ഷാന നസ്‌റിൻ
സന്തോഷമുള്ളിടത്ത് പറ്റിച്ചേർന്ന് നിൽക്കാൻ ഇഷ്ടമുള്ളവരാണു മനുഷ്യർ; ചിലർക്കത് വീടാവാം, ചിലർക്കത് യാത്രകളാവാം, മറ്റുചിലർക്ക് കൂട്ടുകാരാവാം, ചിലർക്കത് ഏകാന്തതയുമാവാം.
പലർക്കും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങൾ എന്തായിരുന്നു എന്നതിന്റെ തിരിച്ചറിയൽ കാലഘട്ടമാണിത്. നമുക്കേറ്റവും പ്രിയപ്പെട്ടതിനെ നമ്മൾ തിരിച്ചറിയുന്ന കാലം, സമൂഹ്യജീവികൾക്ക് ഒറ്റപ്പെടലിന്റെ കൊറോണക്കാലം.
സംരക്ഷണത്തിന്റെ വീടെന്ന തണലും അടുക്കള നിറയെ ഭക്ഷണസാധനങ്ങൾ നിറച്ചു വച്ചിരിക്കുന്നവർക്കും വിനോദങ്ങളിലും സുഖസുഷുപ്തിയിലും നിർവൃതി കൊള്ളാവുന്ന കാലം. അതേസമയം, നിത്യേന ചെയ്തിരുന്ന തൊഴിൽ ചെയ്യാൻ പറ്റാതാവുമ്പോൾ വിമ്മിട്ടപ്പെടുന്ന ദിവസക്കൂലിക്കാരും, യാത്രകളുടെ ചിറകൊതുക്കിപ്പിടിച്ചിരിക്കുന്നവരും, സ്വയം പ്രവേശനം മാത്രം അനുവദിച്ച് സ്വകാര്യതയുടെ എട്ടുകാലിവലയിൽ സ്വന്തം ലോകം പണിതുവെച്ചവരുമെല്ലാം ഓരോ തരത്തിൽ വേദനിക്കുന്ന കാലം.
കമ്മ്യൂണിറ്റി ലിവിങ്ങിന്റെ ആദ്യപാഠമാണു വീട്. സമൂഹത്തിൽ ഒരു റോളും നമ്മുടെ മേൽ അടിച്ചേൽപ്പിക്കുന്നതല്ല, ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ നമ്മൾ തന്നെ തിരഞ്ഞെടുക്കുന്നതാണ്. ആ തിരഞ്ഞെടുപ്പാണു മനുഷ്യനെ സാമൂഹ്യജീവി എന്ന നിലയിൽ വേർത്തിരിച്ചു നിർത്തുന്നത്. അതേ സമയം, സാമൂഹ്യജീവിതത്തിൽ നീ ഇതു മാത്രമേ ചെയ്യാൻ പാടുള്ളൂ, ഇത് നിന്റെ കടമയാണു എന്ന രീതിയിൽ അടിച്ചേൽപ്പിക്കലുകളുണ്ടാവുമ്പോൾ കമ്മ്യൂണിറ്റി ലിവിംഗ് സാമൂഹിക അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നു; പലപ്പോഴും റബലുകൾ സൃഷ്ടിക്കപ്പെടുന്നു. ഈ പാഠം വീടുകളിൽ നിന്ന് ഉണർത്തിയെടുക്കാൻ സാധ്യമാകുന്ന കാലഘട്ടമാണിത്. റബലുകളെ ഉണ്ടാക്കിയെടുക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നതിനു പകരം, ഓരോ വ്യക്തിക്കും അവരുടേതായ സ്പേസ് നൽകി, അവരുടേതായ ചിറകുവിരിക്കാൻ അവസരം നൽകാൻ കഴിയണം. ആരുടെ മേലും ഒരു റോളും മുദ്രകുത്തി നൽകേണ്ടതില്ല, സ്വയം തിരിച്ചറിവിൽ അവർക്ക് സന്തോഷം ലഭിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സ്പേസ് വീട്ടിലെ കുഞ്ഞുമക്കൾക്ക് തൊട്ട് നൽകി ഒരു പരീക്ഷണാടിസ്ഥാനത്തിൽ അവരെ ചിറകുവിരിക്കാൻ അനുവദിച്ച് കുടുംബം എന്ന ഇടത്തെ അവരുടെ സന്തോഷത്തിന്റെ ഇടമായി മാറ്റണം, ഔചിത്യപൂർവ്വമായ ഇടപെടലുകൾ അനിവാര്യവുമാണ്.
ഓരോ വീടുകളിൽ നിന്ന് നിന്നും ഉണ്ടായിവരുന്ന ഈ ഇടപെടലുകൾ ഒരുപക്ഷേ, കൊറോണക്കാലമവസാനിക്കുമ്പോഴേക്കുള്ള ഒരു കരുതിവെയ്ക്കലായി മാറിയേക്കും, വൈറസുകൾ അപ്രത്യക്ഷമായ ഒരു പ്രഭാതത്തിന്റെ വെളിച്ചത്തിലേക്ക് ചുവടുവെക്കുന്ന ഒരു പറ്റം വിവേകശാലികളായ, യുക്തിബോധമുള്ള, സ്വയം പര്യാപ്തതയുള്ള, സ്വപ്നങ്ങളുടെ ചിറകുവിരിച്ച, വീടിനകത്ത് തന്നെ സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റേയും വെളിച്ചം ദർശിച്ച ഒരു പുതുസമൂഹം.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.