കോഴിക്കോട്: ഡ്രീംസ് ഓഫ് അസിന്റെ നേതൃത്വത്തില്‍ ‘സ്വപ്‌നചിത്ര 2019’ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 6ന് ആരംഭിക്കുന്ന പരിപാടി വൈകിട്ട് 4മണിയ്ക്ക് കലക്ടര്‍ ശ്രീറാം സാംബശിവ റാവു ഉദ്ഘാടനം ചെയ്യും. സിനിമാ താരം മാമുക്കോയ, മിമിക്രി ആര്‍ട്ടിസ്റ്റ് അനില്‍ ബേബി തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ ഉദ്ഘാടന വേളയിലും തുടര്‍ന്നും സാന്നിധ്യം അറിയിക്കും.
ഭിന്നശേഷിക്കാരായ ചിത്രകലാകാരന്മാരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സ്വപ്‌നചിത്ര 2019’ നടത്തുന്നത്. ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100 ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണ ഡ്രീംസ് ഓഫ് അസിന്റെ പ്രവര്‍ത്തനത്തോടൊപ്പം തിരുവനന്തപുരം ഗവ. നാഷണല്‍ കരിയര്‍ സെന്റര്‍ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ് എന്ന സ്ഥാപനവും കൈകോര്‍ക്കുന്നുണ്ട്. ചിത്രങ്ങള്‍ വിറ്റ് ലഭിക്കുന്ന പൂര്‍ണ തുകയും അതത് കലാകാരന്മാരെ ഏല്‍പ്പിക്കും. പ്രദര്‍ശനം ഫെബ്രുവരി 10ന് സമാപിക്കും.