ചക്ക വിശേഷങ്ങളുമായി ചിത്രകാരൻ വി.എം ജോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്ളാവിൻപൂവിനെ പരിചയപ്പെടുത്തിയപ്പോൾ മിക്കവർക്കും അതൊരു പുതിയ അറിവായിരുന്നു.വളരെ കുറച്ചുപേർക്ക് സംശയം ബാക്കി. വേറെ ചിലർ എഫ്ബിയുടെ പാരമ്പര്യം കാത്തു. പരിഹാസം…പുഞ്ഞം…ഞങ്ങൾക്കിതൊക്കെ പണ്ടേ അറിയാമായിരുന്നു….Etc.
സാരമില്ല, വിത്തിന്റെ കുഴപ്പമാണ്.
അറിവില്ലായ്മ ഒരപരാധമല്ല. അവരോടും സ്നേഹം മാത്രം.
ചക്കക്കു പൂവുണ്ടെന്നും പൂക്കളിൽ ആണും പെണ്ണുമുണ്ടെന്നും കഴിഞ്ഞ വർഷമാണ് ഞാൻ മനസ്സിലാക്കിയത്. മനസിലായ അത്രയും വിവരങ്ങൾ സത്യേട്ടന്റെ (Sathyan book land) ‘തീർത്ഥ ഫൗണ്ടേഷൻ’ ഗ്രൂപ്പിൽ അന്ന് പോസ്റ്റുചെയ്തിരുന്നു. പക്ഷേ ആണിനെയും പെണ്ണിനെയും തിരിച്ചറിഞ്ഞത് രണ്ടുദിവസം മുമ്പാണ്.ആഞ്ഞിലിയിലും കടപ്ളാവിലും ആൺ പെൺ മൊട്ടുകളെ തിരിച്ചറിയാൻ എളുപ്പമാണ്. ആണ് നീണ്ട തിരിയായും പെണ്ണ് തീപ്പെട്ടി കമ്പിലെ മരുന്നുപോലെ മൊട്ടായും കാണപ്പെടുന്നു. എന്നാൽ പ്ളാവിലെ ആൺപെൺ തിരികളെ തിരിച്ചറിയാൻ നല്ല നിരീക്ഷണ പാടവം ആവശ്യമാണ്. ആൺതിരികളാണ് ആദ്യം വിരിയുക. പെണ്ണിനേക്കാൾ മിനുപ്പുള്ള ഉടലായിരിക്കും ആണിന്റേത്. പെണ്ണിനേക്കാൾ ഒതുങ്ങിയ ഉടലുമായിരിക്കും. പെണ്ണിന്റെ മേനി പരുക്കനും മുള്ളുകൾ വ്യക്തതയുള്ളതുമായിരിക്കും. ആണിന്റെ ഞെട്ട് അഥവാ ഞെടുപ്പ് മങ്ങിയ നിറത്തോടുകൂടിയതാണ്. പെണ്ണിന്റേത് കൂടുതൽ ദൃഢവും കടുപ്പമുള്ള നിറത്തൊടുകൂടിയതുമായിരിക്കും. ആണിന്റെ മേനി സാന്റ് പേപ്പർകണക്കെ തരിതരിയായ പരാഗ രേണുക്കൾകൊണ്ട് നിറഞ്ഞതായിരിക്കും. എന്നാൽ പെണ്ണുടൽ നിറയെ കൃമിയോ ചെറിയ പുഴുവോ കണക്കെയുള്ളപോളനുകൾകൊണ്ട് (pollen) നിറഞ്ഞിരിക്കും.
കാറ്റും വിവിധയിനം ഉറുമ്പുകളും ചെറുകീടങ്ങളും വഴിയാണ് പരാഗണം നടക്കുന്നത്. പെൺപൂവിന്റെ ഞെട്ടും ചക്കത്തിരിയുംകൂടെ ചേരുന്ന ഭാഗത്ത് മോതിരംപോലെ ഒരു വളയമുണ്ടായിരിക്കും. ഞാൻ നിരീക്ഷിച്ച ആൺപൂവുകൾക്കൊന്നും അതുകണ്ടില്ല. ഞെട്ടിനോടുചേരുന്ന ഭാഗത്തിനു വേറെയുമുണ്ട് പ്രകടമായ വ്യത്യാസം. പെണ്ണുടൽ നല്ലcurved ആയി വളഞ്ഞാണിരിക്കുക.
മലയാളത്തിലെ ‘റ’ എന്നെഴുതിയതുപോലെ.ആണിന്റെ ആകൃതി തുടങ്ങുന്നതാവട്ടെ ഇംഗ്ലീഷ് ക്യാപ്പിറ്റൽലെറ്റർ A യോട് സാമ്യമുള്ളതും. ആൺ പൂവിനെ സൗമ്യമായി ഉടലിൽതൊടാതെ അടർത്തിയെടുത്ത് പെണ്ണുടലിന്റെ എല്ലാഭാഗത്തും മൃദുവായി ഉരസിക്കൊടുത്താൽ കൃത്രിമ പരാഗണമായി – പരമാവധി ചുളകൾ കൊണ്ടു നിറഞ്ഞ ചക്ക ലഭിക്കും. ഉരസുമ്പോൾ ആണിനെ തിരിച്ചുകൊണ്ടേയിരിക്കണം. ഒരേവശം തന്നെ ഉരസിയാൽ ഫലം കുറയും.
ചക്ക ഒരു മൾട്ടിപ്പ്ൾ ഫ്രൂട്ട് ആണ്. ഒരേ മരത്തിൽതന്നെ ആൺപൂവും പെൺപൂവുമുണ്ടാകും. എണ്ണത്തിൽ കുറവായിരിക്കും ആൺപൂവുകൾ. ഒരിനം പൂമാത്രമുണ്ടാവുന്ന പ്ളാവിൽ വിരിയുന്ന പൂക്കളൊക്കെ കൊഴിഞ്ഞു പോകാറാണ് പതിവ്. തൈട്ടടുത്തുതന്നെ മറ്റൊരു പ്ളാവുണ്ടെങ്കിൽ ഒന്നോ രണ്ടോ ചക്കകൾ വിളഞ്ഞാലായി.
മറ്റൊരു പ്ളാവിലെ ആൺതിരി ഉപയോഗിച്ച് മച്ചിപ്ളാവുകളിൽ കയ്യെത്തുന്ന സേഫ് ഡിസ്റ്റൻസിലുള്ള ചക്കക്കുഞ്ഞുങ്ങളിൽ കൃത്രിമ പരാഗണം നടത്താവുന്നതാണ്. വേണ്ടത്ര പരാഗണം നടക്കാത്ത പെൺതിരികളും മൂപ്പെത്താതെ കൊഴിഞ്ഞു പോകും. ഇതിൽ പറഞ്ഞ ഒട്ടെല്ലാക്കാര്യങ്ങളും കടപ്ളാവിന്റെയും ( ശീമപ്ളാവ്,Bread fruit)ആഞ്ഞിലിച്ചക്കയുടെയും ( അയണിച്ചക്ക, Jungle Jack or Monkey Jack) കാര്യത്തിലും ബാധകമാണ്.
ന്യൂഗിനിയ ആണ് കടപ്ളാവിന്റെ ജന്മദേശം. കടൽ കടന്നു വന്നതുകൊണ്ടാവാം ആ പേരു സിദ്ധിച്ചത്. ആഞ്ഞിലിയും പ്ളാവുമാകട്ടെ കേരളത്തിന്റെ സ്വന്തമാണ്. പശ്ചിമഘട്ടമാണ് രണ്ടിനും ജന്മം കൊടുത്തത്. നീരാവി നിറഞ്ഞ ഉഷ്ണമേഖലാ പ്രദേശത്താണ് പ്ളാവിനങ്ങൾ നന്നായി വളരുക. സാധാരണഗതിയിൽ കുരു കുഴിച്ചിട്ടാൽ മാതൃ ഫലത്തിന്റെ ഗുണമുള്ള പ്ളാവുകൾ ലഭിക്കാറില്ല. സാധാരണ വിത്തുകൾ ഒരേ പോലുളള ഇരുപാളികളായി കാണപ്പെടുമ്പോൾ ചക്കക്കുരുവിന്റെ ഒരു പാളി ചെറുതായിരിക്കും. എന്നാൽ ഓരോ ചക്കയിലും പത്തോളം കുരുക്കൾ സാദൃശ പാളികളോടു കൂടിയതായിരിക്കും ഇവ തിരഞ്ഞെടുത്ത് കിളിർപ്പിച്ചാൽ മാതൃ വൃക്ഷത്തിന്റെ ഗുണമുള്ള പ്ളാവുകൾ ലഭിക്കും.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.