തിരുവനന്തപുരം: അക്ഷരങ്ങളുടെയും ആശയങ്ങളുടെയും സഫലമായ സംവാദങ്ങളുടെയും സംഗമമൊരുക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ജനുവരി 31 മുതൽ ഫെബ്രുവരി മൂന്നുവരെ തിരുവനന്തപുരത്ത് നടക്കും. കനകക്കുന്ന് കൊട്ടാരത്തിലെ അഞ്ചു വേദികളിലായാണ് അക്ഷരോത്സവം നടക്കുക. അക്ഷരോത്സവത്തിന്റെ രണ്ടാംപതിപ്പാണ് ഇത്തവണത്തേത്.
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന കാലത്തെ കഥയും കവിതയും നോവലും ചിന്തയും സിനിമയും നാലുദിവസങ്ങളിലായി കനകക്കുന്നിൽ സംഗമിക്കും. അക്ഷരോത്സവത്തിൽ യൂറോപ്പ്, അമേരിക്ക, ഇന്ത്യ, വെസ്റ്റിൻഡീസ്, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ മൂന്നൂറിൽപ്പരം എഴുത്തുകാരും ചിന്തകരും കലാകാരന്മാരും പങ്കെടുക്കും. മലയാളത്തിൽനിന്ന് പല തലമുറയിൽപ്പെട്ട നൂറിലധികം എഴുത്തുകാരുടെയും പങ്കാളിത്തമുണ്ടാകും.
‘അറിയുന്ന ദേശങ്ങള്‍ കേള്‍ക്കാത്ത ശബ്ദങ്ങള്‍’ എന്നതാണ് ഇത്തവണത്തെ അക്ഷരോത്സവത്തിന്‍റെ പൊതു ആശയം. കവികൾ, നോവലിസ്റ്റുകൾ, അക്കാദമിക പണ്ഡിതന്മാർ, ഗ്രാഫിക് നോവലിസ്റ്റുകൾ, ചലച്ചിത്രകാരന്മാർ, പത്രപ്രവർത്തകർ തുടങ്ങി 50 വിദേശ പ്രതിനിധികളുമുണ്ടാകും.
അക്ഷരോത്സവത്തിന്‍റെ മുഖ്യ രക്ഷാധികാരികളിലൊരാളും എഴുത്തുകാരനും എം.പി.യുമായ ശശി തരൂർ, ഓസ്‌ട്രേലിയൻ എഴുത്തുകാരിയും ഫെമിനിസ്റ്റുമായ ജെർമെയ്ൻ ഗ്രീർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മനുഷ്യസംസ്കാരത്തിന്റെ സമഗ്രതലങ്ങളെ സ്പർശിക്കുന്ന അക്ഷരോത്സവം തുറന്ന ചർച്ചകൾക്കുള്ള ഇടമാവും.
പരിസ്ഥിതി, സിനിമ, രാഷ്ട്രീയം, ശാസ്ത്ര സാങ്കേതികവിദ്യയുടെ വികാസം എന്നിവ നമ്മുടെ ജീവിതത്തിലും സാഹിത്യത്തിലും സംസ്കാരത്തിലും നടത്തുന്ന ഇടപെടലുകളും മാറ്റങ്ങളും ചർച്ച ചെയ്യപ്പെടും. എല്ലാ ദിവസവും വൈകുന്നേരം അരങ്ങേറുന്ന വ്യത്യസ്ത കലാപരിപാടികൾ അക്ഷരോത്സവത്തിന് മാറ്റേകും.
കഴിഞ്ഞ വർഷം കനകക്കുന്നിൽ മൂന്നുദിവസങ്ങളിലായാണ് അക്ഷരോത്സവം നടന്നത്. അന്ന് ലഭിച്ച വൻ ജനപ്രീതിയാണ് ഇത്തവണ നാലുദിവസമാക്കി ഈ സാഹിത്യസംഗമത്തെ വിപുലപ്പെടുത്താൻ പ്രേരകമായത്.
ഷെഡ്യൂള്‍ കാണാനും രജിസ്റ്റര്‍ ചെയ്യാനും: https://www.mbifl.com/