നിധിന്‍ വി. എന്‍.
ജീവിതത്തിന്റെ ജിഗ്‌സാ പസ്സില്‍ ചേര്‍ത്തുവെക്കാന്‍ പാടുപെടുന്ന കെവിന്റെയും രേഖയുടെയും കഥയാണ് ‘വെയില്‍ മായും നേരം’. കൃത്യമായി ചേര്‍ത്തുചേര്‍ത്തുവെച്ചാല്‍ മാത്രം പൂര്‍ണമാകുന്ന/ രൂപപ്പെടുന്ന ജീവിതത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഭാര്യ അവളുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ കൂട്ടുകാരിക്ക് അയച്ചുകൊടുത്തതെന്തിനാണെന്ന് അന്വേഷിച്ചിറങ്ങുന്ന ഭര്‍ത്താവും അയാള്‍ കണ്ടെത്തുന്ന സത്യങ്ങളുമാണ് ഈ ചിത്രം.
ആശയവിനിമയത്തില്‍ സംഭവിക്കുന്ന ചില അപാകതകള്‍, അതുമൂലം ഉടലെടുക്കുന്ന അകലങ്ങള്‍. ദാമ്പത്യ ജീവിതം തകരാനും, പങ്കാളി അവിഹിത ബന്ധത്തിലേര്‍പ്പെടാനും ഇത്രമാത്രം മതി എന്നുകരുതുന്നവരെ നിരാശ്ശപ്പെടുത്തുന്നുണ്ട് ചിത്രം. കാരണം ‘വെയില്‍ മായും നേരം’ അത്തരമൊരു ക്ലീഷേയല്ല.
പങ്കാളിയില്‍ വിശ്വാസം നഷ്ടപ്പെട്ട, അവളുടെ അനുവാദമില്ലാതെ ഫോണ്‍ ഗ്യാലറി വരെ കോപ്പി ചെയ്യുന്ന ഭര്‍ത്താവ് ഒരുവശത്ത്. ഏറെനാളായി മനസ്സില്‍ കൊണ്ടുനടക്കുന്ന കാര്യം ഭര്‍ത്താവിനോട് തുറന്നുപറയാനാവാതെ കൂട്ടുകാരിയില്‍ അഭയം തേടുന്ന ഭാര്യ മറുവശത്ത്. പരസ്പരം തുറന്നുപറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നുള്ളു എന്ന് ഒടുവില്‍ മാത്രമാണവര്‍ തിരിച്ചറിയുന്നത്.
ഭാര്യയില്‍ സംശയകരമായ ചിലകാര്യങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ അവളോട് ചോദിക്കാതെ അതിനുള്ള ഉത്തരം സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്ന ഭര്‍ത്താവാണ് കെവിന്‍. എല്ലാകാര്യത്തിലും അമ്മയെപ്പോലെയിരിക്കുന്ന തനിക്ക് അമ്മയുടെ രോഗം കൂടി കിട്ടിയിട്ടുണ്ടോ എന്ന് സംശയിക്കുന്ന ഭാര്യയാണ് രേഖ. ഡോക്ടറുടെ ഉപദേശപ്രകാരം മുന്‍വിധികളില്ലാതെ രേഖയിലേക്ക് കെവിനും, കൂട്ടുകാരിയുടെ ഉപദേശപ്രകാരം കെവിനോട് എല്ലാം പറയാന്‍ രേഖയും തയ്യാറാകുന്നു. അതോടെ ഇരുവര്‍ക്കുമിടയിലെ മഞ്ഞുമലയുരുകുന്നു.
ഒരു സ്ത്രീ നേരിടുന്ന ആശങ്കകളെ അവളുടെ ഭര്‍ത്താവിന്റെ കാഴ്ചയിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശരത് കുമാറാണ്. ആര്‍. രാമദാസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജയന്‍ രാജന്‍, ജാസ്മിന്‍ ഹണി, സജിത സന്ദീപ്, സുദീപ് ടി ജോര്‍ജ് എന്നിവരാണ് അഭിനേതാക്കള്‍. അക്ഷയ് ഇ. എന്‍. ഛായാഗ്രഹണവും, ഷേഖ് ഇലാഹി സംഗീതവും, നിംസ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.
റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോള്‍ രണ്ടരലക്ഷം കാഴ്ചക്കാരുമായി ‘വെയിൽ മായും നേരം’ ഇതിനോടകം യൂട്യൂബിൽ ട്രെൻഡിങ്ങിലാണ്…