തൃശ്ശൂര്‍: മലയാളത്തിലെ പ്രമുഖ എഴുത്തുകാരിയും പരിഭാഷകയുമായ പി.കെ. അഷിത അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു.
1956 ഏപ്രില്‍ 5-നു തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരിലാണ് ജനിച്ചു. ഡിഫന്‍സ് റിട്ട. അക്കൗണ്‍സ് ഓഫീസര്‍ കെ.ബി. നായരുടെയും (കഴങ്ങോടത്ത് ബാലചന്ദ്രന്‍ നായര്‍) തെക്കേ കറുപ്പത്ത് തങ്കമണിയമ്മയുടെയും മകളാണ്.
ഡല്‍ഹിയിലും ബോംബെയിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. എറണാംകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാന്തര ബിരുദം നേടി.
‘വിസ്മയചിഹ്നങ്ങള്‍’, ‘അപൂര്‍ണ്ണ വിരാമങ്ങള്‍’, ‘അഷിതയുടെ കഥകള്‍’, ‘മഴമേഘങ്ങള്‍’, ‘തഥാഗത’, ‘അലക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകളുടെ മലയാളതര്‍ജ്ജമ’, ‘മീര പാടുന്നു’ (കവിതകള്‍), ‘വിഷ്ണുസഹസ്രനാമം ലളിത വ്യാഖ്യാനം’ (ആത്മീയം), ‘ശിവേന സഹനര്‍ത്തനം വചനം കവിതകള്‍’, ‘രാമായണം കുട്ടികള്‍ക്ക്’ (ആത്മീയം), ‘കുട്ടികളുടെ ഐതിഹ്യമാല’ എന്നിവയാണ് പ്രധാന കൃതികള്‍.
2015-ല്‍ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്‌കാരം അഷിതയുടെ കഥകള്‍ എന്ന കൃതിയ്ക്കു ലഭിച്ചു. ഇടശ്ശേരി പുരസ്‌കാരം, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം സ്മാരക സാഹിത്യ അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
ഭര്‍ത്താവ്: കെവി രാമന്‍കുട്ടി, മകള്‍: ഉമ