ലിഖിത ദാസ്
രാവിലെയയാൾ മറപൊളിഞ്ഞ
കിണറ്റിൻ കരയിൽ നിന്ന് കുളിച്ചെന്ന്,
കഞ്ഞി കുടിച്ചെന്ന്,
ഒണക്കമീൻ ചുടാനില്ലാത്തോണ്ട്
മുഴ്വോൻ കുടിച്ചില്ലാന്ന്,
കുമാരേട്ടന്റെ ചായപ്പീട്യേൽ നിന്ന്
തേന്മുട്ടായി വാങ്ങിക്കൊട്ന്നൂന്ന്,
ചിന്നമ്മു വല്യേ വായിൽ നെലോളിച്ചു.
“ഈ മണ്ണിന്റടീൽക്ക് ന്നെ ക്കൂടി
വലിച്ചോണ്ടു പോ ദൈവങ്ങളേ..” ന്ന്
മണ്ണിൽ കെടന്നുരുണ്ടു.
ചായത്തോട്ടത്തിലെ പണീം കഴിഞ്ഞ്
വെശന്നു കേറിക്കെടന്നോനാന്നേ ന്ന്
ഓള് മുടി വലിച്ചുപറിച്ചലറി.
അയാളെ ചളീന്ന് തോണ്ടിയെട്ത്തോന്റെ
കണ്ണ് ചോന്ന് വീർത്ത്ട്ട്
രണ്ടൂസായി.
‘ആരെക്കൊന്ന്ട്ടായാലും
പൊര കേറ്റ്യെ ലോണടയ്ക്കണം..’ ന്ന്
പറഞ്ഞോണ്ട് നടന്നോനാന്ന്..
ഇനീപ്പൊ ആരും ചാവൂലല്ലൊ..
പൊരേം ഓന്റൊപ്പം മണ്ണിലേയ്ക്കിറങ്ങ്യോണ്ട്
പിന്നെ ബാങ്ക്ന്നും വരൂലാ..
പാർട്ട്യാപ്പീസിലെ പരീത്
തന്നേം പിന്നേം
ഇതന്നെ പറഞ്ഞോണ്ടിരുന്നു.
ചൊമര്മ്മേ തൂക്കാനൊരു
ഫോട്ടൊയില്ലാന്ന്
ലക്ഷ്മിക്കുട്ടി പിറുപിറുത്തു..
ഇല്ലാത്ത വീടിന്റെ
ഇല്ലാത്ത ചൊമരിലെങ്ങന്യാ ലച്ച്മ്യേ
ഫോട്ടം തൂക്കണത് ന്ന്
ചോദിക്കാൻ വന്നത് കെട്ട്യോന്റെ
തൊണ്ടേൽ കെടന്നൊണങ്ങി.
അച്ഛാച്ചൻ വാങ്ങിത്തന്ന
ചോന്ന ബാറ്ററിക്കാറ് കിട്ട്യോന്ന്
ചെളിവാര്യേ ചേട്ടന്മാരോട്
മറക്കാതെ ചോയ്ക്കണം ന്ന്
അച്ഛന്റെ തോളിൽ കെടന്ന്
കണ്ണൻ കുട്ടൻ പിന്നേം ഓർത്തു.
ജീവിതത്തിന്റെ ഒച്ചയിപ്പൊ
കേൾക്കാനുണ്ട്.
ഇരുട്ടിൽ ഉറക്കത്തിന്റെ അറകളിലേയ്ക്ക്
കാലു ചുരുട്ടി വയ്ക്കുമ്പോ
ഒരു വീടിന്റെ തൂണുതെറ്റി
ചരിഞ്ഞു തെറിയ്ക്കുന്നത് ഞാൻ
ഉണർന്നുപോവാതെ കാണുന്നു.
അതാ…
ജനാലയിടുക്കിൽ നിന്ന് –
പൊളിഞ്ഞ വാതിൽപ്പൊത്തിലൂടെ
ചതഞ്ഞ ഒച്ചകളും സ്വപ്നങ്ങളും
എതിർദിശകളിലേയ്ക്ക്
തെറിച്ചു പോകുന്നു.
ചെളിയിൽ പൂണ്ടുപോയ
ഒരു മനുഷ്യനെ കാണുന്നു.
കണ്ണുകളിൽ, മൂക്കിൻ ദ്വാരത്തിൽ
ചെവിയിൽ, വായിൽ അങ്ങ്
തൊണ്ടവരേയ്ക്കു ചെളി പൂണ്ട്
കഴുത്തൊടിഞ്ഞു പോയൊരാൾ.
മരിച്ചുപോവുന്നതിനു തൊട്ടു മുൻപത്തെ
ഒച്ചമുറിഞ്ഞ നിലവിളിയിപ്പൊ
ചങ്കിൽ മുട്ടിത്തിരിയുന്നുണ്ട്.
കണ്ണെരിഞ്ഞുനീറുന്നുണ്ട്.
തൊലി പൊള്ളുന്നുണ്ട്.
അയാളോട് ചേർന്നുകിടന്ന്
ഒറ്റയാവരുതെന്ന് മിണ്ടാൻ തോന്നി.
എനിയ്ക്ക് കരച്ചിലു വരുന്നേയില്ല.
ഞാനിപ്പൊ അയാൾക്കൊപ്പമാണ്.
ദേഹത്തിപ്പൊ ചെളിമണമുണ്ട്.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.