പ്രണയഹരിതകം

0
273
Anoop VS

അനൂപ് വി. എസ്.

നിന്റെ മുടിയിഴകളിൽ
മുത്തുകോർക്കാൻ തുടങ്ങിയ
വസന്തകാലരാത്രിയിലാണ്
ഞാൻ നിന്നെ
ചിഹിരോ എന്ന് വിളിച്ചത്.
മുടിയിഴകൾ ചേർത്തുവച്ച
കറുത്ത നൂലിൽ
നിന്റെ മുടിനിറയെ
മുത്തുകൾ നിറഞ്ഞുനിന്നു.
നീയെഴുന്നേറ്റപ്പോൾ
നിലത്തേക്കുവീണ്
മുത്തുകൾ നൃത്തം ചെയ്യുമ്പോൾ,
അതിൽ ചിലത്
നമ്മൾ നിന്ന മട്ടുപ്പാവിൽനിന്ന്
താഴേക്ക് തെറിക്കുമ്പോൾ,
നിന്റെ ഉള്ളംകൈയിൽ
ഒരു മുത്ത് ചേർത്തുവച്ച്
എന്റെ കൈത്തലംകൊണ്ട് കോർത്തുപിടിച്ച്
കാറ്റുപോലെ വിളിച്ചതാണ്,
ചിഹിരോ.

നിന്റെ കണ്ണുകൾ വിടർന്നതും
അഴിഞ്ഞുവീണ മുടി കണ്ണിൽക്കുത്തിയതും
ഒരുവശത്തേക്ക് മുഖം ചെരിച്ച്
മുടിയിഴകൾക്കിടയിലൂടെ നോക്കിച്ചിരിച്ചതും
എനിക്കോർമയുണ്ട്.
നമ്മുടെ നോട്ടങ്ങൾക്കിടയിലൂടെ
അന്ന്
വരവറിയിച്ചുകടന്നുപോയ
കാറ്റിന്റെ പേരായിരുന്നു
ചിഹിരോ.

Anoop VS

മട്ടുപ്പാവിലേക്ക്
നിഴലുകൾക്കിടയിലൂടെ അരിച്ചെത്തിയ
നിലാക്കീറിന്റെ വെളിച്ചത്തിൽ
നമ്മൾ മുഖം നോക്കുകയായിരുന്നു.
പാതിയിരുണ്ടും
പാതിതെളിഞ്ഞും
മുഖം ചതുരംഗക്കളമായി തെളിഞ്ഞുനിന്നു.
നിരന്നുനിന്ന കാലാൾപ്പടയെപ്പോലെ
ഓരോ ചുവടുവച്ച്
വിരലുകൾ
മുഖത്ത് ചതുരംഗം കളിക്കുകയായിരുന്നു.
കളിയവസാനിച്ച
ഒടുവിലത്തെ നീക്കം
ഒരുമ്മയായിരുന്നു.
ആ ഉമ്മയുടെ മണമായിരുന്നു
ചിഹിരോ.

ചേർന്നുനിന്ന്
അകലേക്ക് നോക്കുമ്പോൾ
നമ്മുടെ നഗരം
മിന്നാമിന്നികളുടെ താഴ്‌വരയായിരുന്നു.
ഇരുട്ടിൽ
പൊട്ടുപോലെ
വെളിച്ചം ചിതറി നിന്നത്.
ആകാശവും ഭൂമിയും
മിന്നാമിന്നികളുടെ ആവാസമായ
ആ രാത്രിയുടെ നിറമായിരുന്നു
ചിഹിരോ.

നിശബ്ദമെന്ന് കരുതിയ ആ രാത്രിയിൽ
ഒരിക്കലും കേൾക്കാത്ത ശബ്ദങ്ങൾ
ഉമ്മവച്ചുതണുത്ത ചെവികളിലൂടെ
നമ്മൾ കേട്ടിരുന്നു.
ഓരോ ശബ്ദവും
വേർതിരിച്ചുപറയാൻ
നമ്മൾ ശ്രമിക്കുകയും ചെയ്തു.
നമ്മളൊന്നായി നിന്നതുകൊണ്ടാവണം,
ശബ്ദങ്ങൾ
ഒരു സിംഫണി പോലെ തോന്നിക്കൊണ്ടിരുന്നത്.
ആ രാത്രിയുടെ സിംഫണിക്കൊപ്പം
നമ്മൾ പാടിയ പാട്ടായിരുന്നു
ചിഹിരോ.

അന്ന്
നമ്മളെന്തൊക്കെയാണ്
നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നത്.
ഒരുവേള
ഉറക്കം ഞെട്ടിയുണർന്നവർ
മഴപെയ്യുകയാണോ എന്ന് സംശയിച്ചുകാണും.
നമ്മൾ തന്നെ
സംശയിച്ച്
മുഖം ആകാശത്തേക്കുയർത്തി
തുള്ളികളൊന്നും വീഴുന്നില്ലെന്ന്
ഉറപ്പുവരുത്തിയിരുന്നു.
അതിനുശേഷം
പെട്ടന്ന് പെയ്ത മഴപോലെ
നമ്മൾ ചേർന്നുനിന്നു.
ആ ചേർന്നുനിൽപ്പിന്റെ മുറുക്കമായിരുന്നു
ചിഹിരോ.

രാത്രിയിലെ ആകാശം
തണൽനീർത്തിയ ഒരു മരമാണെന്ന്
നീയാണ് അടക്കം പറഞ്ഞത്.
ഒരില
മുഖത്തേക്ക് കൊഴിഞ്ഞുവീണുവെന്ന് പറഞ്ഞ്
അനക്കമില്ലാതെ നിൽക്കുകയും ചെയ്തു.
കൺപോളകളുടെ ഇറുക്കത്തിൽനിന്ന്
ഞാനതെടുത്തുമാറ്റിയപ്പോഴാണ്
നീ നേരെ നോക്കി ചിരിച്ചത്.
ആകാശത്തണലിൽ നിൽക്കെ
കൊഴിഞ്ഞുവീണ ഒരിലയായിരുന്നു
ചിഹിരോ.

മട്ടുപ്പാവിന്റെ അരഭിത്തിക്കുതാഴെ
ചേർന്നിരുന്ന്
നമ്മളുറങ്ങിപ്പോയി.
വസന്തം
അതിന്റെ തൂവൽ പൊഴിച്ച്
സ്വപ്നങ്ങളിലേക്ക് വഴികാട്ടി.
നമ്മളറിയാത്ത ഒരു വഴി
നമുക്ക്
ഏറ്റവും പ്രിയതരമായിത്തീർന്നു.
ഉറക്കത്തിൽ നാം നടന്ന
ആ വഴിയായിരുന്നു
ചിഹിരോ.

ആയിരം വസന്തങ്ങളുടെ പേരായിരുന്നു
ചിഹിരോ.
ആ രാത്രിയിൽ
ഞാൻ നിനക്കിട്ട പേരായിരുന്നു
ചിഹിരോ.

( ചിഹിരോ – ആയിരം വസന്തമെന്നർത്ഥമുള്ള ജപ്പാനീസ് പേര് )

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here