“ഭൂമി കറങ്ങുന്നുവെന്നതാണ് സത്യം, പക്ഷേ ആ ചലനം പ്രത്യക്ഷത്തില്‍ നാം അറിയുന്നില്ല.”

0
174

ലിജീഷ് കുമാര്‍

“ഭൂമി കറങ്ങുന്നുവെന്നതാണ് സത്യം, പക്ഷേ
ആ ചലനം പ്രത്യക്ഷത്തില് നാം അറിയുന്നില്ല.”

അധികാരവും ജാതിയുമൊക്കെ ആധുനിക ഇന്ത്യയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സംസാരിച്ച മാധവ് രാംദാസിന്റെ മേൽവിലാസം എന്ന സിനിമയിലെ ഡയലോഗാണിത്. മാധവ് രാംദാസ് എന്ന സംവിധായകന്റെ മേൽവിലാസം എന്നിൽ പതിപ്പിച്ച പടം കൂടിയാണത്. കൃഷ്ണകുമാറിന്റെ ബി.ഡി. വര്മ്മയെയും അശോകന്റെ ഡോ.ഗുപ്തയെയും പാർത്ഥിപന്റെ ഹവിൽദാർ രാമചന്ദ്രനെയുമൊക്കെ കണ്ടപ്പോൾ, യൂണിഫോമിട്ടാൽ യൂണിഫോമിറ്റിയുണ്ടാവില്ല – ഉടുപ്പിട്ടാൽ ഉടുപ്പിന്റെ നിറമുള്ള മനസുണ്ടാവില്ല എന്ന എം.എൻ.വിജയൻ മാഷിന്റെ പ്രസംഗം ഓർമ്മ വന്നിരുന്നു. സ്വദേശ് ദീപക്കിന്റെ ഹിന്ദി നാടകമായ കോര്ട്ട് മാര്ഷ്യലിനെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മെന്സ് ഹോസ്റ്റലില് സെറ്റിട്ട് മാധവ് രാംദാസ് പത്ത് ദിവസം കൊണ്ട് മേൽവിലാസമാക്കിയപ്പോൾ, നാടകത്തിനും സിനിമയ്ക്കുമിടയിലെ നൂൽപ്പാലത്തിലൂടെയുള്ള ബ്രില്യൻറായ ആ നടത്തം കണ്ട് ഞാൻ കൈയ്യടിച്ചിട്ടുണ്ട്. എഡിറ്റർ ശ്രീനിവാസിനോട് വല്ലാത്ത സ്നേഹം തോന്നിയിട്ടുണ്ട്.

“ഈ കൈ കൊണ്ടല്ലേ സാര് എനിക്ക് മരുന്ന് കുത്തി വച്ചത്, എന്നിട്ട് ഈ കൈകൊണ്ട് സാര് ഭക്ഷണം കഴിച്ചില്ലേ ? ഇതേ കൈകൊണ്ട് മക്കളെ കൊഞ്ചിച്ചില്ലേ ?” തന്നിൽ മരുന്ന് പരീക്ഷിച്ച ഡോക്ടർ വിജയ്‌ നമ്പ്യാരോട് സുബിൻ ചോദിച്ച ഈ ചോദ്യം അപ്പോത്തിക്കിരി കണ്ട ഒരു ഡോക്ടറും മറക്കില്ല. “ദേവാലയങ്ങളെക്കാള് ആളുകള് പ്രാര്ത്ഥിക്കുന്നത് ആശുപത്രികളിലാണ്” എന്ന ഡോക്ടറുടെ കുറ്റസമ്മതവും. മാധവ് രാംദാസിന് സിനിമ രാഷ്ട്രീയ പ്രവർത്തനമാണെന്നതിന്റെ തെളിവാണ് മേൽവിലാസവും അപ്പോത്തിക്കിരിയും. അദ്ദേഹത്തിന്റെ മൂന്നാമത്തെ പടമാണ് ഇളയരാജ. അതിന്റെ രാഷ്ട്രീയമെന്തായിരിക്കുമെന്ന് മേപ്പറഞ്ഞ കഥകളിൽ നിന്ന് ഊഹിക്കാവുന്നതേയുള്ളൂ.

അപ്പോത്തിക്കിരിയോ മേൽവിലാസമോ പോലെ നമ്മളെ തീയേറ്ററിലേക്ക് പിടിച്ച് വലിക്കുന്ന വലിയ താരങ്ങളൊന്നും ഇളയരാജയിലില്ല. എന്റെ കാര്യം തന്നെ പറയാമല്ലോ, ഈ പടം ഞാൻ പോസ്റ്റ് ചെയ്യുന്നത് നായകന്മാർക്കിടയിൽ എക്കാലവും ഒതുങ്ങിപ്പോകാറുള്ള നായികയെ ഒന്നാഘോഷിച്ചേക്കാം എന്ന രാഷ്ട്രീയ ബോധ്യത്തിന്റെ വെളിച്ചത്തിലല്ല. സിജി എന്റെ സുഹൃത്തായത് കൊണ്ടാണ്. കാണാൻ തീരുമാനിച്ച്, സമയവും സ്ഥലവും തീരുമാനിച്ച്
കണ്ടു കണ്ടില്ല എന്ന മട്ടിൽ അടുത്തും അകന്നും പോയവരാണ് സിജിയും ഞാനും. എല്ലായ്പ്പോഴുമെന്ന പോലെ എന്റെ ഉഴപ്പുകൊണ്ടാണ് ആ കാഴ്ച സംഭവിക്കാതെ പോയത്. ഇന്ന് ഇളയരാജയിലെ നായികയായി അവളെക്കണ്ടു. കണ്ടിറങ്ങിയപ്പഴാണ്, എനിക്ക് മടുക്കുന്നു – TV യിൽ നിന്ന് മാത്രം എന്റെ പടം കാണാൻ തീരുമാനമെടുത്ത ഈ പേക്ഷകർക്ക് വേണ്ടി വീണ്ടും വീണ്ടും ഞാനിങ്ങനെ സിനിമ ചെയ്യുന്നതെന്തിന്, എന്ന സംവിധായകന്റെ കൺഫഷൻ വായിക്കുന്നത്. സങ്കടമാണത്, എന്തെല്ലാം കുറവുകൾ ആരോപിക്കാനുണ്ടെങ്കിലും മാധവ് രാംദാസ് തന്റെ സിനിമകളിലൂടെ പറയാൻ ശ്രമിക്കുന്ന ജനപക്ഷ രാഷ്ട്രീയത്തിന്റെ ശബ്ദം നമ്മളായി ദുർബലപ്പെടുത്തിക്കൂട.

പിടിച്ച് വലിച്ച് കൊണ്ടുപോകാൻ പറ്റിയ താരങ്ങളൊന്നുമില്ലെങ്കിലും ഇളയരാജ കാണൂ. 28 ന് ലൂസിഫർ വരും, വിഷുവാവുമ്പഴേക്കും മധുരരാജ വരും. അവയുണ്ടാക്കുന്ന ഓളത്തെ അതിജീവിക്കാൻ ഈ സിനിമയ്ക്ക് ബുദ്ധിമുട്ടാണ്. വൈകാതെ, തീയേറ്ററിൽ തന്നെ പോയി ഇളയരാജ കാണൂ,

”ലോകം ഒരു ഉന്തുവണ്ടി പോലെയാണ്. ആരെങ്കിലുമൊക്കെ ഒന്ന് ഉന്തിയാലേ അത് മുന്നോട്ട് പോകൂ !!” ഇളയരാജയിലെ നായകന്റെ ഡയലോഗാണ്. നമുക്കൊന്ന് ആഞ്ഞുന്തിക്കൊടുക്കാം, ഡീൽ ?

LEAVE A REPLY

Please enter your comment!
Please enter your name here