്യങ്ങളുടെ സംരക്ഷിതരൂപമാണ്. സഹജീവനത്തിന്റെ വൈരൂപ്യവുമാണ്. വ്യര്‍ത്ഥമായ പ്രമാണങ്ങളുടെ ശുദ്ധനഗ്നതാരൂപങ്ങളാണ്. സമസ്ത സമൂഹത്തിന്റെയും വൈകാരികകാപട്യത്തെ തുറന്നുകാട്ടാനുള്ള വ്യഗ്രത ഇദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞുനിൽക്കുന്നു. ആശ്രിത സമൂഹത്തിന്റെ ഉല്‍പ്പന്നമായിട്ടാണ്‌ വിശ്വാസത്തെ അദ്ദേഹം വിലയിരുത്തുന്നത്. വിചിത്രമായ ആ ഉല്‍പ്പന്നത്തിന്റെ അടിത്തറയിലാണ് ആദ്യകാലവൈചിത്യങ്ങളുടെ പിറവികള്‍ ഉണ്ടായതെന്ന് ഈ കവിയിലെ ദളിതാഭിമുഖ്യം ശരിയായി ചരിത്രത്തെ രേഖപ്പെടുത്തുന്നു. ഈ ആശ്രിതസമൂഹം എങ്ങനെ രൂപപ്പെട്ടു എന്ന് അദ്ദേഹം കുറിച്ചിടുന്നത് നോക്കൂ:

“ഈ പ്രപഞ്ചത്തില്‍ ജീവന്റെ തുടിപ്പുള്ള ഭൂമിയില്‍ അന്തേവാസികളായ മനുഷ്യര്‍ സമൂഹമായി ജീവിതപ്രയാണം എന്നതിന്റെ പ്രസക്തിയെക്കുറിച്ച് അനാദികാലം മുതല്‍ക്കേ ബദ്ധശ്രദ്ധരായിരുന്നു എന്നതുകൊണ്ടാണ് നമ്മള്‍ ആശ്രിത സമൂഹം ആയിത്തീര്‍ന്നത്…!! “(സമൂഹം, കോലങ്ങൾ എന്ന ബ്ലോഗിൽ)

ഒരാശ്രിതസമൂഹമായി ജീവിക്കേണ്ടിവരുമ്പോൾ ആരെയും കണ്ണടച്ചു വിശ്വസിക്കരുതെന്നും പ്രതിബദ്ധത നിറഞ്ഞ ഈ കവി ഓർമ്മിപ്പിക്കുന്നുണ്ട്. അംബേദ്കറെപ്പോലുള്ള ലളിത് ചിന്തകർ എന്നും അവലംബമാക്കിയിരുന്ന ബുദ്ധദർശനത്തിൽനിന്നു തന്നെയാണ് ടി കെ ഉണ്ണി ഊർജ്ജം കണ്ടെത്തുന്നത്:

“നിങ്ങളുടെ സ്വന്തം കാരണങ്ങളെക്കൊണ്ടും സ്വന്തം ബുദ്ധിശക്തികൊണ്ടും വിയോജിക്കുന്നുവെങ്കില്‍ എന്തായാലും എവിടെ വായിച്ചതായാലും ആര് പറഞ്ഞതായാലും ഞാന്‍ തന്നെ പറഞ്ഞതാണെങ്കില്‍ പോലും ഒന്നും വിശ്വസിക്കരുത് !” (വിശ്വസിക്കരുത്..!,കോലങ്ങൾ എന്ന ബ്ലോഗിൽ)

tk-unni

ചിന്തകളുടെ ആഴങ്ങളിൽനിന്ന് കവിതയുടെ പുലരിപ്പൂങ്കനലുകളിലേക്കും ഉന്മാദകേളികളിലേക്കും നമുക്കൊന്നു ചുറ്റിയടിച്ചുവരാം. പകൽ കൊഴിയുന്ന പൂക്കൾ രാവിൽ താരങ്ങളായി തിളങ്ങുന്നു എന്ന പ്രയോഗം കവിയിലേക്കുള്ള ജാലകമാണ്. വെയിലിൽ മറഞ്ഞിരിക്കുന്ന മേഘങ്ങൾ കടലലകളായി അട്ടഹസിക്കുന്നു എന്നുകൂടി സൂചിപ്പിക്കുന്നതോടെ ടി കെ ഉണ്ണിയുടെ കവിതയുടെ രചനാരസതന്ത്രം തന്നെയാണ് വെളിവാക്കപ്പെടുന്നത്. വീണടിയുന്ന ജീവിതങ്ങളാണ് ഈ കവിയുടെ അസംസ്കൃതവസ്തു. അവയ്ക്ക് നക്ഷത്രകാന്തി നൽകുക മാത്രമല്ല കവി ചെയ്യുന്നത്, കരളിൽ പതിയിരിക്കുന്ന മേഘങ്ങളുടെ ഇടിമുഴക്കം പകർന്ന് അടങ്ങാത്ത അലകളാക്കി പരിവർത്തിപ്പിക്കുകകൂടി ചെയ്യുന്നു. തന്റെ ഈ രചനാതന്ത്രത്തെ കവി ഇങ്ങനെ സംഗ്രഹിക്കുകയും ചെയ്യുന്നുണ്ട്:

” ഉള്ളിലൊളിപ്പിച്ചുള്ളൊരാഴക്കടലിന്റെ
കണ്ണീരായ്ത്തീർന്നൊരു കരിമുകിലേ
വർഷം മറന്നുനീ കേളികളാടുമ്പോൾ
ദാഹത്താൽ കേഴുന്നു വേഴാമ്പലും.!”

വന്മരംപൊന്മല, പൊന്നുംകുടം, പൈമ്പാലൊളി, പൂന്തേനരുവി, പൂച്ചെടി, പൂമ്പൊടി, പൂമ്പാറ്റ, മഞ്ഞുതുള്ളി, വൈഡൂര്യം തുടങ്ങിയ സുന്ദരപദങ്ങൾ മാത്രമല്ല മരയോന്ത്, കാർക്കോടകൻ തുടങ്ങിയ വിരുദ്ധപദങ്ങളും ആ വാർപ്പിൽ കവി ചേർത്തുവിളക്കുന്നുണ്ട്.

കവിയുടെ ഭൂതക്കണ്ണാടിയിൽ പതിയുന്നത് വർണ്ണമഴ തോൽക്കുന്ന മൊഴിമുത്തുകൾകൊണ്ട് പ്രകൃതിയെ നഗ്നമാക്കുന്ന ഒളിസേവക്കാരുടെ അരുതായ്മകളാണ്. ഈ കാഴ്ചവട്ടത്തിൽ മനുഷ്യവംശത്തിന്റെ തന്നെ കൊള്ളരുതായ്മകൾ പ്രതിഫലിപ്പിക്കപ്പെടുന്നു:

” കാമരതിലീലകൾക്ക് സ്ഥല-
കാലഭേദങ്ങളന്യമായവർ
നമ്മൾതൻ വംശവൃക്ഷ-
ക്കാരണവന്മാർ, ആണിവേരുകൾ
യോദ്ധാക്കൾ, സ്ത്രീത്വം-
മാതൃത്വമെന്നട്ടഹസിപ്പോർ,
യോനീപൂജയും ലിംഗാരാധനയും
സായൂജ്യമാക്കിയോർ”

പ്രപഞ്ചത്തെ മെതിയടിക്കുള്ളിലാക്കി വൃഷണം ചൊറിയുന്ന സംരക്ഷകരായി അവർ ഭാവിക്കുന്നു. അസഹിഷ്ണുത ആഘോഷിക്കുന്നതിന്റെ ഉന്മാദകേളിയിലാണ് മനുഷ്യർ ചെന്നെത്തിനിൽക്കുന്നത്. അവർക്ക് അളവും കളവും ഒന്നാണ്. അളവില്ലാത്ത തെളിവുപോലെയാണ് കളഞ്ഞുപോയ കളവുകൾ ഇന്നത്തെ കളവുകൂട്ടങ്ങളിൽനിന്ന് വ്യത്യസ്തമായൊരു തലമുറയും നമ്മുടെ പൈതൃകത്തിന്റെ ഈടുവെപ്പുകളിൽ എവിടെയോ ഉണ്ടായിരുന്നു എന്നും കവി അയവിറക്കുന്നുണ്ട്:

” പണ്ടെന്റെപ്രിയരാം പ്രപിതാക്കൾ,
പഞ്ചപാവങ്ങളായവർ
അറ്റുപോയ കുറ്റങ്ങളെ വരണമാല്യം
ചാർത്തിത്തെളിഞ്ഞവർ
തോറ്റുപോയ ജനങ്ങൾക്ക്
ഉയിരിന്നുയിരേകിത്തളർന്നവർ
ഏറ്റെടുത്ത ദൗത്യങ്ങൾ
നെഞ്ചേറ്റിത്തിളങ്ങിയ മന്നവർ.”

വിശാലമാനവീകതയുടെ പ്രതലത്തിനിടയിൽ വർത്തമാനകാലസങ്കോചലോകത്തിൻറെ ദുഷിച്ച നീതിനിയമവ്യവസ്ഥകളിലേക്കും ഈ കവിയുടെ കണ്ണെത്തുന്നുണ്ട്. സത്സ്വഭാവിയാവാനെന്തുചെയ്യണം എന്ന ചോദ്യത്തിന്റെ ഉത്തരാവലി കവി സമർപ്പിക്കുന്നത് കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞാണ്. താലൂക്കേമാനും തഹസീൽദാരും പരിവാരങ്ങളും ശിങ്കിടികളും കനിയണമെങ്കിൽ അവർക്കു മുന്നിൽ കുനിയണം. കാണിക്ക വെക്കണം, പ്രസാദിപ്പിക്കണം, സൽസ്വഭാവമുദ്ര കനിഞ്ഞുകിട്ടാൻ കടക്കേണ്ട കടമ്പകൾ അനവധിയാണ്. ഉന്മാദകേളികൾ പുതിയ കാലത്തിൻറെ നേർചിത്രങ്ങൾ ഒന്നുകൂടെ സൂക്ഷ്മമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള വാങ്മയങ്ങളാണ്. നമ്മളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് കാലഘട്ടത്തിൻറെ ഭരണകൂടഭീകരത കവിയെ വീർപ്പുമുട്ടിക്കുന്നു. കണ്ണും കരളും നാക്കും വാക്കും അറുത്തെടുത്ത് നാക്കിലയിൽ ദക്ഷിണയായി സമർപ്പിക്കേണ്ട കാലം. സ്വാതന്ത്ര്യം മാത്രമല്ല, ജീവൻ പോലും നിലനിർത്താൻ പെടാപ്പാട് പെടേണ്ട കാലം. ആകാശത്തിനും ഭൂമിക്കുമിടയിൽ വിഷപ്പുക മാത്രമേ ഉള്ളൂ. നാമെങ്ങനെ നോക്കണമെന്ന് നിശ്ചയിക്കാൻ നമുക്കു ചുറ്റും ഇന്ന് ആളുകളുണ്ട്. നാമെന്തു പറയണമെന്നും അവർ പറഞ്ഞുതരും. കഴിക്കാനുള്ളതിൻറെ മെനുവും അവർ തന്നെ കനിഞ്ഞുതരും.

കാലത്തെ ചേർത്തുപിടിച്ചു സമകാലികരെയും കൂടെക്കൂട്ടി മുന്നോട്ടു നീങ്ങുന്ന ടി കെ ഉണ്ണി എന്ന പ്രിയകവിക്ക് സ്നേഹാശംസകൾ!

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

google-play-logo

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...