മനസ്സും മസ്തിഷ്കവും മരിച്ച മനുഷ്യാ!

0
358

Paul Lanman എഴുതിയ Oh Foolish Man എന്ന കവിതയുടെ സ്വതന്ത്രപരിഭാഷ

aswathy-rajan

അശ്വതി രാജൻ

മനസ്സും മസ്തിഷ്കവും മരിച്ച മനുഷ്യാ!
നിന്റെ വിഴുപ്പുകൾ എന്റെ അരൂപത്തിനേയും വികൃതമാക്കുന്നു.

ഞാൻ നിനക്ക് എന്റെ ചോരയും ഹൃദയവും തന്നു.
എന്റെ പിതൃത്വം കൊണ്ട് നിനക്കുള്ള കവചം ഉണ്ടാക്കി.

സത്യത്തിന്റെ പച്ചമണം മാറാത്ത ലോകത്തിന്ന്‌,
ഒത്തനടുവിൽ നിന്നെ ഞാൻ നട്ടു.
എന്റെ കൈവെള്ള കൊണ്ട് കുഴച്ചു നിനക്കുടലുണ്ടാക്കി.
എന്നിട്ടും നിന്റെ കൂടും കൂട്ടുകാരെയും നീ വെറുത്തു. ഞാനുണ്ടാക്കിയതൊട്ടുക്കും നീ ഉടച്ചുകൊണ്ടിരുന്നു.

എന്റെ ഉള്ളം പൊള്ളിച്ച തീതുള്ളികൾ മുറിവേറ്റ ജഡങ്ങൾക്കു മേൽ വീണ് സ്വയം ശപിച്ചു.
സ്നേഹത്തിന്റെ അരൂപത്തിൽ നിന്നും ഞാനുണ്ടാക്കിയ ‘നീ’ ആർത്തിയുടെ അടപടലമായിരിക്കുന്നു.

സ്നേഹത്തിന് വേണ്ടി, സ്നേഹം നിറച്ച്, സ്നേഹം ഒഴുക്കാൻ ഞാനുണ്ടാക്കിയ കടലായിരുന്നു ‘നീ’.
ആ നിന്റെ കടലാഴങ്ങൾ വെറുപ്പിന്റെയും അറപ്പിന്റെയും കോട്ടകളായിമാറി.

പലപ്പോഴായി എന്റെ ചിറകുകൾ നിന്റെ മേലോട് ചേർത്ത്, നിന്നെ കൈനടത്താൻ പണിപ്പെട്ടു ഞാൻ. എന്റെ ദൂതർ, എന്നെ ചൊല്ലി ആത്മാഹുതി ചെയ്തവർ നിന്റെ അഴുക്കുകൾ ചുമലിൽ പേറി.

നിരന്തരം മരണത്തോട് തോറ്റുകൊണ്ടിരുന്ന ആ വെളിച്ച-വാക്കുകളേയും വളച്ചൊടിച്ചു നീ കാമപൂരണം ചെയ്തു.

എനിക്ക് നിന്നോടുണ്ടായിരുന്ന സ്നേഹം മരണപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ സ്നേഹത്തിന്റെ ആദ്യത്തെ ഉറവയെത്തന്നെ നീ മരവിപ്പിച്ചിരിക്കുന്നു.

മുറിവേറ്റവർ, പാതിചത്തവർ മരവിച്ച, മൃതമായ എന്റെ ഉറവ് തേടുന്നു.
അപ്പോൾ, പരാജിതനായ അവന്റെ ദൈവം, മരവിപ്പിന്റെ കല്ലറയിൽ ബന്ധനസ്ഥനായിരിക്കുന്നു.

എങ്കിൽ ഒന്നുമാത്രം,
നിനക്കായ്‌ എന്റെ കൈവെള്ള ചമച്ച സ്വർഗം എന്റെ ഉള്ളിൽ മറവു ചെയ്യാം.
നിന്റെ കുബുദ്ധി പിറപ്പിക്കുന്ന ഇല്ലാതണലുകൾക്ക് എന്റെ കണ്ണുനീരുകൊണ്ട് തീ പടർത്താം.
അപ്പോഴും, ആ തീയ്യുടെ ഒടുവിലത്തെ ചിറകും പൊഴിയും വരെയും ഞാൻ കാക്കും- ഞാൻ പിറപ്പിച്ച നിന്റെ തിരിച്ചുവരവിനായി..

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here