ചിലവു കുറഞ്ഞ വെര്‍ച്വല്‍ ക്ലാസ്റൂം മാതൃകയുമായി ഡി സി സ്മാറ്റ്
ക്ലാസ്മുറിയിലെ പഠനാനുഭവം അതുപോലെ ഓണ്‍ലൈനിലും നല്‍കുന്ന വെര്‍ച്വല്‍ ക്ലാസ് റൂം ഒരുങ്ങുന്നു. വാഗമണ്‍ ഡി സി സ്കൂള്‍ ഓഫ് മാനേജ്മെന്റ് ടെക്‌നോളജിയിലാണ് (ഡി സി സ്മാറ്റ് ) വെര്‍ച്വല്‍ ക്ലാസ് റൂം തയ്യാറാക്കിയിരിക്കുന്നത്. യഥാര്‍ത്ഥ ക്ലാസ് റൂമിലെന്നതുപോലെ ഓഗ്്‌മെന്റ്ഡ് റിയാലിറ്റി ഉള്‍പ്പെടെയുള്ള അനവധി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് അദ്ധ്യാപകര്‍ക്ക് ക്ലാസെടുക്കാനാകുമെന്നതാണ് വെര്‍ച്വല്‍ ക്ലാസിന്റെ പ്രത്യേകതയെന്ന് ഡി സി സ്മാറ്റ് ഡെപ്യൂട്ടി ചീഫ് ഫെസിലിറ്റേറ്റര്‍ ഗോവിന്ദ് ഡി സി പറഞ്ഞു.
കുട്ടികള്‍ക്ക് പഴയതുപോലെ നേരിട്ട് അദ്ധ്യാപകരോട് ക്ലാസിലേതുപോലെ സംശയ നിവാരണം നടത്താനും കൂട്ടുകാരോട് സംസാരിക്കുന്നതിനുമുള്ള സൗകര്യം വെര്‍ച്വല്‍ ക്ലാസ്‌റൂമിനുണ്ട്. ഹാവാര്‍ഡ് ബിസിനസ് ക്ലാസ് റൂമിനെ അവലംബിച്ച് ഡി സി സ്മാറ്റിലെ അദ്ധ്യാപകരും കൂടിച്ചേര്‍ന്നാണ് വെര്‍ച്വല്‍ ക്ലാസ് റൂം രൂപകല്പന ചെയ്തത്. വിവിധ സോഫ്റ്റുവെയറുകള്‍, എല്‍ ഇ ഡി സ്ക്രീന്‍, വെബ് ക്യാം, വിഡിയോ കാര്‍ഡ്, വയര്‍ലെസ്സ് ഹെഡ്‌സെറ്റ്, എന്നിവ ഉപയോഗിച്ച് വളരെ ചെലവുകുറഞ്ഞ രീതിയിലാണ് ക്ലാസ് റൂം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ വെര്‍ച്വല്‍ ക്ലാസ് റൂമാണ് ഡി സി സ്മാറ്റില്‍ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ ക്ലാസ് മുറികളെ വിപ്ലവകരമായി മാറ്റിത്തീര്‍ക്കാന്‍ പുതിയ വെര്‍ച്വല്‍ ക്ലാസ്‌റൂമിനു സാധിക്കുമെന്ന് ഡി സി സ്മാറ്റ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡീനും കല്‍ക്കട്ട ഐ ഐ എം മുന്‍ പ്രൊഫസറുമായ ഡോ. എന്‍. രാമചന്ദ്രന്‍ പറഞ്ഞു. ഒപ്പം പഠനപ്രക്രിയ സുഗമമാക്കാനും ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ വിരസത ഒഴിവാക്കാനും വെര്‍ച്വല്‍ ക്ലാസ് റൂമിനു സാധിക്കും .ക്ലാസുകളിലെന്നതുപോലെ അദ്ധ്യാപകര്‍ക്ക് നടന്ന് വിദ്യാര്‍ത്ഥികളുമായി സംവദിച്ചുകൊണ്ട് ക്ലാസെടുക്കാന്‍ വെര്‍ച്വല്‍ ക്ലാസ് റൂമില്‍ സാധിക്കുമെന്നും ഡീൻ ഡോ. എന്‍.രാമചന്ദ്രന്‍ പറഞ്ഞു.
എം ബി എ, ആര്‍ക്കിടെക്ചര്‍ എന്നീ കോഴ്‌സുകളിലെ ലാബധിഷ്ഠിത പഠനത്തിന് പുതിയ മാതൃക തേടുന്നതിനായുള്ള ഗവേഷണത്തിലാണിപ്പോള്‍ ഡി സി സ്മാറ്റ്.
…