എസ് ജീവൻ കുമാർ
300 സിനിമകൾ , 1000 ലേറെ പാട്ടുകൾ .. . ആദ്യ പടത്തിന്റെ നിർമ്മാതാവ് മുതൽ എത്രയോ പ്രഗൽഭരായ വ്യക്തികൾ ജോൺസൺ മാഷ് എന്ന മലയാളം കണ്ട ഏറ്റവും മികച്ച സംഗീത സംവിധായകന് പ്രതിഫലം കൈമാറിയിട്ടുണ്ടാവും .. എന്നിട്ടും അവസാന പ്രതിഫലം കൈമാറാൻ ഉള്ള നിയോഗം എങ്ങനെ എന്നിൽ വന്ന് പതിച്ചു .. നിമിത്തമോ, നിർഭാഗ്യമോ ?
ജോൺസൺ മാഷിന്റെ ഓരോ ഓർമ്മ ദിവസവും കടന്ന് പോകുമ്പോൾ ഇത് എഴുതണം എന്ന് കരുതും .. പിന്നെ മാറ്റി വെയ്ക്കും .. ഇത്തവണ എന്തോ എഴുതാം എന്ന് തന്നെ കരുതി .
2011 ആഗസ്റ്റ് 14 ആണെന്നാണ് എന്റെ ഓർമ്മ . കൈരളി സ്റ്റുഡിയോയുടെ താഴത്തെ നിലയിലെ മുറ്റത്തുനിന്ന് സിഗരറ്റ് പുകച്ച് തള്ളുകയാണ് ജോൺസൺമാഷ് . തോളിൽ ശരീരത്തിലെ മറ്റൊരു അവയവം പോലെ ഗിറ്റാർ തൂങ്ങിക്കിടക്കുന്നു. സമയം രാത്രി 9 മണി കഴിഞ്ഞിരിക്കുന്നു.. ഗാനസാഗരം എന്ന പരിപാടിയുടെ ഷൂട്ട് അൽപസമയം മുൻപ് അവസാനിച്ചതേ ഉള്ളു . ഗാനരചയിതാവായ ഒഎൻവിയെ ഒരു വാഹനത്തിൽ കയറ്റി വിട്ട ശേഷം പടിക്കെട്ട് ഇറങ്ങിവരുമ്പോൾ എന്റെ കണ്ണുകൾ ജോൺസൺ മാഷിനെ തിരയുകയായിരുന്നു.
ഗാനസാഗരം എന്റെ വർക്ക് ആയിരുന്നില്ല, ആ പരിപാടിയുടെ കോഡിനേറ്റർ റിനീഷ് ആയിരുന്നു, പക്ഷെ അവന് അപ്രതീക്ഷിതമായി പെട്ടെന്ന് കോഴിക്കോടേക്ക് പോകേണ്ടിവന്നു.. അതോടെ അവസാനത്തെ ദിവസത്തെ ഷൂട്ട് ഞാൻ ഏറ്റെടുത്തു. ONV – ജോൺസൺ കോമ്പിനേഷൻസ് ഒന്നിക്കുന്ന ആ പരിപാടിയുടെ പണം ഇടപാടുകൾ ഞാൻ ചെയ്യാമെന്ന് ഏറ്റു . പടികൾ ഇറങ്ങി വരുമ്പോൾ നേരിയ വെളിച്ചത്തിൽ ഞാൻ കണ്ടു, ജോൺസൺമാഷ് നിൽക്കുന്നു.. ഇരുട്ടത്തേക്ക് തെന്നിമാറി ഞാൻ പോക്കറ്റിലിരുന്ന മലയാളം കമ്യൂണിക്കേഷൻസിന്റെ കവർ മാഷ് കാണാതെ തുറന്നു… കവറിന്നുള്ള ചെക്ക് വലിച്ചെടുത്തു നോക്കി ഒരിക്കൽ കൂടി പേര് ഉറപ്പുവരുത്തി ധനലക്ഷ്മി ബാങ്കിന്റെ പർപ്പിൾ നിറമുള്ള ചെക്കിൽ അക്കൗണ്ടൻറ് ഭംഗിയായി എഴുതിയിരിക്കുന്നു Johnson താഴെ സാമാന്യം തെറ്റില്ലാത്ത ഒരു തുകയും.. ഞാൻ മാഷിന്റെ അടുത്തെത്തി മാഷേ എന്ന് വിളിച്ചു.. എവിടെനിന്നാണെന്ന് അറിയില്ല പെട്ടെന്നൊരു കാറ്റടിച്ചു, മാഷിന്റെ കയ്യിലിരുന്ന സിഗരറ്റിന്റെ ചാരം എന്റെയും മാഷിന്റെയും ദേഹത്തേക്ക് ഒരു പോലെ വീണത്.
ദേഹത്തുവീണ സിഗരറ്റ് ചാരം തട്ടി കളയുമ്പോൾ ആത്മഗതം പോലെ മാഷ് പറഞ്ഞു എന്തായാലും കുളിക്കാനുള്ളതാ . നീ മൂപ്പരെ (ONVയെ) വിട്ടോ.. ആള് ചൂടായി ഇരിക്കുകയായിരുന്നു പരിപാടി തീരാൻ വൈകിയത്..
നീ വലിക്കുമോ ജോൺസൺ മാഷിന്റെ അടുത്ത ചോദ്യം, ഞാനൊന്നു പരുങ്ങി.. മലയാളത്തിൻറെ പ്രിയങ്കരനായ സംഗീതസംവിധായകൻ ആണ് സിഗരറ്റ് വലിക്കോ എന്ന് ചോദിക്കുന്നത് . ഒപ്പം നിന്ന് ഒരു സിഗരറ്റ് വലിച്ചാൽ കൊള്ളാമെന്ന് ഉണ്ട്. മനസ്സ് പറയുന്നുണ്ട് പക്ഷേ അനൗചിത്യം കാരണം ഞാൻ വേണ്ടെന്ന് പറഞ്ഞു.. മാഷ് വന്നിട്ട് ഇത് രണ്ടാം ദിവസമാണ് . പ്രമുഖ സംഗീത സംവിധായകരും ഗാനരചയിതാക്കളും ഒന്നിച്ചിരുന്ന് അവർ സൃഷ്ടിച്ച പഴയ പാട്ടുകളെ പറ്റി അനുസ്മരിക്കുന്ന പരിപാടിയാണ് നടന്നുകൊണ്ടിരിക്കുന്നത് . ആദ്യത്തെ ദിവസം ജയകുമാർ സാറും തൊട്ടടുത്ത ദിവസം പൂവച്ചൽ ഖാദറും ആയിരുന്നു ജോഡികൾ . അവസാനത്തെ എപ്പിസോഡ് ഹിറ്റ് ജോഡികളായ ഒഎൻവി -ജോൺസൺ കൂട്ടുകെട്ടിന്റെ നല്ല പാട്ടുകൾ ..
നന്നായി പാട്ട് പാടുന്ന അജയൻ ചേട്ടൻ ആണ് പ്രൊഡ്യൂസർ. സ്പോട്ടിൽ വച്ച് പാട്ടെഴുതി ഈണം സൃഷ്ടിക്കുന്ന ഒരു സെഗ്മന്റെ അടക്കം വളരെ ആസ്വാദ്യകരമായിരുന്നു ഷെഡ്യൂൾ. റിനീഷ് ആയിരുന്നു കോഡിനേറ്റർ എങ്കിലും പാട്ടിനോടുള്ള അഭിനിവേശം കൊണ്ട് താഴത്തെ സ്റ്റുഡിയോയിൽ ഞാനും ഇടയ്ക്ക് ചെല്ലും.. ജോൺസൺ മാഷ് ജീവിതത്തിലാദ്യമായി ഇത്ര അടുത്ത് കാണുന്നതും അടുത്തിടപഴകുന്നതും അപ്പോഴാണ് പരിപാടിയുടെ ഇടവേളകളിൽ മാഷ് സിഗരറ്റ് വലിക്കാൻ ഇറങ്ങും.. അപ്പം ഞാനും ചെന്ന് അടുത്ത് നിൽക്കും.. ഇടയ്ക്കെപ്പോഴോ ഒരു പാട്ട് പിറന്ന കഥയെപ്പറ്റി ഞാൻ ചോദിച്ചു.. അങ്ങനെയാണ് മാഷ് ഞാനും തമ്മിൽ സംസാരിക്കാൻ തുടങ്ങിയത്.. ഏതോ ഒരു സിനിമയിൽ ഒഎൻവി യോട് വരിയൊന്ന് മാറ്റി എഴുതാമോ എന്ന് ചോദിച്ചതും തിരിച്ച് ചൂടായതുമെല്ലാം ജോൺസൺ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു… ആ പരിപാടിയുടെ അവസാനത്തെ ദിവസമാണെന്ന് ഇന്ന് … ജോൺസൺമാഷിന് പോകാനുള്ള കാർ റിവേഴ്സ് എടുത്തു വരുന്നു , കൈരളിയുടെ പഴയ ബ്രൗൺ കളർ ക്വാളിസ് .. നിമിഷങ്ങൾക്കകം ജോൺസൺമാഷ് പോകും.. ജോൺസൺ മാഷിന് ഒപ്പം എനിക്ക് ഒരു സെൽഫി എടുത്താൽ കൊള്ളാമെന്നുണ്ട് പക്ഷേ എൻറെ ഫോണിന്റെ സെൽഫി ക്യാമറ അത്ര പോരാ പോരാത്തതിന് വെളിച്ചം നന്നേ കുറവ്. ഞാൻ ചുറ്റും പരത്തി നോക്കി, എല്ലാവരും ധൃതിപിടിച്ച് എങ്ങോട്ടൊക്കെയോ നടക്കുന്നു . പ്രൊഡക്ഷനിലെ അജി അണ്ണൻ ചായ പാത്രവും ആയി മുന്നിൽ അവതരിക്കുന്നത് അപ്പോഴാണ് . ഞാനും, മാഷും തമ്മിൽ നിൾക്കുന്ന ഒരു ഫോട്ടോ വേണം . പോസ് ചെയ്യുന്ന പരുവത്തിൽ വേണ്ട ഞങ്ങൾ സംസാരിച്ചു നിൽക്കുമ്പോൾ അറിയാതെ രൂപത്തിൽ എടുക്കണം.
മാഷ് കേൾക്കാതെ ഇത്രയും ഞാൻ അജി അണ്ണനോട് പറഞ്ഞു . പുള്ളി സമ്മത ഭാവത്തിൽ തലകുലുക്കി .കാൻഡിഡ് ഫോട്ടോ കിട്ടാൻ വേണ്ടി പരമാവധി ഞാൻ വെളിച്ചത്തിലേക്ക് മാറി നിന്നു. അപ്പോഴാണ് ഗായിക സിത്താരയും അഖില ആനന്ദും ആണെന്ന് തോന്നുന്നു ഇരുവരും മാഷിനോട് യാത്ര ചോദിക്കാൻ വന്നത് . ഇതിനിടയിൽ അജി ക്ലിക്ക് ചെയ്തു ഫോട്ടോ എടുത്ത ഫോൺ എന്റെ കൈയ്യിൽ തന്നിട്ട് അജി എങ്ങോട്ടോ പോയി.
മാഷ് കാറിൽ കയറാൻ പോയപ്പോൾ പോക്കറ്റിലെ കവർ എടുത്തു ഞാൻ മാഷ് നേരെ നീട്ടി.. മാഷിന്റെ അവസാനത്തെ പ്രതിഫലം ആണ് ഞാൻ കൊടുക്കുന്നതെന്ന് ആ നിമിഷത്തിൽ എനിക്ക് വിദൂരമായ ചിന്ത പോലും വന്നില്ല . കവർ കണ്ടതും ഇവനല്ലേ എന്റെ ചോറ് മാഷ് തമാശ പോലെ പറഞ്ഞു ഞാനും നിറഞ്ഞു ചിരിച്ചു, ഇനി വരുമ്പോൾ കാണാം.. ജോൺസൺ മാഷ് വണ്ടിയിൽ കയറി ചില്ല് താഴ്ത്തി എന്നോട് പറഞ്ഞു .. ഞാൻ ഒരിക്കൽ കൂടി മാഷിന്റെ കൈകൾ പിടിച്ച് കുലുക്കി .. പേരറിയാത്ത എത്രയോ ഇൻസ്ട്രമെൻറുകളെ മീട്ടിയുണർത്തിയ ജീനിയസ് ആയ ജോൺസന്റെ കൈയ്യിൽ ആദ്യവും ,അവസാനവുമായി ഞാൻ തൊട്ടു ..
മാഷിന്റെ വണ്ടി കയറ്റം കയറി പോയപ്പോൾ ആദ്യം കൈയ്യിലെടുത്തത് ഫോൺ ആണ് വേഗത്തിൽ ഞാൻ ഗാലറി നോക്കി . ദൗർഭാഗ്യം എടുത്ത രണ്ട് ഫോട്ടോയും എന്നെ വ്യക്തമായി കാണാം. ഒരെണ്ണത്തിൽ ജോൺസൺ മാഷിന്റെ മുഖത്തിന്റെ പകുതി, മറ്റൊരു ഫോട്ടോയിൽ ഗായികയുടെ കൈ ഉയർന്ന് നിൾക്കുന്നു ജോൺസൺ മാഷിന്റെ മുഖം കാണാന്നേ ഇല്ല .. ദേഷ്യവും നിരാശയും ഒരുമിച്ച് വന്നു.. അജിയെ മനസിൽ രണ്ട് ചീത്തവിളിച്ചു… ഉപയോഗിക്കാൻ കൊള്ളാത്ത ഫോട്ടോ ആയതിനാൽ രണ്ടു പടവും ഞാൻ ഡിലീറ്റ് ചെയ്തു .. ഇനിയും അവസരം വരുമല്ലോ പിന്നാവാം .. പക്ഷെ എനിക്ക് വേണ്ടിയെന്നല്ല പിന്നെയാൾക്കൊപ്പവും മാഷ് ഫോട്ടേക്ക് പോസ് ചെയ്തിട്ടുണ്ടാവില്ല .. ചെന്നെയിലേക്ക് പോയ മാഷ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മരിച്ചു എന്ന് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി പോയി ..
70 കളുടെ അവസാനവും 80 കളുടെ തുടക്കവും മലയാളത്തിന്റെ ഗാന ശാഖക്ക് അത്ര നല്ല അനുഭവം ഒന്നുമല്ല .. ഇറങ്ങുന്നതിൽ മഹാഭൂരിപക്ഷവും ചവറ്… പ്രതിഭാ ദാരിദ്യം കൊണ്ട് മലയാള ഗാന ശാഖ പുതിയ പ്രവാചകൻമാരെ തേടുന്ന കാലത്താണ് തൃശൂരുകാരൻ ജോൺസൺ തൊട്ടതെല്ലാം പൊന്നാക്കായത് .. ശാസ്ത്രീയ സംഗീതമോ, ഹിന്ദുസ്ഥാനിയോ ഔപചാരികമായി പഠിച്ചിട്ടില്ലാത്ത ഇയാൾ എങ്ങനെയാണ് ഇത്രയധികം പാട്ടുകൾ ഉണ്ടാക്കിയത്. അക്കോഡിയൻ മുതൽ ഗിറ്റാർ വരെ നിരവധി ഇൻസ്ട്രമെൻറുകൾ വായിക്കുന്ന. സ്വന്തമായി നെട്ടേഷൻസ് എഴുതി ഒരു പാട് ഓർക്കസ്ട്ര ഓക്കെ വെച്ച് വലിയ സ്റ്റേജിൽ പ്രോഗം ഒക്കെ കണ്ടക്റ് ചെയ്യുന്ന പ്രതിഭയുള്ള ഈ മനുഷ്യന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞു എന്നത് പോലും ഭാഗ്യമാണ് .. ഒരു കാൾ ഷീറ്റിന് ജോൺസൺ 150 രൂപയും, ഇളയരാജ 60 രൂപയും മേടിച്ചിരുന്ന ഒരു കാലം പണ്ട് ഉണ്ടായിരുന്നു.
പാട്ടുകളിൽ മറഞ്ഞിരിക്കുന്ന പിടികിട്ടാത്ത സംഗതികളുടെ നിധികുംഭങ്ങൾ ആണ് ഓരോ പാടും, വെസ്റ്റേൺ, ഫോക്, ക്ലാസിക്കൽ, ഹിന്ദുസ്ഥാനി, എന്ന് വേണ്ട എവിടെ തൊട്ടോ അവിടെയെല്ലാം പാട്ടിന്റെ തിമിർത്ത് ഒഴുകുന്ന ലാവ പ്രവാഹമാണ് ഓരോ പാട്ടും വിശുദ്ധ പ്രണയത്തിന് ഒരു പശ്ചാത്തല സംഗീതം ഉണ്ടെങ്കിൽ അത് തൂവന തുമ്പികളിലെ ജോൺസൺ ചെയ്ത BGM ആയിരിക്കും .. മണിചിത്രത്താഴിൽ ഒരു വീണ മാത്രം മതിയായിരുന്നു ജോൺസണ് ഭയം കോരി ഇടാൻ. പശ്ചാത്തല സംഗീതത്തിൻ്റെ മാസ്മരിക തൊട്ടറിഞ്ഞ അതുപോലത്തെ എത്രയെത്ര അനുഭവങ്ങൾ ..
9 വർഷങ്ങൾ ആയി ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്. എന്തിനാവും ജോൺസൺ മാഷിന്റെ അവസാന പ്രതിഫലം കൊടുക്കാൻ ഉള്ള നിയോഗം നിമിത്തമായി എന്നെ തേടിയെത്തിയത് . ചിലതരം സമസ്യകൾക്ക് ഉത്തരം ഇല്ലെങ്കിലും മനസ് എന്ന നിരന്തര ശല്യക്കാരൻ ആവശ്യം ഇല്ലാത്ത ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേ ഇരിക്കും …
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.