കവിത
ശശി കാട്ടൂർ
വാതായനങ്ങൾ തുറന്നു വെച്ചിട്ടും ഞാനിപ്പോഴും
ഇരുട്ടിലാണെന്നു തിരിച്ചറിയുന്നു
നിശീഥിനിയിൽ
നിലാവിന്റെ സ്വർണ്ണ
തലപ്പാവ് ധരിച്ചു
ഉടലിൽ കറുപ്പ് പൂശി
നിൽപ്പുണ്ട് , പകലിലെ
അതേ വന്മരങ്ങൾ …!
ശബ്ദമില്ലായ്മയുടെ ഒച്ചകൾ
കാതുകളെ കീറിപ്പറിക്കാൻ തുടങ്ങിയിരിക്കുന്നു
കാത്തിരിപ്പെന്ന ക്രൂരമൃഗം
കണ്ണിൽ കയറി കാഴ്ചയെ
മുറിപ്പെടുത്തിയിരിക്കുന്നു
ഏകാന്തത തിന്നു തിന്നു മടുത്തുപ്പോയതുകൊണ്ടാണ്
നിന്നെയൊന്നു കാണാൻ
കഴിഞ്ഞെങ്കിലെന്നു തോന്നിപ്പോയത്.
ആദിയിൽ നിന്നും കൊട്ടിക്കയറിയ ആധിയൊക്കെയും
നെഞ്ചിൽ
പല കാലങ്ങൾ തിമിർക്കുന്നു
ഇരുട്ടിലകപ്പെട്ടുപ്പോയ
ഒരൊറ്റയാൻ,
ആ താളങ്ങൾക്കൊപ്പം
കാട് കടക്കുവാൻ
ഒരുമ്പെട്ട് നിൽക്കുന്നു.
നീ വന്നില്ലെങ്കിലോയെന്ന ഭയം
കാൽപ്പാദങ്ങളെ
മുറിക്കുള്ളിൽ ഇരുട്ടിൽ
മുറിച്ചിടുന്നു…!
ഇതാ
നിനക്കു കാണുവാൻ വേണ്ടി
ചുക ചുകന്ന പൂക്കൾ
നിലാവിന്റെ നിറത്തോടൊപ്പം
ഭൂമിയിൽ ഞാൻ
ചാലിച്ച് വെക്കുന്നു…..!
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.