കവിത
കെ.ഷിജിൻ
രണ്ടുവര കോപ്പിയിൽ
എഴുതി ശീലിച്ചതുകൊണ്ടാവണം,
നിൽക്കക്കള്ളിയില്ലാതായപ്പോൾ,
മഷിതീർന്ന വിമ്മിഷ്ടത്തിൽ
അമർത്തിയെഴുതി പുറത്തായിപ്പോയ
അക്ഷരങ്ങളെപ്പോലെ
പകച്ചുനിന്നത്…
വരിനിരയൊപ്പിച്ചൊരു ഭാഷ
കൊഞ്ഞച്ചല്ലാതെ
പറയാനാവാഞ്ഞതിന്റെ
കുറ്റബോധത്തിൽ
തല കുമ്പിട്ടപ്പോഴൊക്കെയും,
വരയിലൊതുങ്ങിയൊരുക്കിയവരുടെ
ഭാഷ,
ചെവിയിൽ ചിരിക്കനലായി
ഒഴുകിപ്പരന്നത്…
സ്വാഭാവികമായ വേഗം പോലും
രണ്ടുവരയെഴുത്ത്
കവരുമെന്ന്
വെറുതേ നിനച്ചതേയുള്ളൂ,
ഒച്ചിന്റെ രാജകല്പനകൾരണ്ട
രാജ്യം കവർന്ന്
വനവാസത്തെ
വിധിച്ചു തന്നിരുന്നു…
രണ്ടുവരകോപ്പിയുടെ
ഓർമയിലാണ്
രണ്ടുവരപ്പാളത്തിൽ
മലർന്നു കിടന്നത്,
അപ്പോഴും
മുകളിലും താഴെയും
അക്ഷരങ്ങൾ
പുറത്തായിരുന്നു…
അവ
പിറ്റേന്ന്
പെട്ടെന്ന് തിരണ്ടുപോയവളുടെ
ജാള്യത്തോടെ
വെറുങ്ങലിച്ചു നിന്നു;
അന്നേരം
അപ്പുറത്തെ സ്കൂളിൽ
ആഗസ്ത് പതിനഞ്ച്
പായസം വെച്ച്
കളിക്കുകയായിരുന്നു…
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.