മാഹി : മഹത്തായ ഭാരതീയ ചിത്രകലയുടെ പാരമ്പര്യത്തിലൂന്നി നിൽക്കുമ്പോഴും, നൂതനമായ ഒരു ശൈലിയും, വർണ്ണ സംസ്ക്കാരവും കലാലോകത്തിന് സംഭാവന ചെയ്ത മഹാനായ ചിത്രകാരനാണ് ശരത്ചന്ദ്രൻ എന്ന് വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ അഭിപ്രായപ്പെട്ടു.
മലയാള കലാഗ്രാമത്തിലെ എം.വി.ദേവൻ ആർട്ട് ഗാലറിയിൽ നടക്കുന്ന ശരത്ചന്ദ്രന്റെ ദശദിന ചിത്രപ്രദർശനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യത്തേക്കാൾ സജീവമാണ് ഇന്ന് ചിത്രകല. ഒരു ചിത്രം മഹത്തരമാകുന്നത് അതിൽ മനുഷ്യജീവിതവും, സ്നേഹവുമെല്ലാം ഇതൾ വിരിയുമ്പോഴാണ്. പുതുവർണ്ണങ്ങളും, നൂതന ശൈലികളും തേടിയുള്ള സർഗ്ഗ സഞ്ചാരങ്ങൾക്കൊടുവിൽ, കലാകാരൻമാർ വീണ്ടും യഥാതഥ രചനകളിലേക്ക് മടങ്ങിവരുന്ന കാഴ്ചയാണ് കേരളക്കരയിലെങ്ങും കാണുന്നത്. മാസ്റ്റേർസിന്റെ രചനകൾ പോലും കാണാൻ ഗാലറികളിലെത്താതിരിക്കുന്ന പുതു തലമുറയുടെ മനോഭാവം മാറ്റപ്പെടണമെന്ന് മുകുന്ദൻ ഓർമ്മിപ്പിച്ചു.
എം.ഹരീന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡോ. എ.വത്സലൻ, എ.വി.അരവിന്ദാക്ഷൻ മാസ്റ്റർ, ചാലക്കര പുരുഷു, പി.ആനന്ദ് കുമാർ, സദു അലിയൂർ, എന്നിവർ പ്രസംഗിച്ചു. പ്രശാന്ത് ഒളവിലം സ്വാഗതവും, ശരത്ചന്ദ്രൻ നന്ദിയും പറഞ്ഞു. പ്രദർശനം ആഗസ്ത് 26 വരെ നീണ്ടു നിൽക്കും.