ഡോ. കെ.എസ്. കൃഷ്ണകുമാർ
ബസ്സ് യാത്രക്ക് മാസപ്പാസ് വാങ്ങാൻ ഇന്നു രാവിലെ തൃശ്ശൂർ കെ എസ് ആർ ടി സി സ്റ്റാന്റിലെ ഓഫീസിൽ പോയതാണു. ഓഫീസർ നമസ്കാരവും സുപ്രഭാതാശംസകളും പറഞ്ഞപ്പോൾ വലിയ അപരിചിതത്വവും അസ്വാഭാവികതയും തോന്നി. കേരളം തന്നെയാണോയെന്നൊരു ഉൾച്ചോദ്യം. ഏത് സർക്കാർ ആപ്പീസിലേതുപോലെ കാർക്കശ്ശ്യവും അളന്നുമുറിച്ച സംസാരങ്ങളും അലസതയും ധാർഷ്ട്യവും താത്‌പര്യമില്ലായ്മയും പ്രതീക്ഷിച്ചു പ്രവേശിച്ചതാണു എനിക്ക് പറ്റിയ തെറ്റെന്ന് തോന്നി. ആതിഥേയത്വാചാരമര്യാദകളോടെ ഔദ്യോഗികമേശക്കുമുന്നിൽ എനിക്ക് പുതുതായി ഒരു കസേര നീക്കിയിട്ടുതന്ന്, ഇരിക്കാൻ അതീവഭവ്യതയോടെ താത്‌പര്യപ്പെട്ടതോടെ ലോകം വല്ലാതെ മാറിയെന്ന് ബോധ്യമായതിന്റെ ഊർജ്ജം എന്റെയുള്ളിൽ നിറഞ്ഞു കവിഞ്ഞു. ആ വാഗ്ദത്ത കസേരയിൽ ഞാൻ രാജകീയമായി നിവർന്നിരുന്നു. മാസശ്ശീട്ട് ലഭിക്കാനുള്ള അപേക്ഷാഫാറം തന്നു. ഓരോ വരിയും പൂരിപ്പിക്കാൻ എന്നെ സഹായിക്കുക കൂടി ചെയ്തപ്പോൾ വിസ്മയം ഇരട്ടിച്ചു. ഫാറത്തിൽ ഓരോ വിവരങ്ങളും എഴുതുന്ന നേരം അതിലേക്കാവശ്യമില്ലാത്താണെങ്കിൽ കൂടി അനുബന്ധമായി എന്നോട് എന്റെ കുടുംബം, ജോലി, യാത്രയുടെ രീതികൾ, ഇന്നത്തെ യാത്രയുടെ ലക്ഷ്യം തുടങ്ങി വ്യക്തിപരമായ ധാരാളം വിശേഷങ്ങൾ കുശലഭാവേന ചോദിച്ചറിഞ്ഞപ്പോൾ സ്നേഹാദരങ്ങൾ ഒന്നുകൂടെ ഗാഢമായി അനുഭവപ്പെട്ടു. കുറെ കൂടി സുഗമമാക്കാൻ ഫാറംക്കടലാസിനടിയിൽ വച്ച് എഴുതാൻ ഒരു മാസികയും തന്ന് എന്നെ കൂടുതൽ കൂടുതൽ കരുതലുകളാൽ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. രാവിലെ എട്ടുമണിക്ക് ഡ്യൂട്ടി ഷിഫ്റ്റ് നേരമാകയാൽ അൽപനേരം ഇരിക്കാൻ വീണ്ടും ഭവ്യതയോടെ പറയുന്നു. തിരക്കില്ലല്ലോ, നേരം നഷ്ടമാകുമോ, ബുദ്ധിമുട്ടായല്ലേ, തുടങ്ങിയ സാന്ത്വനങ്ങൾ കൂടിയായപ്പോൾ ഞാൻ കൂടുതൽ അത്‌ഭുതപരവശനായി. ആരാ, എന്താ, എന്തിനാ, ഏതാ തുടങ്ങിയ ചാട്ടങ്ങളും പദങ്ങളും അട്ടഹാസങ്ങളും മാത്രം പരിചിതമായ സർക്കാരാപ്പീസു മുൻകാലപെരുമാറ്റാനുഭവങ്ങളുടെ സ്ഥാനത്ത് ഇന്ന് ആതുരാശ്രമങ്ങളിൽ പോലും ലഭിക്കാത്ത ഇത്തരം സ്നേഹാദരശീതളിമകളിൽ ഞാൻ കുടുതൽ കൂടുതൽ അന്ധാളിച്ച് ഇരുന്നു.
മാസശ്ശീട്ടിനുവേണ്ടിയുള്ള കാത്തിരിപ്പിൽ നേരം പോക്കാൻ വച്ചെഴുതാൻ തന്ന ആനുകാലികമേതെന്ന് ഞാൻ മറിച്ചു നോക്കി. ജീവനക്കാരുടെ സംഘടനയുടെ മുഖപത്രമായ ‘ട്രാൻസ്പോർട്ട് എംപ്ലോയി’യായിരുന്നു അത്. കെ എസ് ആർ ടി സി തൊഴിലാളിസംഘടനയുടെ രാഷ്ട്രീയപ്രചാരണങ്ങളാണു നിറയെ. സമരറിപ്പോർട്ടുകൾ, സർവീസ് വിശേഷങ്ങൾ, ഭാരവാഹികളുടെ ആഹ്വാനങ്ങൾ, സ്വർണാഭരണങ്ങൾ തുടങ്ങിയ വിലയേറിയ വസ്തുക്കൾ ബസ്സിൽ നിന്നു വീണുകിട്ടിയവ തിരിച്ച് ഉടമസ്ഥനിലേക്കെത്തിച്ച സത്യസന്ധ്യതയ്‌ക്കുള്ള ആദരങ്ങൾ എന്നിവയായിരുന്നു ‘ട്രാൻസ്പോർട്ട് എംപ്ലോയി’യുടെ ഉള്ളടക്കങ്ങൾ. സ്വാഭാവികമായും തൊഴിലാളിസംഘടനാരാഷ്ട്രീയം തന്നെയാണു പ്രസിദ്ധീകരണത്തിന്റെ പ്രധാന ആഭിമുഖ്യം. അത്തരം എഴുത്തുകൾക്കിടയിൽ ഒരു കവിത. പേർ ‘മകളേ മടങ്ങുക’. കവയിത്രി ഗുരുവായൂർ സ്വദേശിനി സന്തോഷ് കുമാരി. കെ എസ് ആർ ടി സി തൊഴിലാളിയായിരിക്കുമോ. അതെയെന്ന്. മകളെ മടങ്ങുക എന്ന കവിത ഏറെ ശ്രദ്ധേയമായി അനുഭവപെട്ടു. ഒട്ടും സുരക്ഷിതമല്ലാത്ത ഈ ലോകമുഖത്തുനിന്ന് തന്റെ മകളെ അമ്മ ഗർഭപാത്രത്തിലേക്ക് തിരികെ വിളിക്കുന്ന കാവ്യപ്രമേയത്തിൽ സാന്ദ്രമായ ഭാവുകത്വമുണ്ട്. കണ്ണേ മടങ്ങുക എന്ന പ്രഖ്യാതമായ രോദനത്തിന്റെ നവകാലപാഠമായി വായിക്കപ്പെടേണ്ടുന്ന കവിതയുടെ ശീർഷകം മുതൽ ഇന്നിന്റെ അരക്ഷിതാവസ്ഥയുടെ കൊടുംവെയിൽ പൊള്ളിയെഴുതിയ ഗാംഭീര്യമുണ്ട് കവിതയിൽ. അത്ര പ്രസിദ്ധയല്ലാത്ത എഴുത്തുകാരിയായ ഗുരുവായൂർ സന്തോഷ്‌കുമാരിയുടെ ഓരോ വരിയിലും ഈ കെട്ട കാലം കട്ടപ്പിടിച്ചിരിക്കുന്നു. മാതൃത്വവും പെൺഭീതികളും സാഹിത്യത്തിൽ പുതുമയല്ലെങ്കിലും തൊഴിലാളിമുഖപത്രങ്ങളിൽ ഈ കവിത വേറിട്ടു നിൽക്കുന്നു. വേനൽമഴ പോലെയായിരുന്ന ഇന്നത്തെ കെ എസ് ആർ ടി സി ഓഫീസ് അനുഭവം. ദിനാരംഭത്തിനു വർണ്ണം കൂടുതലാക്കിയ ‘മകളേ മടങ്ങുക’ എന്ന കവിത ഗദ്യകവിതയായും ഈണത്തിലും. പലാവർത്തി അവിടെ വച്ചു വായിച്ചു തീരുന്പോഴേക്കും മാസശ്ശീട്ട് അനുവദിച്ചു വന്നു. അത് കൈയിലേക്ക് തരുന്പോൾ സമയം വൈകിയതിലും ഇത്തിരി നേരം കൂടുതൽ അവിടെ ഇരുത്തിയതിലും എന്നോട് ക്ഷമചോദിക്കുന്നു എന്ന് അറിയിച്ചു. അങ്ങനെ ഇരുന്നതിനാൽ ഈയൊരു കവിത വായിക്കാനായല്ലോ, പുതിയൊരു കവിയെ അറിയാനായല്ലോ, സേവനമനോഹാരിത നിറഞ്ഞ ഒരു ഉദ്യോഗസ്ഥനെ പരിചയപ്പെടാനായല്ലോ എന്നെല്ലാം ഞാൻ എന്റെയുള്ളിലെ സന്തോഷവും നന്ദിയും അറിയിച്ചു. സർക്കാർ ജീവനക്കാർ അങ്ങനെ നീചരൊന്നുമല്ല, എന്നെ തിരുത്തി. എല്ലാവരുമാണെന്ന് പറയില്ല, എന്റെ നിലപാട് അറിയിച്ചു, ജനങ്ങൾ പുഴ പോലെ ഒഴുകിവന്നടിയുന്ന ഇത്തരം പൊതുകൗണ്ടറുകളിൽ മനം മടുത്ത് തീരെ മെരുക്കമില്ലാത്ത കൗണ്ടർമ്മാരെയാണു അധികം കണ്ടിട്ടുള്ളത്. സംഘടനാവാർത്താപത്രികകളിലും സ്ഥിരം കാണുന്നവയിൽ നിന്നു വ്യത്യസ്തമായി ഇന്ന് വായിച്ച കവിതപോലെയെന്ന് ഞാൻ താളുകൾ മറിച്ച് ആ കവിത നിവർത്തി വച്ചു. ‘മകളെ മടങ്ങുക’ പോലെയുള്ള സമാന്തരയെഴുത്തുകൾ പലതും വായിക്കപ്പെടാതെ പോകുന്നു. ഇന്ന് മാസപ്പാസ് തയാറാക്കി തന്ന കെ എസ് ആർ ടി സി ഉദ്യോഗസ്ഥനെപ്പോലെ പല ജീവനക്കാരെയും നമ്മളറിയാതെ പോകുന്നു.