അജയ് ആർ വി
അയാളെ കുറിച്ച് സംസാരിക്കാൻ മാച്ച് വിധികളും സ്കോർ കാർഡ്കളും ചരിത്ര മുഹൂർത്തങ്ങളും ക്രിക്കറ്റ് ഇതിഹാസങ്ങളും ഉള്ളപ്പോൾ അയാളുടെ ഭാരം ചുമക്കുന്ന എത്രയോ കോടി പേരിൽ ഒരാൾ മാത്രമായ ഞാൻ കേവലം ഒരു ആരാധകൻ എന്നതിനപ്പുറം ഒന്നുമല്ല. അത് മനസിലാക്കാനുള്ള ബോധം നഷ്ടപ്പെടുന്ന ചില നിമിഷങ്ങളുണ്ട്, അത്തരമൊരു സന്ദർഭമായിരുന്നു കഴിഞ്ഞ ദിവസം (15/08/2020) 19:29 ന് ശേഷം. അയാളോട് വഴക്കു പറഞ്ഞു, സങ്കടം അറിയിച്ചു, തീരുമാനം മാറ്റുമോ എന്ന് ചോദിച്ചു….
ഇത്തരം ബോധമില്ലായ്മ ഇന്ത്യയുടെ കളി നടക്കുമ്പോൾ സർവ സാധാരണമാണ്. അയാളോട് മിണ്ടിയും പറഞ്ഞുമാണ് കളി ആസ്വദിക്കുന്നത്. മറുപടി ഗ്രൗണ്ടിലെ തീരുമാനങ്ങളിലും ഡെലിവറി റിസൾട്ട് കളിലൂടെയും അറിയിക്കും. ഇപ്പഴും വിടവാങ്ങലിനെ സംബന്ധിച്ച് അങ്ങനെ ഒരു മറുപടി തന്നിരുന്നതായ് ഓർക്കുന്നു.
2016 T20 വേൾഡ്കപ്പ് പ്രസ് മീറ്റിൽ എന്നാണ് വിരമിക്കുന്നത് എന്ന് ചോദിച്ചപ്പോൾ റിപ്പോർട്ടറെ വിളിച്ചു അടുത്തിരുത്തി “ഞൻ ഇപ്പഴും ഫിറ്റ് ആണ് ഓടാനും ആകുന്നുണ്ട് ” എന്ന് സ്വന്ത ശൈലിയിൽ കൂളായ് മറുപടി നൽകിയ അയാൾക്ക് ഇപ്പോൾ തോന്നി കാണണം സിംഗിളുകളെ ഡബിളാക്കുന്ന മായാജാലത്തിന്റെ വേഗത കുറഞ്ഞിരിക്കണമെന്ന്. കൊറോണ കാരണം ഈ വർഷത്തെ T20 വേൾഡ് കപ്പ് മാറ്റിവയ്ക്കുന്നതിനും , കഴിഞ്ഞ മെയ് ൽ ട്വിറ്ററിൽ #Dhoniretires ട്രന്റ് ആകുന്നതിനും മുന്നേ ഇംഗ്ലണ്ട് മണ്ണിൽ അയാൾ അത് ഉറപ്പിച്ചിരുന്നിരിക്കണം. ന്യൂസിലാന്റിനെതിരെ റൗൺ ഔട്ടായ് തല താഴ്ത്തി മടങ്ങുമ്പോൾ അയാളിലെ ബ്രില്യന്റ് പ്ലാൻ മേക്കർ റിട്ടയർമെന്റ് ഇന്നിംഗ്സ് തുടങ്ങാൻ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു.
താൻ വിശ്വസിച്ചിരുന്ന വേഗതയെ അയാളിലെ കിതപ്പ് പിടിച്ചു കെട്ടിയതിനാലാകാം അപൂർവ്വമായന്നത് സംഭവിച്ചത്. കേവലം 22 വാരം ഓടിയതിന്റെ കിതപ്പായിരുന്നില്ല അത് മറിച്ച് കഴിഞ്ഞ 13 ഓളം കൊല്ലം ഇന്ത്യ ടീമിനെ, ഇന്ത്യയുടെ പ്രതീക്ഷകളെ , വിമർശനങ്ങളെ , സർവോപരി ലോകം കണ്ട ഏറ്റവും ബുദ്ധിശാലിയായ ക്യാപ്റ്റൻ എന്ന പാദവിയെ ചുമന്ന കിതപ്പായിരുന്നു. ആ കിതപ്പിൽ അയാൾ ഡകൗട്ടിലേക്ക് നടന്നു കയറിയപ്പോൾ ഞാൻ മനസാൽ കേട്ടതിനു നേരത്തെ പറഞ്ഞ പോലൊരു മറുപടി തന്നിരുന്നു. “രണ്ട് റണ്ണൗട്ടുകൾക്ക് ഇടയിൽ ഞാനെന്റെ ഇന്ത്യൻ ജേഴ്സി നമ്പർ 7 ഊരി വയ്ക്കുന്നു എന്ന്”
അയാളെ സ്നേഹിച്ച എല്ലാവർക്കും അത് മനസ്സിലായിരിക്കണം പക്ഷേ ഞാനാ സംസാരങ്ങൾ ഞങ്ങൾക്കിടയിൽ മാത്രമുള്ളതായേ കണക്കാക്കൂ കാരണം എനിക്ക് അയാളോട് അത്രമേൽ പൊസസീവാണ്.
അയാളോട് ആദ്യം വഴക്കിട്ട് തുടങ്ങിയത് 4 ൽ പഠിക്കുമ്പോഴാണ്. കാരണങ്ങൾ പലതായിരുന്നു.
ഞാൻ ആരാധിച്ചിരുന്ന സച്ചിനേയും സേവാഗിനേയും കടത്തി വെട്ടി ഒരുത്തൻ മെയ്ൻ ആവുന്നതിന്. അതേ ആൾ ബാറ്റിനെ കൊണ്ട് ഗൺ ഷൂട്ട് സെലിബ്രേഷൻ കാണിക്കുന്നതിന്, നീണ്ട മുടി പോലെ തന്നെ അലസമായ കാടൻ ഷോട്ടുകളിൽ റൺ എടുത്ത് കളിയുടെ സൗന്ദര്യം നശിപ്പിക്കുന്നതിന്, ഒരു ലിറ്റർ പാലിന്റെ കരുത്തിലാണ് ഞാൻ സിക്സ് പറത്തുന്നതെന്ന് പറഞ്ഞ് പറ്റിച്ച് പരസ്യം അഭിനയിക്കുന്നതിന്. അങ്ങനെ നീളും. അപ്പോൾ പറഞ്ഞു വരുന്നന് എന്താണെന്ന് വച്ചാൽ എന്റേതെന്ന് തോന്നിയതിനാലാണ് ഞാൻ അയാളോട് വഴക്കുണ്ടാക്കിയതും സ്നേഹിച്ചതും.
അങ്ങനെ അയാളുടെ ചിത്രമുള്ള നോട്ട് ബുക്കിൽ അയാളുടെ ചിത്രമുള്ള നെയിം സ്ലിപ്പ് ഒടിച്ച് അയാളുടെ പേര് അതിൽ എഴുതി. ആ പേര് അനാവശ്യമായ് ബുക്കിന്റെ പുറക് വശത്തെ പേജുകളിലൂടെ ടെക്സ്റ്റിലും , ഇരിക്കുന്ന ബെഞ്ചിലും അതിലുടെ ബാഗിലും, കുടയിലും, തിന്നു കഴിഞ്ഞ പത്രത്തിലും തിന്നാനൊഴിച്ച ദോശയിലെ കറിയിലും , കറി തെറിച്ച് അഴുക്ക് പറ്റിയ യൂണിഫോമിലും , കറ കഴുകിയിട്ട യൂണിഫോമിലിൽ നിന്നും ചുമരിലേക്കും , റൂമിലേക്കും, ആകപ്പാടെ വീട്ടിലും നിറഞ്ഞു പടർന്നു. വീട് വൃത്തി കേടാവുമെന്ന് കണ്ട് മായ്ചപ്പോൾ കയ്യിൽ കേറി തലവരെ ആയ്. തലക്കുള്ളിലെ സ്വപ്നങ്ങളിൽ വരെ അങ്ങനെ ആ മനുഷ്യനും ആ പേരും എത്തി. അവസനമായ് ആ പേര് അവിടെ നിന്നും മനസ്സിലോട്ട് കേറി ഒരു യമണ്ടൻ ഇരുത്തം ഇരുന്നു. ആ ഒരു ഒറ്റ പേര് സാക്ഷാൽ M S ധോണി. യാ…’ മോനേ എഴുതുമ്പോൾ തന്നെ ഏ ജാതി ഫീലാ….
ഹാ… അപ്പോ, അന്ന് മുതൽ ഇന്ന് വരെ – കാണിയിൽ നിന്നും MSDian വരെ ആയ കഥ അൽപ്പം അഹങ്കാരത്തോടെ പറയട്ടെ. എന്റെ ആധിപത്യം ഉറപ്പിക്കാൻ മറ്റാരെങ്കിലും സ്കൂളിൽ ധോണിയെ പ്രശംസിച്ചാൽ അതിൽ എതിർപ്പ് കാട്ടി നീരസം കൊള്ളും, ധോണി സ്റ്റൈൽ എന്ന് പറഞ്ഞ് മുടി അൽപം നീട്ടി വന്ന ഒരുത്തൻ എന്റെ കുറേ ഉറക്കങ്ങളെ ഇല്ലാതാക്കിയതിനു സ്കൂളിലെ പ്രസംഗത്തിൽ most inspiring person എന്നതിന് ധോണിയെ കുറിച്ച് പറഞ്ഞ് കയ്യടി വാങ്ങി പകരം വീട്ടി. ഇന്ത്യ ധോണിയുടെ ഇന്നിങ്സിൽ ജയിച്ച ആവേശം കൂട്ടാനായുള്ള ചടങ്ങുകൾ രാത്രിയിലെ highlight കാണണത് മുതൽ – രാവിലെ സ്പോർട്സ് പേജ് മന:പാഠമാക്കി സ്കൂളിൽ കസറണതും, വൈകിട്ട് വാർത്ത കീറി ബുക്കിലൊട്ടിക്കുന്നവരെ നീളും.
ഫെയ്സ് ബുക്ക് തുടക്കിയപ്പോൾ തപ്പിയതും ആദ്യമായ് ഫ്രണ്ടാക്കിയതും മഹേന്ദ്ര സിങ് ധോണി എന്ന അകൗണ്ട് . അയാളെ വിശ്വസിച്ച് ചാറ്റിയതിനും ആവേശം കൊണ്ടതിന്നും പൊട്ടനായെന്നറിഞ്ഞ് നിരാശനായതിനും ഇടയിൽ പ്ലസ് ടു തീർന്നു. കോളേജിൽ തുടങ്ങിയ ഇ-മെയിൽ അകൗണ്ട് , Face book , Instagram, പാസ് വേർഡുകൾ എല്ലാത്തിലും 7ആം മാസം 7അം തിയതി ജനിച്ച അയാളുടെ നമ്പർ 7 കൂടെ എടുത്തിട്ടു . C S K ക്ക് വേണ്ടി ജയ് വിളിച്ചും ഹേറ്റേർസിനെതിരെ ശക്തമായ വാദങ്ങൾ നിരത്തിയും അവരുടെ തെറ്റിധാരണകൾ മാറ്റിയും ആവുന്ന പോലെ അയാൾക്കായ് എന്തെങ്കിലും ചെയ്തു എന്ന് മനസ്സിനെ വിശ്വസിപ്പിച്ചു.
Post graduation യിൽ എത്തിയപ്പോൾ ഹോസ്റ്റൽ റൂമിൽ എന്തേലും വരച്ചാൽ ഫൈൻ ഉണ്ടെന്നറിഞ്ഞിട്ടും വരച്ചിട്ടതും ആ ഒറ്റ പേര്.
M S ധോണി – ക്യാപ്റ്റൻ കൂൾ – തല – M S D 7 എന്നെല്ലാം അത് അയാളുടെ വളർച്ചകൊപ്പം മാറി കൊണ്ടേ ഇരുന്നു. അതിനിടയിൽ ICC യുടെ മുന്ന് ട്രോഫിയും ഒട്ടനവധി മറ്റു ജയങ്ങളും അയാളും ടീമും നേടി തന്നു അതേ പോലെ തോൽവികളും . പക്ഷേ ഇന്ത്യയുടെ ജയം ആഘോഷിച്ചവർ തന്നെ തോൽവിയിൽ അയാളെ തളളി പറഞ്ഞു. ക്രൂശിച്ചു. ഒരു പക്ഷേ ഇത്ര അധികം ആരാധകരും അതേ അളവിൽ വിരോധികളും വിമർശകരും ഉള്ള ഒരു താരം , BCCI എടുത്ത തെറ്റായ തീരുമാനങ്ങളിൽ പഴി കേക്കേണ്ടി വന്ന താരം അയാളാകാം.
സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് (അനുയോജ്യമായവൻ അതിജീവിക്കും) എന്ന തിയറി ഏറ്റവും ചേർന്നു നിൽക്കുന്ന കായികത്തിൻ തന്നെ സ്വപക്ഷപാതി , ബയസ്ഡ് ടീം സെലക്ഷൻ , പലരുടേയും കരിയർ തീർത്തവൻ എന്നെല്ലാം ഉള്ള പഴികൾ , അയാൾ സ്വന്തം ഉത്തരവാദിത്തത്തിൽ ഏറ്റെടുത്ത് നടത്തിയ ടീം റൊട്ടേഷൻ പോളിസിയുടെ നല്ല ഫലങ്ങൾ അനുഭവിച്ച് കൊണ്ട് തന്നെ BCCI തലപ്പത്തുള്ളവർ അതിനെ വിമർശിക്കുന്ന അവസ്ഥ.
വിരമിക്കലിനായുള്ള പോർവിളികൾ…… ഊഫ്ഫ്… അയാളും ക്രിക്കറ്റ് കളിച്ചത് ട്രോഫികൾ വീട്ടിൽ കൊണ്ട് വച്ച് തൂക്കി വിക്കാനല്ലല്ലോ രാജ്യത്തിനായല്ലേ…
ശരിയാണ് എന്തൊക്കെ പറഞ്ഞാലും അയാൾ അത്ര വലിയ ക്രിക്കറ്ററായിരുന്നില്ല. പിഴവുകൾ അയാളിലും ഉണ്ടായിരുന്നു. കവർ ഡ്രൈവുകളിൽ കൃത്യത കുറവായിരുന്നു. ഫ്രണ്ട് ഫൂട്ട് ഡിഫൻസിനിണങ്ങിയ ടെക്‌നിക് അയാളിലില്ലായിരുന്നു. അയാളിൻ നിന്നും ക്യാച്ചുകളും സ്റ്റമ്പിങ്ങുകളും കൈ വിട്ടിട്ടുണ്ട്, ഡോട്ട് ബോളുകൾ കുറക്കാൻ കഷ്ട്ടപ്പെട്ടിരുന്നു. ഗെയിം പ്ലാനുകൾക്ക് വീഴ്ച പറ്റിയിരുന്നു. ചുരക്കി പറഞ്ഞാൽ മറ്റു ഇതിഹാസ താരങ്ങളുമായ് താരതമ്യം പെയ്യാൻ പോലും മുശിപ്പിക്കുന്ന വസ്തുതകൾ. എന്നിട്ടും അയാളെ മറ്റാരെക്കാളും നമ്മൾ വിശ്വസിച്ചു. കാരണം അയാളിൽ നിന്നും നമ്മൾക്ക് വേണ്ടിയിരുന്നത് റൺസിനും വിക്കറ്റുകൾക്കും ഉപരി മറ്റു ചിലതായിരുന്നു. അയാളിലെ എക്സ്പീരിയൻസ്ഡ് ആയ തീരുമാനങ്ങൾ അതിൽ നിന്നും ടീമിനു കിട്ടുന്ന നയോപായങ്ങളും നീക്കങ്ങളും അതിൽ കൂടി കാണിക്കളിലേക്ക് എത്തുന്ന പ്രതീക്ഷ. ആ പ്രതീക്ഷ കിട്ടുന്നിടത് മേൽ പറഞ്ഞ വിമർശകർ വരെ ധോണിയെ ഒന്ന് അകറ്റി പിടിച്ചാണെങ്കിലും മനസാക്ഷിയോട് പറയും ഞങ്ങടെ ക്യാപ്റ്റനാണ് എന്ന്. അതാണ് അയാളിലെ കരിഷ്മ.
ഇതേ പ്രസരിപ്പ് കണ്ടിട്ടാണ് ദാദയും സച്ചിനും ഇന്ത്യൻ ടീമിനെ ആ സ്വർണ്ണ മുടിയൻ ചെറുപ്പക്കാരനു ഏൽപ്പിച്ചത്, കോഹിലിയും രോഹിത്തും കൂടെ നിന്ന് പോരാടിയത്, ഒടുവിൽ ധോണി finishes off in style ആയി പാഡഴിക്കുമ്പോൾ കൂടെ മറ്റൊരു താരവും എപ്പഴത്തെയും പോലെ ആയാളുടെ പാത പിൻതുടർന്നത്.
അന്നത്തെ 2004 ഡിസംമ്പർ 23 മുതൽ ഈ ആഗസ്റ്റ് 15 വരെ, നീണ്ടു നിന്ന 5715 ദിവസത്തെ കരിയർ , ഇനി അയാൾക്ക് നേടാനോ ബോധിപ്പിക്കാനോ ഒന്നും തന്നെ ബാക്കിയില്ല. ബാക്കി വച്ചിട്ടുമില്ല.
നിങ്ങളെ മിസ്സാവും എന്നൊന്നു പറയുന്നില്ല. എങ്ങനെ മിസ്സാവാനാണ് കളി കളത്തിലെ കമന്ററികളിൽ നിങ്ങൾ നിറഞ്ഞു നിൽക്കും- ഇനിയും ഇന്ത്യ മധ്യനിര തകർന്ന് പ്രതിസന്ധി നേരിടുമ്പോൾ, കീപ്പിങ്ങിൽ പിഴവുകൾ വരുത്തുമ്പോൾ, അവസാന ഓവറുകളിൽ കൂറ്റനടികൾ കാണാതാവുമ്പോൾ, DRS കൾ പരാജയപ്പെടുമ്പോൾ, സമ്മർദ്ദ നിമിഷങ്ങളിൽ തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ, ഹെലികോപ്റ്റർ ഷോട്ടോ മിന്നൽ സ്റ്റമ്പിങ്ങോ നീണ്ട മുടക്കാരൻ താരത്തയൊ എന്തിന് No : 7 കണ്ടാൽ പോലും ആ ഒരു പേര് കമന്ററി ബോക്സിലിരുന്ന് പറയപ്പെടും. അതെ അപ്പോൾ പിന്നെ എങ്ങനെ മിസ്സാവാനാണ്.
മിസ്സായേക്കാവുന്ന ഒന്നുണ്ട് നിങ്ങടെ ആ ചിരി , ഗ്രൗണ്ടിൽ 10 പേരുടെ ഇടയിൽ നിന്നും നിർദ്ദേശങ്ങൾ നൽകുമ്പോൾ സഹകളിക്കാരന്റെ കഴിവിൽ വിശ്വസിച്ച് അവരെ ബലപ്പെടുത്തുന്ന അതേ ചിരി. That damn smile.
ഇനി കാത്തിരിപ്പാണ്- മഞ്ഞ ജേഴ്സിയിലെ മാമാങ്കത്തിനു ശേഷം ഇന്ത്യയുടെ കോച്ച് ആയ് വരുന്നത് കാണാൻ . 2023 വേൾഡ് കപ്പ് കോഹ്ലിയിൽ നിന്നും ഏറ്റുവാങ്ങുന്നത് കാണാൻ . BCCI യുടെ മാറ്റങ്ങളിൽ പങ്കാളിയാവുന്നത് കാണാൻ . പിന്നെ അവസാനമായ് ഒന്ന് നേരിട്ട് കാണാൻ, എന്നിട്ട് പ്രസംഗ മത്സരത്തിൽ സമ്മാനം കിട്ടാൻ സഹായിച്ചതിന് നന്ദി പറയും – ഞാൻ എങ്ങനയാ ആ മനുഷ്യനെ സ്നേഹിച്ചതെന്ന് കാണിച്ച് കൊടുക്കും – ഒടുവിലായ് എന്നെക്കാൾ വലിയ ഫാനായ മറ്റൊരാളെ അയാൾക്ക് പരിചയപ്പെടുത്തും, എന്റെ അമ്മയെ.
നന്ദി ധോണി.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.