വിമീഷ് മണിയൂർ
1
ആരും മരുന്നു കഴിക്കാത്ത
വിട്ടുമാറാത്ത രോഗമാണ്
ഓർമ്മ
എപ്പോഴും എന്തിനെന്നില്ലാതെ
അത് തല പുറത്തിടും
ഉണ്ണാനും ഉറങ്ങാനുമാവാതെ
പിന്നെ കൂട്ടുകിടക്കണം
തലങ്ങും വിലങ്ങും രോഗികളെ കണ്ട്
മുഷിഞ്ഞ്
ഏതാണ്ട് ഭേദമായെന്നും പറഞ്ഞ്
മറ്റെന്തെങ്കിലും ചെയ്തു തുടങ്ങും.
2
ഓർമ്മയാണ് പിടിക്കപ്പെടാത്ത
ഒരേയൊരു കുറ്റവാളി
ഓർമ്മ കൊണ്ടല്ലാതെ
ഒരു കൊലയും നടന്നിട്ടില്ല
ഒരു കള്ളനും രാത്രി പകലാക്കിയിട്ടില്ല
ഒരു യുദ്ധവും അതിന്റെ വേര് മുളപ്പിച്ചിട്ടില്ല
ഒരു കയറും കഴുത്തിൽ കുരുക്കിയിട്ടില്ല
3
ഓർമ്മകൾ അത്ര നല്ലവരായിരുന്നെങ്കിൽ
ജയിലുകൾ അടഞ്ഞുകിടന്നേനെ
പോലീസുകാർ വീട്ടിലിരുന്നേനെ
കോടതികൾ ഓർമ്മയുള്ളവരെ കൊണ്ട്
പൊറുതിമുട്ടില്ലായിരുന്നേനെ
4
ഓർമ്മയില്ലായിരുന്നെങ്കിൽ
വിശ്വാസം അത്ര മുഷിയില്ലായിരുന്നു
പെരുകി പെരുകി ഒരു ദൈവത്തിനും
വിലാസം കൊടുക്കില്ലായിരുന്നു
5
ഓർമ്മ ഉണ്ടെന്ന ഒറ്റ കാരണം കൊണ്ട്
കുടുംബമുണ്ടായി, നാടുണ്ടായി, രാജ്യമുണ്ടായി
സ്കൂളുകളും പരീക്ഷകളുമുണ്ടായി
പണിയെടുക്കാതെ വയ്യെന്നായി
പാർട്ടിയും പത്രക്കാരുമുണ്ടായി
രഹസ്യവും പരസ്യവുമുണ്ടായി
പണവും പണ്ടവുമുണ്ടായി.
6
ഇതേ വരെ മെരുക്കിയിട്ടില്ലാത്ത
ഒരേയൊരു വളർത്തുമൃഗം
ഓർമ്മയാണ്
കുറഞ്ഞ ഓർമ്മയിൽ
എത്ര ഭംഗിയായ് പ്രവർത്തിക്കുന്നു
മരങ്ങൾ, മൃഗങ്ങൾ
ആർക്കും അധികമൊന്നും
ഓർമ്മ കൊടുക്കല്ലേ
എന്ന് പ്രാർത്ഥിക്കാൻ വരട്ടെ
ഓർമ്മ കൊണ്ട് പ്രവർത്തിക്കുന്ന
ഒരേയൊരു നല്ല വാഹനം
പ്രണയം മാത്രമാണ്
അല്ലെങ്കിൽ തുടരാൻ വയ്യാത്ത വിധം
ചുരുങ്ങിപ്പോയേനെ നമ്മൾ.
7
ആരോ പെറ്റ്
മറന്നു വെച്ച
ഒരു കുട്ടിയെ
എല്ലാവരും എടുത്ത് വളർത്തുന്നു.
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in