charles bukowski യുടെ So you want to be a writer? എന്ന കവിത.
വിവർത്തനം : സനൽ ഹരിദാസ്
സകലതുമുണ്ടായിട്ടുപോലും നിങ്ങളിൽ നിന്നത്
ചിതറിത്തെറിച്ചു പുറത്തെത്തുന്നില്ലെങ്കിൽ,
അത് ചെയ്യരുത്.
നിങ്ങളുടെ ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും
വായ്ക്കകത്തു നിന്നും അന്നനാളത്തിൽ നിന്നുമത്,
ആവശ്യപ്പെടാതെ തന്നെ വന്നുചേർന്നില്ലെങ്കിൽ
അതു ചെയ്യരുത്.
മണിക്കൂറുകളോളം നിങ്ങൾക്കു
നിങ്ങളുടെ കമ്പ്യൂട്ടർ സ്ക്രീനിനുമുൻപിൽ
തുറിച്ചു നോക്കിയിരിക്കേണ്ടി വരികയാണെങ്കിലോ
വാക്കുകൾ തിരഞ്ഞ് ടൈപ്പ്റൈറ്ററിനു മുകളിൽ
കുനിഞ്ഞിരിക്കേണ്ടി വരികയാണെങ്കിലോ
അത് ചെയ്യരുത്.
പണത്തിനോ പ്രശസ്തിക്കോ വേണ്ടിയാണ്
നിങ്ങളത് ചെയ്യുന്നതെങ്കിൽ
അതു ചെയ്യരുത്.
ഒപ്പം ശയിക്കാൻ ഒരു ഇണയ്ക്കു വേണ്ടിയാണെങ്കിൽ,
അത് ചെയ്യരുത്.
ഒരിടത്തിരുന്ന് തുടരെത്തുടരെ
നിങ്ങൾക്ക് പുനരെഴുത്തു നടത്തേണ്ടിവരികയാണെങ്കിൽ
അത് ചെയ്യരുത്.
അത് ചെയ്യുന്നതായി വെറുതേയാലോചിക്കുന്നതു പോലും
അമിതാധ്വാനമാണെങ്കിൽ അതു ചെയ്യരുത്.
മറ്റൊരാളെപ്പോലെ എഴുതാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ
അതു മറന്നുകളഞ്ഞേക്കൂ.
നിങ്ങളിൽ നിന്നത് ഇരമ്പി പുറത്തുവരാനായി
കാത്തിരിക്കേണ്ടതുണ്ടെങ്കിൽ
ശാന്തമായി കാത്തിരിക്കൂ.
ഒരിക്കലും നിങ്ങളിൽ നിന്നത്
വെളിയിൽ ഇരമ്പിയെത്തിയില്ലെങ്കിൽ,
മറ്റെന്തെങ്കിലും ചെയ്തേക്കൂ.
നിങ്ങളുടെ ഭാര്യക്കോ കാമുകിക്കോ കാമുകനോ
രക്ഷിതാക്കൾക്കോ മറ്റാർക്കെങ്കിലുമോ
ആദ്യമത് വായിച്ചു കേൾപ്പിക്കേണ്ടതുണ്ടെങ്കിൽ
നിങ്ങൾ പ്രാപ്തമായിട്ടില്ല.
അനേകരായ മറ്റ് എഴുത്തുകാരെപ്പോലെയാകാതിരിക്കൂ.
എഴുത്തുകാരനെന്ന് സ്വയം പരിചയപ്പെടുത്തുന്ന
അനേകായിരം മറ്റു മനുഷ്യന്മാരെപ്പോലെയാകാതിരിക്കൂ.
നിരുത്സാഹിയും വിരസനും
ഗുണരഹിതനായ അഹങ്കാരിയുമാകാതിരിക്കൂ.
ആത്മപ്രീതിയാൽ എരിഞ്ഞു തീരാതിരിക്കൂ.
ലോക ലൈബ്രറികൾ നിങ്ങളെപ്പോലുള്ളവരെ പ്രതി
വായ കോച്ചി, ഉറക്കത്തിലേക്ക് വീണു കഴിഞ്ഞു.
അതിലേക്ക് സ്വയം ചേരരുത്.
അതു ചെയ്യരുത്.
നിങ്ങളുടെ ആത്മാവിൽ നിന്നൊരു
അഗ്നിശിഖകണക്കേ അത് പുറത്തു വന്നില്ലെങ്കിൽ,
നിശ്ചലത നിങ്ങളെ ഉന്മാദത്തിലേക്കോ
ആത്മഹത്യയിലേക്കോ നയിക്കും എന്ന നില വരും വരെ,
അതു ചെയ്യരുത്.
നിങ്ങൾക്കുള്ളിലെ സൂര്യൻ
നിങ്ങളുടെ അന്നനാളത്തെ എരിക്കും വരെ
അത് ചെയ്യരുത്.
നേർ സമയമാകുമ്പോൾ,
നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതെങ്കിൽ,
അതിനാൽ തന്നെയതു നടക്കുകയും
തുടരുകയും ചെയ്യും.
നിങ്ങൾ മരിക്കുന്നതുവരെ,
അല്ലെങ്കിൽ നിങ്ങളിലതു മരിക്കുംവരെ.
മറ്റൊരു വഴിയുമില്ല.
മറ്റൊന്നും ഉണ്ടായിരുന്നുമില്ല.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in, 9048906827