കവിത
സാലിം സാലി
ഒരു പാറ്റയുടെ
ജീവിതമാണ്
മനുഷ്യന്.
ഇനിയും സ്വന്തമാക്കാൻ
കഴിയാത്ത
കുറേ വെളിച്ചം
എവിടെയിരുന്നാലും
തൃപ്തി വരാത്ത
ചിറകുകൾ
ആരുടേയോ
ഭിത്തിയിൽ
പറ്റിച്ചേർന്നിരിക്കാൻ
തോന്നുന്ന മനസ്സ്
അറിഞ്ഞും
അറിയാതെയും
ഉപേക്ഷിക്കുന്ന ഇടങ്ങൾ
അങ്ങിനെയങ്ങിനെ,
ഒരിക്കൽ
ആകാശത്തോളം
സ്വപ്നം
കണ്ടിരിക്കുമ്പോഴാവും,
പുറകിൽ നിന്നൊരു
പല്ലി വന്ന്
പിടികൂടുക.
ഈ പിടച്ചിലിൽ
കവിഞ്ഞ്,
ഈ വേദനയിൽ
കവിഞ്ഞ്,
എന്താണ്
ഒരു മനുഷ്യന്
ഒരു പാറ്റയ്ക്ക്
സ്വന്തമായിട്ടുള്ളത്…
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.