ശബ്ദം

0
244
അളക എസ് യമുന

കിലോ മീറ്ററുകൾക്കപ്പുറത്തു നിന്നും അമ്മയുടെ ശബ്ദം അതും തനിച്ചിരുന്നോർമ്മകൾ കോർക്കുന്ന നേരത്തുതന്നെ… മുറിഞ്ഞുപോകുന്ന വാക്കുകൾക്ക് “എന്തു പറ്റി കുഞ്ഞീ നിനക്കെ”ന്ന നേർത്ത ശബ്ദത്തിലുള്ള ചോദ്യം!
പിന്നെ നിശ്ശബ്ദതമായ പെയ്ത്തായിരുന്നു രണ്ടു മേഘങ്ങൾ….
വർഷങ്ങൾക്കു മുൻപ്
വാക്കുകൾ കിട്ടാതെ വിങ്ങിക്കരഞ്ഞൊരു “കുഞ്ഞി” പിന്നേയും കടന്നു വന്നിരിക്കുന്നു..
മണ്ണിന്റെയും
മുലപ്പാലിന്റെയും ഓർമ്മമണം
തിരികെ വന്നിരിക്കുന്നു.
രണ്ടു ചിറകുകൾ കടം കിട്ടിയിരുന്നെങ്കിൽ….
ഞൊടിയിടയ്ക്കുള്ളിൽ ആ ശബ്ദത്തിനരികെയെത്തി
കൈകൾകൊണ്ട് വട്ടം ചേർത്തു പിടിക്കാമായിരുന്നു….
കറിക്കൊന്നും പഴേ രുചിയില്ലെന്നു പറഞ്ഞു  ചൊടിപ്പിക്കാമായിരുന്നു….
പിന്നാലെ നടന്നോരോ
കഥകൾ പറഞ്ഞു “ശല്യം”
ചെയ്തോണ്ടിരിക്കാമായിരുന്നു….
തോരുന്നില്ല മഴ, പിന്നെയും പെയ്ത്ത് തുടരുകയാണ്…
മറുപുറത്തുനിന്നും വിശേഷങ്ങൾ ചോദിക്കുന്നുണ്ട്….
രണ്ടു നേരം കുളി ക്കാനും നന്നായി ആഹാരം കഴിക്കാനും സന്തോഷമായിരിക്കാനും പറയുന്നുണ്ട്….
അലഞ്ഞു തിരിയലുകൾക്കുള്ള ശകാരമുണ്ട്
തിരിച്ചൊന്നും പറയാതെ വാക്കുകൾ പിണങ്ങി നിൽപ്പാണ്…
തപ്പിപ്പിടിച്ചെടുത്ത വാക്കുകൾ കൊണ്ട്
”വിശക്കുന്നുണ്ടമ്മേ”യെന്നും പറഞ്ഞു പാൽമണം ചുരത്തുന്നോർമ്മകളിലേക്കു ചുരുണ്ടു…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here