നവീന്‍ എസ്
1
ബീച്ച് റോഡരികിന്റെ വിശാലതയിൽ കാറൊതുക്കി ഞാൻ പുറത്തിറങ്ങി. വെയിൽ മങ്ങിയിട്ടും ചൂടാറിയിട്ടില്ലാത്ത പൂഴിമണലിൽ ചെരിപ്പിന്റെ ഉയർന്ന ഹീലുകൾ പൂണ്ട് പോകുന്നു. വേച്ചുവേച്ച് നടന്നുചെന്ന് ഒറ്റപ്പെട്ട കാറ്റാടി മരത്തണലിലേക്ക് ഞാൻ കയറി നിന്നു. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല. തിങ്ങി നിറഞ്ഞ കാറ്റാടികളായിരുന്നു. വെയിൽ തൊടാത്ത ഭൂമിക്ക് തണുപ്പായിരുന്നു. ചെരുപ്പിൽ നിന്നും സ്വതന്ത്രമായി ആ മണലിലാഴ്ന്നതിന്റെ കുളിരോർമ്മ കാലുകളെ പൊള്ളിക്കുന്നുണ്ടാകും.
കടൽ വെള്ളത്തിൽ ചുവപ്പ് പടർന്ന് തുടങ്ങുന്നു. “കാമുകനായ സൂര്യന്റെ സാമീപ്യത്തിൽ നാണം കൊണ്ട് കടലമ്മയുടെ കവിൾ ചുവക്കുന്നു.”
എന്നോ വായിച്ച കവിതയുടെ ഓർമ്മ ചുണ്ടിൽ ചിരി പടർത്തി. ബാഗിൽ കിടന്ന മൊബൈൽ റിങ്ങ് ചെയ്തു. സ്ക്രീനിൽ തെളിഞ്ഞ പേര് ചിരി മായ്ച്ചു. അമ്മയാണ്. ഫോൺ ചെവിയോട് ചേർത്തു.
”മോളേ…….”
മനസ്സ് പറഞ്ഞിട്ടും നാവ് അനങ്ങിയില്ല.
”നാളെയാ ഗുരുതി…. പറഞ്ഞീർന്നില്ലേ ഞാൻ”
അല്പ നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അമ്മ തുടർന്നു.
“അച്ഛന് മടിയായിട്ടാ നെന്നെ വിളിക്കാൻ… മൂപ്പര് പറഞ്ഞിട്ടന്യാ ഞാനീ വിളിക്കണേ….”
അത് അമ്മ പറയാതെ തന്നെ എനിക്കറിയാം. പാത്തും പതുങ്ങിയും ഇടയ്ക്ക് വിളിക്കാറുണ്ടെങ്കിലും വീട്ടിലേക്ക് ക്ഷണിക്കാനുള്ള ധൈര്യമൊന്നും ആ പാവത്തിനില്ല.
“അച്ഛന്റെ വാശി നെനക്കറിയാവുന്നതല്ലേ കുട്ടീ…”
“പണ്ടൊരിക്ക ആ വാശിക്ക് കുരുതി കൊടുത്തതല്ലേ ഇന്റെ ജീവിതം…. ഇനീം വേണോ വേറെ ഗുരുതി?”
പറയണമെന്ന് കരുതിയതല്ല. പറഞ്ഞ് പോയതാണ്. ചിലപ്പോഴങ്ങനെയാണ് നാവ് തന്നിഷ്ടപ്രകാരം പെരുമാറുന്നു.
”ന്തൊക്ക്യാ മോളേ നീയ്യി പറയണയത്… നിങ്ങടെടേക്കിടന്ന് തീ തിന്ന് മത്യായിനിക്ക്”
വരാം എന്ന ഒറ്റ വാക്കിൽ തുടർന്ന് വരാനുള്ള ഒരുപാട് പരിവേദനങ്ങളുടെ കഴുത്തറുത്തിട്ടു.
വെയിൽ പാടെ കെട്ടിരുന്നു. അവൻ വരാമെന്ന് പറഞ്ഞ സമയമായി. ഞാൻ കടലിന് നേരെ നടന്നു.
2
തിരിഞ്ഞു നോക്കിയാൽ നീണ്ടു കിടക്കുന്ന റോഡിന്റെ അറ്റം വരെ കാണാം. ഇല്ല അവനില്ല. ഞാൻ നേരത്തെ തന്നെ പറഞ്ഞല്ലോ. പണ്ട് ഇവിടമിങ്ങനെ ആയിരുന്നില്ല. റോഡിൽ നിന്നും നോക്കിയാൽ ജനലഴികളിലൂടെ എന്ന വണ്ണമാണ് കടലിനെ കാണുക എന്ന് പറയുമ്പോൾ വരിയായി നിവർന്നു നിൽക്കുന്ന കാറ്റാടി മരങ്ങളെ നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുന്നില്ലേ? ഇന്നതൊന്നുമില്ല. പിന്നെ, ഈ പണ്ടെന്ന് ഞാൻ പറയുന്നത് അത്ര പണ്ടൊന്നുമല്ല കേട്ടോ. ഇതിന് മുമ്പ് ഒരേയൊരു തവണയാണ് ഞാനിവിടെ വന്നത്. കൃത്യം ഒരു വർഷം പുറകിൽ; ഇതേ ദിവസം. അന്നത്തെ കാര്യമാണ്. അന്നാണ് അവനെ ഞാൻ പരിചയപ്പെട്ടതും.
അകാലത്തിൽ പിരിഞ്ഞു പോയ പ്രിയ കവിയുടെ അനുസ്മരണമായിരുന്നു അന്ന്. ജീവിച്ചിരുന്നപ്പോൾ അകറ്റി നിർത്തിയവർ പോലും അയാളെ വാഴ്ത്തുന്നത് കേട്ട് എനിക്ക് ഓക്കാനം വന്നു. കാരണം അയാളുടെ കവിതകളേക്കാൾ അയാളെ ഞാൻ പ്രണയിച്ചിരുന്നു. എന്നിട്ടെന്തുണ്ടായി എന്ന് നിങ്ങൾ ചോദിച്ചാൽ പലകുറി കേട്ട് പഴകിയ ഒരു നഷ്ടപ്രണയ കഥയാവും എന്റെ മറുപടി. അത് നിങ്ങളെ മുഷിപ്പിക്കുമെന്ന് തീർച്ചയാണ്.
ഇനി ഞാനൊരു സത്യം പറയട്ടെ. അയാളെയുമല്ല അയാളുടെ കണ്ണുകളിലാണ് ഞാൻ പ്രണയ പരവശയായത്. ചലനമറ്റ ആ കണ്ണുകൾ ചത്ത മീനുകളെ ഓർമ്മിപ്പിച്ചു. അതിന്റെ ആഴങ്ങളിലേക്കിറങ്ങാൻ പലകുറി ശ്രമിച്ച് പരാജയപ്പെട്ടതാണ് ഞാൻ. ഒന്ന് കൂടി പറയട്ടെ അയാൾ ഏതോ തെരുവിൽ മരിച്ച് മഴ നനഞ്ഞ് കിടക്കുമ്പോൾ ഞാൻ കല്യാണ മണ്ഡപത്തിലായിരിക്കണം. അല്ലെങ്കിൽ ഭർത്താവിനോട് ചേർന്നിരുന്ന് വിവാഹസദ്യ ഉണ്ണുകയാവും. തീർച്ചയില്ല. ഇനിയെന്റെ പ്രണയത്തെ പറ്റി നിങ്ങളൊന്നും ചോദിക്കില്ലെന്നെനിക്ക് ഉറപ്പുണ്ട്.
ഒരു മണിക്കൂറോളം നീണ്ട പ്രസംഗ പരാക്രമങ്ങൾക്ക് ശേഷമാണ് അവൻ വേദിയിലെത്തിയത്. അവനൊരു കോളേജ് വിദ്യാർത്ഥിയാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. പിന്നെ ഇടത് കൈയ്യിൽ നിവർത്തിപ്പിടിച്ച കടലാസ്സ് കെട്ടിൽ നോക്കി അവനയാളുടെ കവിതകളോരോന്നായി ചൊല്ലാൻ തുടങ്ങി. അയാളുടെ ഈണമില്ലാത്ത കവിതകൾ മുഴുവൻ ഊർജ്ജവും നൽകി ചൊല്ലുമ്പോൾ അവന്റെ മെലിഞ്ഞ ദേഹം വിറക്കുന്നുണ്ടായിരുന്നു. പക്ഷെ, അപ്പോഴും എന്റെ ശ്രദ്ധ മുഴുവൻ ചത്ത മീനുകൾ പോലത്തെ അവന്റെ കണ്ണുകളിലായിരുന്നു.
കവിയരങ്ങിനായി സ്വന്തം കവിതകളുമായി കവികൾ വേദിയിൽ നിരന്നപ്പോൾ ഞാൻ പുറത്തേക്കിറങ്ങി; അവനും. ഒരേ മുറിയുടെ രണ്ടു വാതിലുകളിലൂടെ ഞങ്ങൾ പുറത്തെത്തി. അവനൊരു കാറ്റാടി മരത്തോട് ചാരി നിന്ന് സിഗരറ്റ് വലിക്കുന്നു. ഉണങ്ങിയ ചെമ്പൻ മുടി കടൽക്കാറ്റിൽ പാറിപ്പറക്കുന്നു. അവനെ കടന്ന് ഞാൻ നടക്കുമ്പോൾ ആ കണ്ണുകളിലേക്ക് ഞാൻ ആവർത്തിച്ച് നോക്കുന്നത് അവൻ കണ്ടിരിക്കണം. അവൻ വന്നു പരിചയപ്പെട്ടു. ഞങ്ങൾ കടലിനഭിമുഖമായിരുന്ന് സംസാരിച്ചു. ഫോൺ നമ്പർ കൈമാറി. അന്ന് തന്നെ ഞങ്ങൾ പ്രണയത്തിലായെന്ന് അവൻ പിന്നീട് അവകാശപ്പെട്ടു. ഞാൻ തർക്കിച്ചില്ല. യൗവനത്തിന്റെ പച്ചപ്പുള്ള ഹൃദയത്തിൽ പ്രണയം പെട്ടെന്ന് മുളക്കുന്നതിൽ അദ്ഭുതമില്ലല്ലോ.
അവനെനെ ഗാഢമായി പ്രണയിക്കുന്നെന്ന് ഇടക്കിടെ പറഞ്ഞു. ഞാനാകട്ടെ അവനിലൂടെ അയാളെ നിശ്ശബ്ദം പ്രണയിച്ചു. എന്നേക്കാളധികം എന്റെ ശരീരത്തിൽ അവൻ ആസക്തനാകുന്നത് എന്നെ അസ്വസ്ഥയാക്കിയിരുന്നു. എങ്കിലും ഞാനത് പ്രകടിപ്പിച്ചില്ല. കാരണം എന്തിന് വേണ്ടിയാണെങ്കിലും അവനെ പിരിയുക എന്നത് എനിക്ക് തീർത്തും അസാധ്യമായിക്കഴിഞ്ഞിരുന്നു. എല്ലാ രാത്രികളിലും ഞാനവനെ കൊണ്ട് അയാളുടെ മാത്രം കവിതകൾ ആവർത്തിച്ച് ചൊല്ലിച്ചു.
പലപ്പോഴായി തന്ത്രപൂർവ്വം ഒഴിവാക്കിയിട്ടും ഒരു ദിവസം ഞാൻ തനിച്ച് താമസിക്കുന്ന ഫ്ലാറ്റിൽ അവൻ വരിക തന്നെ ചെയ്തു. അവന് എതിർവശത്തായി സോഫയിലിരുന്ന് സംസാരിക്കുന്ന എന്നെ ആർത്തിയോടെ നോക്കുന്നതല്ലാതെ അവനൊന്നും പറഞ്ഞില്ല. പിന്നെയെപ്പോഴോ അവനെണീറ്റ് എനിക്കരികിൽ വന്നിരുന്നു. അവന്റെ ഹൃദയം മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. എനിക്കെന്തോ സങ്കടം വന്നു. ഞാനവന്റെ കൈകൾ എന്റെ കൈകളിലെടുത്തു. അത് വല്ലാതെ തണുത്തിരുന്നു. പെട്ടെന്നാണ് അവനെന്നെ കെട്ടിപ്പിടിച്ചത്. എനിക്ക് എതിർക്കാൻ തോന്നിയില്ല. എന്നിൽ നിന്നും വേർപെട്ട്, വിറക്കുന്ന വിരലുകളാൽ അവനെന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു. പിന്നെ മുഖം എന്റെ മാറിലേക്കമർത്തി. ഒറ്റ നിമിഷം. ഷോക്കേറ്റ പോലെ അവൻ പിന്മാറി. പിന്നെ മുറിയിൽ നിന്നിറങ്ങിപ്പോയി. അവൻ ഓടുക തന്നെയായിരുന്നു. പിന്നീട് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് എന്റെ മാറിന് അവന്റെ അമ്മയുടെ ഗന്ധമാണത്രേ. കേട്ടപ്പോഴെനിക്ക് ചിരിയും കരച്ചിലും ഒരുമിച്ച് വന്നു. അതിൽപ്പിന്നെ ഞാനവനെ ഈഡിപ്പസ്സെന്ന് വിളിച്ച് ശുണ്ഠി പിടിപ്പിച്ചു തുടങ്ങി.
പിന്നെ അവനെന്നെ തേടി വന്നില്ല. എന്തിന് എന്നിൽ നിന്നുമകലാൻ പോലും ശ്രമിച്ചു. ഞാനാകട്ടെ അതൊന്നും ഗൗനിക്കാതെ അവന്റെ കണ്ണുകളുടെ ആഴമളന്നു കൊണ്ടേയിരുന്നു.
3
അവനൊരു പെൺകുട്ടിക്കൊപ്പം വരുന്നത് ഞാൻ ദൂരെ നിന്നേ കണ്ടതാണ്. അവരുടെ വിരലുകൾ പരസ്പരം കൊരുത്തിരുന്നു. തീരെ മെലിഞ്ഞ ആ പെൺകുട്ടി അവന്റെ കാമുകിയാണ്. അവളുടെ വിടർന്ന കണ്ണുകളിലെ അസ്വസ്ഥത വായിച്ചപ്പോൾ അവന്റെ തോളിലമർന്ന കൈ ഞാൻ പിൻവലിച്ചു. അല്പനേരം എന്തൊക്കെയോ സംസാരിച്ച ശേഷം അവർ യാത്ര പറഞ്ഞ് പോയി. തിരികെ നടക്കുമ്പോൾ അവളവന്റെ കൈകൾ മുറുകെ പിടിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
അവിടവിടെയായി ചിന്നിച്ചിതറി നിൽക്കുന്ന കാറ്റാടി മരങ്ങൾക്കൊക്കെ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സിമൻറ് തറകെട്ടിക്കൊടുത്തിട്ടുണ്ട്. അതിനിടയിലൂടെയാണ് അവരിരുവരും നടന്നകന്നത്. ആവർത്തിക്കട്ടെ. പണ്ടിവിടെ നിറയെ കാറ്റാടി മരങ്ങളായിരുന്നു. അന്നായിരുന്നെങ്കിൽ അവരങ്ങനെ നടന്ന് പോകുന്നത് എനിക്ക് ഇവിടെ നിന്ന് കാണാനാകുമായിരുന്നില്ല. ആഴത്തിൽ വേരൂന്നിയെന്ന് നമ്മൾ വിശ്വസിക്കുന്ന വന്മരങ്ങളൊക്കെ എത്ര പെട്ടെന്നാണ് കടപുഴകി വീഴുന്നത്; ചില ബന്ധങ്ങൾ പോലെ.
അമ്മ വീണ്ടും വിളിക്കുന്നു.
”കുടുംബത്തിൽ ജീവനോടെയുള്ളവർ മുഴുവനുണ്ടാകണത്രേ ഗുരുതിക്ക്… ന്നാല്ലേ ഫലംണ്ടാവുന്നാ കർമ്മി പറഞ്ഞേ…. വരില്ലേ മോളേ നീയ്യ്….”
“ഇനിയീ പടി നീ ചവിട്ടരുത്… ചത്തൂന്ന് കൂട്ടിക്കോളും ഞങ്ങള്”
അച്ഛന്റെ ദുരഭിമാനമാണ് അയാളുടെ ജീവനെടുത്തതെന്നറിഞ്ഞ നിമിഷത്തിൽ മാസങ്ങളുടെ മാത്രം ആയുസ്സുള്ള താലിയറുത്ത് വീട്ടിലേക്ക് ഓടിച്ചെന്നതാണ് ഞാൻ. ഒറ്റത്തള്ളിൽ മുറ്റത്ത് കമിഴ്ന്നടിച്ചു കിടക്കുമ്പോൾ പുറകിൽ കേട്ട വാക്കുകൾ മനസ്സിൽ നിന്ന് പാടെ വടിച്ചു കളഞ്ഞു.
”ഞാൻ കാരണം ഫലം കുറയില്ലാന്ന് അച്ഛനോട് പറയൂ.”
ചുവപ്പ് കലങ്ങിയ കടൽ വെള്ളത്തിൽ ആടിയുലയുന്ന തോണികൾ ഓട്ടുരുളിയിലെ ഗുരുതി വെള്ളത്തിൽ ചിതറിക്കിടക്കുന്ന പിച്ചകപ്പൂക്കളെ ഓർമ്മിപ്പിച്ചു. കടലിനെ പുണരാനായി കര നീട്ടിയ കൈകൾ പോലെ നീണ്ടു കിടക്കുന്ന പുലിമുട്ടുകൾ. അതിലൊന്നിന്റെ അറ്റത്ത് ഞാനെത്തിയപ്പോഴേക്കും സൂര്യൻ തന്റെ പ്രണയത്തിന്റെ ആഴങ്ങളിലേക്ക് പൂർണ്ണമായും മുങ്ങിത്താണിരുന്നു.
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കഥകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in