നിധിന്‍ വി.എന്‍.
നാല് മിനിറ്റില്‍ താഴെയാണ് ബലൂണ്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം. വലിച്ചു നീട്ടലുകളില്ലാതെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു പോകുന്നുണ്ട് ചിത്രം. സംഭാഷണങ്ങളില്ലെങ്കിലും കൃത്യമായി സംവദിക്കുന്നുണ്ട്.
ജല സംരക്ഷണം വിഷയമാക്കി ഒരുങ്ങിയ ചിത്രം സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി, മത, വര്‍ണ്ണ വെറികളെ വരച്ചിടുന്നു. ഒരു കുഞ്ഞിനെ നോക്കുന്നയാള്‍ ആ കുഞ്ഞിനോളം വിശുദ്ധനാകും എന്നാണ് പറയുക. അവരുടെ നിഷ്‌കളങ്കമായ ചിരിയില്‍ മറ്റെല്ലാം മറക്കാനുള്ള സ്‌നേഹമുണ്ട്. അതുകൊണ്ടായിരിക്കണം കുഞ്ഞുങ്ങളെ കാണുന്ന നിമിഷം നാം കുഞ്ഞുങ്ങളെപ്പോലെ അവരുടെ ഭാഷ സംസാരിച്ചു തുടങ്ങുന്നത്. എന്നാല്‍ ഇവിടെ സംഭവിക്കുന്നത് നേരെ തിരിച്ചാണ്. കറുത്തവര്‍, സാമ്പത്തികമായി താഴ്ന്നവര്‍ അധസ്തിതരാണെന്ന ബോധമുണ്ട് സമൂഹത്തിന്. നാം മാറി എന്നു പറയുമ്പോഴും മാറ്റമില്ലാതെ തുടരുന്ന ചിലത്. അത്തരം പ്രവണതകളെ വരച്ചിടുകയാണ് ചിത്രം. ഒപ്പം നാം ശ്രദ്ധിക്കാതെ പോകുന്ന ചിലകാര്യങ്ങളെ അവയുടെ ഗൗരവത്തെ ശ്രദ്ധയില്‍ കൊണ്ടുവരുന്നുമുണ്ട്.
ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍ വേദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുക്കുന്നത്. ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ജ്യോതിഷ് തബോറാണ് ബലൂണ്‍ സംവിധാനം ചെയ്തിരിക്കുന്നത്. നിരഞ്ജന ജിനേഷ്. പ്രിയ ജിനേഷ്, നോബിള്‍ ജോസ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന മറ്റുള്ളവര്‍.