ഫാരിസ് നജം
സ്കൂൾ അസ്സംബ്ലികളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രതിജ്ഞ ചൊല്ലൽ. സ്കൂൾ മുറ്റത്ത് ഒരു കൈ അകലത്തിൽ വരിവരിയായി നിരന്നുനിന്ന്, വലതു കൈ മുഷ്ടിചുരുട്ടി മുന്നോട്ടു പിടിച്ച് പ്രതിജ്ഞ ഏറ്റുചൊല്ലി അവസാനം ആവേശത്തോടെ ഉറക്കെ “ജയ്ഹിന്ദ്” വിളിച്ചവരായിരിക്കും നമ്മളോരോരുത്തരും.
അപ്പോഴൊന്നും മനസ്സിലേക്ക് കടന്നു വരാത്ത ഒരു ചോദ്യമാണ് ഈ പ്രതിജ്ഞ എഴുതിയത് ആരാണ് എന്നത്. പാഠപുസ്തകത്തിന്റ ആദ്യ താളുകളിൽ “ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്…. ” എന്ന് തുടങ്ങുന്ന പ്രതിജ്ഞ ഉണ്ടാവാറുണ്ടെങ്കിലും അത് എഴുതിയത് ആരാണ് എന്ന് ഉണ്ടാവാറില്ല. ദേശീയ ഗാനം എഴുതിയത് ടാഗോർ ആണെന്ന് നമ്മൾ പഠിച്ചിട്ടുണ്ടെങ്കിലും പ്രതിജ്ഞ എഴുതിയത് ആരാണ് എന്ന് പുസ്തകങ്ങളോ അധ്യാപകരോ പറഞ്ഞതായി ഓർക്കുന്നില്ല. പൊതുവിജ്ഞാന ചോദ്യങ്ങളിലും അങ്ങനെ ഒരു ചോദ്യം പൊതുവെ കാണാറില്ല. ആരാണ് നമ്മുടെ രാജ്യത്തിന്റെ പ്രതിജ്ഞ എഴുതിയത്?
ഇത്രയും വലിയ ഒരു സംഭാവന രാജ്യത്തിനു വേണ്ടി നൽകിയിട്ടും അർഹിക്കുന്ന അംഗീകാരങ്ങൾ ഒന്നും ലഭിക്കാതെ പോയ ഒരു മനുഷ്യനാണ് അദ്ദേഹം.” പൈദിമാരി വെങ്കിട്ട സുബ്രറാവു ” എന്നാണ് അദ്ദേഹത്തിന്റ പേര്. പഴയ ആന്ധ്രാ പ്രദേശിലെ നൽഗൊണ്ട ജില്ലയിൽ 1916 ജൂൺ 10 ന് ജനനം. വിശാഖപട്ടണത്തിലെ ട്രഷറി ഓഫീസർ ആയിരുന്ന കാലത്താണ് അദ്ദേഹം ഈ പ്രതിജ്ഞ എഴുതുന്നത്. 1962, ഇന്ത്യ ചൈന യുദ്ധകാലഘട്ടത്തിലായിരുന്നു അത്. തെലുങ്ക് ഭാഷയിൽ ആയിരുന്നു രചന. അന്നത്തെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന തെന്നതി വിശ്വനാഥത്തിന് സുബ്രറാവു അത് നൽകി. അദ്ദേഹം അത് അന്നത്തെ വിദ്യാഭ്യാസം മന്ത്രിയായിരുന്ന പി വി ജി രാജുവിന് കൈമാറുകയും ചെയ്തു.1965 ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ഇത് ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കപ്പെട്ടു. ഏഴോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പ്രതിജ്ഞ രാജ്യത്തെ ഒരുപാട് സ്കൂളുകളിലും ഔദ്യോഗിക ചടങ്ങുകളിലും മുഴങ്ങിക്കേട്ടു. ലളിതമായ വരികളിൽ ദേശസ്നേഹം നമുക്ക് സമ്മാനിച്ച ആ എഴുത്തുകാരൻ മാത്രം എവിടെയും അറിയപ്പെട്ടില്ല. അദ്ദേഹത്തിന്റെ മരണം ശേഷമായിരുന്നു അദ്ദേഹത്തിന്റെ മകൻ പോലും തന്റെ അച്ഛനാണ് പ്രതിജ്ഞ എഴുതിയത് എന്ന യാഥാർഥ്യം മനസ്സിലാക്കുന്നത്. പ്രതിജ്ഞ എഴുതപെട്ട് അൻപതുവർഷങ്ങൾ പൂർത്തിയായപ്പോൾ ” The Hindu ” പത്രം അദ്ദേഹത്തെ കുറിച്ച് ഒരു ആർട്ടിക്കിൾ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഒരുപാട് ആളുകൾ ഇദ്ദേഹത്തെ കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹം വലിയ രീതിയിൽ ഇന്നും അറിയപ്പെട്ടില്ല എന്നതാണ് സത്യം !
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.