കവിത
നന്ദന എസ്
വേട്ടക്കാരന് സപ്തഋഷികളും കൂടി
ഓതിക്കൊടുത്തത് എന്താണെന്നറിയാൻ
അവൾ ഇനിയും കാത്തിരിക്കണം.
കനത്തുപോയ കണ്ണീരിൽ തിരി
മങ്ങിയാണ് കത്തുന്നത്.
ഇരുട്ടിൻറെ ചൂരിനൊപ്പം മയക്കംഒളിച്ചോടി .
പകലിന് തന്നെ കൂട്ടികൊടുക്കാൻ
രാത്രിക്കുരാത്രി വന്ന ചന്ദ്രൻ
കാമുകനാണെന്ന് തെറ്റിദ്ധരിച്ച അന്നുമുതൽ
അവൾക്ക് തന്നെ അവളെ
വിശ്വാസമില്ലാതായിരിക്കുന്നു.
കുരുമുളക് തിരികളിൽനിന്നും മിഴിനീട്ടിയ
ആയിരത്തൊന്ന് മുളകിൻകണ്ണുകളും
തന്റെ നഗ്നത നുണയുന്നത് കണ്ട്
അവൾ പൊട്ടിച്ചിരിച്ചു.
കാവുകളിൽ തോറ്റം പാടിത്തളർന്ന
പാമ്പുകൾ മുട്ടകൾക്ക് കാവലിരുന്നു.
തന്റെ ചൂടിച്ചിരി നൽകാൻ രണ്ട് മുട്ടകൾ
ചോദിക്കണമെന്നുണ്ടായിരുന്നു അവൾക്ക്.
പടവിൽനിന്നു മാത്രം കണ്ടുബോധിച്ച
കുളപ്പായലുകൾ കൊത്തിവലിക്കാനാഞ്ഞ
അവളുടെ തേറ്റകൾ ഇക്കിളികൊണ്ടു.
അയിത്തകാറ്റടിച്ച അരയാലിലകൾ ഉറഞ്ഞുതുള്ളി,
മഞ്ഞുമായി രമിച്ചിരുന്ന പുൽക്കൊടിതിരിഞ്ഞുനോക്കി.
കിന്നാരം പറയാനായി , പുറത്തായ ഭഗവതി
തിടപ്പളിയിൽനിന്ന് എണീറ്റ്നോക്കി.
മുലകൾ രണ്ടും വെള്ളത്തിൽ മുക്കിക്കൊന്ന്
തന്റെശവപ്പറമ്പിൽ അവൾപുതിയ
ചെമ്പരത്തിക്കൊമ്പ് നാട്ടി.
പിന്നെ പിറ്റേന്ന് രാവിലെ
നാട്ടുമാവിൽ പൂത്തുനിന്നു.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.