ഒരു സിബിഐ ഡയറിക്കുറിപ്പിനും മയന്തുട്ടിക്കാടെ ഉമ്മാടെ മോതിരം പോയതിനും മുപ്പത്തിരണ്ട് വയസ്സ്. അഥവാ ഒരു ഓട്ടക്കഥയുടെ ഡയറിക്കുറിപ്പ്.
ഒമ്പതിലെ കൊല്ലപ്പരീക്ഷയ്ക്ക് അധികം നാളുകളില്ല. പഠിപ്പിന്റെ ചൂടുമായി നടക്കുന്ന സമയത്താണ് ഒരു സിബിഐ ഡയറിക്കുറിപ്പ് കാണാന്‍ പോകണമെന്ന് രാധ പറയുന്നത്. അവന്‍ ഒമ്പതില്‍ പഠിപ്പ് നിര്‍ത്തി കുന്ദംകുളത്ത് ജെ. ജെ. സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചിത്രം വര പഠിക്കുകയാണ്. ഞായറാഴ്ച അവധിയാണ്. അന്ന് സിനിമയ്ക്ക് പോകാമെന്ന് പ്ലാനിട്ടു.. കുന്ദംകുളം ഭാവന തിയ്യറ്ററിലാണ് ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് കളിക്കുന്നത്. അക്കാലങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പത്ത് മുപ്പതിന് മോണിംഗ് ഷോ ഉണ്ടാവാറുണ്ട് ഭാവനയില്‍.
എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത ഒരു സി.ബി.ഐ ഡയറിക്കുറിപ്പില്‍ മമ്മൂട്ടി, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, ഊര്‍വ്വശി, ലിസി എന്നിവരൊക്കെയാണ് അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ പേരൊരു പുതുമയായി തോന്നിയിരുന്നു. ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന പേരൊക്കെ കേള്‍ക്കുന്നത് പോലെ. സി.ബി.ഐ. ഉദ്യോഗസ്ഥനായ സേതുരാമയ്യർ എന്ന കേന്ദ്രകഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന കുറ്റാന്വേഷണ ചലച്ചിത്രപരമ്പരയിലെ ആദ്യ ചലച്ചിത്രമായിരുന്നുവത്.
കുന്ദംകുളത്തുള്ളതില്‍ ഏറ്റവും നല്ല തിയ്യറ്റര്‍ ഭാവനയാണ്. ആറേഴ് കൊല്ലത്തെ പഴക്കമേ അതിനുള്ളൂ. പെരുമ്പിലാവ് ചന്തയില്‍ പിടിച്ച ‘ചാട്ട’യെന്ന പടമാണ് ഭാവനയില്‍ ആദ്യത്തെ സിനിമ. അന്ന് ഭരതനും അച്ചന്‍കുഞ്ഞും ബാലന്‍ കെ നായരുമൊക്കെ അവിടെ വന്നിരുന്നൂവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് കിട്ടിയ പടമാണ് ചാട്ട.
പ്രേംനസീര്‍ വന്ന് ഉല്‍ഘാടനം ചെയ്ത, മാര്‍ക്കറ്റിനടുത്തുള്ള ബൈജുവും ഗുരുവായൂര്‍ വഴിയിലുള്ള താവൂസും, വടക്കാഞ്ചേരി റോഡിലെ ഗീതയും പഴയ അങ്ങാടിക്കടുക്കടുത്തുള്ള ജവഹറുമാണ് അക്കാലത്തെ മറ്റു തിയ്യറ്ററുകള്‍. ഗീതയും ജവഹറും ഒത്തിരി ചീത്തപ്പേരുള്ള തിയ്യറ്ററുകളെന്നാണ് കേട്ട് കേള്‍വി.
അങ്ങനെ ഞായര്‍ വന്നു ചേര്‍ന്നു. കാലത്ത് എട്ടുമണിക്കേ രാധ വീട്ടിലെത്തി. കുടെ താഴത്തെ അശോകനുമുണ്ട്. വല്ല്യമ്മോടത്തെ അശോകേട്ടന്റെ കമ്പനിയായ അശോകന്‍, അതേ സമയം ഞങ്ങളുടേയും കൂട്ടാണ്. അശോകേട്ടനും അശോകനും രാധയും വീട്ടിന്റെ പടിയ്ക്കലെ ചാണകമെഴുകിയ തിണ്ണയിലിരുന്ന് വര്‍ത്തമാനങ്ങളിലാണ്. അവരവിടെ ഇരിക്കുമ്പോള്‍ പോകാന്‍ പറ്റില്ല അതിനാല്‍ ഇവന്മാര്‍ എങ്ങോട്ടെങ്കിലും പോകാന്‍ കാത്തിരിക്കാണ് ഞങ്ങള്‍.
അമ്മ പാടത്ത് പണിക്ക് പോയി. ശ്യാമളേച്ചിയും അനിയത്തിമാരായ വിലാസിനിയും ഷീലയും വീട്ടിലുണ്ട്. സിനിമയ്ക്ക് പോകുന്നതൊന്നും വീട്ടിലറിയാന്‍ പാടില്ല. ഹിഡന്‍ അജണ്ടകളാണ് അക്കാലത്തെ സിനിമായാത്രകള്‍ രഹസ്യമായാണ് കാര്യങ്ങളുടെ നീക്കം.
വൈദ്യരും രോഗിയും സെയിം പിച്ച് എന്ന മട്ടില്‍ എട്ടര ആയപ്പോള്‍ അശോകേട്ടന്‍ പറഞ്ഞു ഞങ്ങളെ ആരെങ്കിലും ചോദിച്ചാല്‍ അയ്യപ്പന്‍ കാവിലെ ആല്‍ത്തറയിലുണ്ടെന്ന് പറയണമെന്ന്. പറഞ്ഞോളാമേ… എന്ന് ഞങ്ങള്‍ ആനന്ദാതിരേകത്താല്‍ മൊഴിഞ്ഞു. അയ്യപ്പന്റെ അമ്പലത്തിന് മുന്നിലെ സിമന്റ് കെട്ടിയ തറയില്‍ കൂട്ടുകാരൊക്കെ സൊറ പറഞ്ഞിരിക്കുക പതിവാണ്. അവരങ്ങ് അശോകേട്ടന്റെ സൈക്കിളില്‍ താഴത്തേക്ക് പോയി. അവരുടെ സൈക്കിള്‍ പൊന്നുവിന്റെ വീട്ടിനപ്പുറം ഇടത്തോട്ട് ഇടവഴി മുറിഞ്ഞതും ഞങ്ങള്‍ രണ്ടും മാളുവേടത്തിയുടെ പീടികയുടെ മുന്നിലെ ഇടവഴി വലത്തോട്ട് തിരിഞ്ഞ്, പടിഞ്ഞാറേ വെട്ടോഴി കടന്ന് ആലിന്‍തൈ വഴി പെരുമ്പിലാവിലേക്ക് തിരിമുറിഞ്ഞ് ഒരോട്ടമങ്ങ് വെച്ചുകൊടുത്തു.
കോളനിയിലേക്ക് കടക്കുന്ന ഗ്രാമസേവകന്റെ വീടെത്തിയപ്പോള്‍. എതിരേ പടിഞ്ഞാറേ വെട്ടോഴിയിലെ മയന്തുട്ടിക്കാടെ ഉമ്മ കരഞ്ഞുകൊണ്ട് വരുന്നു. കൂടെ അവരുടെ ബന്ധു സലിയുമുണ്ട്. എന്താ കാര്യന്ന് സലിയോട് രാധ ചോദിച്ചു. പട്ടിശ്ശേരിക്ക് കല്ല്യാണത്തിന് പോവായിരുന്നു രണ്ടാളും. കല്ല്യാണപ്പെണ്ണിന് സമ്മാനം കൊടുക്കാനുള്ള മോതിരം വിരലിലിട്ടാണ് മൂത്തുമ്മ പെരുമ്പിലാവിലേക്ക് പോയത്. ബസ്സിന് കാശ് കൊടുക്കാന്‍ നോക്കുമ്പോള്‍ വിരലില്‍ മോതിരമില്ല. അവിടെ ഇറങ്ങി നടക്കുന്നതാ വഴിയിലൊക്കെ നോക്കി കിട്ടിയില്ല. മോതിരമില്ലാതെ കല്ല്യാണത്തിന് പോകാന്‍ പറ്റില്ല. മയ്ന്തുട്ടി മാമ്മ അറിഞ്ഞാല്‍ മൂത്തുമ്മാക്ക് വീട്ടില്‍ കേറാന്‍ പറ്റില്ലാന്നും പറഞ്ഞ് സലി ഉമ്മാടെ പുറക്കെ വെച്ചടിച്ചു.
ഞങ്ങള്‍ പെരുമ്പിലാവിലേക്കും.
ചന്തേടവിടത്തെ കാസിനോ ടാക്കീസിന് മുന്നില്‍ ഞങ്ങള്‍ രണ്ടും കിതച്ചുനിന്നു. ആരും കാണില്ലെന്ന് ഉറപ്പിച്ച് വേണം കുന്ദംകുളത്തേക്ക് ബസ്സ് കേറാന്‍. വീട്ടിലറിഞ്ഞാല്‍ സംഗതി ഡാര്‍ക്ക് സീനാവും. താഴത്തെ ചന്തേടെ വലിയ കയറ്റം കയറുന്ന വണ്ടിയുടെ ശബ്ദം കേട്ടതും ഞങ്ങള്‍ റെഡി മണിയായി നിന്നതും എന്റെ ചെരിപ്പിടാത്ത കാലില്‍ എന്തോ തറച്ചപോലെ വേദനിച്ചു. അയ്യോ എന്ന് കാലിലേക്ക് നോക്കിയപ്പോള്‍ ചുവന്ന മണ്ണിലൊരു സ്വര്‍ണ്ണത്തിളക്കം. ഉമ്മയുടെ മോതിരം ചെമ്മണ്ണില്‍ പാതി പൂഴ്ന്ന് കിടക്കുന്നു. എടാ രാധേ ഉമ്മാടെ മോതിരമെന്നും പറഞ്ഞ് ഞാനത് കുനിഞ്ഞെടുത്തതും ബസ്സ് വന്നതും ഒന്നിച്ച്. ബസ്സ് വന്ന ബഹളത്തില്‍ രാധയത് കേട്ടില്ല. അവനോടിച്ചെന്ന് മുന്‍വാതിലിലൂടെ ഉള്ളില്‍ കയറി.
ഞാന്‍ മടിച്ച് നിന്ന തക്കത്തിന് വണ്ടിയതിന്റെ പാട്ടിന് മണിയടിച്ചുപോയി. രാധ എന്നെ നോക്കി എന്തൊക്കെയോ വിളിച്ചുകൂവി. സംഗതിയെന്തെന്ന് ഓന് മനസ്സിലായിട്ടില്ല. എനിക്ക് ആ ഉമ്മയുടെ കരച്ചിലാണ് മനസ്സില്‍ വന്നത്. ഞാന്‍ വീണ്ടും ഓടാന്‍ തുടങ്ങി. ആ ഓട്ടം നിന്നത് പടിഞ്ഞാറേ വെട്ടോഴിയിലെ മയന്തുട്ടിക്കാടെ വീടിന്റെ പടിയിലാണ്. അവിടെ മരിച്ച വീട്ടിലെ മാതിരി ആള്‍ക്കൂട്ടമുണ്ട്. ഉമ്മ കോലായയിലെ തിണ്ണയിലെ മരത്തൂണില്‍ ഒരുകൈപിടിച്ചതില്‍ മുഖം ചേര്‍ത്ത് വെച്ച് സങ്കടപ്പെട്ടിരിക്കുന്നു. അവരുടെ കസവുമുണ്ടിലെയും കൈക്കുപ്പായത്തിലേയും അത്തറിന്റെ മണം മുറ്റത്ത് പരന്ന് നിറഞ്ഞിരുന്നു.
മയന്തുട്ടിക്കാടെ വീടര് അമ്മായിയമ്മയെ നിര്‍ത്തിപ്പൊരിയ്ക്കാണ്. ‘പുതുമണവാട്ടീടെ ചേല്യ്ക്കല്ലേന്നും സ്വര്‍ണ്ണ മോതിരോം ഇട്ട് കജും ബീശി പോയേര്ന്ന്. ഇപ്പോ ന്നട്ട് ന്തായി’ ഓര് ഇങ്ങട്ട് ബരട്ടെ വാക്കി ഞനപ്പോ പറയണ്ട്. എന്നൊക്കെയുള്ള പായ്യാരം പറച്ചിലിലേക്ക് കൈയ്യില്‍ മുറുക്കെ പിടിച്ച മോതിരമെടുത്ത് ഞാന്‍ നീട്ടി. എന്നിട്ട് നന്ദനത്തിലെ ജഗതിയുടെ കുമ്പിടി സ്വാമിയായി ഊപ്പാടിളകി കിതച്ചുനിന്നു.
മാളോരെല്ലാം ഒരു നിമിഷം അന്തോം കുന്തോം വിട്ട്, വണ്ടറടിച്ച് എന്നെ നോക്കി മൗത്ത് പൊളിച്ച് നിന്നു. കിസ പറയാന്‍ നിന്നാല്‍ സിബിഐ കാണാന്‍ പറ്റില്ലായെന്നതിനാല്‍ “ചന്തടെ അവ്ട്ന്ന് മോതിരം കിട്ടി. ഇങ്ങള് ബസ്സിന് കൈകാട്ടിയപ്പോള്‍ വീണതാവുന്ന് പറഞ്ഞ് പിന്നെയും ഹുസൈന്‍ ബോള്‍ട്ടാവുമ്പോള്‍ മയ്ന്തുട്ടിക്കാടെ ഉമ്മ കോഴിബിരിയാണി കണ്ടപോലെ വെളുക്കെ ചിരിച്ചാശ്വസിക്കുന്നത് കണ്ടു.
എത്തിയതേ ബസ്സ് കിട്ടി സമയമിനിയും ഉണ്ട് സിനിമ തുടങ്ങാന്‍. മാര്‍ക്കറ്റ് സ്റ്റോപ്പിലിറങ്ങി ഭാവനയിലേക്ക്, പച്ചക്കറിക്കടയുടെ മുന്നിലൂടെ വലത്തോട്ട് തിരിഞ്ഞ് മാവേലി സ്റ്റോര്‍ വഴിയിലൂടെ താഴോട്ടേക്ക് ദേ പിന്നേം ഓടടാ ഓട്ടം. രാധ ഭാവനയുടെ മുന്നിലുണ്ട്, കണ്ണുംന്തുറിപ്പിച്ച്, കേറ്റത്തേക്ക് നോക്കി നില്‍ക്കുന്നു. മുള്ളിന്‍മേല്‍ നില്‍ക്കുമ്പോലെ വെളിച്ചപ്പാടായി ഉറഞ്ഞുതുള്ളിയവന്‍ എന്നെ കണ്ടതും. ‘ഇയ്യെവ്ടാ രമേഷേ അനക്ക് തൂറാന്‍ മുട്ട്യോ’ എന്നൊരു ചോദ്യം ഓന്റെ വക.
ഞാന്‍ എന്തായാലും വരാതിരിക്കില്ലെന്ന് അവനറിയാം. ടിക്കറ്റും എടുത്താണ് അവന്റെ നില്‍പ്പ്. പടം തുടങ്ങീന്ന് തോന്നുന്നുവെന്ന് കലിപ്പോടെ അവന്‍ പറഞ്ഞു. വിയര്‍ത്തും കിതച്ചും പണ്ടേ കാട്ടുമാക്കാന്‍ ലുക്കുള്ള നമ്മള് ഒരു വല്ലാത്ത കോലത്തിലാണ്. മുടിയൊക്കെ ഫ്രീക്കായിട്ട് ആകാശത്തേക്ക് കുതിച്ച് മിസൈല് പോലെ നില്‍പ്പാണ്. കഥയൊക്കെ പിന്നെപ്പറയാന്ന് അവന്റെ അന്താളിപ്പിലേക്ക് സസ്പന്‍സിട്ട് തിയ്യറ്ററിലേക്ക് കുതിച്ചു.
ഏറ്റവും മുമ്പിലെ മൂന്നു രൂപ ടിക്കറ്റാണ്. സിനിമ തുടങ്ങി അഞ്ചു മിനിട്ടായെന്ന് ടിക്കറ്റ് ചീന്തുന്ന ആള്‍. അമ്പത് മിനിട്ടായാലും അഞ്ച് മിനിട്ടന്നേ പറയുള്ളൂ ടിക്കറ്റ് ചീന്തുന്ന ആള്. മൂപ്പരുടെ ശീലമാണത്. രാധ ദേഷ്യത്തോടെ ഒരു നോട്ടമെന്നെ. പാതി വാതില്‍ തുറന്ന് കര്‍ട്ടന്‍ വകഞ്ഞ് മാറ്റി ഞങ്ങളെ അയാള്‍ തിയ്യറ്ററിനകത്തേക്ക് കശക്കിയെറിഞ്ഞു. പുറത്തെ വെളിച്ചത്തില്‍ നിന്നും കൂരിരുട്ടിലേക്ക്. ഇരിപ്പിടമോ, ആളുകളേയോ കാണാതെ രണ്ടന്ധന്മാര്‍ ഇരുട്ടില്‍ തപ്പിത്തടയുന്നു. തപ്പി തപ്പി ഒരാളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചെന്ന് തോന്നുന്നു. അലര്‍ച്ചയോടെയൊരാള്‍ രാധയെ തള്ളിമാറ്റി. എന്നെയും ചിലര്‍ വകഞ്ഞ് മാറ്റിയൊരു സൈഡാക്കി.
ക്യാപ്റ്റന്‍ രാജുവും സണ്ണിയും പോലീസ് കാരാണ് കൂടെ പ്രതാപ്ചന്ദ്രനുമുണ്ട്, വീടിന്റെ ടറസില്‍ നിന്നും താഴോട്ട് നോക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് ഏതോ സീറ്റില്‍ ചെന്നിരുന്നു. അത് ഒരാളുടെ മടിയിലായിരുന്നു. അയാള്‍ ദേഷ്യപ്പെടുകയൊന്നും ചെയ്യാതെ ഒഴിഞ്ഞ ഒരു സീറ്റിലേക്ക് പിടിച്ചിരുത്തി. ആരോ അത് കണ്ട് ചിരിച്ചത് കേട്ടു. തൊട്ടപ്പുറത്തെ സീറ്റില്‍ നിന്നും ഒരു കൈ വന്ന് തൊട്ടു. രാധയാണ് വലത് വശത്തുള്ളത്. സമാധാനായി രണ്ടുപേര്‍ക്കും അടുത്തടുത്ത് തന്നെ ഇരിക്കാന്‍ പറ്റി.
സിനിമ മുന്നേറുന്നു. മരിച്ച ലിസിയുടെ അച്ഛന്‍ ബഹദൂറും അനിയത്തി ഊര്‍വശിയും കാറില്‍ നിന്നും കരച്ചിലോടെ വന്നിറങ്ങുന്ന ബഹളത്തിലെത്തിയപ്പോള്‍ തിയ്യറ്ററിലെ വെളിച്ചത്തിലേക്ക് കണ്ണുകള്‍ താരതമ്യപ്പെട്ടുവന്നു. കാഴ്ച വിനിമയം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, ആരുടെ മടിയിലിണോ ആദ്യം ഇരുന്നത് ആ ആളെ നന്ദി സൂചകമായി ഒന്ന് നോക്കിയതും ഞെട്ടി വിറച്ചുപോയി. കാര്യങ്ങളാകെ കൊളാപ്രേഷനായി. സിനിമയിലെ സകല മൂഡും പോയി.
ആരെങ്കിലും വന്നാല്‍ അയ്യപ്പന്‍ കാവിലെ ആല്‍ത്തറയിലുണ്ടെന്ന് പറയാന്‍ പറഞ്ഞ അശോകേട്ടന്‍, അതിനപ്പുറം അശോകന്‍, പിന്നെ അപ്പേട്ടന്‍. മിണ്ടണ്ടാ സിനിമ കാണൂവെന്ന് ചുണ്ടില്‍ വിരല്‍ വെച്ച് സ്ക്രീനിലേക്ക് ചൂണ്ടി അശോകേട്ടന്‍. ഞാനപ്പോള്‍ പതിയെ രാധയെ തൊട്ടു അശോകേട്ടനെന്ന് പറയാന്‍ ശ്രമിച്ചു. ക്യാപ്റ്റന്‍ രാജു ചോദ്യം ചെയ്യാന്‍ മുകേഷിനോട് ശ്രീനാഥിനെ വിളിച്ചുകൊണ്ടുവരാന്‍ പറയുന്ന സീനാണ്. ശ്രീനാഥിന്റെ കൂടെ ഒരു പുതിയ നടനുമുണ്ട്. മുമ്പ് കണ്ടിട്ടില്ല അയാളെ. ഞാൻ പറഞ്ഞത് കേട്ട് രാധയപ്പോള്‍ പറഞ്ഞു: ‘അശോകനല്ല വിജയരാഘവനാണ് പുതിയ ആളാണ്. നീ സിനിമ കാണ്.’ അവന് ഞാന്‍ താമസിച്ചതിന്റെ കലിപ്പ് മാറിയിട്ടില്ല.
നാല് റിലിന് സിനിമ നിറുത്തിയപ്പോഴത്തെ വെളിച്ചത്തിലാണ് രാധ അവരെ കാണുന്നത്. നിങ്ങളല്ലേ അയ്യപ്പന്‍ കാവിന്റെ അവിടേക്ക് പോണെന്ന് പറഞ്ഞതെന്ന് രാധ. നീയല്ലേ പറഞ്ഞത് മഹിമയുടെ ബാനറെഴുതാന്‍ പോകണമെന്ന് അശോകന്‍ രാധയോട്. രണ്ടുപേരും പ്ലിംങ്ങടിച്ച് ഇമോജിയായി.
അശോകേട്ടനപ്പോള്‍ ബുദ്ധിപരമായി ഒരു നീക്കം നടത്തി. സിനിമയ്ക്ക് വന്നത് ആരുടേയും വീട്ടില്‍ പറയരുതെന്നും അറിഞ്ഞാല്‍ എല്ലാവര്‍ക്കും പ്രശ്നമുണ്ടാകുമെന്നും സംഗതി രഹസ്യായി ഇരിക്കട്ടേന്നും മൂപ്പര് പറഞ്ഞു.. അശോകേട്ടന്‍ സിനിമയ്ക്ക് പോയത് വല്ല്യമ്മയെങ്ങാനും അറിഞ്ഞാല്‍ ഉണ്ടാകാന്‍ പോകുന്ന പുകിലോര്‍ത്ത് മൂപ്പരുടെ ഉള്ള് കിടുങ്ങിയത് തൊട്ടടുത്തിരുന്ന എനിക്ക് പെട്ടെന്ന് പിടികിട്ടി. ഇല്ലാ ആരും പറയില്ലെന്ന തീരുമാനത്തിലെത്തി എല്ലാവരും കയ്യിലടിച്ച് സത്യം ചെയ്തു. അങ്ങനെയൊരു കരാറുണ്ടാക്കി വന്നപ്പോഴേക്കും സിനിമ വീണ്ടും തുടങ്ങി. സേതുരാമയ്യരും കൂട്ടരും രംഗപ്രവേശം ചെയ്തു.
ഏറെ പുതുമയുള്ള പ്രമേയം, പരിചിതമല്ലാത്ത അന്വേഷണ രീതി. ഉദ്ധ്വേഗജനകമായ സിനിമ ഏറെ രസിപ്പിക്കുന്നതായിരുന്നു. ഓമനയെ കൊല ചെയ്തതാരെന്നുള്ള സസ്പെന്‍സ് കഥാന്ത്യംവരെ ഒരു സൂചനപോലും തരാതെ കൊണ്ടുപോകാന്‍ എസ്. എന്‍. സ്വാമിയുടെ തിരക്കഥയ്ക്കായിരുന്നു. ചടുലമാണ് കെ. മധുവിന്റെ സംവിധാന മികവ്. സേതുരാമയ്യരായി മമ്മൂട്ടി കസറി.
സുരേഷ് ഗോപിയുടെ ഹാരി, ജഗതി ശ്രീകുമാറിന്റെ വിക്രം, മുകേഷിന്റെ ചാക്കോ പോലീസ്, സുകുമാരന്റെ ദേവദാസ്, ലിസിയുടെ ഓമന, ജനാർദ്ദനന്റെ ഔസേപ്പച്ചൻ, ഉർവ്വശിയുടെ ആനി, ബഹദൂറിന്റെ തോമാച്ചൻ, പ്രതാപചന്ദ്രന്റെ നാരായണൻ, ക്യാപ്റ്റൻ രാജുവിന്റെ ഡി.വൈ.എസ്.പി. പ്രഭാകര വർമ്മ, വിജയരാഘവന്റെ ജോണി തുടങ്ങിയവരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. ഗാനങ്ങളില്ലാത്ത ചിത്രമെന്ന പ്രത്യേകതയുള്ള ഈ സിനിമയിലെ ശ്യാം നല്‍കിയ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധേയമായിരുന്നു.
സിനിമ കണ്ട് വീട്ടിലെത്തിയപ്പോള്‍ വിലാസിനി പറഞ്ഞു മയ്ന്തുട്ടിക്കാ അന്വേഷിച്ച് വന്നിരുന്നുവെന്ന്. മോതിരക്കാര്യം അപ്പോഴാണ് വീണ്ടും ഓര്‍ക്കുന്നത്.
ചോറുണ്ട് രാധയുടെ വീട്ടിലേക്ക് വെച്ചടിച്ചു. അവനവിടെ ചിത്രംവരച്ച് പ്രാക്ടീസ് ചെയ്യുന്നിടത്ത് സിനിമാക്കഥ പറഞ്ഞിരിക്കുമ്പോള്‍ മയ്ന്തുട്ടിക്കാടെ മരുമകന്‍ സലി വന്നു. അവനും ഞാനും ആല്‍ത്തറ സ്കൂളില്‍ ഒന്നിച്ച് പഠിച്ചിട്ടുണ്ട്.. മാമ നിന്നെ കാണാന്‍ വന്നിരുന്നു, നീ കണ്ടോയെന്നവന്‍. നിനക്കെന്തെങ്കിലും സമ്മാനം തരണമെന്ന് മൂപ്പര് പറയിണ്ടായിരുന്നു ശ്രീധരേട്ടന്റെ ചായക്കടേല് വെച്ച്, എന്നും അവന്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ വലിയ സന്തോഷവും അഭിമാനവും തോന്നി. എന്തായിരിക്കും സമ്മാനമെന്ന് കൂലംങ്കഷമായി ചിന്തിക്കുകയും അതിലഭിരമിച്ച് നടക്കുകയും ചെയ്തു കുറച്ച് ദിവസങ്ങളെന്നത് ഭാവികാലം.
മോതിരം താന്‍ കണ്ടില്ലല്ലോയെന്ന ഇച്ഛാഭംഗത്താല്‍ കുണ്ഠിതപ്പെട്ടൊരു ഭാവമുണ്ടായിരുന്നുവപ്പോള്‍ രാധയുടെ മുഖത്ത്. സമ്മാനം കിട്ടുമ്പോള്‍ പാതി എനിക്കും തരണംട്രാ ഞാനും ഉണ്ടായിരുന്നില്ലേ അന്റെ കൂടെയെന്ന് അവന്‍ പറയുകയും ചെയ്തു. രാധയങ്ങനെയാണ് ഒന്നും മനസ്സില്‍ വെക്കില്ല.
മയ്ന്തുട്ടിക്ക കുന്ദംകുളം മീന്‍ മാര്‍ക്കറ്റിലെ യൂണിയനിലെ ഐസ് സപ്ലെയിലാണ് ജോലി ചെയ്യുന്നത്. അന്നതൊക്കെ വലിയ ഡിമാന്റുള്ള, തോനെ കൂലിയുള്ള പണിയാണ്. ഉച്ചയോടെ ജോലി കഴിഞ്ഞെത്തും.
പിന്നീട് പലപ്പോഴും മയ്ന്തുട്ടിക്കായെ കണ്ടെങ്കിലും മൂപ്പരെന്തെങ്കിലും തരുമെന്ന് ആശിച്ചെങ്കിലും അതൊന്നും ഉണ്ടായില്ല. ഒരു ചെറിയ കാര്യമല്ലേ മൂപ്പരത് മറന്നുകാണും പിന്നീടെല്ലാവരുമത് മറന്നു. എന്നും കാലത്ത് ആടിന് കഞ്ഞിവെള്ളം എടുക്കാന്‍ വരുമ്പോള്‍ മയ്ന്തുട്ടിക്കാടെ ഉമ്മ വെറ്റിലക്കറ പുരണ്ട ചുണ്ടുകാട്ടി ചുവക്കെ ചിരിക്കും. അപ്പോളവരുടെ ഇരുചെവികളിലും നിറയെ തൂങ്ങിക്കിടക്കുന്ന വെള്ളിച്ചുറ്റുകളും കൂടെ ചിരിക്കും
‘ദേവോ അന്റെ മോന്‍ സത്യള്ളോനാന്ന് അമ്മയോട് കൂടെക്കൂടെ പറയും അത് കേള്‍ക്കുമ്പോള്‍ അമ്മയ്ക്ക് കണ്ണുനിറയുകയും മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണു തുടയ്ക്കുകയും ചെയ്യും. സന്തോഷം കൊണ്ടാണ് അമ്മയുടെ കണ്ണ് നിറയുന്നതെന്ന് അറിയാം അതില്‍പ്പരം മറ്റെന്ത് സമ്മാനം കിട്ടാനാണ്.
റിവ്യൂ എഴുതുമ്പോള്‍ കഥ പറയരുതെന്ന് കുമ്പളങ്ങി നൈറ്റിന്റെ ആസ്വാദന കുറിപ്പ് വായിച്ച് ചിലര് പറഞ്ഞിരുന്നു. അതോണ്ടാണ് സിനിമയിലെ വില്ലനാരാണെന്ന് പറയാത്തത്. നിങ്ങളും കാണണേ ഒരു സിബിഐ ഡയറിക്കുറിപ്പ്.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.