ചൈത്രലക്ഷ്മി എസ്.
ഹോസ്റ്റല്‍ വരാന്തയിലെ നെടുനീളന്‍ ഡെസ്‌കിലേക്ക് കാലുയര്‍ത്തി വെച്ച് ഇരുട്ടിലിരിക്കുകയായിരുന്നു ഞാന്‍.
കോളേജ് മതിലിന് പുറത്ത് ഇരുട്ടില്‍ ,തലങ്ങും വിലങ്ങും പുളഞ്ഞ് ഓടിക്കൊണ്ടിരുന്ന സകല വാഹനങ്ങളോടും അതിനുള്ളിലെ അജ്ഞാത രായ മനുഷ്യരോടും എനിക്കസൂയ തോന്നി.
ഒരു സ്ഥലം എന്നില്ല.എങ്ങോട്ടെങ്കിലും, ആരുടെ കൂടെ എന്നില്ല .കഴിവതും ഒറ്റക്ക്…
മൂന്നാം നിലയില്‍ നിന്നും താഴോട്ടു ചാടി കാവല്‍ക്കാരന്റെ മുന്നിലൂടെ ചോദ്യങ്ങള്‍ക്കുത്തരം പറയാതെ ഓടി എതെങ്കിലും ഒരു വണ്ടിയില്‍ പാഞ്ഞുകയറാന്‍ ആത്മാര്‍ത്ഥമായി ഞാനാഗ്രഹിച്ചു.
ഒട്ടുമിക്ക റൂമുകളിലും ലൈറ്റ് അണഞ്ഞു കഴിഞ്ഞിരുന്നു. ഇടുങ്ങിയ വരാന്ത പതിഞ്ഞ മഞ്ഞ വെളിച്ചം തട്ടി അനങ്ങാതിരുന്നു. റാപ്ന്‍സില്‍ രാജകുമാരിയെപ്പോലെ കമ്പിയഴികളില്‍ മുഖമമര്‍ത്തി ഞാന്‍ പുറം ലോകത്തെ കണ്ടു.
രാത്രി…
കൂക്കിവിളിക്കുന്ന.. ഉറക്കെ ചിരിക്കുന്ന ഉറങ്ങാതിരിക്കുന്ന മനുഷ്യര്‍…!
വൈകുന്നേരം ആറ് മണിക്ക് കൃത്യമായി അടയുന്ന ഗേള്‍സ് ഹോസ്റ്റല്‍ വാതിലുകള്‍…
പുറത്തെ ലോകം. ..!
ഇതിനു താഴെ ഉറങ്ങാതിരിക്കുന്ന എണ്ണപ്പെട്ട മനുഷ്യരില്‍ ഒരാളെങ്കിലും വഴി തെറ്റി വന്നാല്‍ പോലും ‘ രക്ഷിക്കൂ’ എന്നു പറഞ്ഞ് താഴേക്കിട്ടു കൊടുക്കാന്‍ എനിക്ക് നീണ്ട മുടിയുണ്ടായിരുന്നില്ല. നാലഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ഞാനത് മുറിച്ചുകളഞ്ഞിരുന്നു.
ആ രാത്രിയാണ് കാരണങ്ങളൊന്നുമില്ലാതെതന്നെ ഞാന്‍ അയാളോട് സംസാരിച്ചു തുടങ്ങിയത്.അതെനിക്ക് മനുഷ്യരെയൊന്നാകെ മടുത്തിരുന്ന സമയമായിരുന്നു.പുതിയൊരാളെ പരിചയപ്പെട്ട്, , എന്റെ കഴിഞ്ഞകാലത്തെ … വരാനിരിക്കുന്നതിനെ… പല തരം വേദനകളെ, സന്തോഷങ്ങളെ, രക്ഷിതാവസ്ഥകളെ
ബോധ്യപ്പെടുത്താനുള്ള ക്ഷമ ഇല്ലാതിരുന്നിട്ട്കൂടി ഞാനയാളോട് സംസാരിച്ചു.
അയാളെനിക്കൊരു പഴയ പാട്ടിന്റെ വരികള്‍ അയച്ചു തന്നു. ആ രാത്രി അതേ പാട്ടുകേട്ടു…
വീണ്ടും…വീണ്ടും… വീണ്ടും…
അടുത്ത ദിവസം അയാളെനിക്കൊരു പാട്ടു പാടി തന്നു. അച്ഛനെ ഓര്‍ത്തു.. അച്ഛന്‍ മാത്രം പാടി കേള്‍ക്കാനാഗ്രഹിക്കുന്ന പാട്ട്…
‘സുറുമയെഴുതിയ മിഴികളേ … ‘
നാളുകള്‍ക്ക് ശേഷം അന്ന് രാത്രി പഴയ തീവണ്ടിപ്പാതകള്‍ സ്വപ്നം കണ്ടു. എണീറ്റിരുന്ന കിതപ്പില്‍ തീവണ്ടി മുഴക്കം കേട്ട് നെഞ്ചമര്‍ത്തി.
പിറ്റേന്ന് രാത്രി ഞാനയാളോട് പറഞ്ഞു.
‘എനിക്ക് തീവണ്ടികളെ പേടിയാണ്.’
അയാള്‍ ചിരിച്ചു.
‘സത്യമായും എനിക്ക് തീവണ്ടികളെ പേടിയാണ്.’
തീവണ്ടി മുഴക്കങ്ങളില്‍ ഞെട്ടി ഉണര്‍ന്നിരുന്ന കുട്ടിക്കാലത്തെക്കുറിച്ച് ആ രാത്രി മുഴുവന്‍ പറഞ്ഞ് ഞങ്ങള്‍ ഉറങ്ങാതിരുന്നു. എന്റെ കുട്ടിക്കാലം ഒരു പാട് പേടികളുടെയും അരക്ഷിതാവസ്ഥകളുടേതും കൂടിയായിരുന്നു.
ഒരു കാരണവുമില്ലാതെ ഞാന്‍ തീവണ്ടിപ്പാതകളെ ,ശബ്ദങ്ങളെ സകലതിനെയും പേടിച്ചു…. വീതി കുറഞ്ഞ സമാന്തര രേഖകള്‍ അതില്‍ ഒരഭ്യാസിയെ പോലെ നെടുനീളന്‍ വണ്ടി ! ഏത് നിമിഷവും താഴെ വീഴേക്കാവുന്ന സര്‍ക്കസ് കളി പോലെ,കാണാനാവാതെ ഞാന്‍ കണ്ണടച്ചു. തീവണ്ടിപ്പാതക്കിരുവശത്തും വീടുള്ള കുട്ടികളെയോര്‍ത്ത് വേവലാതിപ്പെട്ടു. ഓരോ രാത്രിയിലും അയാള്‍ എന്നെ ശ്രദ്ധയോടെ കേട്ടു.
മനുഷ്യരോട് സംസാരിക്കുന്നത് സൂക്ഷിച്ച് വേണം.
അവനവന്റെ സങ്കടങ്ങള്‍ മാത്രമാണ് സങ്കടങ്ങള്‍ !
അവനവന്റെ പ്രശ്‌നങ്ങള്‍ മാത്രമാണ് പ്രശ്‌നങ്ങള്‍!
മറ്റുള്ളതെല്ലാം കേട്ടിരിക്കാം. മനസിലാവുന്നുവെന്ന് ഭാവിക്കാം. എവിടെയും ഒരാളെ മറ്റൊരാള്‍ക്ക് മനസിലാകില്ല. ഒരു കാലത്തും അങ്ങനെയൊന്നുണ്ടായിട്ടില്ല …
എന്നിട്ടും അയാളെന്നെ മനസിലാക്കി കളയുന്നെന്ന് ഞാന്‍ ഭയന്നു …
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൃത്യം ഒന്നര മാസത്തിന്റെ വ്യത്യാസത്തില്‍ ഞാനയാളെ കാണുമ്പോള്‍ ഏഴാമത്തെ പ്ലാറ്റ് ഫോമില്‍ കോയമ്പത്തൂരേക്കുള്ള തീവണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. ദൂരെ നിന്നയാളെ ഞാന്‍ കണ്ടു. ആദ്യ കാഴ്ചയാണെങ്കിലും ഏതാള്‍ക്കൂട്ടത്തിലും അയാളെ ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ കഴിയുമെന്നെനിക്കുറപ്പായിരുന്നു. ചാരക്കളറുള്ള ഷര്‍ട്ട് നേരെയാക്കി സിമന്റ് ബെഞ്ചിലിരുന്ന് ചായ ഊതിക്കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു അയാള്‍. കണ്ണടച്ച് പത മാറ്റി ഊതിയൂതി…
ഞാന്‍ നോട്ടം പിന്‍വലിച്ചു.
അയാള്‍ ചിരിച്ചു.
‘ നടന്നു വരുന്നത് കണ്ടു ‘
എന്നെ ….?
ഞാനത്ഭുതപ്പെട്ടു.
അയാള്‍ വീണ്ടും ചിരിച്ചു. കുട്ടിക്കാലത്ത് നന്നായി ചിരിച്ചിരുന്ന കുഞ്ഞായിരുന്നു അയാളെന്നു തോന്നി.
ആദ്യ കാഴ്ചയുടേതായ അങ്കലാപ്പുകള്‍ എന്റെ മുഖത്ത് കണ്ടേക്കുമോ എന്ന് ഞാന്‍ ഭയന്നു.
‘നിന്നെ ഞാന്‍ പ്രണയിക്കുന്നുവെന്ന’ലോകത്തിലെ ഏറ്റവും മനോഹരവും അപകടകരവുമായ പ്രഖ്യാപനം ഞങ്ങള്‍ പരസ്പരം നടത്തിക്കഴിഞ്ഞിരുന്നു.
എനിക്ക് യാതൊരു പരിഭ്രമവുമുണ്ടായില്ല. അയാള്‍ക്കും .
സ്റ്റേഷന്റെ ഒരറ്റത്ത് നിന്ന് ഞങ്ങള്‍ നടന്ന് തുടങ്ങി.ഇടവേളകളില്ലാതെ പലയിടത്തായി സ്റ്റേഷനില്‍ തീവണ്ടികള്‍ വന്നു പോയിക്കൊണ്ടിരുന്നു.യാത്ര തുടങ്ങുന്നവരുടെ ,സ്ഥലമെത്തിയവരുടെ… പല മുഖം പേറുന്ന പ്ലാറ്റ്‌ഫോമുകള്‍.ഓരോ ട്രെയ്ന്‍ വന്ന് നില്‍ക്കുമ്പോഴും ,ചുവരിലോ കട്ടിലിന്റെ മൂലയിലോ മുട്ടയിട്ട് കൂട്ടം കൂടിയിരിക്കുന്ന കടിക്കാത്ത കറുത്ത ഉറുമ്പുകളെ ഓര്‍മ്മ വന്നു. ഒന്നനങ്ങുമ്പോള്‍ നാലുപാടും ചിതറിയോടി കാണാതാവുന്ന പോലെ അപ്രത്യക്ഷമാവുന്ന തിരക്ക്, ആള്‍ക്കൂട്ടങ്ങള്‍ …
നടന്നു കൊണ്ടിരിക്കെ,
‘തീവണ്ടികളെ ഭയപ്പെട്ടിരുന്ന കുഞ്ഞല്ലേ’ എന്ന് ചോദിച്ചയാളെന്റെ കൈവിരലുകളെ ഒരിക്കലും ഊര്‍ന്നു പോവാത്ത വിധം അമര്‍ത്തിപ്പിടിച്ചു. വിരലുകള്‍ വിറച്ചു.
ഹൃദയമിടിപ്പെങ്ങാനും പുറത്ത് കേട്ടേക്കുമോ എന്ന് ഞാന്‍ ഭയന്നു.
അയാള്‍ക്കത് മനസിലായി എന്നു ഞാനുറപ്പിച്ചു. കളവ് പിടിക്കപ്പെട്ട കുട്ടിയെപ്പോലെ തല താഴ്ത്തി .
അയാള്‍ എന്തൊക്കെയോ സംസാരിച്ചു. പകുതി കേട്ടു.
പാതിയാറ്റി ചായ കൈ നീട്ടി വാങ്ങി.
വിരലുകള്‍ വിടാതെ ചേര്‍ത്ത് പിടിച്ചു.
വടക്കോട്ടുള്ള അടുത്ത തീവണ്ടിയില്‍ ഞങ്ങള്‍ ഓടിപ്പാഞ്ഞു കയറി.
ഒരു കാലത്ത് തീവണ്ടിയാത്രകളില്‍ പേടിച്ചരണ്ട കുഞ്ഞിന്റെ, പ്ലാറ്റ്‌ഫോമിനും വാതിലിനുമിടയിലെ വിടവിലൂടെ താഴ്ന്നുപോവുമോയെന്ന ഭയപ്പാടോര്‍ത്തു ചിരിച്ചു.കണ്ണു നിറഞ്ഞു…
വാതില്‍പ്പടിയിലിരുന്ന് പരസ്പരം നോക്കി.
എന്റെ പൊന്നെവ്‌ടെ …?
അത് ഞാനാണല്ലോ …
എന്റെ പ്രണയത്തെക്കുറിച്ചുള്ള മുന്‍ധാരണകള്‍ തീവണ്ടി ചക്രങ്ങളില്‍ ഞെരിഞ്ഞമര്‍ന്നു.
പതിനാറുകാരിയുടെ ശരീര ഭാഷയായിപ്പോവുന്നോയെന്ന് ഇരുപത്തഞ്ചുകാരി വേവലാതിപ്പെട്ടു..
എന്റെ കുഞ്ഞേ …. ഞാന്‍ വിളിച്ചു.
അയാളെന്റെ മടിയില്‍ ചേര്‍ന്നു കിടന്ന് കൈക്കുള്ളില്‍ ചുണ്ടുകളമര്‍ത്തി. ഉമ്മകളുടെ തണുപ്പില്‍ ഞാന്‍ പൊള്ളിയടര്‍ന്നു.
നെടുനീളന്‍ വണ്ടിയുടെ വളയലും നിവരലും കിതപ്പും മുന്‍പൊരിക്കലുമില്ലാത്ത കൗതുകത്തോടെ നോക്കി കണ്ടു.
നിലവില്‍ ഇല്ലാത്ത, ഒരിക്കല്‍ സംഭവിച്ചേക്കാവുന്ന ഒരു പ്രണയത്തെപ്പോലും ഞാന്‍ ഇങ്ങനെ സങ്കല്‍പ്പിച്ചിരുന്നില്ല. ഏതെങ്കിലും റെയില്‍വേ സ്റ്റേഷന്റെ ആളൊഴിഞ്ഞ മൂലകള്‍ക്കോ വന്നിറങ്ങുന്ന എണ്ണമറ്റ യാത്രക്കാര്‍ക്കോ എന്റെ പ്രണയ സങ്കല്‍പ്പങ്ങളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. അത്തരത്തിലുള്ള ഒരു സാധ്യതയും ഉപയോഗപ്പെടുത്താന്‍ തീവണ്ടി പേടിയുള്ള കുഞ്ഞിന്റെ കൗമാരം തയ്യാറല്ലായിരുന്നു.
ഈ പ്രപഞ്ചത്തില്‍ പ്രണയിക്കാനും പ്രണയിക്കപ്പെടാനും തീവണ്ടി വാതിലുകളേക്കാള്‍ മികച്ച മറ്റൊരിടമില്ലെന്നയാള്‍ പ്രഖ്യാപിച്ചു. ആദ്യ കാഴ്ചയില്‍ പാടിത്തരാമെന്നു പറഞ്ഞ പാട്ട് പാടി …
ചുറ്റുപാടുള്ളവരെ ഞങ്ങള്‍ കണ്ടില്ല.
പ്രണയത്തില്‍പ്പെട്ടു പോയവരെ അല്ലെങ്കിലും ചുറ്റുപാടിനൊരിക്കലും മനസിലാവുകയില്ല.
ഞങ്ങള്‍ ഇരുന്നിരുന്നത് ട്രെയ്‌നിന്റെ ഒന്നാമത്തെ വാതില്‍പ്പടിയിലായിരുന്നു.
പുറം ലോകത്തിലും തീവണ്ടിക്കുള്ളിലെ തിരക്കിലും പെടാതെ പാളത്തിനു മുകളിലൂടെ ഞങ്ങള്‍ ഒഴുകിക്കൊണ്ടിരുന്നു …പതിവിലും നേരത്തെ ഇരുട്ടായിപ്പോയ പുറത്തെ ലോകം നീലിച്ചു കിടന്നു . ട്രെയ്ന്‍ കടലുണ്ടി പാലത്തിന്റെ മുകളിലെത്തി വേഗം കുറഞ്ഞപ്പോള്‍ നാലുദിക്കിലും വെള്ളം ചുറ്റപ്പെട്ട ഏതോ തുരുത്തില്‍ അകപ്പെട്ടു പോയ നീണ്ട തീവണ്ടിയിലെ അനേകായിരം മനുഷ്യരില്‍ പെട്ടവരാണ് ഞങ്ങളെന്ന് തോന്നി.
ഓരോ തീവണ്ടികളും യഥാര്‍ത്ഥ ലോകത്തില്‍ നിന്നും മാറി നില്‍ക്കുന്ന മറ്റോരോ ലോകങ്ങളാണ്. ഒരു തീവണ്ടിയിലെ പതിവു യാത്രക്കാര്‍ പോലും അറിഞ്ഞോ അറിയാതെയോ പൊതു സ്വഭാവം പേറുന്നു.
അയാളെന്നെ മുറുക്കെപ്പിടിച്ചു.ഈ വണ്ടിക്കറ്റം വരെ ഇതു പോലെ എത്ര വാതിലുകള്‍ ഉണ്ടാവുമെന്നാണ് ആ നേരം ഓര്‍ത്തത് .
ആദ്യമിറങ്ങേണ്ടത് ഞാനായിരുന്നു. ഇടയില്‍ അയാള്‍ പൂര്‍വ്വ കാമുകിമാരെക്കുറിച്ചെല്ലാം ആവേശത്തോടെ സംസാരിച്ചു. ഇത്ര അലിവോടെ വാത്സല്യത്തോടെ മുന്‍ പ്രണയങ്ങളെക്കുറിച്ച് സംസാരിക്കുന്നൊരാളെ ഞാനാദ്യമായി കാണുകയായായിരുന്നു. അയാള്‍ കരഞ്ഞേക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. എനിക്കവരോടെല്ലാം അസൂയ തോന്നി. കാമുകന്റെ പൂര്‍വ്വകാമുകിമാരോട് അസൂയ തോന്നാത്തവരില്ലെന്ന് സ്വയം സമാധാനിച്ചു. അയാള്‍ അവര്‍ക്കു പാടി കൊടുത്തു കൊണ്ടിരുന്ന പാട്ടുകള്‍ എനിക്കുവേണ്ടിയും പാടി. കുഞ്ഞിനെപ്പോലെ വിതുമ്പി… . ഞാനയാളെ ചേര്‍ത്തു പിടിച്ചു .
എനിക്കിറങ്ങാനുള്ള സ്റ്റേഷന്‍ നിരന്തരം ആളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഒന്നായിരുന്നില്ല. ഞാനിറങ്ങുമ്പോഴും സ്റ്റേഷന്‍ പകുതി ഇരുട്ടിലായിരുന്നു .അവിടെവിടെയായി ഒന്നു രണ്ടു കൂട്ടങ്ങള്‍ തല വഴി തുണി മൂടി വെറും നിലത്ത് കിടന്നുറങ്ങിയിരുന്നു. വന്നിറങ്ങിയ ട്രെയ്ന്‍ സ്റ്റേഷന്‍ വിടും വരെ ഞാനവിടെ നിന്നില്ല… തിരിഞ്ഞ് നടക്കുമ്പോള്‍ ചുണ്ടിലും നെറ്റിയിലും ഉമ്മയടയാളങ്ങള്‍ കനത്തു കിടന്നു .
ഒരു ട്രെയ്ന്‍ മുഴുവനായി എന്നെ കടന്നു പോയി. ഒരിക്കല്‍ ഇതേ വഴിയില്‍, തീവണ്ടിപ്പാതകള്‍ കണ്ട് വാവിട്ട് നിലവിളിച്ചിരുന്ന കുട്ടിയല്ലായിരുന്നു ഞാനപ്പോള്‍..
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കഥകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in