കടം

0
444

വിഷ്ണു ലത

വസന്തം നരച്ചു തുടങ്ങുംമ്പോൾ
ഒരു യാത്രയിൽ മറവികളാൽ നാം കണ്ടുമുട്ടിയേക്കും

ബോഗിയിലേ തിരക്കിൽ അടുത്ത സ്റ്റോപ്പിറങ്ങേണ്ട യാത്രക്കാരന്റെ സീറ്റിൽ കണ്ണുനട്ടിരിക്കയാൽ
മഴയുടുപ്പ് തുന്നിയ തുലാ രാത്രികളൊന്നും ഒർമ്മയെ നനച്ച് കൊള്ളണമെന്നില്ല
മാസവസാനം കടം നിറഞ്ഞ കീശയിൽ മറന്നു വച്ച ഉമ്മകളുടെ കണക്കുണ്ടാവണമെന്നില്ല

വിന്റോ സീറ്റിൽ തല ചായിച്ച് പുറം കാഴ്ച്ചയിൽ ഒരു പ്രണയകാലത്തെയും മേയാൻ വിട്ടിലെന്നു വരാം
സ്റ്റോപിറങ്ങേണ്ടവന്റെ ആദിയും വീട്ടിലേക്കുള്ള ലാസ്റ്റ് ബസിന്റെ മുരൾച്ചയും അലട്ടുകയാവാം അപ്പോൾ
പ്രേമത്തിന്റെ ആഹ്ലാദ നിമിഷങ്ങളൊന്നും കണ്ണിൽ ബാക്കിയുണ്ടാവണമെന്നില്ല
മിച്ചം പിടിക്കാൻ പട്ടിണി കിടക്കുന്നവന്റെ ദയനീയതയാവാം
വിരൽ കോർത്ത വഴി നടത്തങ്ങളൊന്നും ഓർമ്മയെ വഴി നടത്തണമെന്നില്ല
വള്ളി പൊട്ടിയ ചെരുപ്പിൽ കുരുങ്ങി മുടന്തുകയാവാം

നോക്കൂ പ്രണയമേ
കീറിയ അഞ്ച് രൂപ നോട്ടിൽ
കൊളുത്തു പൊട്ടിയ കുളിമുറിയുടെ വാതിലിൽ
പകുതിയിലേറെ തീർന്ന ഉപ്പുപാത്രത്തിൽ
കണക്കെഴുതി തീയ്യതി കറുത്തു പോയ കലണ്ടറിൽ
കാലങ്ങളായി നിലച്ചുപോയ ക്ലോക്കിൽ
അത്രമേൽ നിശ്ചലമായ ഇടുങ്ങിയ മുറിയിൽ
അരവയർ പുകയുമ്പോൾ ഏതു കോണിലാണ് നിന്നെ ഓർത്തു നീറെണ്ടത്


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here