സുനിത ഗണേഷ്
ഇങ്ങനെ നടന്നോണ്ടിരിക്കുമ്പോൾ
പെട്ടെന്ന് എന്നെ
കാണാതെയാവണം.
നിന്റെ കൈയിൽ മുറുക്കിപ്പിടിച്ച
എന്റെ കൈ കാണാതെ
നീ അമ്പരക്കണം…
ജീവനേ നീയെവിടെയെന്നു
തേടണം…
എണ്ണ തേക്കാത്ത നിന്റെ
കാടൻ മുടിയിഴകൾ
എന്റെ വിരലിനായി
എഴുന്നു നിൽക്കണം…
നിന്റെ ഹൃദയ ഭിത്തികളിൽ
ചോര ആഞ്ഞിടിക്കണം.
അപ്പോൾ നീ ഓടുകയായിരിക്കും…
കല്ലുമതിലുകൾക്കിടയിലുള്ള
നൂലുവഴിയിലൂടെ,
നിന്റെ ശരീരം ചിലപ്പോൾ
കൽവേലി തട്ടി മുറിഞ്ഞേക്കാം.
എനിക്ക് വേണ്ടി
നിന്റെ മാംസം രക്തമൊഴുക്കി-
ക്കരയുന്നതായിരിക്കും ചിലപ്പോൾ.
അങ്ങിനെ,
നീയോടിയോടി,
രക്തമൊഴുക്കി
ചപ്പിലക്കാട്ടിലെത്തുമ്പോൾ
ചീവിടുകൾ പറഞ്ഞേക്കാം
ഞാൻ പോയ വഴി
നിനക്കു കാണിച്ചു തന്നേക്കാം.
വിശ്വസിക്കരുത്,
ഒരു ചെറുകൊള്ളി തീ
കൊണ്ടു ചുട്ടെരിക്കണം
ആ നുണക്കാടുകളെ…
ഹാ, തീയിൽ വേവാതെ
നീ പുറത്തു ചാടുമ്പോൾ
മറ്റൊരു
നുണയായി ഞാൻ
വെന്തെരിയുന്നുണ്ടാകും…
നോക്കു,
നിന്റെ കൈക്കുള്ളിൽ
ഇപ്പോൾ
എന്റെ ഹൃദയമുണ്ടോ?