പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാളും പാർലമെന്റേറിയനും എഴുത്തുകാരനുമായിരുന്ന എൻ.സി ശേഖറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻ.സി. ശേഖർ പുരസ്കാരത്തിന് പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ നിലമ്പൂർ ആയിഷയെ പുരസ്കാര സമിതി തെരഞ്ഞെടുത്തു. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.സി ശേഖർ ഫൗണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. പതിനാലാമത് എൻ.സി ശേഖർ പുരസ്കാരമാണ് നിലമ്പൂർ ആയിഷക്ക് നൽകുന്നത്. അമ്പതിനായിരം രൂപയും ബഹുമതി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബർ നാലിന് മഞ്ചേരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
ഒരു സാധാരണ ഗ്രാമീണ മുസ്ലിം പെൺകുട്ടിയിൽ നിന്ന് കേരളത്തിന്റെ സാംസ്കാരിക ജീവിതത്തെ അഗാധമായി സ്വാധീനിച്ച അസാധാരണ ജീവിതമാണ് നിലമ്പൂർ ആയിഷയുടേതെന്ന് പുരസ്കാര സമിതി വിലയിരുത്തി. പൗരോഹിത്യ യാഥാസ്ഥിതിക ശക്തികൾ കെട്ടിപ്പൊക്കിയ മേൽക്കോയ്മയെ കീഴ്മേൽ മറിച്ച പ്രതിബോധം ഉയർത്തിക്കൊണ്ടു വന്നു എന്നതാണ് നടി എന്ന നിലയിലും സാംസ്കാരിക പ്രവർത്തക എന്ന നിലയിലും ആയിഷയുടെ പ്രസക്തി. ആ പ്രാധാന്യം വർത്തമാന കാലത്തും നിലനിൽക്കുന്നു എന്നതിനാലാണ് ബാല്യകാലത്ത് അരങ്ങിലെത്തിയ ആയിഷ പ്രായം എൺപത് പിന്നിട്ടിട്ടും നമ്മുടെ സാംസ്കാരിക മുന്നണിയുടെ മുൻപന്തിയിൽ തന്നെ നില കൊള്ളുന്നത്. ഇത് മാനിച്ചാണ് 2019 ലെ എൻ.സി ശേഖർ പുരസ്കാരം അവർക്ക് സമർപ്പിക്കുന്നത്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (2011), സംഗീത നാടക അക്കാദമി അവാർഡ്, പ്രേംജി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് നിലമ്പൂർ ആയിഷ അർഹയായിട്ടുണ്ട്.
2006 മുതലാണ് എൻ.സി. ശേഖർ പുരസ്കാരം നൽകി വരുന്നത്. 2018 ൽ സഖാവ് വി.എസ് അച്ച്യുതാനന്ദനാണ് പുരസ്കാരം സമർപ്പിച്ചത്. എം.വി. ഗോവിന്ദൻ മാസ്റ്റർ, എൻ പ്രഭാവർമ്മ, ഡോ. വി.പി മുസ്തഫ, ഇടയത്ത് രവി എന്നിവർ ഉൾപ്പെടുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.