കുരുത്തോല കൊണ്ടുള്ള കല. നമ്മുടെ ഇടങ്ങളില്‍ നിന്നൊക്കെ അന്യം നിന്ന് പോവുന്ന അനുഗ്രഹീത പരന്പരാഗത കല. പുതുതലമുറയ്ക്ക് ഈ കലയെ പരിചയെപ്പെടുത്താനും അതിലൂടെ തലമുറകളിലേക്ക് ഇത് കൈമാറാനും ഇതാ ഇവിടെ ഒരു കുടുംബം. കോഴിക്കോട് ജില്ലയിലെ പേരാന്പ്രയിലെ അശോകനും കുടുംബവും ആണ് കുരുത്തോല കല പരിശീലിപ്പിക്കാന്‍ തങ്ങളുടെ വീട്ടില്‍ തന്നെ ഒരു ഏകദിനശില്പശാല ഒരുക്കുന്നത്. 2017 ഡിസംബർ 23 ശനിയാഴ്ച്ചയാണ് കാലത്ത് 10 മണി മുതൽ വൈകന്നേരം വരെയാണ് പരിപാടി.
പേരാമ്പ്ര എരവട്ടൂരിലെ ‘സമം’ വീട്ടുകാര്‍ക്ക് പ്രത്യേകതയേറെയുണ്ട്. പരിസ്ഥിതി സന്നദ്ധ പ്രവര്‍ത്തകരാണ് അശോകനും കുടുംബവും. മക്കളുടെ വിവാഹത്തില്‍ മറ്റു ചടങ്ങുകള്‍ ഒന്നും ഇല്ലാതെ പരസ്പരം തൈകള്‍ കൈമാറി നടത്തിയ ചടങ്ങ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും ആക്ടിവിസ്റ്റും ആയ ഐറിഷ് വത്സമ്മയാണ് അശോകൻറെ മകള്‍ ഹിതയെ ഈ രീതിയില്‍ ജീവിതത്തിലേക്ക് കൈപിടിച്ച് കൂട്ടിയത്.
“……അന്യം നിന്നുപോകുന്ന കലകളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക, കലാകാരന്മാർക്ക് അറിയാത്തത് പരസ്പരം കൈമാറാനുള്ള അവസരം ഒരുക്കുക, കരവിരുതുകൾ നാളേക്കു വേണ്ടി പകർത്തി സൂക്ഷിക്കുക, പഠിക്കാനും ആസ്വദിക്കാനും കൂട്ടു കൂടാനും ഒരിടം ഒരുക്കുക, കലകളേയും കലാകാരന്മാരേയും ആദരിക്കാനും, അംഗീകരിക്കാനും പഠിക്കുക, കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ നമ്മുടെ ചുറ്റുമുള്ള പ്രകൃതി വിഭവങ്ങൾ കൊണ്ടും, പാഴ് വസ്തുക്കൾ കൊണ്ടും നിർമ്മിക്കാൻ ശ്രമിക്കുക… തുടങ്ങിയവയാണ് കുരുത്തോലക്കൂട്ടത്തിന്റെ ഉദ്ദേശങ്ങള്‍…..” അശോകന്‍ ആത്മ ഓണ്‍ലൈനോട് പങ്കുവെച്ചു.
ഉപയോഗശേഷം വലിച്ചെറിയുക എന്ന സംസ്കാരത്തെ പ്രതിരോധിക്കാന്‍ കൂടിയാണ് കുരുത്തോലക്കൂട്ടം സംഘടിപ്പിക്കപ്പെടുന്നത്. കൈവേലകള്‍ ചെയ്യുന്നതിലൂടെ ഭാവനയും ബുദ്ധിയും ക്ഷമയും കഴിവും വികസിപ്പിക്കാൻ പറ്റുമെന്ന് ഇവര്‍ പറയുന്നു. നമ്മള്‍ അത്യാവശ്യത്തിന് വാങ്ങുന്ന വസ്തുക്കൾ തകരാറുകൾ തീർത്ത് വീണ്ടും ഉപയോഗിക്കാനും മാറ്റങ്ങൾ വരുത്തി പുതിയ ഉപയോഗം കണ്ടെത്താനും പറ്റും. ഈ രീതിയില്‍ നമ്മള്‍ തന്നെ വസ്തുക്കള്‍ നിര്‍മ്മിക്കുന്പോള്‍ നമുക്ക് ആത്മാഭിമാനം വര്‍ധിക്കും. ലളിത ജീവിതം നയിക്കുന്പോള്‍ ജീവിതത്തിന്റെ സുഖം അനുഭവിക്കാന്‍ ആവും. നമുക്ക് ചുറ്റും ജൈവിക അന്തരീക്ഷം ഉണ്ടാക്കിയെടുത്താല്‍ മാത്രമേ ആരോഗ്യവും സമാധാനവും ഉണ്ടാകുകയുള്ളൂ എന്നും അതൊക്കെ തിരിച്ചു പിടിക്കാന്‍ പുതു തലമുറയെ പ്രാപ്തരാക്കാന്‍ വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്നും അശോകന്‍ കൂട്ടിചേര്‍ത്തു.
പേരാന്പ്രയില്‍ നിന്ന് ചേനായി റോഡിലൂടെ മൂന്ന് കിലോമീറ്റർ വന്നാൽ ഏരത്ത് മുക്ക് കുട്ടോത്ത് റോഡെത്തും. ഇടത്തോട്ട് തിരിഞ്ഞ് അതിലൂടെ 800 മീറ്റർ വന്നാൽ സമത്തിലെത്തും. വടകരയില്‍ നിന്ന് ചാനിയം കടവ് വഴി കനാല്‍ മുക്ക് ഇറങ്ങി കനാല്‍ റോഡിലൂടെ വന്നാലും സമത്തില്‍ എത്താം.