സീന ജോസഫ്
സ്വയമാരെന്നറിയാത്ത ഞാനാരേയോ തേടി
അലഞ്ഞുവന്നടിഞ്ഞതാണിവിടെ.
കഴുത്തൊടിഞ്ഞു തൂങ്ങിയൊരു കർത്താവ്
കുരിശിൽ കിടന്നു വിലപിക്കുന്നാർക്കുവേണ്ടിയോ!
കാലം കുളമ്പടിപ്പാടുകൾ വീഴ്ത്തിയ
ശവകുടീരങ്ങൾക്കു കാവലാണാ പാവം!
ഇവരോടു പൊറുക്കുകെന്നു പ്രാർത്ഥിച്ചു
തോറ്റുപോയോരു സാധു മനുഷ്യപുത്രൻ!
ആഞ്ഞടിക്കും കാറ്റിലാർത്തനാദം കടിച്ചമർത്തി
ഇരുകൈകളും വാനിലേക്കുയർത്തി നിരാലംബം
കേഴുമൊരു പഴയ ദേവാലയമാണവനു കൂട്ട്.
എനിക്കും! എത്രയോ കാലമായ് ആരെയോ-
തേടി, കാത്തിരിക്കുന്നു ഞാനുമിവിടെ?!
വീണുടഞ്ഞ പ്രാർത്ഥനാമന്ത്രങ്ങളും
വിറങ്ങലിച്ച കുമ്പസാര ജൽപനങ്ങളും
മാറ്റൊലിയായിത്തീർന്ന മണിമുഴക്കങ്ങളും
അനാഥമീ ആത്മാക്കളും പിന്നെ ഞാനും!
കാലം വരച്ചൊരു ലക്ഷ്മണരേഖയിൽ
കാൽച്ചങ്ങലകളണിഞ്ഞു ഞങ്ങൾ!
ആരുടെയോ ഹൃദയരക്തം തൂവി-
വല്ലാതിരുണ്ടു ചുവന്നൊരാകാശം മേലെ.
ഇലകളൊക്കെ കൊഴിഞ്ഞു പോയെന്നാകിലും
പച്ച വേരിൽപ്പോലും ശേഷിക്കുന്നില്ലെങ്കിലും
തകർന്നടിയാൻ വിസമ്മതിച്ചൊരു മരം
അതുചാരി വെറുതെയീ ഞാനും!
പശിമയാർന്നൊരു ഗൃഹാതുരത്തപ്പച്ച
ഇരുൾ തീണ്ടി, മലയിറങ്ങി, കാടിറങ്ങി,
താഴ്‌വരമൂടി പതഞ്ഞുറയുന്നു.
അതിലൊട്ടിപ്പിടിച്ചു വിടുതലില്ലാതെ,
സ്വയമാരെന്നറിയാത്തൊരാത്മാവായി ഞാൻ!
സ്വയമാരെന്നറിയാത്തൊരാത്മാവായി ഞാൻ!
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in