വെളിപാട്

0
314

ആതിര എ

മരണത്തിനു കൃത്യം
പത്തെ പത്തു മിനിറ്റിനു മുൻപ്
വിഷാദം കൊടി കൊണ്ടിരിക്കുന്ന
മാത്രയിൽ
എന്തായിരിക്കും അയാളുടെ
നാക്കിൻ തുമ്പത്തെന്ന്
എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?വരാനിരിക്കുന്ന
മരണത്തിന്റെ പാട
കെട്ടിയ ചായ
ഇടം കയ്യിൽ പെരു വിരലിനും
ചൂണ്ടു വിരലിനും
മാത്രമറിയാവുന്ന
രഹസ്യമെന്ന കണക്കെ
മുറുകെ പിടിച്ചിരിക്കുമ്പോൾ,
തന്റെ
ഒപ്പമെത്താത്ത വഴികളെ
വല കെട്ടി മൂടാത്ത
കിണറിലേക്ക്
ചാക്കിൽ കെട്ടിയ
പൂച്ച കുഞ്ഞുങ്ങളെ കണക്ക്
എറിഞ്ഞു കളയുന്നത്
വെറുതെയെങ്കിലും ‘സുഖമല്ലേ’ എന്നു ചോദിക്കുന്ന
പോലെയാണ് എന്ന്
എത്ര തവണ നിങ്ങൾ കരുതിയിട്ടുണ്ട്!
ആ ഒരൊറ്റ സംശയത്തിന്റെ പുറത്തു
നട്ടെല്ലിലൂടെ ഒരു
ജന ശതാബ്ദി
പാലം കുലുക്കിഎറിഞ്ഞു
കടന്നു പോവുന്ന
പുളിപ്പ് അയാളുടെ
മെറ്റലിട്ട മുഖത്തു അറുപതു വാട്ടിൽ
പ്രകാശം പരത്തുന്നത്
കണ്ടിട്ടില്ല എന്നെങ്കിലും
പറയരുത്
അല്ലെങ്കിൽ പിന്നെങ്ങനെ
അയാളുടെ മരണ ശേഷം
ആദ്യമായി വെക്കുന്ന
സാമ്പാറിൽ
മൂക്കാത്ത കൈത ചക്ക
വെട്ടി നുറുക്കിയിട്ട
പച്ചടിയിൽ
അയാളുടെ മാത്രം
പ്രിയപ്പെട്ട
കടുക് രുചിയിങ്ങനെ
കത്തി നിൽക്കുന്നത്,
തീൻ മേശപ്പുറത്തു
ഒരച്ചാറു കുപ്പി പൂപ്പ്
പിടിച്ചു കിടക്കുന്നത്
കാണുന്നില്ലേ
അയാളെ പറ്റി
നിങ്ങളോർക്കാറില്ലെന്നു
പറയുന്നത്
വെറുതെയാണ്..

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here